Image

ഉമ്മന്‍ചാണ്ടി സപ്തതിയിലേക്ക്

Published on 29 October, 2012
ഉമ്മന്‍ചാണ്ടി സപ്തതിയിലേക്ക്
തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി സപ്തതിയിലേക്ക്. ഒക്‌ടോബര്‍ 31 ബുധനാഴ്ചയാണ് മുഖ്യമന്ത്രിക്ക്എഴുപതു തികയുന്നത്. എപ്പോഴുമുള്ള തിരക്കാണ് ഉമ്മന്‍ചാണ്ടിയുടെ ശക്തിയും ദൗര്‍ബല്യവും. ജന്മദിനം പ്രമാണിച്ച് പ്രത്യേക ആഘോഷമൊന്നുമില്ല, തേടിയെത്തുന്നവര്‍ തീര്‍ക്കുന്ന തിരക്കല്ലാതെ. 

രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ സന്ധിയില്ലാസമരം ചെയ്യുന്ന ഉമ്മന്‍ചാണ്ടി സ്വന്തം അച്ഛനെതിരെ സമരം ചെയ്താണ് രാഷ്ട്രീയത്തില്‍ പിച്ചവെച്ചതെന്നു പറയാം. പുതുപ്പള്ളിയില്‍ മുത്തച്ഛന്‍ വി.ജെ. ഉമ്മന്റെ പേരിലുള്ള സ്‌കൂളില്‍ അച്ഛന്‍ കെ.ഒ. ചാണ്ടിയായിരുന്നു ഹെഡ്മാസ്റ്റര്‍.

വിമോചന സമരകാലത്ത് കെ.എസ്.യു ആഹ്വാനം ചെയ്ത സമരത്തിനിറങ്ങിയതായിരുന്നു ഉമ്മന്‍ചാണ്ടി. ചൂരലുമായി ഹെഡ്മാസ്റ്റര്‍ പാഞ്ഞുവന്നപ്പോള്‍ ഉമ്മന്‍ ചാണ്ടി വരാന്തയിലേക്ക് എടുത്തുചാടി. വീണത് കുപ്പിച്ചില്ലിലേക്ക്. കാല്‍പിളര്‍ന്ന് രക്തം ഒഴുകി. വരാനിരിക്കുന്ന സമരപരമ്പരകളിലേക്കുള്ള ചോരത്തുടക്കമായി അത്.

ഏ.കെ. ആന്റണിയുടെ പിന്നില്‍ രണ്ടാമനായി ഒതുങ്ങിനിന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ വളര്‍ച്ച. കോണ്‍ഗ്രസിലെ തിരുത്തല്‍ ശക്തിയായി കെ.എസ്.യുവിനെ മാറ്റിയതില്‍ വയലാര്‍ രവിക്കും ആന്റണിക്കുമൊപ്പം നിര്‍ണായക പങ്ക് വഹിച്ച ഉമ്മന്‍ചാണ്ടി എന്നാല്‍ ഇരുവരെയും പോലെ ദേശീയ രാഷ്ട്രീയത്തിലേക്ക് ചുവടുമാറ്റിയില്ല. എന്നും കേരളം തന്നെ തട്ടകം.

27ാം വയസ്സില്‍ എം.എല്‍.എയായി. പിന്നെ പത്തു ജയങ്ങള്‍. എല്ലാം പുതുപ്പള്ളിയില്‍ നിന്ന്. 34ാം വയസ്സില്‍ തൊഴില്‍ മന്ത്രിയായപ്പോള്‍ 40 ഓളം യൂണിയനുകളുടെ പ്രസിഡന്റായിരുന്നു ഉമ്മന്‍ചാണ്ടി. അന്ന് തൊഴിലില്ലായ്മ വേതനവും തൊഴിലാളിക്ഷേമ നിയമവും ഏര്‍പ്പെടുത്തിയത് അനുഭവസമ്പത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. 

ഭരണത്തിന് മനുഷ്യമുഖം നല്‍കാന്‍ ശ്രമിക്കുന്നുവെന്നതാണ് സ്വന്തം ഭരണത്തെക്കുറിച്ചുള്ള ഉമ്മന്‍ചാണ്ടിയുടെ തന്നെ വിലയിരുത്തല്‍. 2500 കോടി രൂപയുടെ മെട്രോ പദ്ധതിയുടെ പ്രാധാന്യം തന്നെ ആശ്രയ പദ്ധതിക്കും നല്‍കുകയാണ് തന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറയുന്നു.

ജനസമ്പര്‍ക്ക പരിപാടിയുടെ വിജയത്തിനു പിന്നിലും മാനുഷിക പരിഗണനയാണ്. ഒരേ നില്പില്‍ പതിനായിരക്കണക്കിന് പരാതികളില്‍ തീര്‍പ്പ് കല്പിച്ചപ്പോള്‍ വില്ലേജ് ഓഫീസറുടെ ജോലി മുഖ്യമന്ത്രി ഏറ്റെടുക്കുന്നുവെന്ന ആക്ഷേപം ഉയര്‍ന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ നിലപാടില്‍ മാറ്റമുണ്ടായില്ല. 

ജനസമ്പര്‍ക്ക പരിപാടി 14 ജില്ലകളും പിന്നിട്ടപ്പോള്‍ മുഖ്യമന്ത്രിയുടെ ആരോഗ്യത്തെവരെ അതു ബാധിച്ചു. ദാവോസില്‍ അഞ്ചു വര്‍ഷം മുമ്പുണ്ടായ വീഴ്ചയുടെ ബാക്കിപത്രമായി നിന്ന അസ്വാരസ്യങ്ങള്‍ വീണ്ടും തലപൊക്കി.

അടുത്തയിടെ കാല്‍വേദന അദ്ദേഹത്തെ വല്ലാതെ അലട്ടിയപ്പോള്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച മരുന്ന് വിശ്രമമാണ്. എന്നാല്‍ വിശ്രമമൊഴിച്ച് എന്തും ചെയ്യാമെന്ന നിലയിലാണ് മുഖ്യമന്ത്രി. എങ്കിലും അസുഖം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഉച്ചയ്ക്ക് തിരുവനന്തപുരത്തുണ്ടെങ്കില്‍ വീട്ടില്‍ അല്പം വിശ്രമം കുടുംബം വിധിച്ചിരിക്കയാണ്. 

ഭക്ഷണം മാറ്റിവയ്ക്കുകയെന്നതാണ് മുഖ്യമന്ത്രിയുടെ ഏറ്റവും വലിയ സൗകര്യം. തിരക്ക് കൂടുമ്പോഴൊക്കെ മറക്കുന്നതും ഭക്ഷണം തന്നെ. ആര്‍ക്കും ബുദ്ധിമുട്ടുണ്ടാകാതെ ഏറ്റവും എളുപ്പത്തില്‍ എടുക്കാവുന്ന തീരുമാനം ഭക്ഷണം മാറ്റിവയ്ക്കലാണെന്ന് ഉമ്മന്‍ചാണ്ടി പറയും. കിട്ടുമ്പോള്‍ നന്നായി കഴിക്കുകയെന്നത് ഈ സൗകര്യത്തിന്റെ മറുവശമാണ്.

കപ്പയും മീനുമായാല്‍ നന്ന്. വീട്ടില്‍ സസ്യാഹാരവും പുറത്ത് മാംസാഹാരവുമാണെന്ന പ്രത്യേകതയുമുണ്ട്. പുറത്തുനിന്ന് സസ്യാഹാരമെന്ന പേരില്‍ പലപ്പോഴും കിട്ടുന്നത് കൊള്ളാത്ത ഭക്ഷണമാണെന്നാണ് ഉമ്മന്‍ ചാണ്ടിയുടെ പക്ഷം. 

എവിടെപ്പോകുമ്പോഴും വസ്ത്രം മറന്നാലും ഉമ്മന്‍ ചാണ്ടിയുടെ പെട്ടിയില്‍ ഉണ്ടാകുമെന്നുറപ്പുള്ള ഒരു കാര്യമുണ്ട്. ഒരു കൊച്ചു വേദപുസ്തകം. ദിവസം തുടങ്ങുന്നതും അവസാനിക്കുന്നതും വേദപാരായണത്തിലാണ്.

എടുത്തുപറയത്തക്ക വ്യായാമം ഒന്നും മുഖ്യമന്ത്രിക്കില്ല. ആള്‍ക്കൂട്ടമൊഴിഞ്ഞ് ഉമ്മന്‍ചാണ്ടിയെ കാണുക അസാധ്യം. നിയമസഭയിലായാല്‍ എം.എല്‍.എമാരാകും ചുറ്റിനും. വക്കം പുരുഷോത്തമന്‍ സ്പീക്കറായിരിക്കെ ഒരിക്കല്‍ പറഞ്ഞു: ''ഈ സഭ നടത്തണ്ടേ, ഉമ്മന്‍ ചാണ്ടി പുറത്തേക്കൊന്നു പോകുമോ.'' കര്‍ക്കശക്കാരനായ സ്പീക്കറുടെ റൂളിങ്ങിനും നിമിഷങ്ങളുടെ ആയുസ്സേയുണ്ടായുള്ളൂ. ആള്‍ക്കൂട്ടമായി മുഖ്യമന്ത്രി മാറുന്ന ഏക സംസ്ഥാനമായി കേരളം മാറുന്നതിന്റെ കാരണവും ഇതുതന്നെ.

ഉമ്മന്‍ചാണ്ടി സപ്തതിയിലേക്ക്ഉമ്മന്‍ചാണ്ടി സപ്തതിയിലേക്ക്ഉമ്മന്‍ചാണ്ടി സപ്തതിയിലേക്ക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക