Image

സാന്‍ഡി വിതറിയ ദുരിതം: എല്ലാം നഷ്‌ടപ്പെട്ടവര്‍ 10 ലക്ഷത്തോളം, യുഎസ്‌ വിതുമ്പുന്നു (ജോര്‍ജ്‌ തുമ്പയില്‍)

Published on 01 November, 2012
സാന്‍ഡി വിതറിയ ദുരിതം: എല്ലാം നഷ്‌ടപ്പെട്ടവര്‍ 10 ലക്ഷത്തോളം, യുഎസ്‌ വിതുമ്പുന്നു (ജോര്‍ജ്‌ തുമ്പയില്‍)
ന്യൂജേഴ്‌സി, ലോവര്‍ മന്‍ഹാട്ടന്‍, ലോങ്‌ ഐലന്‍ഡ്‌ എന്നിവിടങ്ങളെ ഉഴുതു മറിച്ച്‌ കടന്നു പോയ സാന്‍ഡി ചുഴലിക്കാറ്റ്‌ അവശേഷിപ്പിച്ച ദുരിതങ്ങള്‍ക്ക്‌ അറുതിയായില്ല. ദുരിതങ്ങള്‍ എന്നു തീരുമെന്ന്‌ ഒരു ഉറപ്പമില്ല. 40 ലക്ഷം പേരാണ്‌ അന്ധകാരത്തിലും കൊടുംതണുപ്പിലും യുഎസിലെ ഏറ്റവും ജനനിബിഡസ്ഥലങ്ങളില്‍ കഷ്‌ടതയനുഭവിക്കുന്നത്‌. ഇത്രയേറെയാളുകളെ ദുരിതത്തിലാഴ്‌ത്തിയ ഒരു കൊടുങ്കാറ്റും സാന്‍ഡിയോളം യുഎസ്‌ ചരിത്രത്തിലും മറ്റൊന്നില്ലെന്നു വ്യക്തമായി കഴിഞ്ഞു. അടച്ചിട്ട വിമാനത്താവളങ്ങള്‍ തുറന്നുവെന്നതൊഴിച്ചാല്‍ ഇപ്പോഴും അടിയന്തരാവസ്ഥയുടെ ഭീതിയില്‍ തന്നെയാണ്‌ മൂന്നു സംസ്ഥാനങ്ങളിലെ ജനങ്ങള്‍. വൈദ്യുതിയില്ല, പെട്രോളില്ല, ഭക്ഷണലഭ്യതയും പ്രശ്‌നമാകുന്നു. മരണം, 75 കവിഞ്ഞു, വൈദ്യുതിയില്ലാതെ കഷ്‌ടപ്പെടുന്നവര്‍ 40 ലക്ഷത്തിലേറെ. ന്യൂയോര്‍ക്ക്‌ നഗരത്തില്‍ മാത്രം 24 പേരാണ്‌ മരിച്ചത്‌. സ്വത്തും സമ്പാദ്യങ്ങളുമെല്ലാം നഷ്‌ടപ്പെട്ടവര്‍ പതിനായിരങ്ങള്‍. യുദ്ധക്കളം കണക്കേ നിലംപരിശായ ഭൂമിയെ നോക്കി ഒലിച്ചു പോയ വീടുകളെ നോക്കി, ഒരിക്കല്‍ സ്വസ്ഥമായി കിടന്നുറങ്ങിയിരുന്ന വീടിരുന്നിടത്തെ നോക്കി, സഞ്ചരിച്ചിരുന്ന റോഡുകള്‍ പൊടുന്നനെ നദിയായതിനെ നോക്കി, തലങ്ങും വിലങ്ങും കടപുഴകി കിടക്കുന്ന മരങ്ങളെ നോക്കി, നിര്‍ജീവമായി പൊട്ടികിടക്കുന്ന ഇലക്ട്രിക്ക്‌ കമ്പികളെ നോക്കി, സൗത്ത്‌ ന്യൂജേഴ്‌സി നിവാസികള്‍ നെടുവീര്‍പ്പിട്ട്‌ കാഴ്‌ചയാണ്‌ ഇപ്പോള്‍ കാണാന്‍ കഴിയുന്നത്‌.

ഈ ദുരിതക്കാഴ്‌ച കാണാന്‍ അമേരിക്കയുടെ പ്രഥമ പൗരന്‍ ബരാക്ക്‌ ഒബാമ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്റെ തിരക്കുകള്‍ക്കിടയിലും ഇന്നലെ എത്തിയിരുന്നു. ദുരിതബാധിതര്‍ക്ക്‌ അടിയന്തര സഹായം നല്‍കുമെന്ന്‌ അറിയിച്ച പ്രസിഡന്റ്‌ ജീവിതം സാധാരണനിലയിലേക്ക്‌ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ക്ക്‌ സര്‍വ സഹായവും ഉറപ്പുനല്‍കുന്നുവെന്നും അറിയിച്ചു. ന്യൂജഴ്‌സി ഗവര്‍ണര്‍ ക്രിസ്‌ ക്രിസ്റ്റി, ഫെഡറല്‍ എമര്‍ജന്‍സി മാനേജ്‌മെന്‍റ്‌ ഏജന്‍സി തലവന്‍ ക്രെയ്‌ഗ്‌ ഫ്യുഗേറ്റ്‌ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

വൈദ്യുതി ബന്ധം പുനസ്ഥാപിക്കുന്നതിനാണ്‌ ഇപ്പോഴത്തെ പ്രഥമ പരിഗണന. ശുചീകരണമടക്കമുള്ള കാര്യങ്ങളും ശ്രദ്ധിക്കുന്നുണ്ട്‌. സാന്‍ഡി നാശംവിതച്ച പ്രദേശങ്ങളില്‍ വ്യോമ നിരീക്ഷണം നടത്തിയ ഒബാമ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നവരെ സന്ദര്‍ശിച്ചു കോടിക്കണക്കിന്‌ ഡോളറിന്റെ ആശ്വാസവചനങ്ങള്‍ ഉരുവിട്ടാണ്‌ മടങ്ങിയത്‌. കര്‍ശന സ്വഭാവക്കാരനും ആരെയും കൂസാതെ ശരിയെന്നു തോന്നുന്നത്‌ മുഖം നോക്കാതെ പറയുകയും ചെയ്യുന്ന ന്യൂജേഴ്‌സി ഗവര്‍ണര്‍ ക്രിസ്‌ ക്രിസ്റ്റി ഉണ്ണാതെ ഉറങ്ങാതെ കണ്ണിമക്കാതെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം കൊടുത്തു കൊണ്ട്‌ ഓടി നടക്കുന്നത്‌ അമേരിക്ക മുഴുവന്‍ ശ്രദ്ധിക്കുന്നുണ്ട്‌. ന്യൂഹാംഷയറില്‍ മണിക്കൂറില്‍ 224 കിലോമീറ്റര്‍ വേഗത്തിലാണ്‌ കാറ്റടിച്ചത്‌. മേരിലന്‍ഡില്‍ 31.88 സെന്റീമീറ്റര്‍ മഴ പെയ്‌തു. ന്യൂയോര്‍ക്ക്‌ നഗരത്തില്‍ മാത്രം 7,000 മരങ്ങള്‍ നിലംപൊത്തി. 29 ആസ്‌പത്രികളില്‍ വൈദ്യുതി മുടങ്ങി.

തുറന്നിരിക്കുന്ന ഗ്യാസ്‌ സ്റ്റേഷനുകള്‍ക്കു മുന്നില്‍ മണിക്കൂറുകള്‍ കാത്തിക്കെട്ടി കിടന്നാലാണ്‌ ഒരിറ്റു ഗ്യാസ്‌ ലഭിക്കുക. പലേടത്തും, നീണ്ട ലൈനുകള്‍. സെന്‍ട്രല്‍ ന്യൂജേഴ്‌സിയിലെ ഫെയര്‍ഫീല്‍ഡ്‌ ഹോം ഡിപ്പോയില്‍ ഇന്നലെ ഒരു കണ്ടയ്‌നര്‍ നിറയെ ജനറേറ്ററുകള്‍ വന്നത്‌ നിമിഷനേരം കൊണ്ട്‌ മലയാളികള്‍ ഉള്‍പ്പെടെയുള്ള ജനങ്ങള്‍ വാങ്ങിക്കൊണ്ടുപോയി.

ന്യൂയോര്‍ക്കിലെ ട്രെയ്‌നുകളും സബ്‌ വേകളും ഭാഗികമായി ഓടിത്തുടങ്ങി. ന്യൂജേഴ്‌സിയില്‍ നിന്നും ന്യൂയോര്‍ക്കിലേക്കുള്ള ടണലുകള്‍ ഓരോന്നായി തുറന്നു തുടങ്ങുന്നു. ലഗുവാഡിയ എയര്‍പോര്‍ട്ട്‌ ഇന്നലെ രാവിലെ ആദ്യം തുറന്നു. തൊട്ടു പിന്നാലെ ജെഎഫ്‌കെയും ന്യൂവാര്‍ക്കും. എംടിഎ-യുടെ കീഴിലുള്ള റെയില്‍വേകളിലും സബ്‌ വേകളിലും വെള്ളിയാഴ്‌ച വരെ ഫ്രീ യാത്രാ സൗകര്യമൊരുക്കിയിട്ടുണ്ടെന്ന്‌ ന്യൂയോര്‍ക്ക്‌ മേയര്‍ ബ്ലുംബര്‍ഗ്‌ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു. സ്‌കൂളുകള്‍ ഇപ്പോഴും അടഞ്ഞു കിടക്കുന്നു. സ്‌റ്റാറ്റന്‍ ഐലന്‍ഡില്‍ വാനില്‍ യാത്രയ്‌ക്കിടെ വെള്ളം ഇരച്ചു കയറി രണ്ടും നാലും വയസ്സുള്ള കുട്ടികള്‍ മരിച്ചതാണ്‌ ദുഃഖത്തിലാഴ്‌ത്തിയ ഒരു ദുരന്തവാര്‍ത്ത. ഇവരുടെ മാതാവ്‌ അത്ഭുതകരമായി രക്ഷപ്പെട്ടു. ഫെഡറല്‍ ഏജന്‍സിയായ ഫീമ ദുരിതത്തില്‍പ്പെട്ട സീനിയേഴ്‌സിനായി ഒരു മില്യണ്‍ ഗാലന്‍ വെള്ളവും ഒരു മില്യണ്‍ പൗണ്ട്‌ വസ്‌ത്രങ്ങളും എത്തിച്ചു കൊടുത്തു തുടങ്ങി. നാഷണല്‍ ഗാര്‍ഡ്‌ ട്രൂപ്പുകള്‍ സജീവമായ രക്ഷപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്‌.

ന്യൂവാര്‍ക്ക്‌ ഉള്‍പ്പെടെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇരുട്ടിന്റെ മറവില്‍ മോഷണവും കൊള്ളയും നടക്കുന്നുണ്ടെങ്കിലും പോലീസ്‌ ജാഗരൂകരാണ്‌. ദുഖകഥകളുടെ ബാക്കിപത്രവും സ്‌തംഭിച്ചു പോയ ജനജീവിതവും എപ്പോഴും എന്തും സംഭവിക്കാവുന്ന മരണവും മുന്നില്‍ കണ്ട്‌ ഭീതിയോടെ ജീവിക്കുകയാണ്‌ ഇപ്പോഴും മൂന്നു സംസ്ഥാനങ്ങളിലെ ജനങ്ങള്‍. ഇവിടെ മാത്രം നാശനഷ്‌ടങ്ങളുടെ കണക്ക്‌ 4000 കോടിക്ക്‌ മുകളിലാണ്‌.

മലയാളികള്‍ക്കാര്‍ക്കും അപകടമുണ്ടായതായി റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടില്ല. ബാക്ക്‌ യാര്‍ഡുകളില്‍ വന്നു മരം വീണതും, ചില നാശനഷ്‌ടങ്ങളും, തണുത്തു വിറങ്ങലിച്ചു കഴിയുന്നതുമൊഴിച്ചാല്‍ ബാക്കിയൊക്കെ മറ്റുള്ളവരേക്കാള്‍ ഭേദം. ഫ്രീസറില്‍ നിറച്ചു വച്ചിരുന്ന നോണ്‍ വെജിറ്റേറിയന്‍ ഐറ്റങ്ങളൊക്കെ നഷ്ടപ്പെട്ടവരേറെ. ഈ ബഹളത്തിനിടയ്‌ക്കും ദുരിതങ്ങള്‍ മറക്കാനും ഈ സമയം സുഹൃത്തുക്കളെ വിളിച്ച്‌ ചീത്തയായേക്കാമായിരുന്ന ഐറ്റംസ്‌ ഉപയോഗിച്ച്‌ ബാര്‍ബിക്യൂ നടത്തിയവരുമുണ്ട്‌. മലയാളികള്‍ ഏറിയപങ്കും ആശുപത്രി ജീവനക്കാരായതിനാല്‍ ഭൂരിപക്ഷവും ഏറെ കഷ്‌ടപ്പെട്ടു ജോലിയില്‍ എത്തുകയുണ്ടായി. ഐ ടി മേഖലയിലുള്ളവര്‍ക്ക്‌ വീടിനുള്ളില്‍ മറ്റൊരു അവധിക്കാലമുണ്ടായെങ്കിലും ജയില്‍വാസം പോലെയാണത്‌ പലര്‍ക്കും അനുഭവപ്പെട്ടത്‌. ടിവിയും കംപ്യൂട്ടറും ഐപാഡുകളും നിശ്ചലമായതോടെ തറയില്‍ പിടിച്ചിട്ട മീനിന്റെ അവസ്ഥയിലായിരുന്നു ഒട്ടുമിക്കവരും. ഈ വക ഗാഡ്‌ജറ്റുകള്‍ ഇല്ലാതെ എങ്ങനെ ജീവിക്കുമെന്നതിനു പാഠവുമായി സാന്‍ഡിയുടെ ഈ വരവ്‌.
സാന്‍ഡി വിതറിയ ദുരിതം: എല്ലാം നഷ്‌ടപ്പെട്ടവര്‍ 10 ലക്ഷത്തോളം, യുഎസ്‌ വിതുമ്പുന്നു (ജോര്‍ജ്‌ തുമ്പയില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക