Image

പിസിആര്‍ ടെസ്റ്റ് സൗജന്യമാക്കിയ സംസ്ഥാന സര്‍ക്കാരിന് അഭിവാദ്യങ്ങള്‍: കല കുവൈറ്റ്

Published on 27 February, 2021
പിസിആര്‍ ടെസ്റ്റ് സൗജന്യമാക്കിയ സംസ്ഥാന സര്‍ക്കാരിന് അഭിവാദ്യങ്ങള്‍: കല കുവൈറ്റ്


കുവൈറ്റ് സിറ്റി: കേരളത്തിലെ എയര്‍പോര്‍ട്ടുകളില്‍ എത്തുന്ന പ്രവാസികള്‍ക്കുള്ള പി.സി.ആര്‍ ടെസ്റ്റ് സൗജന്യമാക്കിയ സംസ്ഥാന സര്‍ക്കാരിന് അഭിവാദ്യങ്ങളര്‍പ്പിച്ച് കല കുവൈറ്റ്. ടെസ്റ്റുകള്‍ സൗജന്യമാക്കുന്നതിന് കേന്ദ്രത്തില്‍ ആവശ്യമായ ഇടപെടലുകള്‍ നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് കേരള പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ എന്‍ അജിത്ത് കുമാറും, കല കുവൈറ്റും മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു.

ക്വാറന്റൈന്‍, കോവിഡ് ചികില്‍സ, ടെസ്റ്റ് എന്നിവ പൂര്‍ണ്ണമായും സൗജന്യമാക്കിയ ഏക സംസ്ഥാനമാണ് കേരളം. സമാനതകളില്ലാത്ത പ്രതിസന്ധികള്‍ക്കിടയിലും പ്രവാസികളെ ചേര്‍ത്ത് പിടിച്ച ഇടതുപക്ഷ സര്‍ക്കാറിന്റെ പ്രവാസി സൗഹൃദ നിലപാടിന്റെ തുടര്‍ച്ചയാണ് പിസിആര്‍ ടെസ്റ്റുകള്‍ പൂര്‍ണ്ണമായും സൗജന്യമാക്കിയ തീരുമാനം. ഇന്ത്യയിലേക്കെത്തുന്നവര്‍ സ്വന്തം ചിലവില്‍ നാട്ടിലെ എയര്‍പോര്‍ട്ടുകളില്‍ പിസിആര്‍ ടെസ്റ്റ് നടത്തണമെന്ന കേന്ദ്ര ഗവണ്‍മെന്റ് തീരുമാനം പ്രവാസികള്‍ക്ക് വലിയ തിരിച്ചടിയായിരുന്നു. ജോലി നഷ്ടപ്പെട്ടും, മാസങ്ങളായി വരുമാനമില്ലാതെയും, ചികിത്സക്കായും മറ്റും നാട്ടില്‍ വരുന്ന പ്രവാസികള്‍ക്ക് മേലുള്ള ഇരട്ട പ്രഹരമായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ ഈ തീരുമാനം.

പ്രവാസികള്‍ക്ക് യാതൊരു പരിഗണനയും നല്‍കാതെയും, അധികഭാരം അടിച്ചേല്‍പ്പിച്ചും കേന്ദ്ര സര്‍ക്കാര്‍ മുഖം തിരിഞ്ഞ് നില്‍ക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടി പ്രശംസനീയമാണെന്നും, സര്‍ക്കാറിനും മുഖ്യമന്ത്രിയ്ക്കും, ആരോഗ്യമന്ത്രിയ്ക്കും അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നതായും കല കുവൈറ്റ് പ്രസിഡന്റ് ജ്യോതിഷ് ചെറിയാന്‍, ജനറല്‍ സെക്രട്ടറി സി. കെ. നൗഷാദ് എന്നിവര്‍ പത്രക്കുറിപ്പില്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക