Image

കോതമംഗലം മാര്‍ ബസേലിയസ് ആശുപത്രിയിലെ നഴ്സുമാരുടെ സമരം തുടരുന്നു

Published on 20 June, 2012
കോതമംഗലം മാര്‍ ബസേലിയസ് ആശുപത്രിയിലെ നഴ്സുമാരുടെ സമരം തുടരുന്നു
കൊച്ചി: മിനിമം വേതനം നല്‍കാത്ത ആശുപത്രികളെ പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കില്ളെന്ന് തൊഴില്‍ മന്ത്രി ആവര്‍ത്തിക്കുമ്പോഴും കോതമംഗലം മാര്‍ ബസേലിയസ് ആശുപത്രിയിലെ നഴ്സുമാരുടെ സമരം തുടരുന്നു. സ്ഥിര നിയമനം, മിനിമം വേതനം ആവശ്യങ്ങള്‍ ഉന്നയിച്ച് ഇന്ത്യന്‍ നഴ്സസ് അസോസിയേഷന്‍ തുടങ്ങിയ സമരം 57 ദിവസം പിന്നിട്ടു. 120 നഴ്സുമാരാണ് സമര രംഗത്തുള്ളത്.
സമരം തീര്‍ക്കാന്‍ കലക്ടറുടെയും തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ 20 തവണ ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമായില്ല. മാനേജ്മെന്‍റിന്‍െറ കടുംപിടിത്തം മൂലമാണ് ചര്‍ച്ച പരാജയപ്പെടുന്നതെന്ന് നഴ്സുമാര്‍ ആരോപിക്കുമ്പോള്‍ സമരം അനാവശ്യമാണെന്ന നിലപാടിലാണ് മാനേജ്മെന്‍റ്. ഏപ്രില്‍ 24ന് ആരംഭിച്ച സമരം തീര്‍പ്പാക്കാന്‍ സര്‍ക്കാറോ തൊഴില്‍ വകുപ്പോ ഗൗരവ ഇടപെടല്‍ നടത്താത്തത് വിമര്‍ശ വിധേയമായിട്ടുണ്ട്. അതിനിടെ, സമരം ശക്തിപ്പെടുത്തുന്നതിന്‍െറ ഭാഗമായി സമര സഹായ സമിതി ശനിയാഴ്ച മുതല്‍ ആശുപത്രിക്ക് മുന്നില്‍ പന്തല്‍കെട്ടി പൊതുജനങ്ങളുടെ നേതൃത്വത്തില്‍ അനിശ്ചിതകാല ഉപവാസം സംഘടിപ്പിക്കുമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ആശുപത്രി ഹോസ്റ്റലില്‍ താമസിക്കുന്ന നഴ്സുമാരെ മാനേജ്മെന്‍റ് അന്യസംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പുറത്താക്കാന്‍ ശ്രമിക്കുകയാണ്. തൊഴില്‍മന്ത്രി ഷിബു ബേബി ജോണ്‍ അടക്കമുള്ളവര്‍ക്ക് ഇതുസംബന്ധിച്ച പരാതി നല്‍കിയിട്ടും നടപടി സ്വീകരിച്ചില്ല. സമരം വര്‍ഗീയവത്കരിക്കാന്‍ ആശുപത്രി അധികൃതര്‍ ശ്രമിക്കുന്നതായും നഴ്സുമാര്‍ ആരോപിച്ചു. സമരം നടത്തിയവരെ അക്രമിച്ച കേസില്‍ പൊലീസ് പ്രതികളെ പിടികൂടുന്നില്ല. നഴ്സുമാരുടെ ടോയ്ലറ്റില്‍ ഒളികാമറ സ്ഥാപിച്ച സംഭവത്തിലും കുറ്റക്കാരെ പിടികൂടാതെ പൊലീസ് അനാസ്ഥ തുടരുകയാണ്. പൊലീസിന്‍െറ ഒത്തുകളി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ശനിയാഴ്ച കോതമംഗലം പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കുമെന്നും ഇവര്‍ പറഞ്ഞു. ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ച് നഴ്സുമാര്‍ നടത്തുന്ന സമരം അടിച്ചമര്‍ത്താനാണ് മാനേജ്മെന്‍റിന്‍െ ശ്രമം. ഈ സാഹചര്യത്തിലാണ് നാട്ടുകാരുടെ നേതൃത്വത്തില്‍ സമര സഹായ സമിതി രൂപവത്കരിച്ചത്.
സംസ്ഥാനത്തെ മറ്റ് ആശുപത്രികളില്‍ നടന്ന സമരം ചര്‍ച്ചയിലൂടെ ഒത്തുതീര്‍ക്കാന്‍ എല്ലാ മാനേജ്മെന്‍റുകളും ശ്രമിച്ചപ്പോള്‍ ബസേലിയോസ് അധികൃതര്‍ നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നത്. നിലവില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ രജിസ്ട്രേഷന്‍ ഇല്ലാത്ത നഴ്സുമാരെയും നഴ്സിങ് വിദ്യാര്‍ഥികളെയും ഉപയോഗിച്ചാണ് ആശുപത്രി പ്രവര്‍ത്തിക്കുന്നതെന്ന് ഇന്ത്യന്‍ നഴ്സസ് അസോസിയേഷന്‍ ജില്ലാപ്രസിഡന്‍റ് ജിബിന്‍ ജോണ്‍,ലിന്‍സി, ഹാരിസ് രമ്യ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക