Image

കോതമംഗലത്തെപ്പറ്റി ഒരക്ഷരം പറയരുത് (മുഖ്യമന്ത്രിയുടെ കണ്‍ട്രോള്‍ പോകും)

ബെര്‍ലി തോമസ്‌ Published on 21 August, 2012
കോതമംഗലത്തെപ്പറ്റി ഒരക്ഷരം പറയരുത് (മുഖ്യമന്ത്രിയുടെ കണ്‍ട്രോള്‍ പോകും)

കോതമംഗലത്തെ നഴ്‍സുമാരുടെ സമരത്തോടെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കേരളത്തോടു പിണങ്ങിയെന്നു തോന്നുന്നു. കോതമംഗലത്ത് തോറ്റു പേരു ചീത്തയായ സര്‍ക്കാര്‍ പാവപ്പെട്ട നഴ്‍സുമാര്‍ക്കെതിരെയും നാട്ടുകാര്‍ക്കെതിരെയും കേസെടുത്ത് പിടിച്ചു നില്‍ക്കാന്‍ ശ്രമിക്കുകയാണ്. നഴ്‍സുമാരുടെ പ്രശ്നങ്ങള്‍ സോള്‍വ് ചെയ്തെങ്കിലും കോതമംഗലം വാര്‍ത്തകളില്‍ നിന്നൊഴിയുന്നില്ല. ഇന്നു ചുറ്റും കൂടിയ പത്രക്കാര്‍ കോതമംഗലം സമരത്തെത്തുടര്‍ന്ന് നാട്ടുകാര്‍ക്കെതിരെ കേസെടുത്തതിനെപ്പറ്റി ചോദിച്ചപ്പോഴാണ് മുഖ്യമന്ത്രിയുടെ കണ്‍ട്രോള്‍ പോയത്. എല്ലാ യോഗത്തിനു ശേഷവും താന്‍ പുറത്തേക്കു വരുമ്പോള്‍ മൈക്കുമായി തന്നോടു ചോദ്യങ്ങള്‍ ചോദിക്കാന്‍ വരുന്നത് ഇന്നത്തോടെ അവസാനിപ്പിച്ചോണമെന്നാണ് ചാനലുകാരോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം നഴ്‍സുമാരുടെ സമരത്തെപ്പറ്റി ചോദിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ അഞ്ചു തവണ മുഖ്യമന്ത്രിയെ കണ്ടെങ്കിലും ഒന്നും പറയാതെ ഒഴിഞ്ഞു മാറിയ ശേഷം പിറ്റേന്ന്, വിഎസിന്‍റെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തി സംഗതി പരിഹരിച്ചപ്പോള്‍ എല്ലാം ചെയ്തത് ഞമ്മളാണെന്നു പറഞ്ഞ് അവകാശമുന്നയിച്ച് മുഖ്യമന്ത്രി അപഹാസ്യനായിരുന്നു.

നഴ്‍സുമാര്‍ക്കും നാട്ടുകാര്‍ക്കുമെതിരേ കേസുകള്‍, പത്രക്കാര്‍ക്ക് വിലക്ക്. കോതമംഗലത്തെപ്പറ്റി ഒരക്ഷരം പറയരുത് എന്നൊരു സര്‍ക്കാര്‍ ഉത്തരവു കൂടിയിറങ്ങിയാല്‍ സംഗതി ഉഷാറാവും. വളരെ കര്‍ക്കശമായാണ് മാധ്യമപ്രവര്‍ത്തകരോട് മേലില്‍ തന്നെ തടഞ്ഞു നിര്‍ത്തി ചോദ്യം ചോദിക്കരുത് എന്ന് മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നത്. “തനിക്ക് പറയാനുള്ളത് ബുധനാഴ്ച മന്ത്രിസഭായോഗം കഴിഞ്ഞ് പറയാറുണ്ട്. അതല്ലാതെ പ്രത്യേകിച്ച് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ പത്രസമ്മേളനം വിളിക്കും. എല്ലായോഗത്തിനുശേഷവും മൈക്കുമായി തടഞ്ഞുനിര്‍ത്തി ചോദ്യം ചോദിച്ചാല്‍ തനിക്ക് മറുപടി പറയാനാകില്ല.” തന്നെ തടഞ്ഞുനിര്‍ത്തി ചോദിക്കുന്നത് ഇന്നുകൊണ്ടവസാനിപ്പിക്കണമെന്നും മുഖ്യമന്ത്രി കര്‍ശനമായി പറഞ്ഞു. ലോകത്തിലെ ഏറ്റവും സുതാര്യനായ ജനസേവകരിലൊരാള്‍, സ്വന്തം ഓഫിസ് മുറിയില്‍ നിന്നു വരെ തല്‍സമയസംപ്രേഷണം ആരംഭിച്ച് ന്യൂയോര്‍ക്ക് ടൈംസില്‍ വരെ വാര്‍ത്തയും പടവുമായ ഭരണാധികാരി, മാധ്യമസ്വാതന്ത്ര്യത്തിനു വേണ്ടി ഘോരഘോരം സംസാരിച്ചിട്ടുള്ള ഒരു മുഖ്യമന്ത്രി, തന്നെ കാണുന്നതിനും ചോദ്യങ്ങള്‍ ചോദിക്കുന്നതിനും ടിവി ചാനലുകാര്‍ക്ക് വിലക്കേര്‍പ്പെടുത്തതിനെക്കാള്‍ വലിയൊരു സുതാര്യത എന്താണുള്ളത്.

ചാനലുകാര്‍ക്കുള്ള ഈ വിലക്ക് പത്രക്കാര്‍ക്കു വേണ്ടിയാണ് എന്നൊരു ധ്വനി മുഖ്യമന്ത്രിയുടെ പ്രസ്താവനയിലുണ്ട്. “പത്രലേഖകരുടെ ഭാഗത്തുനിന്ന് തന്നോട് ഇക്കാര്യത്തില്‍ പരാതി വന്നിട്ടുണ്ട്. അവര്‍ കാര്യങ്ങള്‍ അറിയുന്നില്ലെന്നാണ് പരാതി.” പാവം !. മുഖ്യമന്ത്രിയെ കുറ്റം പറയുന്നതില്‍ കാര്യമില്ല. പത്രങ്ങള്‍ ഓരോ ദിവസത്തെയും മൊത്തത്തിലുള്ള സംഭവവികാസങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ഇതുപോലുള്ള ചെറിയ ചെറിയ സംഭവങ്ങള്‍ക്ക് വലിയ പരിഗണന ലഭിച്ചുകൊള്ളണമെന്നില്ല. മാത്രവുമല്ല, മുഖ്യമന്ത്രിയുടെ ഓഫിസിന് പത്രമച്ചടിക്കും മുമ്പ് അത് കൊടുക്കരുത്, ഇതു കൊടുക്കരുത് എന്നൊക്കെ വേണമെങ്കില്‍ ആവശ്യപ്പെടുകയും ചെയ്യാം. ചാനലുകളില്‍ അതല്ല കഥ. അവന്മാര്‍ എപ്പോഴും വാര്‍ത്ത കൊടുത്തുകൊണ്ടിരിക്കും. അത് മറ്റു ചാനലുകളും ആവര്‍ത്തിക്കും. എല്ലാം എല്ലാവരും എപ്പോഴും അറിഞ്ഞുകൊണ്ടിരിക്കും. ഓഫിസില്‍ നിന്നു ലൈവ് സ്ട്രീമിങ് ഒക്കെയുണ്ടെങ്കിലും നമുക്ക് ഇത്ര സുതാര്യത വേണ്ടി വരില്ല എന്ന് ഒരു മുഖ്യമന്ത്രി തിരിച്ചറിയുന്നത് ഇങ്ങനെയൊക്കെയായിരിക്കുമല്ലോ.

അതേ സമയം, കോതമംഗലത്ത് നഴ്‍സമാരുടെ സമരത്തിനു പിന്തുണ പ്രഖ്യാപിച്ച് സമരം ചെയ്ത സമരസഹായസമിതിയിലെ (അഥവാ സാമൂഹികദ്രോഹികള്) ആറു പേരെക്കൂടി ഇന്ന് അറസ്റ്റ് ചെയ്തു. കണക്ക് ശരിയാണെങ്കില്‍ ഇതോടെ ആകെ 15 പേരെ പൊലീസ് ഈ സമരവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു. പിസി ജോര്‍ജിനെ കൂവുകയും വിഎസിനെ കൈനീട്ടി സ്വീകരിക്കുകയും ചെയ്യുന്ന ഒരു ജനസമൂഹം അര്‍ഹിക്കുന്ന വിധി തന്നെയാണിത്. നഴ്‍സുമാര്‍ക്കെതിരെ ആത്മഹത്യാശ്രമത്തിനു കേസെടുത്തത് നല്ല ഉദ്ദേശത്തോടെയാണെന്നാണ് ആഭ്യന്തരമന്ത്രിയുടെ വാക്കുകളില്‍ നിന്നു മനസ്സിലാവുന്നത്. “സത്യത്തില്‍ സമരം ചെയ്ത കുട്ടികള്‍ പാവങ്ങളും നിഷ്‌കളങ്കരുമാണ്. അവരുടെ ആവശ്യങ്ങള്‍ നിറവേറ്റപ്പെടണമെന്ന ആവശ്യമേ അവര്‍ക്കുണ്ടായിരുന്നുള്ളൂ. എന്നാല്‍ ഇത്തരത്തിലുള്ള ഒരു സമരത്തിന് ഒത്താശ ചെയ്ത് നല്‍കുകയും അക്രമം നടത്തുകയും ചെയ്തത് ന്യായീകരിക്കാനാകില്ല.”- എന്താ ല്ലേ ?

115 ദിവസം സമരം ചെയ്തിട്ടും അവഗണിച്ച സര്‍ക്കാരിന് കുട്ടികള്‍ കെട്ടിടത്തിനു മുകളില്‍ കയറിയപ്പോള്‍ മാത്രമാണ് പരിഹാരമുണ്ടാക്കണമെന്നു തോന്നിയത് എന്നിരിക്കെയാണ് തന്ത്രപ്രധാനമായ നിലപാടിലേക്ക് ആഭ്യന്തരമന്ത്രി എത്തുന്നത്. ജനകീസമരങ്ങളെ അടിച്ചമര്‍ത്തണം എന്ന സന്ദേശമാണ് ആത്മഹത്യാ സമരത്തോട് കേരളത്തിലെ ഒരു രാഷ്ട്രീയ പാര്‍ട്ടികളും യോജിക്കില്ല എന്ന പ്രസ്താവനയിലൂടെ അദ്ദേഹം അവതരിപ്പിക്കുന്നത്. കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയില്ലാതെ, അവരുടെ നിയന്ത്രണത്തിലല്ലാതെ സമരം ചെയ്യുന്ന എല്ലാവര്‍ക്കും ഇതായിരിക്കും ഗതി എന്ന് ഇതോടെ മനസ്സിലാക്കിക്കോണം. ഭാവിയില്‍ എവിടെ എന്തു സമരമുണ്ടായാലും ഇടപെടുന്നതിനു മുമ്പ് നാട്ടുകാര്‍ രണ്ടോ മൂന്നോ വട്ടം ആലോചിക്കണം. ഏതെങ്കിലും കൊടിയുടെ കീഴിലല്ലാതെ ഈ നാട്ടില്‍ ആരും സംഘടിക്കരുത്, അത്രേയുള്ളൂ. ചപ്പാത്തിലെ സമരം പൊളിച്ചതുപോലെ എല്ലാ സമരങ്ങളും പൊളിക്കണമെങ്കില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടികള്‍ അത്യാവശ്യമാണ്.

അപേക്ഷ: ഇതു പറഞ്ഞതിന്‍റെ പേരില്‍ എനിക്കെതിരെ കേസെടുക്കരുത്. ഞാന്‍ പിസി ജോര്‍ജിന്‍റെ ആളാണ്.

http://berlytharangal.com/?p=9776

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക