Image

വാക്കുകള്‍ക്കുമതീതം ജോയന്റെ വേര്‍പാട്- (ജോജോ തോമസ് പാലത്ര, ന്യൂയോര്‍ക്ക് )

ജോജോ തോമസ് പാലത്ര, ന്യൂയോര്‍ക്ക് Published on 01 March, 2021
വാക്കുകള്‍ക്കുമതീതം ജോയന്റെ വേര്‍പാട്- (ജോജോ തോമസ് പാലത്ര, ന്യൂയോര്‍ക്ക് )
ന്യൂയോര്‍ക്ക് : എന്നും എ്‌പ്പോഴും വാചാലമാകുന്ന പ്രഭാഷണ സാമ്രാട്ടായി മലയാളി ശ്രോതാക്കള്‍ നെഞ്ചിലേറ്റിയിരുന്ന ജോയന്‍ കുമരകത്തിന്റെ വേര്‍പാട് ഒരു യാഥാര്‍ത്ഥ്യമാകുമ്പോള്‍ എന്നിലും ഹൃദയനൊമ്പരത്തിന്റെ അസ്വസ്ഥത ആഴത്തിലേക്ക് കൊ്ണ്ടുപോകുന്നു. ജോയനുമായുള്ള പരിചയം ഒരു സൗഹൃദബന്ധമായി മാറുന്നത് 37 വര്‍ഷങ്ങള്‍ക്കു മുമ്പായിരുന്നു. '1984'. പിന്നീടിങ്ങോട്ടുള്ള കാലയളവില്‍ ആ സ്‌നേഹബന്ധം ഒരു ആത്മബന്ധത്തിന്റെ ഹൃദയസ്പര്‍ശിയായി മാറുകയും ചെയ്തു.
ഇക്കഴിഞ്ഞ ദിവസം ജോയന്റെ 84-ാം പിറന്നാളെന്നറിഞ്ഞപ്പോള്‍ നേരിട്ട് ഫോണിലൂടെ എനിക്കും, മജ്ജുവിനും ജോയനുമായി സംസാരിക്കാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ അതീവ കൃതാര്‍ത്ഥരാണ്. വളരെയേറെ കാലത്തെ ഇടവേളയ്ക്കു ശേഷമായിരുന്നു ആഫോണ്‍ സംഭാഷണം. അതിനുശേഷം ജോയന്‍ എന്നെ തിരിച്ചു വിളിച്ച സമയങ്ങള്‍ കാലിഫോര്‍ണിയായും ന്യൂയോര്‍ക്കും തമ്മിലുള്ള സമയ വ്യത്യാസത്തില്‍ ന്യൂയോര്‍ക്കു സമയം പുലര്‍ച്ചയ്ക്കായിരുന്നു.
 
കാലിഫോര്‍ണിയായിലെ തമ്പിയുടെയും പ്രേമയുടെയും ഉടമസ്ഥതയിലുള്ള ആരോഗ്യപരിപാലന മന്ദിരത്തില്‍ സന്തോഷവാനായി കഴിയുന്നു എന്നു പറഞ്ഞു.
സംഭാഷണവേളയില്‍ ഞങ്ങള്‍ പരസ്പരം വര്‍ഷങ്ങള്‍ പിന്നിലേക്കു പോയി. വളരെ ആത്മസംതൃപ്തിയോടെ ജോയന്‍ പറഞ്ഞു.- 1994 ല്‍ സരസ്വതി അവാര്‍ഡിന്റെ ഉദ്ഘാടന വേളയില്‍ നിലവിളക്ക് കൊളുത്തി ആശംസ നല്‍കിയതും, മഞ്ജുവിന്റെ നൃത്തവിദ്യാലയ വാര്‍ഷിക വേളയിലും, പിന്നീട് തുടര്‍ച്ചയായുള്ള സരസ്വതി അവാര്‍ഡ് ചടങ്ങിന്റെ എല്ലാ വര്‍ഷങ്ങളിലും മുഖ്യഅതിഥിയായി എത്തി നല്‍കിയിരുന്ന ആശംസാപ്രസംഗങ്ങളും, എന്റെ വീട്ടിലെ പല സല്‍ക്കാര ചടങ്ങുകളിലെല്ലാം നിറസാന്നിദ്ധ്യമായിരുന്ന ജോയന്‍ എന്നില്‍ സുസ്‌മേരവദനനായി നിറഞ്ഞുനില്‍ക്കുന്നു. ജോയനുമായുള്ള എന്റെ ഫോണ്‍ സംഭാഷണത്തിനുശേഷം ജോയന്റെ സാന്നിദ്ധ്യവും പ്രസംഗങ്ങളും ഉള്‍പ്പെടുന്ന വീഡിയൊ ടേപ്പുകള്‍ കാണുമ്പോള്‍ കഴിഞ്ഞുപോയ ആ നല്ല നാളുകളിലെ അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ എന്നില്‍ അവാച്യമായ ആനന്ദം നല്‍കുന്നു.
കാലത്തിനു തുടച്ചു മാറ്റുവാന്‍ കഴിയാത്തതാണ് ജോയന്റെ മുഖമുദ്രയായ ശിശുക്കളുടെ മനസ്സും, അഗാധമായ പാണ്ഡിത്യവും, നര്‍മ്മരസം തുളുമ്പുന്ന പ്രസംഗശൈലിയും, ഏവരെയും ഹര്‍ഷപുളകിതരാക്കുന്ന സംഭാഷണ സവിശേഷതയും, എല്ലാറ്റിനുമുപരി എളിമയുടെ പര്യായമായിരുന്നു ജോയന്‍ കുമരകം.
 
ജോയന്‍ കുമരകം 84 വര്‍ഷം ഈ ലോകത്ത് ജീവിച്ചു കടന്നു പോയത്  തന്റെ നിറസാന്നിദ്ധ്യം ഈ ലോകത്തിനു സമ്മാനിച്ചിട്ടാണ്.
 
എത്ര വര്‍ഷം ഈ ലോകത്ത് ജീവിച്ചു എന്നതിലല്ലാ, മറിച്ച് ജീവിച്ചകാലം തന്റെ ജീവിതം കൊണ്ട് ഈ ലോകത്തിനു എന്തു നല്‍കുവാന്‍ കഴിഞ്ഞു എന്നുള്ള സന്ദേശം നല്‍കികൊണ്ടാണ് ജോയന്‍ നമ്മളോട് യാത്ര പറഞ്ഞത്. 1998 ല്‍ സരസ്വതി അവാര്‍ഡ്‌സ് പ്രസിദ്ധീകരിച്ച സുവനീറില്‍ ജോയന്‍ എഴുതിയ 'സ്‌നേഹത്തിന്റെ മുത്തുകള്‍' എന്ന കവിത ജോയന്റെ വേര്‍പാട് അനുസ്മരിക്കുന്ന വേളയില്‍ സമര്‍പ്പിക്കുന്നു.
 
സ്‌നേഹത്തിന്റെ മുത്തുകള്‍- ജോയന്‍ കുമരകം
 
എന്റെ ആത്മസ്‌നേഹിതനെ
ഭാവനാ സമുദ്രത്തിന്റെ തീരത്തുവച്ചു ഞാന്‍ കണ്ടുമുട്ടി.
ഇതു ദുഃഖത്തിന്റെ സമുദ്രമാണ്. 
ഈ ആഴങ്ങളിലേക്കു ഞാന്‍ എടുത്തു ചാടും.
അരുതേ സ്‌നേഹിതാ! ആശ്വാസത്തിന്റെ 
കുളിനീര്‍ തടാകത്തില്‍ എന്നെ നിമഞ്ജനം ചെയ്യിക്കുന്ന
നീ ഒരിക്കലും ഈ ആഴങ്ങളില്‍ മറയരുതേ....
പക്ഷെ എന്നെ നിരാശയുടെ നിബിഡാ-
ന്ധകാരത്തിലേക്കു വലിച്ചെറിഞ്ഞിട്ട് സ്‌നേഹിതന്‍
ആഴങ്ങളില്‍ മറഞ്ഞു.
ദുഃഖിതനായ ഞാന്‍ കൂരിരുളിലൂടെ
എന്റെ മണ്‍കുടിലിലേക്കു മടങ്ങഇ. എന്റെ
മനസ്സ് തമോമയം ആയിരുന്നു.
കൊടുങ്കാറ്റിന്റെ ചൂളംവിളിയും
സമുദ്രഗര്‍ജ്ജനവും എന്നെ ഭയചകിതനാക്കി.
എനിക്ക് എന്റെ മണ്‍വിളക്കു കൊളുത്തുവാന്‍ കഴിഞ്ഞില്ല.
നിര്‍ന്നിദ്രമായ ആ രാത്രിയില്‍ ഘനീഭവിച്ച
ഒരു ദുഃഖബിന്ദുവായി ഞാന്‍ എ്‌ന്റെ കിടക്കയില്‍ വീണു.
പിറ്റേന്നു പ്രഭാതത്തില്‍ ആരോ എ്‌ന്റെ
ഭവനകവാടത്തില്‍ മുട്ടിവിളിക്കുന്നതുകേട്ട് ഞാന്‍
ഞെട്ടിയെണീറ്റു.
കവാടങ്ങള്‍ തുറന്നപ്പോള്‍ എന്റെ
ആത്മസ്‌നേഹിതന്‍ കൈനിറയെ മുത്തുകളുമായി നില്‍ക്കുന്നു.
ദുഃഖത്തിന്റെ നൂലേത്താക്കയത്തില്‍
നിന്നും മുങ്ങിയെടുത്ത സ്‌നേഹത്തിന്റെ അമൂല്യങ്ങ
ളായ മുത്തുകളുമായി.
 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക