Image

രണ്ടാം ഡിബേറ്റില്‍ മലയാളി സാന്നിധ്യം

Taj Mathew; Malayalam Pathram Published on 22 October, 2012
രണ്ടാം ഡിബേറ്റില്‍ മലയാളി സാന്നിധ്യം
ന്യൂയോര്‍ക്ക്‌: ബറാക്‌ ഒബാമയും എതിര്‍സ്ഥാനാര്‍ത്ഥി മിറ്റ്‌ റോമ്‌നിയും വാക്‌പയറ്റിനൊരുങ്ങിയ രണ്ടാം ഡിബേറ്റ്‌ വീക്ഷിക്കാന്‍ ലോട്ടറി ഭാഗ്യം പോലെ മലയാളിക്കും അവസരം.

ന്യൂയോര്‍ക്കില്‍ ലോംഗ്‌ ഐലന്‍ഡിലുള്ള ഹോഫ്‌സ്‌ട്ര യൂണിവേഴ്‌സിറ്റിയില്‍ നടന്ന ഡിബേറ്റ്‌ നേരില്‍ കണ്ടത്‌ ജയിംസ്‌ കാട്ടുപുതുശേരിയാണ്‌. ഇരുസ്ഥാനാര്‍ത്ഥികളും നിന്ന വേദിക്കു ചുറ്റുമായി തിരഞ്ഞെടുക്കപ്പെട്ട 82 പേര്‍ക്കായിരുന്നു പ്രവേശനാനുമതി ഉണ്ടായിരുന്നത്‌. വിശിഷ്‌ടാതിഥികള്‍ക്കുള്ള ഇരിപ്പിടങ്ങളിലൊന്ന്‌ ജയിംസ്‌ കരസ്ഥമാക്കിയപ്പോള്‍, അമേരിക്കന്‍ മലയാളികള്‍ക്കൊന്നടങ്കം അഭിമാന വേളകൂടിയായി അത്‌. സ്ഥാനാര്‍ത്ഥികള്‍ ഇവര്‍ക്ക്‌ അഞ്ചുവാരമാത്രം അകലെ നിന്നാണ്‌ ഡിബേറ്റ്‌ നടത്തിയത്‌.

ഗ്യാലപ്‌ പോളില്‍ പങ്കെടുത്തതിലൂടെയാണ്‌ ഈ അസുലഭ ഭാഗ്യം ഒത്തിണങ്ങിയതെന്ന്‌ വാലിസ്‌ട്രീമില്‍ താമസിക്കുന്ന കടുത്തുരുത്തി സ്വദേശി ജയിംസ്‌ കാട്ടുപുതുശേരി പറഞ്ഞു. ഫോണിലൂടെ നടത്തിയ ഗ്യാലപ്‌ പോളില്‍ പങ്കെടുത്ത ജയിംസിനെ ഡിബേറ്റ്‌ കമ്മിഷന്‍ പ്രാഥമിക ഘട്ടത്തിലേക്ക്‌ നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്ന്‌ ഡിബേറ്റില്‍ ചോദിക്കാനുള്ള നാല്‌ ചോദ്യങ്ങള്‍ തയാറാക്കി അയക്കാന്‍ കമ്മിഷന്‍ നിര്‍ദേശം നല്‍കി. ഇത്‌ ഇവിടം കൊണ്ട്‌ അവസാനിക്കുമെന്നാണ്‌ ജയിംസ്‌ കരുതിയത്‌. എന്നാല്‍ പൊടുന്നനെ സെക്യൂരിറ്റി വിഭാഗത്തില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചുകൊണ്ട്‌ ജയിംസിന്‌ ഫോണ്‍ വന്നു. അതീവ സുരക്ഷയുള്ള ഡിബേറ്റില്‍ പങ്കെടുക്കുന്നതിന്‌ വേണ്ടുന്ന സുരക്ഷാ നടപടികള്‍ക്ക്‌ വേണ്ടിയായിരുന്നു അത്‌. തുടര്‍ന്ന്‌ ഹോഫ്‌സ്‌ട്ര യൂണിവേഴ്‌സിറ്റിയില്‍ എത്താന്‍ നിര്‍ദേശം ലഭിച്ചു. ഒക്‌ടോബര്‍ 16ന്‌ നടന്ന ഡിബേറ്റ്‌ ദിവസം രാവിലെ 8.30ന്‌ യൂണിവേഴ്‌സിറ്റിയില്‍ എത്താനായിരുന്നു ജയിംസിന്‌ ലഭിച്ച നിര്‍ദേശം. രാത്രി ഒമ്പതുമണിക്കായിരുന്നു ഡിബേറ്റ്‌.

ഏകദേശം 12 മണിക്കൂര്‍ നീണ്ട കാത്തിരിപ്പ്‌ അതിനിടെ ഒട്ടേറെ സുരക്ഷാ നടപടികള്‍ പൂര്‍ത്തിയാക്കി. അന്തിമ മണിക്കൂര്‍ വരെയും അവസാനത്തെ എണ്‍പത്തിരണ്ട്‌ പേരില്‍ ഉള്‍പ്പെടുമെന്ന്‌ ജയിംസിന്‌ പ്രതീക്ഷ ഇല്ലായിരുന്നു. പക്ഷെ അവിടെയും ഭാഗ്യം തുണച്ചു. വേദിയിലെ ഇരിപ്പിടങ്ങളിലൊന്ന്‌ ജയിംസിന്‌. ഡിബേറ്റ്‌ ആങ്കര്‍ ആയിരുന്ന സി.എന്‍.എന്നിന്റെ കാരളിന്‍ ക്രൗളിക്ക്‌ ഏതാണ്ട്‌ പിന്നിലായിരുന്നു ജയിംസിന്റെ സ്ഥാനം. ഡിബേറ്റ്‌ വേദി ടി.വിയില്‍ കാണിക്കുന്ന വേളയില്‍ ജയിംസിനെയും വ്യക്തമായി കാണാന്‍ കഴിഞ്ഞു.

ഒരാഴ്‌ച മുമ്പേ ഡിബേറ്റിനെക്കുറിച്ചുള്ള വിവരങ്ങള്‍ പല സുഹൃത്തുക്കളോടും ജയിംസ്‌ പറഞ്ഞിരുന്നതാണ്‌. പക്ഷെ അന്നൊന്നും അവരാരും അത്‌ കാര്യമായെടുത്തില്ല. പലരും തമാശയായാണത്‌ കരുതിയതും. എന്നാല്‍ ഡിബേറ്റ്‌ ദിവസം ജയിംസിനെ ടി.വിയില്‍ കണ്ട സുഹൃത്തുക്കള്‍ അമ്പരക്കുകതന്നെ ചെയ്‌തു. ടി.വിയില്‍ അദ്ദേഹത്തിന്റെ മുഖം മിന്നി മറയുന്ന നിമിഷങ്ങള്‍ ഏറെ ആകാംക്ഷയോടെയാണ്‌ അമേരിക്കന്‍ മലയാളി സമൂഹം വീക്ഷിച്ചത്‌.
രണ്ടാം ഡിബേറ്റില്‍ മലയാളി സാന്നിധ്യം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക