Image

പുണ്യം തേടി പറുദീസയിലെ സപ്താഹത്തിലൂടെ -ഡോ. നന്ദകുമാര്‍ ചാണയില്‍

ഡോ. നന്ദകുമാര്‍ ചാണയില്‍ Published on 29 October, 2012
പുണ്യം തേടി പറുദീസയിലെ സപ്താഹത്തിലൂടെ -ഡോ. നന്ദകുമാര്‍ ചാണയില്‍
സംപൂജ്യ സ്വാമി ഉദിത് ചൈതന്യജിയുടെ കാര്‍മ്മികത്വത്തില്‍ ന്യൂഹൈഡ്പാര്‍ക്കിലെ വൈഷ്ണവ അമ്പലത്തില്‍ വെച്ച് ഒക്‌ടോബര്‍ 13 മുതല്‍ 20 വരെ നടന്ന പ്രഥമ ശ്രീമദ് ഭാഗവത സപ്താഹ മഹായജ്ഞം നൂറുകണക്കിന് ഭക്തജനങ്ങളെ ആനന്ദസാന്ദ്രതയും ഭക്തിപ്രസരവും നല്‍കി സന്തോഷഭരിതരാക്കി. സ്വാമിജി യജ്ഞാനചാര്യനും, സര്‍വ്വശ്രീ പാര്‍ത്തസാരഥി പിള്ള, ജയപ്രകാശ്‌നായര്‍, വാസുദേവ് പുളിക്കല്‍, ബാലകൃഷ്ണന്‍ നായര്‍ എന്നിവര്‍ യജ്ഞപൗരാണികരുമായിരുന്നു. രാവിലെ ആറുമണിക്ക് സ്വാമിജിയുടെ ധ്യാനാദ്ധ്യാപനത്തോടെ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. നാമസങ്കീര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രഭാതകര്‍മ്മങ്ങല്‍ക്കുശേഷം, തുടര്‍ച്ചയായി യജ്ഞപൗരാണികര്‍ ഭാഗവതപാരായണം നടത്തിയിരുന്നു. 12മണി മുതല്‍ 2 മണിവരെ സ്വാമിജിയുടെ ജ്ഞാനാമൃതം പകരുന്ന സരസ സംഭാഷണവും ഉണ്ടായിരുന്നു. അതുകഴിഞ്ഞ്, വൈകുന്നേരം ആറുമണിക്ക് വീണ്ടും പ്രഭാഷണവും പൂജാനുഷ്ഠാനങ്ങളും ആയിരുന്നു. ആദ്യത്തെ ഒരു ദിവസം കഴിച്ച് എല്ലാ ദിവസവും ഈ ചടങ്ങുകളില്‍ പങ്കുകൊള്ളുവാനുള്ള ഭാഗ്യം എനിക്കും എന്റെ സഹധര്‍മ്മിണിക്കും കൈവന്നു എന്നുള്ളത് വളരെ ചാരിതാര്‍ത്ഥ്യത്തോടെ സ്മരിക്കുന്നു.

ന്യൂയോര്‍ക്കില്‍ ഇങ്ങിനെയുള്ള ഒരു സംരംഭം ആദ്യമായാണ്. വളരെ അടുക്കോടും ചിട്ടയോടും കൂടി ഈ എട്ട് ദിവസത്തെ പരിപാടികള്‍ ആസൂത്രണം ചെയ്ത് വിജയം കൈവരിച്ചതില്‍ കെഎച്ച്എന്‍എയുടെ ന്യൂയോര്‍ക്ക് പ്രാന്തപ്രദേശങ്ങളിലെ അമരക്കാരനായ ശ്രീ. വിനോദേ കെയാര്‍ക്കെയും അദ്ദേഹത്തിന്റെ സാരഥികളും പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു. അതേപോലെ, നിര്‍ലോഭമായി ഭക്ഷണം വിതരണം ചെയ്യുന്നതില്‍ നേതൃത്വം വഹിച്ച ശ്രീമതി ഓമനവാസുദേവും.

എല്ലാറ്റിനുമുപരി, മതേതരത്വത്തിന് മകുടം ചാര്‍ത്തുമാറ്, ഹിന്ദുക്കളെക്കൂടാതെ, അന്യമത വിശ്വാസികളും ഈ യജ്ഞത്തില്‍ ഭാഗഭാക്കായി എന്നുള്ളത് ആത്മീയജ്ഞാനം നുകരാന്‍ മതാടിസ്ഥിത അതിരുകളില്ലെന്ന് വ്യക്തമാക്കുന്നു. സ്വാമിജിയുടെ കുട്ടികളോടുള്ള സ്‌നേഹവും വാത്സല്യവും, ചിട്ടയോടുകൂടിയുള്ള ജീവിതരീതിയും വളരെ ശ്ലാഘനീയമാണെന്ന് സ്വാമിജിക്ക് ആതിഥേയത്വം നല്‍കിയ ശ്രീ.കെയാരക്കെയും അദ്ദേഹത്തിന്റെ ധര്‍മ്മപത്‌നിയും ഊന്നിപ്പറയുകയുണ്ടായി. രുഗ്മിണി സ്വയംവരദിവസവും പിറ്റേന്നുള്ള മണ്‍കുടം തല്ലിപൊട്ടിച്ച് വെണ്ണകക്കാനുള്ള ഉണ്ണിക്കണ്ണന്റെ ചെയ്തികളെ അനുകരിച്ച് ചെയ്ത പ്രകടനങ്ങളിലും കുട്ടികളോടൊപ്പംതന്നെ തന്റെ താല്ക്കാലിക അസുഖങ്ങള്‍ മറന്ന് ഉത്സാഹത്തിമര്‍പ്പോടെ നൃത്തം ചെയ്യാനും മറ്റും തുനിഞ്ഞ സ്വാമിജി കുട്ടികളുടെ മറ്റൊരു ചാച്ചാജിയായി രൂപാന്തരപ്പെട്ടു.

ഉദിത്‌ചൈതന്യജിയുടെ പ്രഭാഷണരീതിക്ക് ഒരു പ്രത്യേകതയുണ്ട്. ആത്മീയതയിലെ ക്ലിഷ്ടമായ തത്ത്വങ്ങളെ പ്രേക്ഷകരിലേക്ക് ആഴത്തില്‍ പതിപ്പിക്കാന്‍ തിരഞ്ഞെടുത്ത മാര്‍ഗ്ഗം നര്‍മ്മത്തിന്റേതായിരുന്നു. ചിരിയുടെ മാലപ്പടക്കം കൊളുത്തി ജനാവലിയെ കൈയ്യിലെടുക്കാന്‍ അനായാസമായി സ്വാമിജിക്ക് കഴിഞ്ഞു എന്നുള്ളത് എടുത്തുപറയേണ്ട വസ്തുതയാണ്. പ്രേക്ഷകര്‍ ചിരിച്ച് ചിരിച്ച് മണ്ണുകപ്പി എന്നു പറയുന്നതാവും ശരി. ഗഹനങ്ങളായ ആത്മീയ സംഹിതകള്‍ സാധാരണകാര്‍ക്ക് മനസ്സിലാക്കിക്കൊടുക്കുവാനുള്ള സ്വാമിജിയുടെ പ്രാവീണ്യം പ്രശംസനീയം തന്നെ. ബ്രഹ്മചാരിയായ സ്വാമിജി, ഗൃഹസ്ഥരുടെ സത്യജീവിതങ്ങളിലെ പിരിമുറുക്കങ്ങളും അസ്വാരസ്യങ്ങളും ഇണക്കവും പിണക്കവുമെല്ലാം ഒരു അനുഭവസ്ഥന്‍ അല്ലെങ്കില്‍ ദൃക്‌സാക്ഷിയെപ്പോലെ, സരസേന പ്രതിപാദിക്കാന്‍ മിടുക്കു കാണിച്ചു. ഈ കുസൃതിത്തരങ്ങളെല്ലാം വിളമ്പി ഞാനൊന്നുമറിഞ്ഞീല രാമനാരായണ എന്ന മട്ടില്‍ ഒരു കള്ളച്ചിരിയും. ഈ ദുനിയാവില്‍ നടമാടിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയവും മതപരവും സാമുദായികവുമായ സകലവാര്‍ത്തകളുമായി സ്വാമിജി പരിചിതനാണ്. അത്‌കൊണ്ട് തന്നെ, കുഞ്ചന്‍ നമ്പ്യാര്‍ തുള്ളല്‍ പ്രസ്ഥാനങ്ങളിലൂടെ, അന്നത്തെ ഭരണാധികാരികല്‍ക്കും, അന്ന് നടമാടിയിരുന്ന അഴിമതികള്‍ക്കും, സ്വജന പക്ഷപാതങ്ങള്‍ക്കുംനേരെ നര്‍മ്മഭാവനകളിലൂടെ കൂരമ്പുകളയച്ചിരുന്ന പോലെതന്നെയാണ് സ്വാമിജിയും അമേരിക്കന്‍ പ്രസിഡന്റ് ഒബാമ മുതല്‍ കേരള മുഖ്യമന്ത്രിവരെയുള്ളവരെ ശരവ്വ്യമാക്കിയത്. അതുപോലെ കുങ്കുമപ്പൂവിനേയും, കോലവറിയേയും കുറിച്ച് സ്വാമിജി പ്രതിപാദിച്ചപ്പോള്‍, ഈ സ്വാമിജിക്ക് അിറയാത്തതായി ഒന്നുമില്ലെന്ന് പറഞ്ഞ് ജനം മൂക്കത്ത് വിരല്‍ വച്ചുപോയി. അങ്ങിനെ കേവലം വേദാന്തത്തിലും പുരാണേതിഹാസങ്ങളിലുംമാത്രം ഒതുങ്ങുന്നതായിരുന്നില്ല സ്വാമിജിയുടെ പൊതുവിജ്ഞാനം എന്ന് അദ്ദേഹം പ്രകടമാക്കി.

ഭാരതത്തിലെ ഋഷീശ്വരന്മാര്‍ ഏകദ്ദേശം അയ്യായിരം വര്‍ഷങ്ങള്‍ക്ക്മുമ്പ് അടിത്തറപാകിയ വഴിയിലൂടെ തന്നെയാണ് ആദരണീയനായ സ്വാമി ഉദിത്‌ചൈതന്യജിയുടേയും, പ്രയാണം. മതവും ആത്മീയതയും തമ്മിലുള്ള അന്തരം വളരെ വ്യക്തമായി സ്വാമിജി പ്രതിദിനം പ്രതിപാദിച്ചിരുന്നു. മതം അനുഷ്ഠാനങ്ങളില്‍ കുരുങ്ങിക്കിടക്കുമ്പോള്‍ ആത്മീയത മനസ്സിന്റെ വികാസത്തിനും നിര്‍വൃതിക്കുമായി നിലകൊള്ളുന്ന എന്നദ്ദേഹം ഊന്നിപ്പറഞ്ഞിരുന്നു. ആത്മീയ ജ്ഞാനത്തിന്റെ പൊരുളുകള്‍ കാട്ടിക്കൊടുക്കുവാന്‍ പറ്റുന്നതല്ല; നേരെമറിച്ച് നിരന്തരമായ പരിശ്രമത്തിലൂടെ നേടിയെടുക്കുന്നതാണ്. ഈശ്വരസാക്ഷാല്‍ക്കാരം മനസ്സിന്റെ മനോബലംകൊണ്ട് ആര്‍ജ്ജിക്കുന്ന ഒന്നാണ്. മനസ്സിന് മാത്രം പ്രാപിക്കാവുന്ന ഒരു പ്രക്രിയയാണ് ആദ്ധ്യാത്മിക ശുദ്ധീകരണം. ആത്മാവിന്റെ അനശ്വരതയെപ്പറ്റി ഭഗവത്ഗീതയില്‍ രണ്ടാമദ്ധ്യായത്തില്‍ 23, 24 ശ്ലോകങ്ങളില്‍ പറഞ്ഞിരിക്കുന്നത് സ്വാമിജി വിസ്തരിച്ച് പരാമര്‍ശിച്ചു.

"നൈനം ച്ഛിന്ദന്തി ശസ്ത്രാണി നൈനംദഹതി പാവക:
നചൈനം ക്ലേദയന്ത്യാപ: നശോഷയതി മാരുത:
അച്ഛേദ്യോയമദാഫ്യോയം അക്ലേദ്യോശോഷ്യഏവച
നിത്യ: സര്‍വ്വഗതാ: സ്ഥാണു: അചലോയം സനാതന:”
ഈ ആത്മാവിനെ അസ്ത്ര ശസ്ത്രങ്ങള്‍ക്കോ, അഗ്നിക്കോ, ജലത്തിനോ വായുവിനോ വിഭജിക്കാനും, ജ്വലിപ്പിക്കാനും, കുതിര്‍പ്പിക്കാനും, ഉണക്കാനും സാദ്ധ്യമല്ല. ആത്മാവ് അനശ്വരവും, സ്ഥായിയായതും എന്നെന്നും നിലനില്‍ക്കുന്നതുമാണ്.

ആഗോളാടിസ്ഥാനത്തിലുള്ള സമസ്ത മാനാവരാശിയുടേയും ആത്മീയോത്ഥാനമാണ് സ്വാമിജിയുടെ ലക്ഷ്യം. മതമൈത്രിയും, സാഹോദര്യവും, സഹിഷ്ണുതയും, സ്‌നേഹവും, ലോകത്തെമ്പാടും നിലനിന്നു കാണാനും അതിന്റെ വളര്‍ച്ചക്കും വികാസത്തിനുമായി പ്രവര്‍ത്തിക്കാനുമാണ് സ്വാമിജി ദിവസേന തന്റെ പ്രഭാഷണങ്ങളിലൂടെ ഭക്തജനങ്ങളോട് ആഹ്വാനം ചെയ്തത്. ഈ സപര്യയുടെ ഭാഗമായാണ് സ്വാമിജി ഭാരതത്തില്‍ ഉടനീളവും, സ്പതസാഗരങ്ങല്‍ താണ്ടി ഭൂഖണ്ഡങ്ങളായ ഭൂഖണ്ഡങ്ങള്‍തോറും സന്ദേശവാഹകനായി, അരയും തലയും മുറുക്കി ഇറങ്ങിത്തിരിച്ചിരിക്കുന്നത്. ഈ ഉദ്യമത്തില്‍ അദ്ദേഹത്തിന് എല്ലാ മംഗങ്ങളും നേരുന്നു. അദ്ദേഹം സദാ ഉരുവിടുന്ന ലോകാസമസ്താ സുഖിനോഭവന്തു എന്ന ആര്‍ഷഭാരത ആപ്തവാക്യം ആനുപാതികമോ അംശികമോ ആയെങ്കിലും ജനഹൃദയങ്ങളിലെത്തിയാല്‍ തന്നെ ഒരു പുത്തന്‍ ഉണര്‍വ്വിന്റെ ആന്ദോളനം സര്‍വ്വവ്യാപകമാവുമെന്നാശിക്കാം. സ്വാമിജിയുടെ വരവും പോക്കും പ്രഭാഷങ്ങളും 'നിങ്ങള്‍ക്കുമാവാം ഒരു കോടീശ്വരനില്‍' സുരേഷ് ഗോപി പറയാറുള്ളപോലെ 'ദേ പോയി ദാ വന്നു' എന്ന പോലെ ആകാതിരിക്കട്ടെ. ആ മാസ്മരികത എന്നെന്നും വിസ്മരിക്കപ്പെടാതിരിക്കട്ടെ.

എന്നെ സംബന്ധിച്ച് ക്ഷയിച്ചുകൊണ്ടിരുന്ന ആത്മവിശ്വാസത്തിന് ഉന്മേഷം നല്‍കിയ ഒരവസരമായിരുന്നു ഈ സപ്താഹമഹായജ്ഞം. നഗരങ്ങളില്‍ കുളിമുറിയുടെ നാലുചുമരുകള്‍ക്കുള്ളില്‍ കുളിച്ച് ശീലിക്കേണ്ടിവന്നവര്‍ക്ക്, ഗ്രാമങ്ങളിലെ നൈര്‍മ്മല്യമേറിയ(?) ആറ്റിലോ, കുളത്തിലോ സ്‌നാനം ചെയ്യാനുള്ള അവസരം ലഭിച്ചാലുള്ള ഒരു അനുഭൂതിയാണ് ഈ സപ്താഹദിനങ്ങള്‍ നല്‍കിയത് എന്ന് കൃതജ്ഞതാ പൂര്‍വ്വം സ്മരിക്കുന്നതില്‍ അതിയായ സംതൃപ്തിയുണ്ട്. എല്ലാവര്‍ക്കും നന്മയും ശാന്തിയും നേര്‍ന്നുകൊണ്ട് സവിനയം ഈ കുറിപ്പ് അവസാനിപ്പിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക