Image

അമേരിക്കയില്‍ ശരാശരി മനുഷ്യായുസ്സ് കുറയുന്നു; ഇന്‍ഡ്യയില്‍ കൂടുന്നു (കോര ചെറിയാന്‍)

കോര ചെറിയാന്‍ Published on 03 March, 2021
അമേരിക്കയില്‍ ശരാശരി മനുഷ്യായുസ്സ് കുറയുന്നു; ഇന്‍ഡ്യയില്‍ കൂടുന്നു (കോര ചെറിയാന്‍)
ഫിലാഡല്‍ഫിയ, യു.എസ്.എ.: അമേരിക്കയിലെ ശരാശരി മനുഷ്യായുസ്സ് 2019-ല്‍ 78.8 വര്‍ഷത്തില്‍നിന്നും ഒരു വര്‍ഷം കുറഞ്ഞു 2020-ല്‍ 77.8 വര്‍ഷമായതായി നാഷണല്‍ സെന്റര്‍ ഫോര്‍ ഹെല്‍ത്ത് സ്റ്റാറ്റിസ്റ്റിക്‌സ് റിപ്പോര്‍ട്ട് ചെയ്തു. ജനസംഖ്യാ ശാസ്ത്രാനുസരണം അമേരിക്കന്‍ കറുത്തവര്‍ഗ്ഗക്കാരില്‍ 2.7 വര്‍ഷവും ഹിസ്പാനിക് ജനതയില്‍ 1.9 വര്‍ഷവും ഇതേകാലയളവില്‍ കുറഞ്ഞതായും രേഖപ്പെടുത്തുന്നു. 5 ലക്ഷത്തിലധികമുള്ള കൊറോണവൈറസ് മരണം ഉള്‍പ്പെടാതെയുള്ള സ്ഥിതിവിവരപ്പട്ടികയാണ് വെളിപ്പെടുത്തിയത്. നാഷണല്‍ ഹെല്‍ത്ത് പ്രൊഫൈല്‍ വിജ്ഞാപനപ്രകാരം 2019-ല്‍ ഇന്‍ഡ്യയിലെ ശരാശരി മനുഷ്യായുസ്സ് 69.50 വര്‍ഷത്തില്‍നിന്നും 2020-ല്‍ 69.73 വര്‍ഷമായി ഉയര്‍ന്നു.

ജേണല്‍ ഓഫ് അമേരിക്കന്‍ മെഡിക്കല്‍ അസ്സോസിയേഷന്റെ 2021 ഫെബ്രുവരിയിലെ റിപ്പോര്‍ട്ടാനുസരണം 1980-ല്‍ അമേരിക്കന്‍ ജനതയുടെ ആയുസ്സ് 73.6 ശരാശരി വര്‍ഷത്തില്‍നിന്നും തുടര്‍ച്ചയായി ഉയര്‍ന്നു 2014-ല്‍ 78.9 വര്‍ഷമായി. ആയുസ്സ് വര്‍ദ്ധനവിന്റെ മുഖ്യകാരണങ്ങള്‍ 4 വര്‍ഷം കോളേജ് ബിരുദത്തോടുകൂടിയുള്ള ഉന്നത ഉദ്യോഗാര്‍ത്ഥികളുടെ വര്‍ദ്ധനവും സാമ്പത്തിക നേട്ടങ്ങളും വന്‍വിഭാഗം അമേരിക്കന്‍ ജനതയിലെ നിരാശ ദൂരീകരിച്ചു മാനസിക സംതൃപ്തിയില്‍ പൂര്‍ണ്ണാരോഗ്യതയില്‍ എത്തുവാന്‍ സാധിച്ചു. 2001 മുതല്‍ 2014 വരെയുള്ള കാലഘട്ടത്തിലെ ദീര്‍ഘായുസ്സ് വര്‍ദ്ധന 2.6 വര്‍ഷമായി ഉയര്‍ന്നതിന്റെ കാതലായ കാരണം ആധുനിക ആരോഗ്യ പരിപാലനത്തിന്റെ ആവിര്‍ഭാവമാണ്. 2014 നുശേഷം മയക്കുമരുന്നിന്റെയും മദ്യത്തിന്റെയും സുലഭ്യതയോടൊപ്പം തോക്കുകളുടെയും വെടിമരുന്നിന്റെയും വിലക്കുറവിനെ തുടര്‍ന്നുള്ള കൊലപാതകങ്ങളുടെ വര്‍ദ്ധനവും സര്‍വ്വവ്യാപകമായി. 

ആളോഹരി വരുമാന ഏറ്റക്കുറച്ചിലും ദീര്‍ഘായുസ്സ് വ്യതിയാനവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. സാമ്പത്തിക ശക്തിയുള്ളവര്‍ ആരോഗ്യ പരിപാലനത്തിനാവശ്യമായ പ്രതിവിധികള്‍ സാധാരണയായി യഥാസമയം സ്വീകരിക്കയും ഉതകുന്ന ഭക്ഷണക്രമീകരണങ്ങളും നടത്തുന്നു. സാമ്പത്തിക വൈകല്യമുള്ള ഒരു വിഭാഗത്തിന്റെ ജീവിതചര്യകള്‍തന്നെ ആരോഗ്യ പരിപാലനത്തില്‍ അശ്രദ്ധരായി കാണുന്നു. പലപ്പോഴും രോഗാവസ്ഥ മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തുമ്പോള്‍മാത്രം ആശുപത്രിയെ അഭയംപ്രാപിക്കുന്നു. സോഷ്യല്‍ മെഡിസിനുള്ള ഇംഗ്ലണ്ടും കാനഡയും അടക്കം പല യൂറോപ്യന്‍ രാജ്യങ്ങളിലും അമേരിക്കയടക്കം പല സമ്പന്ന രാജ്യങ്ങളിലും ഈ പ്രവണത പ്രകടമാണ്. 

2014 നു ശേഷം കോളേജ് ബിരുദത്തോടെ വിദ്യാഭ്യാസ സമ്പന്നരായി ശുഭ സ്വപ്നങ്ങള്‍ അയവിറക്കി കലാലയ വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചിറങ്ങുന്ന അനേകം യുവാക്കള്‍ ഓട്ടോമേഷന്‍മൂലം ജോലിക്കുവേണ്ടി അലയുന്നു. മാനസീകമായും സാമ്പത്തികവുമായുള്ള പരാധീനത നിത്യനിരാശയിലേയ്ക്കും അനുക്രമമായി രോഗാവസ്ഥയിലേയ്ക്കും എത്തിയ്ക്കുന്നു. അമേരിയ്ക്കന്‍ സര്‍ക്കാര്‍ സഹായം പലപ്പോഴും ലഭിയ്ക്കാതെ കറുത്ത വര്‍ഗ്ഗക്കാരും ന്യൂനപക്ഷക്കാരും അവഗണനമൂലം അലയുന്നു. ഏതാനും വര്‍ഷങ്ങള്‍ മുന്‍പ് സോഷ്യല്‍ സെക്യൂരിറ്റിയും വെല്‍ഫയര്‍ സഹായവും വര്‍ദ്ധിപ്പിച്ചെങ്കിലും യഥാര്‍ത്ഥ ഉപഭോക്താക്കള്‍ അവഗണിക്കപ്പെടുന്നതിനാല്‍ യുവതലമുറയേയും രോഗാവസ്ഥയില്‍ എത്തിക്കുന്നു. അനാരോഗ്യപ്രശ്‌നങ്ങളെ നേരിടുവാന്‍ സാമ്പത്തിക ഭദ്രതയും വൈദ്യസഹായവും യഥോചിതമായി നിവര്‍ത്തിയ്ക്കുവാനുള്ള പദ്ധതികള്‍ സര്‍ക്കാര്‍തലത്തില്‍തന്നെ ആവിഷ്‌ക്കരിക്കണം. 

1950-ന് മുന്‍പായുള്ള ബ്രിട്ടീഷ് ഇന്‍ഡ്യയിലെ ശരാശരി മനുഷ്യായുസ് 31 വര്‍ഷവും ഇതേ കാലയളവിലെ സമ്പന്നമായ അമേരിയ്ക്കയില്‍ സുദീര്‍ഘമായ 68 വര്‍ഷവും. 55 വര്‍ഷങ്ങള്‍ക്ക്‌ശേഷം 2005-ല്‍ സ്വതന്ത്രഭാരതത്തില്‍ 64 വര്‍ഷമായും സമ്പന്നമായ അമേരിയ്ക്കയില്‍ 77 വര്‍ഷവുമായി ശരാശരി മനുഷ്യായുസ് ഉയര്‍ന്നു. 1951-ല്‍ ഇന്‍ഡ്യയിലെ ആദ്യമായ ജനസംഖ്യാഗണനം അഥവാ സെന്‍സസ് നടക്കുമ്പോള്‍ മനുഷ്യായുസ് 32 ശരാശരി വര്‍ഷമായി ഉയര്‍ന്നെങ്കിലും എഴുതുവാനും വായിയ്ക്കുവാനുമുള്ള സാക്ഷരത്വം വെറും 18 ശതമാനംമാത്രം. സുദീര്‍ഘമായ 200 വര്‍ഷത്തിലധികമുള്ള ഗ്രെയ്റ്റ് ബ്രിട്ടന്റെ അടിമത്വഭരണം വേദനയോടെ അനുഭവിച്ച ഇന്ത്യയുടെ ശോച്യസ്ഥിതി എത്രയോ ക്ലേശജനകമെന്ന് ഈ അവലോകനം വെളിപ്പെടുത്തുന്നു.

2018 ലെ ശരാശരി ആയുസ് ദൈര്‍ ഘ്യം ഇന്‍ഡ്യയില്‍  69.42 വര്‍ഷവും അമേരിയ്ക്കയില്‍ 78.54 വര്‍ഷവും ഇംഗ്ലണ്ടില്‍ 81.26 വര്‍ഷവുമായി വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ വിജ്ഞാപനത്തില്‍ പറയുന്നു. ഇന്‍ഡ്യയുടെ സ്വാതന്ത്ര്യലബ്ദിയ്ക്കുശേഷമുള്ള ശരാശരി ആയുസ് വര്‍ദ്ധനവ് 1955-ല്‍ 38.16 വര്‍ഷമായി ഉയര്‍ന്നു.

സ്വതന്ത്ര ഇന്‍ഡ്യയിലെ യഥാക്രമമുള്ള ശരാശരി ആയുസ്സ് വര്‍ദ്ധനവ് 1960-ല്‍ 41.42; 1965-ല്‍ 44.50; 1970-ല്‍ 47.74; 1975-ല്‍ 51.01; 1980-ല്‍ 53.81; 1985-ല്‍ 55.80; 1990-ല്‍ 57.87; 1995-ല്‍ 60.32; 2000-ല്‍ 62.51 വര്‍ഷമായി വര്‍ദ്ധിച്ചു. ഇതെ ശരാശരി ആയുസ്സ് വര്‍ദ്ധന പ്രവണത 2020 വരെയും തുടര്‍ന്നു.

2014-ലെ യുണൈറ്റഡ് നേഷന്‍സ് ഡെവലപ്‌മെന്റ് പ്രോഗ്രാമിലുള്ള ഹ്യുമെന്‍ ഡെവലപ്‌മെന്റ് ഇന്‍ഡക്‌സ് പ്രകാരം ഇന്‍ഡ്യയില്‍ ഏറ്റവും സുദീര്‍ഘമായ ശരാശരി മനുഷ്യായുസ് കേരളത്തില്‍ 74.9 വര്‍ഷവും ഏറ്റവും കുറവ് ആസാം സ്റ്റേറ്റില്‍ 63.9 വര്‍ഷവും ആയിരുന്നു. ഇതേ കാലയളവിലെ മലയാളി വനിതകളുടെ ശരാശരി ആയുസ്സ് ദൈര്‍ഘ്യം 77.8 വര്‍ഷവും പുരുഷ വിഭാഗം വളരെ പിന്നോക്കമായി 72.0 വര്‍ഷവുമായി രേഖപ്പെടുത്തിയിരിക്കുന്നു.

അമേരിക്കയില്‍ ശരാശരി മനുഷ്യായുസ്സ് കുറയുന്നു; ഇന്‍ഡ്യയില്‍ കൂടുന്നു (കോര ചെറിയാന്‍)
Join WhatsApp News
-ഡോ. കു അനോൻ പിപിസി 2021-03-03 11:48:05
മൂത്രം കുടിച്ചാൽ ആയുസ്സ് വർധിക്കും. ഒരുതരപ്പെട്ട അണുക്കൾ ഒന്നും മൂത്രം കുടിക്കുന്നവൻറ്റെ അടുത്ത് വരില്ല. -ഡോ. കു അനോൻ പിപിസി
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക