Image

അര്‍ബുദം ബാധിച്ച് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍; കനിവ് തേടി തൃശൂര്‍ സ്വദേശി

Published on 03 September, 2012
അര്‍ബുദം ബാധിച്ച് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍; കനിവ് തേടി തൃശൂര്‍ സ്വദേശി
കുവൈത്ത് സിറ്റി: രക്താബുര്‍ദം ബാധിച്ച് ഗുരുരതരാവസ്ഥയിലായ മലയാളി ആശുപത്രിയില്‍. തൃശൂര്‍ കൊടുങ്ങല്ലൂര്‍ അഴീക്കോട് സ്വദേശി സതീഷ് (48) ആണ് ജഹ്‌റ ആശുപത്രിയില്‍ മൃതപ്രായനായി കഴിയുന്നത്. മൂക്കിലൂടെയും മൂത്രത്തിലൂടെയും രക്തം വാര്‍ന്ന് അതിഗുരുതരാവസ്ഥയില്‍ ജഹ്‌റ ആശുപത്രിയിലെ വെന്റിലേറ്ററില്‍ കോമയില്‍ കഴിയുന്ന സതീഷ് ചികിത്സാ സഹായത്തിന് കനിവുള്ളവരുടെ കരുണ കാത്തുകിടക്കുകയാണ്.

ഏഴു വര്‍ഷമായി കുവൈത്തിലുള്ള സതീഷ് സ്വദേശിയുടെ കടയില്‍ എ.സി മെക്കാനിക്കായി ജോലിചെയ്യുകയായിരുന്നു. ഖാദിം വിസ ശുഊന്‍ ആക്കിക്കിട്ടാന്‍ വേണ്ടി ഒരു വര്‍ഷം മുമ്പ് സ്‌പോണ്‍സര്‍ക്ക് പണം നല്‍കിയെങ്കിലും ഇതുവരെ അതുനടന്നിട്ടില്ല. അതുകൊണ്ടുതന്നെ ഒരു വര്‍ഷമായി ഇഖാമ ഇല്ലാത്ത അവസ്ഥയാണ്. ഇതിനിടയിലാണ് കഴിഞ്ഞദിവസം രോഗം മാരകരോഗം സതീഷിനെ തേടിയെത്തിയത്. വായില്‍നിന്ന് രക്തം വന്നുതുടങ്ങിയപ്പോള്‍ മോണയില്‍നിന്ന് വരുന്ന രക്തമാണെന്ന് കരുതി അവഗണിച്ച സതീഷിനെ സ്‌പോണ്‍സര്‍ മുഖേന ആശുപത്രിയില്‍ എത്തിക്കാന്‍ മുന്‍കൈയടുത്തത് മറ്റൊരു കുവൈത്തി വീട്ടില്‍ ജോലി ചെയ്യുന്ന ബന്ധു സുനില്‍ ആണ്.

ആദ്യ ദിവസം വായില്‍ രക്തം വന്നപ്പോള്‍ സിവില്‍ ഐഡി പോലുമില്ലാത്ത സതീഷിനെ സുനില്‍ ശിഫ അല്‍ ജസീറയില്‍ കൊണ്ടുപോയി ചെക്കപ്പ് നടത്തിക്കുകയായിരുന്നു. അവിടെ നിന്നും കേസിന്റെ ലക്ഷണം കണ്ട് ഫര്‍വാനിയ ആശുപത്രിയില്‍ പോകാന്‍ നിര്‍ദേശം ലഭിച്ചിട്ടും അവിടെ എത്തിയ സ്‌പോണ്‍സര്‍ പനി മാത്രമാണെന്ന് പറഞ്ഞ് സാധാരണ ഗുളിക വാങ്ങിക്കൊടുത്ത് റിപ്പോര്‍ട്ടുമായി കൊണ്ടുപോവുകയായിരുന്നു. ഒടുവില്‍ രോഗത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞ സുനില്‍ മുന്‍കൈയടുത്താണ് ജഹ്‌റ ആശുപത്രിയില്‍ എത്തിച്ചത്.

മൂന്നു മാസം മുമ്പ് അമ്മ മരിച്ചപ്പോള്‍ പാസ്‌പോര്‍ട്ട് സൗദിയില്‍ പോയ സ്‌പോണ്‍സറുടെ കൈയിലായതിനാല്‍ നാട്ടില്‍ പോവാനുള്ള അവസരം പോലും ലഭിച്ചിരുന്നില്ല. സ്വന്തമായി വീടില്ലാത്ത സതീഷിന്റെ ഭാര്യയും ഏഴും അഞ്ചും വയസുള്ള മക്കളും തറവാട്ടുവീട്ടിലാണ് താമസം. സതീഷിനെ മാത്രം ആശ്രയിച്ചാണ് കുടുംബം കഴിയുന്നത്. രോഗവിവരം അറിഞ്ഞതുമുതല്‍ കണ്ണീരില്‍ കുതിര്‍ന്നിരിക്കുകയാണ് ഈ നിര്‍ധന കുടുംബത്തിന്റെ ജീവിതം. രോഗം മാറി സതീഷ് ജീവിതത്തിലേക്ക് തിരിച്ചുവരണേ എന്നുമാത്രമാണ് അവരുടെ പ്രാര്‍ഥന. യൂത്ത് ഇന്ത്യ ഹെല്‍പ് സെന്റര്‍ സതീഷിനെ സഹായിക്കാന്‍ മുന്നിട്ടിറങ്ങിയിട്ടുണ്ട്. 

സതീഷിന് ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കൈത്താങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് യൂത്ത് ഇന്ത്യ ഹെല്‍പ് സെന്റിന്റെ 60992324, 97649639, 97983866, 99428356 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക