Image

രേഷ്മയ്ക്കു കരള്‍ നല്കാന്‍ അമ്മ;സുമനസുകള്‍ കനിയണം

Published on 18 August, 2012
രേഷ്മയ്ക്കു കരള്‍ നല്കാന്‍ അമ്മ;സുമനസുകള്‍ കനിയണം
കൊച്ചി: രേഷ്മയുടെ കരളിന്റെ പ്രവര്‍ത്തനം ഭാഗികമായി നിലച്ചുകഴിഞ്ഞു. കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ അനിവാര്യമെന്നു ഡോക്ടര്‍മാര്‍ വിധിയെഴുതി. നില കൂടുതല്‍ വഷളാകും മുമ്പു ശസ്ത്രക്രിയ വേണം. തന്റെ കരള്‍ നല്കി രേഷ്മയെ ജീവിതത്തിലേക്കു മടക്കിക്കൊണ്ടുവരാന്‍ അമ്മ ടിജി തയാറാണ്. പക്ഷേ, അതിനു വേണ്ട ഭീമമായ ചെലവ് എങ്ങനെ താങ്ങുമെന്നു ടിജിക്കും ഭര്‍ത്താവ് രമേശിനുമറിയില്ല.

തൃശൂര്‍ തങ്ങാലൂര്‍ സ്വദേശികളായ രമേശിന്റെയും ടിജിയുടെയും മൂത്ത മകളാണു പതിനാറുകാരി രേഷ്മ. തൃശൂര്‍ ശക്തന്‍ കോളജില്‍ ഒന്നാം വര്‍ഷ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്. രണ്ട് ഇളയ സഹോദരങ്ങളുണ്ട്. ബാര്‍ബര്‍ തൊഴിലാളിയായ രമേശിനു സ്വന്തമായി വീടുപോലുമില്ല. മകളുടെ ചികിത്സക്കായി ഇപ്പോള്‍ കൊച്ചിയില്‍ ആയതിനാല്‍ ജോലി ചെയ്യാനും കഴിയില്ല. 16 ലക്ഷം രൂപയാണു കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു വേണ്ടത്. തുടര്‍ചികിത്സക്കും മറ്റുമായി 30 ലക്ഷത്തോളം രൂപ വേണ്ടിവരും. നിലവില്‍ ഒരു രൂപയുടെ വരുമാനം പോലുമില്ലാത്ത രമേശന്‍ ചികിത്സയുടെ തുക കേട്ട് അമ്പരന്നു നില്‍ക്കുകയാണ്. 

ആറുവര്‍ഷം മുമ്പാണു രേഷ്മയ്ക്കു കരള്‍ രോഗം തുടങ്ങിയതെന്നാണു കരുതുന്നത്. അന്നു ദേഹം മുഴുവന്‍ വേദന അനുഭവപ്പെട്ടപ്പോള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സിച്ചു. മരുന്നുകൊണ്ടു താത്കാലിക ആശ്വാസമുണ്ടായി. കഴിഞ്ഞ മാസമാണു വീണ്ടും വേദന ആരംഭിച്ചത്. അതോടൊപ്പം കാലില്‍ നീരും വന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ വീണ്ടും ചികിത്സയ്ക്ക് എത്തിയപ്പോഴാണു രോഗം ഗുരുതരമായെന്ന വിവരമറിയുന്നത്. എത്രയും വേഗം കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ചെയ്യണമെന്നു ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതനുസരിച്ചാണു കൊച്ചിയിലെ ആശുപത്രിയില്‍ എത്തിയിട്ടുള്ളത്.

രേഷ്മയെ സഹായിക്കാന്‍ താല്‍പര്യമുളളവര്‍ അച്ഛന്‍ രമേശിനെ ബന്ധപ്പെടണം. 
ഫോണ്‍ നമ്പര്‍: 9605008526.

രേഷ്മയ്ക്കു കരള്‍ നല്കാന്‍ അമ്മ;സുമനസുകള്‍ കനിയണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക