Image

പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിച്ചവരുടെ അടിത്തറ നഷ്ടപ്പെട്ടു: സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍

Published on 18 August, 2011
പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിച്ചവരുടെ അടിത്തറ നഷ്ടപ്പെട്ടു: സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍
കൊച്ചി : കേരളത്തിലെ പ്രൊഫഷണല്‍ വിദ്യാഭ്യാസ മേഖലയുടെ മറവില്‍ ക്രൈസ്തവസേവനങ്ങളെ ആക്ഷേപിക്കുകയും പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്ത ചില വിദ്യാഭ്യാസ മാനേജ്‌മെന്റുകള്‍ക്കെതിരെയുള്ള കോടതിവിധി സാമൂഹ്യനീതിയെ ദുര്‍വ്യാഖ്യാനം ചെയ്തവര്‍ക്കുള്ള മറുപടിയാണെന്ന് സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍ ‍.

സാമൂഹ്യനീതിയും പൊതുനന്മയും കാറ്റില്‍പറത്തി, അവസരത്തിനൊത്ത് നിലപാടുകള്‍ മാറ്റുകയും സ്വന്തം നിലനില്‍പിനുവേണ്ടി മറ്റുള്ളവരെ ആക്ഷേപിക്കുകയും ചെയ്തവര്‍ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവി തകര്‍ത്തിരിക്കുകയാണെന്ന് അല്മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി.സെബാസ്റ്റ്യന്‍ സൂചിപ്പിച്ചു.
 
കോടതിവിധികള്‍ എതിരാകുമ്പോള്‍ നിയമസംവിധാനങ്ങളെയും നീതിവ്യവസ്ഥയെയും വെല്ലുവിളിക്കുന്നത് മാന്യതയല്ല. കേരളത്തിലെ സമഗ്രവികസനത്തിനും വിദ്യാഭ്യാസപുരോഗതിക്കും ക്രൈസ്തവസഭ നല്‍കുന്നതും നല്‍കിയതുമായ മഹത്വവും നിസ്വാര്‍ത്ഥവുമായ സംഭാവനകളെ അവഹേളിക്കുന്നവര്‍ ചരിത്രം പഠിക്കാത്തവരും സത്യത്തെ വളച്ചൊടിക്കുന്നവരുമാണ്.

ഭരണഘടനയെയും സര്‍ക്കാര്‍ സംവിധാനങ്ങളെയും മാനിച്ചും, പൗരാവകാശങ്ങള്‍ക്കും, നീതിക്കുംവേണ്ടി പോരാടിയും പൊതുസമൂഹത്തിന്റെ നന്മയും ഉയര്‍ച്ചയും ലക്ഷ്യമാക്കി ദീര്‍ഘവീക്ഷണത്തോടെയാണ് ക്രൈസ്തവസഭ വിദ്യാഭ്യാസ, ആരോഗ്യ, ആതുരശുശ്രൂഷാ, സേവന തലങ്ങളില്‍ സജീവസാന്നിധ്യം വഹിക്കുന്നത്. സമൂഹത്തിലെ ഏറ്റവും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കായി നടത്തുന്ന സ്ഥാപനങ്ങളില്‍ ഏറിയപങ്കും ക്രൈസ്തവസഭയുടേതാണെന്ന യാഥാര്‍ത്ഥ്യം ആര്‍ക്കാണ് നിഷേധിക്കാനാവുന്നത്? അടിച്ചമര്‍ത്തിയും ആക്ഷേപിച്ചും പൊതുസമൂഹത്തില്‍ അവഹേളിച്ചും സഭയുടെ നിസ്വാര്‍ത്ഥ സേവനങ്ങളെയും, അടിയുറച്ചനിലപാടുകളെയും, സംവിധാനങ്ങളെയും തകര്‍ക്കാമെന്ന് ആരും സ്വപ്നംകാണേണ്ടതില്ലെന്ന് അല്മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ. വി.സി.സെബാസ്റ്റ്യന്‍ പ്രസ്താവിച്ചു.


അഡ്വ.വി.സി.സെബാസ്റ്റ്യന്‍
അല്മായ കമ്മീഷന്‍ സെക്രട്ടറി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക