Image

പതിറ്റാണ്ടുകള്‍ പിന്നിട്ട വിയന്ന ഐ.എസ്.സിയുടെ വിജയഗാഥ

Published on 09 July, 2012
 പതിറ്റാണ്ടുകള്‍ പിന്നിട്ട വിയന്ന ഐ.എസ്.സിയുടെ വിജയഗാഥ
വിയന്ന: വിയന്നയിലെ ഇന്ത്യന്‍ യുവതാരങ്ങളുടെ കളിത്തട്ടായ ഇന്ത്യന്‍ ആര്‍ട്‌സ്‌സ്‌പോര്‍ട്‌സ് ആന്റ് സോഷ്യല്‍ ക്ലബ് (ഐ.എസ്.സി) രൂപം കൊണ്ടിട്ട് മൂന്ന് പതിറ്റാണ്ട് പിന്നിടുന്നു. കുറച്ചു യുവതാരങ്ങളെ മാത്രം ഉള്‍പ്പെടുത്തി 1981 ആരംഭിച്ച ക്ലബ് ഇന്ന് യൂറോപ്പിലെ മലയാളി സ്‌പോര്‍ട്‌സ് ക്ലബുകളില്‍ പ്രമുഖ സ്ഥാനം നേടിക്കഴിഞ്ഞു. ആദ്യ കാലങ്ങളില്‍ ശാരീരികക്ഷമത പരിശീലനം മാത്രമായിരുന്നു ക്ലബിന്റെ ഉദ്ദേശം. എന്നാല്‍ രണ്ടു വര്‍ഷത്തിനു ശേഷം യൂറോപ്പിലെ പ്രമുഖ സ്‌പോര്‍ട്‌സ് ക്ലബായി ഐ.എസ്.സി വളര്‍ന്നു. തുടര്‍ന്ന് ക്ലബില്‍ കൂടുതല്‍ പ്രൊഫഷണല്‍ താരങ്ങള്‍ എത്തി. ഇതോടെ ക്ലബ് വിയന്നയിലെ ലോക്കല്‍ ലീഗുകളില്‍ പങ്കെടുത്തു തുടങ്ങി. 

മികച്ച മത്സരങ്ങള്‍ താരങ്ങള്‍ക്ക് കൂടുതല്‍ മത്സരപരിചയവും ആത്മവിശ്വാസവും നല്‍കി. തുടര്‍ന്ന് രാജ്യാന്തര മത്സരങ്ങളില്‍ ക്ലബ് പങ്കെടുത്തു. ജര്‍മ്മനി, ഓസ്ട്രിയ എന്നീ രാജ്യങ്ങളിലെ നിരവധി ടൂര്‍ണമെന്റുകളില്‍ പങ്കെടുത്ത താരങ്ങള്‍ നിരവധി ട്രോഫികളും ക്ലബിന് നേടിത്തന്നു. 1990 ലാണ് ക്ലബ്ബ് മുഖ്യധാര മത്സരങ്ങള്‍ക്കു ഇറങ്ങുന്നത്. 1990 ല്‍ ജര്‍മനിയില്‍ നടന്ന കെഎസ്‌സി എഫ്ഫ്എം വോളിബോള്‍ ടൂര്‍ണമെന്റില്‍ നാലാം സ്ഥാനവുമായാണ് ഐ.എസ്.സി പടയോട്ടം ആരംഭിക്കുന്നത്. തൊട്ടടുത്ത വര്‍ഷം (1991) ഓസ്ട്രിയയില്‍ നടന്ന ഐ.എസ്.സി വിയന്ന ടൂര്‍ണമെന്റില്‍ ജേതാക്കളായി. 

1992 ല്‍ ജര്‍മനിയില്‍ നടന്ന ഐഎസ്എഫ് ഫ്രാങ്ക്ഫര്‍ട്ട് ജൂബിലി ടൂര്‍ണമെന്റിലും 93 ല്‍ ഓസ്ട്രിയയില്‍ നടന്ന ഐ.എസ്.സി വിയന്ന ടൂര്‍ണമെന്റിലും ക്ലബ്ബ് ജേതാക്കളായി. പിന്നീടങ്ങോട്ട് വിജയഗാഥയുമായി മുന്നേറ്റം നടത്തിയ ഐ.എസ്.സി ജര്‍മനിയിലും ഓസ്ട്രിയയിലും തങ്ങളുടെ സ്ഥാനം അരക്കിട്ടുറപ്പിച്ചു. ഐഎസ്എഫ് ഫ്രാങ്ക്ഫര്‍ട്ട് ടൂര്‍ണമെന്റില്‍ രണ്ടാം സ്ഥാനത്തെത്തിയ ഐ.എസ്.സി, 97 ല്‍ വിയന്ന ടൂര്‍ണമെന്റില്‍ ചാമ്പ്യന്‍മാരായി. 97ല്‍ തന്നെ സില്‍വര്‍ ജൂബിലി ഐഎസ്എഫ്‌വി ഫ്രാങ്ക്ഫര്‍ട്ട് ടൂര്‍ണമെന്റില്‍ ഐ.എസ്.സി ജേതാക്കളുടെ ട്രോഫിയില്‍ മുത്തമിട്ടു. 98ല്‍ വിയന്ന ടൂര്‍ണമെന്റില്‍ ഐ.എസ്.സി ഗ്രീന്‍ ടീം മൂന്നാം സ്ഥാനവും യെല്ലോ ടീം ഒന്നാം സ്ഥാനവും പിടിച്ചടക്കി. 1997, 98, 99, 2000 വര്‍ഷങ്ങളില്‍ ഓസ്ട്രിയയില്‍ നടന്ന ഐഎഇഎ/വിഐഎസ് വോളിബോള്‍ ടൂര്‍ണമെന്റില്‍ ഐ.എസ്.സി ക്ലബ്ബ് തുടര്‍ച്ചയായി ചാമ്പ്യന്‍പട്ടം നേടി.

തുടര്‍ന്ന് 99ല്‍ ജര്‍മനിയില്‍ അരങ്ങേറിയ സിഎസ്‌സി വോളിബോള്‍ ടൂര്‍ണമെന്റിലും തേരേസ ജോസഫ് കുരുവള്ളില്‍ മെമ്മോറിയല്‍ ടൂര്‍ണമെന്റിലും ഐ.എസ്.സി ജേതാക്കളുടെ സ്ഥാനത്തു തലയുയര്‍ത്തിനിന്നു. 2000ല്‍ വേള്‍ഡ് മലയാളി ഇന്റര്‍നാഷണല്‍ ടൂര്‍ണമെന്റിലും ചക്കുപുരയ്ക്കല്‍ മെമ്മോറിയല്‍ ട്രോഫിയിലും ഐ.എസ്.സി ചാമ്പ്യന്‍മാരായി. തൊട്ടടുത്ത വര്‍ഷം ഐഎസ്‌സി വിയന്ന ടൂര്‍ണമെന്റില്‍ യെല്ലോ ടീം ഒന്നാം സ്ഥാനം പിടിച്ചടക്കി. അതേസമയം, റെഡ് ടീം നാലാം സ്ഥാനം ഉറപ്പിച്ചിരുന്നു. ഡബ്ല്യുഎംസിയും ഇന്ത്യന്‍ വോളിബോള്‍ ക്ലബ്ബ് കൊയ്‌ലനും സംഘടിപ്പിച്ച അന്താരാഷ്ട്ര ടൂര്‍ണമെന്റിലും ഐ.എസ്.സി പതിവ് വിജയം കൊയ്തു. അതോടൊപ്പം ചക്കുപുരയ്ക്കല്‍ മെമ്മോറിയല്‍ ട്രോഫിയില്‍ രണ്ടാംവട്ടവും ഐ.എസ്.സി ചാമ്പ്യന്‍സ് ട്രോഫി ഉയര്‍ത്തി. 

2001ല്‍ വിയന്നയില്‍ യുഎന്‍ ഓര്‍ഗനൈസേഷന്‍ സംഘടിപ്പിച്ച രാജ്യാന്തര ടൂര്‍ണമെന്റിലും ഐ.എസ്.സി കിരീടം ചൂടി. തൊട്ടടുത്ത വര്‍ഷവും യുഎന്‍ ഓര്‍ഗനൈസേഷന്‍ സംഘടിപ്പിച്ച രാജ്യാന്തര വോളിബോള്‍ ടൂര്‍ണമെന്റിലും ഐ.എസ്.സി കിരീടം നിലനിര്‍ത്തി. പത്തു പുരുഷ ടീമുകളും അഞ്ച് വനിതാ ടീമുകളുമാണ് ടൂര്‍ണമെന്റില്‍ പങ്കെടുത്തത്. നിര്‍ണായ ഘട്ടങ്ങളിലൂടെ കഠിനാധ്വാനത്തില്‍ പാതയില്‍ മുന്നേറിയ ടീം 2002ല്‍ ഫണ്‍സ് ക്ലബ്ബ്, ബ്രക്ക്, ഡെര്‍ ലെയ്ത തുടങ്ങിയവര്‍ സംഘടിപ്പിച്ച ഓസ്ട്രിയന്‍ ചാമ്പ്യന്‍ഷിപ്പിലും വിജയക്കൊടി പാറിച്ചു. ഇതാദ്യമായായിരുന്നു ഓസ്ട്രിയന്‍ ടൂര്‍ണമെന്റില്‍ ഒരു ഇന്ത്യന്‍ ക്ലബ്ബ് കിരീടം ഉയര്‍ത്തിയത്. 

വാര്‍ത്ത അയച്ചത്: ജോബി ആന്റണി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക