Image

എന്തിനിങ്ങനെയൊരു എയര്‍ ഇന്ത്യ

Published on 21 October, 2012
എന്തിനിങ്ങനെയൊരു എയര്‍ ഇന്ത്യ

Deshabhimani editorial

ബ്രിട്ടീഷ് ഭരണകാലത്ത്, കറാച്ചിയില്‍നിന്ന് മുംബൈയിലേക്ക് തപാല്‍ കൊണ്ടുപോകാന്‍ ഒരു ചെറുവിമാനവുമായി തുടങ്ങിയതാണ് ഇന്നത്തെ എയര്‍ ഇന്ത്യ. ജെ ആര്‍ ഡി ടാറ്റ തന്റെ സ്വകാര്യ സംരംഭമായി തുടങ്ങിയ സ്ഥാപനം പതുക്കെ വളര്‍ന്ന് യാത്രാ വിമാനക്കമ്പനിയായപ്പോള്‍ അതിന്റെ ആദ്യത്തെ ദീര്‍ഘദൂര ആഭ്യന്തരപ്പറക്കല്‍ തിരുവനന്തപുരത്തേക്കായിരുന്നു. മുംബൈയില്‍നിന്ന് ആറ് യാത്രക്കാരുമായി 1933ല്‍ മൈല്‍സ് മെര്‍ലിന്‍ എന്ന ചെറുവിമാനം പറന്നിറങ്ങിയ അതേ തിരുവനന്തപുരത്താണ് കഴിഞ്ഞ ദിവസം എയര്‍ഇന്ത്യയുടെ കൂറ്റന്‍ വിമാനം ഇരുനൂറിലേറെ യാത്രക്കാര്‍ക്ക് കൊടുംപീഡനം നല്‍കി ലാന്‍ഡ് ചെയ്തത്.

പാതി ഓഹരികള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് രാജ്യത്തിന്റെ ഔദ്യോഗിക വിമാനക്കമ്പനിയായി എയര്‍ഇന്ത്യയെ മാറ്റിയത് 1953ലാണ്. ഒരുഘട്ടത്തില്‍ ലോകത്തെ ഏറ്റവും മികച്ച യാത്രാ വിമാനങ്ങള്‍ എയര്‍ഇന്ത്യയുടേതാണെന്ന് വാഴ്ത്തപ്പെട്ടിരുന്നു. സമയനിഷ്ഠയുടെയും സേവന സന്നദ്ധതയുടെയും കാര്യത്തില്‍ എയര്‍ഇന്ത്യ ലോകനിലവാരത്തിലേക്ക് ഉയര്‍ന്നിരുന്നു. ഇന്ന് എയര്‍ ഇന്ത്യയുടെ ചിഹ്നവുമായി നൂറിലേറെ വിമാനങ്ങള്‍ പറക്കുന്നു. മുപ്പതോളം വിമാനങ്ങള്‍ നിര്‍മാണദശയിലാണ്. പക്ഷേ, എയര്‍ഇന്ത്യയുടെ വളര്‍ച്ച താഴോട്ടാണ്. വിശ്വസിക്കാന്‍ കൊള്ളാത്ത വിമാന സര്‍വീസുകളുടെ പട്ടികയില്‍ ഒന്നാമതെത്താനാണ് കമ്പനി മത്സരിക്കുന്നത്. യാത്രക്കാരെ എങ്ങനെ സേവിക്കണം എന്നല്ല, ദ്രോഹിക്കണം എന്നാണ് ഗവേഷണം നടത്തുന്നത്. മണിക്കൂറുകളോളം വിമാനത്തിനകത്ത് തടവറയിലെന്നപോലെ കഴിയേണ്ടിവന്ന യാത്രക്കാര്‍ പ്രതിഷേധ ശബ്ദം മുഴക്കിയപ്പോള്‍, അതിനെ "വിമാനറാഞ്ചലാ"യി ചിത്രീകരിച്ച പൈലറ്റിന്റെ മനോവൈകൃതം എയര്‍ഇന്ത്യയുടെ ഇന്നത്തെ അവസ്ഥയുടെ സൃഷ്ടിതന്നെയാണ്. ട്രാന്‍സ്പോര്‍ട്ട് ബസ് വഴിയില്‍ നിന്നുപോയാല്‍ യാത്രക്കാരെ എത്രയുംവേഗം എത്തേണ്ടിടത്ത് എത്തിക്കാനാണ് ആദ്യം ശ്രമിക്കുക. എന്നാല്‍, പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളുമുള്‍പ്പെടെയുള്ള ഇരുനൂറിലേറെ ഗള്‍ഫ് യാത്രക്കാരെ എയര്‍ ഇന്ത്യ കഴിഞ്ഞ ദിവസം 11 മണിക്കൂറിലേറെ തടവിലാക്കി പീഡിപ്പിക്കുകയായിരുന്നു. "വിമാനറാഞ്ചി"കളായി അവരെ ചിത്രീകരിച്ച് സിഐഎസ്എഫുകാരുടെ മര്‍ദനത്തിന് മുന്നിലേക്ക് എറിഞ്ഞുകൊടുത്തു. യാത്രക്കാരില്‍ ആറുപേരെ കേസില്‍കുടുക്കി പീഡനമാരംഭിച്ചതായാണ് ഒടുവിലത്തെ വാര്‍ത്ത.

അബുദാബിയില്‍നിന്ന് കൊച്ചിയിലേക്ക് പറന്ന എയര്‍ഇന്ത്യ എക്സ്പ്രസിലെ യാത്രക്കാരെ തിരുവനന്തപുരത്ത് ഇറക്കിവിട്ട് തലയൂരാനുള്ള എയര്‍ഇന്ത്യ അധികൃതരുടെ കുരുട്ടുബുദ്ധിയാണ് എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം. ആ വിമാനം അബുദാബിയില്‍നിന്ന് പുറപ്പെട്ടതുതന്നെ മൂന്നുമണിക്കൂര്‍ വൈകിയാണ്. നെടുമ്പാശേരിയില്‍ കാലാവസ്ഥ മോശമായതിനാല്‍ തിരുവനന്തപുരത്തിറങ്ങി. അരമണിക്കൂര്‍കൊണ്ട് കൊച്ചിക്ക് തിരിക്കാനാവുമെന്നാണ് അപ്പോള്‍ പറഞ്ഞത്. പിന്നീട്, യാത്രക്കാര്‍ വിമാനത്തില്‍ നിന്നിറങ്ങി സ്വന്തംചെലവില്‍ കൊച്ചിയിലേക്ക് വിട്ടോളണമെന്നായി. ഡ്യൂട്ടി സമയം കഴിഞ്ഞതിനാല്‍ പൈലറ്റ് വിമാനം പറപ്പിക്കാന്‍ വിസമ്മതിച്ചത്രെ. വലിയ തുക മുടക്കി ടിക്കറ്റുമെടുത്ത്, വാര്‍ഷിക അവധിക്ക് നാട്ടിലേക്ക് കുടംബസമേതവും അല്ലാതെയും തിരിച്ചവരാണ് യാത്രക്കാരില്‍ സിംഹഭാഗവും. അവരെക്കാത്ത് നെടുമ്പാശേരിയിലും വീടുകളിലും ബന്ധുക്കള്‍ കാത്തിരിക്കുന്നു. ആ സമയത്ത് തിരുവനന്തപുരത്തിറങ്ങി എങ്ങനെയെങ്കിലും പൊയ്ക്കൊള്ളാന്‍ പറയുന്നവരോട് ഇത്ര സൗമ്യമായല്ലേ യാത്രക്കാര്‍ പ്രതികരിച്ചുള്ളൂ എന്ന് ആശ്വസിക്കുന്നതിന് പകരം പിന്നെയും മുറുമുറുക്കുകയാണ് എയര്‍ഇന്ത്യ. തിരുവനന്തപുരത്തേത് ഒറ്റപ്പെട്ട സംഭവമല്ല. മണിക്കൂറുകള്‍ക്കകം കേരളത്തില്‍തന്നെ അതിന്റെ ആവര്‍ത്തനമുണ്ടായി. ശനിയാഴ്ച പുലര്‍ച്ചെ 3.10ന് കരിപ്പൂരിലിറങ്ങേണ്ട എയര്‍ ഇന്ത്യാ എക്സ്പ്രസിന്റെ ഐഎക്സ് 474 ബഹ്റൈന്‍- ദോഹ- കരിപ്പൂര്‍- കൊച്ചി വിമാനത്തിന്റെ യാത്ര തുടക്കംമുതല്‍ പിഴച്ചു. ബഹ്റൈനില്‍ രണ്ടുമണിക്കൂര്‍ വൈകി; ദോഹയിലെത്തിയപ്പോള്‍ കേടായി നാലുമണിക്കൂര്‍ വൈകി; കരിപ്പൂരില്‍ എത്തുന്നതിനുമുമ്പേ തകരാറുകണ്ട് മുംബൈയില്‍ ഇറക്കി; വിമാനം മാറ്റി കരിപ്പൂരിലേക്ക് തിരിച്ചു; കാലാവസ്ഥപ്രശ്നംകൊണ്ട് നേരെ കൊച്ചിയിലിറക്കി. ജോലിസമയം കഴിഞ്ഞെന്ന് പറഞ്ഞ് പൈലറ്റ് ഇറങ്ങിപ്പോയതോടെ യാത്രക്കാരെ റോഡ് വഴി കരിപ്പൂരിലെത്തിക്കാമെന്നായി അധികൃതര്‍. പത്തുമണിക്കൂര്‍ വൈകിയിട്ടും ഒരുതരി ഭക്ഷണം കൊടുത്തില്ല ആര്‍ക്കും. ഒടുവില്‍ ഗത്യന്തരമില്ലാതെ യാത്രക്കാര്‍ സമരത്തിനിറങ്ങി. മറ്റൊരു പൈലറ്റിനെ വരുത്തി കരിപ്പൂരിലേക്കുതന്നെ വിമാനം വിടാന്‍ എയര്‍ഇന്ത്യക്ക് സമ്മതിക്കേണ്ടിവന്നു. പക്ഷേ, അവിടെയെത്തിയപ്പോള്‍ യാത്രക്കാരുടെ ലഗേജ് കാണാനില്ല. അത് എവിടെയെന്ന് എയര്‍ ഇന്ത്യക്ക് തിട്ടമില്ല. യാത്രക്കാര്‍ക്ക് ഉണ്ടായ പ്രയാസങ്ങള്‍ ഊഹിക്കാവുന്നതേയുള്ളൂ. എയര്‍ഇന്ത്യയുടെ തകര്‍ച്ച സ്വകാര്യകമ്പനികളുടെ ലാഭമാണ്. പ്രവാസി ഇന്ത്യക്കാര്‍ ഒന്നിച്ച് എയര്‍ ഇന്ത്യയെ വിശ്വസിക്കാന്‍ കഴിയില്ല എന്ന് കണക്കാക്കുമ്പോള്‍ വിശ്വാസ്യത അഭിനയിച്ച് രംഗം കൈയടക്കുന്നത് ചില കേന്ദ്രമന്ത്രിമാര്‍ക്കടക്കം പങ്കാളിത്തമുള്ള സ്വകാര്യ കമ്പനികളാണ്. എയര്‍ഇന്ത്യ സര്‍വീസ് റദ്ദാക്കുമ്പോള്‍ പെട്ടെന്ന് യാത്രചെയ്യാന്‍ വലിയ തുക കൊടുത്ത് സ്വകാര്യ കമ്പനികളെ തേടിപ്പോകാന്‍ യാത്രക്കാര്‍ നിര്‍ബന്ധിതരാകുന്നു.

ഗള്‍ഫ് സെക്ടറില്‍ എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് 10,000 ചുവടെയാണ് പൊതുവെ നിരക്ക്. എയര്‍ഇന്ത്യ വിമാനങ്ങള്‍ കൂട്ടത്തോടെ റദ്ദാക്കിയപ്പോള്‍ സ്വകാര്യ കമ്പനികള്‍ അരലക്ഷം രൂപവരെ ടിക്കറ്റ് നിരക്ക് ഈടാക്കിയ അനുഭവമുണ്ടായി. ഒരു വിമാനം റദ്ദാക്കുമ്പോള്‍ കോടിക്കണക്കിന് രൂപ മലയാളികളുടെ കൈകളില്‍നിന്ന് സ്വകാര്യകമ്പനിക്കാര്‍ കൊയ്യുന്നു. കേന്ദ്രമന്ത്രിസഭയില്‍ കേരളത്തില്‍നിന്ന് അര ഡസന്‍ മന്ത്രിമാരുണ്ട്. സംസ്ഥാനത്തുനിന്നുള്ള ഭൂരിപക്ഷം എംപിമാര്‍ യുഡിഎഫിന്റേതാണ്. പ്രവാസി മലയാളിക്ക് എയര്‍ഇന്ത്യ പണം വാങ്ങി ദുരിതം വില്‍ക്കുന്നത് തടയാന്‍ ഈ നേതാക്കള്‍ക്കൊന്നും സമയമില്ല. അവര്‍ ദയനീയമായി പരാജയപ്പെട്ടിരിക്കുന്നു.

പ്രവാസി മലയാളികളുടെ യാത്രാപ്രശ്നം മുന്‍നിര്‍ത്തി കഴിഞ്ഞ ദിവസം ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് ഹാളില്‍ കൈരളി- പീപ്പിള്‍ ടിവി സംഘടിപ്പിച്ച സെമിനാറില്‍ ഉയര്‍ന്ന വികാരം ഇതാണ്. പ്രവാസി മലയാളികളുടെ യാത്രാപ്രശ്നത്തില്‍ നിസ്സംഗത പാലിക്കുന്ന കേന്ദ്രസര്‍ക്കാര്‍ പതിനായിരങ്ങളുടെ ജീവിതംകൊണ്ട് പന്താടുകയാണെന്നാണ് ആ സെമിനാര്‍ ഉദ്ഘാടനംചെയ്ത് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞത്. നാടിന്റെയാകെ പ്രശ്നമാണിത്. എയര്‍ഇന്ത്യയുടെയും യുപിഎ സര്‍ക്കാരിന്റെയും അതിന്റെ സംസ്ഥാന ശാഖയായ യുഡിഎഫിന്റെയും നിഷേധ-നിസ്സംഗ നയങ്ങള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭം ഉയര്‍ന്നുവരണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക