സിഡ്നി: ഔദ്യോഗിക ആവശ്യത്തിനായി ഓസ്ട്രേലിയയില്‍ എത്തിയ ടൂറിസം
മന്ത്രി എ.പി.അനില്‍കുമാറിന് ക്യാമ്പിള്ടൗണില് സ്വീകരണം നല്കി.
ഒ.ഐ.സി.സി സിഡ്നി സോണല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ക്യാമ്പിള്ടൗണിലെ
റിഡ്ജസ് ഹോട്ടലിലായിരുന്നു സ്വീകരണം. ഓസ്)ട്രേലിയയില്‍ നിന്നുള്ള
ടൂറിസ്റ്റുകളെ കേരളത്തിലേക്ക് ആകര്‍ഷിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍
ഏകോപിപ്പിക്കുന്നതിനു വേണ്ടിയാണ് മന്ത്രി എത്തിയിരിക്കുന്നത്. കേരളത്തിലെ
ടൂറിസം രംഗത്തെക്കുറിച്ചുള്ള ഡോക്യുമെന്ററികളും സ്ലൈഡ്ഷോകളും റോഡ്ഷോയും
ഇതിന്റെ ഭാഗമായി ഓസ്ട്രേലിയയുടെ വിവിധ ഭാഗങ്ങളില്‍
അവതരിപ്പിക്കുന്നുണ്ട്.
പ്രവാസി മലയാളികളുമായി ബന്ധപ്പെട്ട
വിഷയങ്ങള്‍ വളരെ അനുഭാവപൂര്‍വ്വമാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍
പരിഗണിക്കുന്നത്. എയര്‍കേരള പോലുള്ള പദ്ധതികള്‍ പ്രവാസി മലയാളികള്‍ക്ക്
ഏറെ പ്രയോജനം ലഭിക്കുന്നതാണ്. ചുരുങ്ങിയ ദിവസത്തേയ്ക്ക് നാട്ടില്‍ വരുന്ന
പ്രവാസികള്‍ക്ക് കാലതാമസം കൂടാതെ കാര്യങ്ങള്‍ ചെയ്യുന്നതിനുള്ള
ഫാസ്റ്റ്ട്രാക്ക് സംവിധാനമെന്ന ആവശ്യം പ്രധാനപ്പെട്ടതാണെന്നും,
സേവനാവകാശ നിയമം നടപ്പിലാകുന്നതോടെ ഒരുപരിധി വരെ ഇത്തരം കാര്യങ്ങള്‍ക്ക്
പരിഹാരമാകുമെന്നാണ് പ്രതീക്ഷയെന്നും ടൂറിസംമന്ത്രി എ.പി.അനില്‍കുമാര്‍
മറുപടി പ്രസംഗത്തില്‍ പറഞ്ഞു.
ഒ.ഐ.സി.സി ദേശീയ ജനറല്‍ സെക്രട്ടറി ജിന്സന് കുരിയന്‍
ഓസ്ട്രേലിയന്‍ മലയാളികളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മന്ത്രിയുടെ
ശ്രദ്ധയില്‍പ്പെടുത്തി. സിഡ്നി സോണല്‍ കമ്മിറ്റി പ്രസിഡന്റ് മെല്ബിന്
സെബാസ്റ്റ്യന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി
സണ്ണി.കെ.മാത്യു സ്വാഗതവും ട്രഷറര്‍ സിബി സെബാസ്റ്റ്യന്‍ നന്ദിയും
രേഖപ്പെടുത്തി.
തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ സിഡ്നി മലയാളി
അസോസിയേഷന് പ്രസിഡന്റ് കെ.പി ജോസ്, ഒ.ഐ.സി.സി ദേശീയ കമ്മറ്റി അംഗം ജോസ്
വരാപ്പുഴ, വൈസ് പ്രസിഡന്റ് കോശി ജേക്കബ്ബ്, ജോ.സെക്രട്ടറി അഡ്വ. ജോജി
ജോര്‍ജ്, നിര്‍വ്വാഹക സമിതി അംഗങ്ങളായ ഏലിയാസ് മത്തായി, ബോബി അബ്രഹാം
ബ്ലെയര്അത്തോള്), സജീവ് മക്വാറിഫീല്ഡ്, ഡെന്നീസ് സെബാസ്റ്റ്യന്‍,
ബിജോയ് തോപ്പില്‍, ജെമിനി തരകന് എന്നിവര്‍ പങ്കെടുത്തു. മന്ത്രിയ്ക്ക്
സിഡ്നി സോണല്‍ കമ്മിറ്റിയുടെ ഉപഹാരം പ്രസിഡന്റ് മെല്ബിന്
സെബാസ്റ്റ്യന്‍ സമ്മാനിച്ചു.
റിപ്പോര്‍ട്ട്: ജിന്സന് കുരിയന്‍ (ഒ.ഐ.സി.സി ദേശീയ ജനറല്‍ സെക്രട്ടറി)