Image

കാര്യസ്ഥന്‍ (നോവല്‍ -അധ്യായം -4: കാരൂര്‍ സോമന്‍)

Published on 25 February, 2021
കാര്യസ്ഥന്‍ (നോവല്‍ -അധ്യായം -4: കാരൂര്‍ സോമന്‍)
മൗനപര്‍വ്വം

ആദിവാസി കാലങ്ങളില്‍ മദ്ധ്യതിരുവിതാംകൂറിന്റെ പലഭാഗങ്ങള്‍ ആദിവാസി ഗോത്രത്തലവന്മാരുടെ അധീനതയിലായിരുന്നു. ദ്രാവിഡവിഭാഗത്തില്‍പ്പെട്ട ഇവര്‍ വിവിധ പേരുകളില്‍ അറിയപ്പെട്ടു. ഇന്ത്യയുടെ സംസ്കാരം തുടങ്ങിയത് ആദിവാസികളില്‍ നിന്നാണ്. ആ വര്‍ഗ്ഗത്തില്‍പെട്ട ഒരു കൂട്ടര്‍ പറയംകുളത്തുണ്ടായിരുന്നു. ഇവരുടെ പ്രധാന തൊഴില്‍ കൃഷിയും തേന്‍ശേഖരണവും, വേട്ടയാടലുമായിരുന്നു. അടുത്ത ദേശക്കാര്‍ക്ക് അവര്‍ ഒരു പേടിസ്വപ്നമായിരുന്നു.  മാവേലിക്കരയില്‍ കഴുകന്‍ പാര്‍ക്കുന്ന പ്രദേശമാണ് പറയന്‍കുളം. കഴുകന്‍ വസിക്കുന്ന ഏകപ്രദേശം. അതുവഴി പോകുന്നവര്‍ ചുങ്കം കൊടുക്കണമെന്ന് നിര്‍ബന്ധമായിരുന്നു. കൊടുക്കാത്തവരെ ഗോത്രത്തലവന്റെ മുന്നില്‍ വിചാരണയ്ക്ക് വിധേയരാക്കുക പതിവാണ്. നിഷേധികള്‍ക്ക് കൊടുക്കുന്ന ശിക്ഷ മണിക്കൂറുകളോളം തലയും നടുവും കുനിച്ചു നിര്‍ത്തുകയായിരുന്നു. അവസാന നാളുകളില്‍ അവിടേയ്ക്ക് കടന്നുവന്ന ഒരാളായിരുന്നു കടമറ്റത്ത് കത്തനാര്‍. വഴിയരികിലെ പടുകൂറ്റന്‍ മരച്ചുവട്ടില്‍ നാടന്‍ കളികളുമായി കഴിഞ്ഞവര്‍ കത്തനാരുടെ കാഷായ വസ്ത്രം കണ്ട് ആശ്ചര്യപ്പെട്ടു. വിദേശിയെന്നവര്‍ തെറ്റിദ്ധരിച്ചു. നല്ലതുപോലെ പണം ലഭിക്കുമെന്ന് കണ്ട് നിയമം പാലിക്കാനാവശ്യപ്പെട്ടു.
കത്തനാര്‍ അറിയിച്ചു. ""നിങ്ങള്‍ക്ക് എല്ലാവര്‍ക്കും തരാന്‍ എന്റെ കൈവശം പണമുണ്ട്. എല്ലാവരും കണ്ണടച്ച് ഇരിക്കൂ.''
പത്തോളം പേര്‍ അത്യാര്‍ത്തിയോടെ വിലപ്പെട്ട നാണയങ്ങള്‍ക്കായി കണ്ണുകളടച്ചിരുന്നു. കത്തനാരോട് എന്തെന്നില്ലാത്ത സ്‌നേഹാദരങ്ങള്‍ തോന്നി. അദ്ദേഹം വീണ്ടും പറഞ്ഞു. ""ഞാന്‍ കടമറ്റത്ത് കത്തനാര്‍. നിങ്ങള്‍ ഏകാഗ്രമായി പ്രാര്‍ത്ഥനയില്‍ മുഴുകിയിരിക്കണം. കണ്ണുതുറക്കുന്നവര്‍ക്ക് പണം ലഭിക്കില്ല.''
എല്ലാവരെയും ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട് കത്തനാര്‍ തോളില്‍ തൂക്കിയിട്ടിരുന്ന സഞ്ചിയില്‍ നിന്ന് ഒരല്പം ചാരമെടുത്ത് മനസ്സിലെന്തോ മന്ത്രിച്ചു. എല്ലാവരുടെയും ദേഹത്ത് അല്പമായി വിതറിയിട്ട് യാത്ര തുടര്‍ന്നു. കണ്ണുതുറക്കാന്‍ പാടില്ലെന്നാണ് വ്യവസ്ഥ. സന്തോഷം നിറഞ്ഞവരുടെ മനസ്സില്‍ അസ്വസ്ഥത വളര്‍ന്നു. മാത്രവുമല്ല ചാരം വീണ ശരീരഭാഗമെല്ലാം ചൊറിഞ്ഞു തുടങ്ങി. അത് നീറ്റലായി മാറി. ഇതെല്ലാം കണ്ടുകൊണ്ട് മുലക്കച്ച കെട്ടാത്ത ഏതാനും സ്ത്രീകള്‍ അകലെ നില്പുണ്ടായിരുന്നു. അവര്‍ വന്ന് വിളിക്കുമ്പോഴാണ് ശുദ്ധമണ്ടത്തരമാണെന്ന് മനസ്സിലായത്. അടക്കാനാവാത്ത വൈരാഗ്യത്തോടെ നോക്കി. അവരുടെ ബലിഷ്ഠമായ ശരീരം വേദനിച്ചു. കത്തനാരെ ഓടിച്ചിട്ടു പിടിക്കാനായിരുന്നു ആഗ്രഹം. കണ്ണിനുമുമ്പില്‍ കിട്ടിയാല്‍ ക്രൂരമായി തല്ലിച്ചതച്ചു കൊല്ലണം. എഴുന്നേല്ക്കാന്‍ ശ്രമിച്ചു. അവരുടെ നടുവിന്റെ ഭാഗം മുകളിലേക്ക് ഉയര്‍ത്താന്‍ നന്നേ പാടുപെട്ടു. ഈ അനുഭവത്തിലൂടെ മററുള്ളവര്‍ നിസ്സാരനമ്മാരല്ലെന്ന് അവര്‍ മനസ്സിലാക്കി.
രാജ്യം സംരക്ഷിക്കാനായി ജവാന്മാരെ എടുക്കുന്നതുപോലെ ഈ ഗോത്രത്തലവന്മാര്‍ക്ക് പണം നല്കി നാട്ടിലെ ജന്മിമാരും മാടമ്പി തമ്പുരാക്കന്മാരും അവരുടെ കളപ്പുരകള്‍ക്കും കൃഷിത്തോട്ടങ്ങള്‍ക്കും കാവല്‍ നില്ക്കാനായി കരുത്തരായ പുരുഷന്മാരെ അടിമകളാക്കി എടുക്കുമായിരുന്നു. 1811ല്‍ റാണി ലക്ഷ്മിഭായി തിരുവിതാംകൂറില്‍ അടിമവ്യാപാരം നിരോധിച്ചെങ്കിലും അടിമവ്യാപാരം തുടരുകതന്നെ ചെയ്തു. 1854ല്‍ ബ്രിട്ടീഷ് ഭരണകൂടം അടിമവ്യാപാരം കര്‍ശനശിക്ഷണത്തോടെ നടപ്പാക്കി. അതോടെ സവര്‍ണപീഡനത്തില്‍ നിന്നും ആദിവാസികള്‍ കുറെയൊക്കെ മോചനം തേടി. ചിലര്‍ മറ്റുമതങ്ങള്‍ സ്വീകരിച്ചു. കരുണിന്റെ പിതാമഹന്മാരും ഈ ഗോത്രത്തില്‍ നിന്നുള്ളവരാണ്. ശങ്കരന്‍ നായരുടെ പിതാമഹന്മാരാണ് ഇവരെ അടിമകളാക്കി ഇവിടേക്ക് കൊണ്ടുവന്നത്. ആദ്യമൊക്കെ ആടുമാടുകളെപ്പോലെയാണ് ഇവരോട് പെരുമാറിയിരുന്നത്.  ക്രൂരമായ മര്‍ദ്ദനം, പട്ടിണി, രാപകലുകളില്ലാതെയുള്ള തൊഴില്‍ തുടങ്ങിയവയെല്ലാം ഇവരുടെ കൂടപ്പിറപ്പുകളായിരുന്നു. വെറും കഴുതകളായി ചുമട് ചുമക്കാന്‍ വിധിക്കപ്പെട്ടവര്‍. അവരുടെ സുന്ദരിമാരായ പെണ്‍കുട്ടികളും യജമാനന്മാര്‍ക്ക് സ്വന്തമായിരുന്നു. ജന്മിമാരുടെ മുന്നിലെ കറുമ്പിപ്പശുക്കള്‍.മനയിലെത്തുന്നത് ആടുമാടുകളെ സംരക്ഷിക്കാനാണ്. മൃഗങ്ങളുടെ സംരക്ഷണം പുരുഷന്മാര്‍ക്കല്ല സ്ത്രീകള്‍ക്കാണ്. തൊഴുത്തിനോട് ചേര്‍ന്നുള്ള കളപ്പുരകളില്‍ ആര്‍ത്തിയോടെയെത്തുന്ന തമ്പുരാക്കന്മാരെ കണ്ടാല്‍ പൂച്ചയെ കണ്ട എലിയെപ്പോലെ സ്ത്രീകള്‍ വിരണ്ടുനോക്കും. കാലുകള്‍ വിറയ്ക്കും. എല്ലാ ധൈര്യവും ചോര്‍ന്നുപോകും. അടിമപ്പെണ്ണ് അനുസരിച്ചാല്‍ മതി. ശരീരത്തിന്റെ ഓരോ ഭാഗങ്ങളിലും വിരലുകള്‍ ചലിക്കും. തടിച്ചുകൊഴുത്തുരുണ്ട വയറും മുറുക്കി തുപ്പിയ ചുവന്ന പല്ലുകളും ശരീരത്തോട് അലിഞ്ഞുചേരും. ഒരക്ഷരംപോലും ഉരിയാടാതെ ശരീരമാസകലം എല്ലാവേദനയും ഏറ്റുവാങ്ങി കിടക്കും. തമ്പുരാന്റെ നെറ്റിത്തടങ്ങള്‍ വിയര്‍ക്കുന്നതുപോലെ അവരുടെ മനസ്സും വയര്‍ക്കും. പാടത്തും പറമ്പത്തും തമ്പുരാന് ഇളംവെറ്റിലയില്‍ ചുണ്ണാമ്പു പുരട്ടി പാക്കും പുകയിലയും കൊടുക്കുന്ന ഭര്‍ത്താവോ അന്തഃപ്പുരത്തില്‍ കഴിയുന്ന തമ്പുരാട്ടിയോ ഇതൊന്നുമറിയില്ല. അറിഞ്ഞാലും ഒരല്പം മനപ്രയാസം തോന്നും. തമ്പാക്കന്മാരോട് ഏറ്റുമുട്ടിയാല്‍ ജീവന്‍ കാണില്ല. കാലിന് ചുറ്റിയ പാമ്പ് കടിക്കാതെ പോകുമോ?
തലമുറകളായി ഈ കുടുംബത്തിലെ കാവല്‍ക്കാരനാണ് മാധവന്റെ പൂര്‍വികര്‍. അവര്‍ തലമുറകളായി അവരുടെ ചായ്പുകളില്‍ താമസിക്കുന്നു. ചില ജന്മികള്‍ അവര്‍ക്ക് ദാനമായി ഭൂമി നല്കിയിട്ടുണ്ട്. മാധവന്റെ ഭാര്യ തങ്കമ്മ കൊച്ചുതമ്പാട്ടിയെ വരാന്തയില്‍ സഹായിക്കാറുണ്ട്. അടുക്കളയില്‍ കയറ്റില്ല. അവര്‍ക്ക് ഒരു മകള്‍, പേര് ബിന്ദു. നിറം കറുപ്പാണെങ്കിലും ബിന്ദുവിന് നല്ല അഴകാണ്. പഠിക്കാനും മിടുക്കി. തലമുറകളായി ശങ്കരന്റെ കുടുംബത്തോട് അതിരറ്റ സ്‌നേഹവും ആദരവുമാണ് മാധവന്റെ കുടുംബത്തിന്. ശങ്കരന്റെ ബന്ധുക്കള്‍ മണ്ടന്‍ മാധവനെ കാണുന്നത് വെറും കാവല്‍ക്കാരനായിട്ടല്ല. മറിച്ച് കാര്യസ്ഥനായിട്ടാണ്. ശങ്കരന്റെ എല്ലാ രഹസ്യങ്ങളും അറിയാവുന്ന വ്യക്തിയാണ് മാധവനെന്ന് നാട്ടുകാര്‍ പറയുമെങ്കിലും ഒരു ശുദ്ധമണ്ടനായിട്ടാണ് ശങ്കരന്‍ അയാളെ കാണുന്നത്. അവന്‍ മിടുക്കും സാമര്‍ത്ഥ്യവും കാണിക്കുന്നത് തൊരപ്പനെ പിടിക്കുന്നതിലാണ്. അതിന് നാട്ടുകാരിട്ട പേരാണ് തൊരപ്പന്‍ മാധവന്‍.
ബംഗ്ലാവിന് മുന്നിലേക്ക് വനംമന്ത്രി കാശിപ്പിള്ളയുടെ കാര്‍ വന്നു. അതില്‍ നിന്ന് ശുഭ്രവസ്ത്രധാരിയായ മന്ത്രി പുറത്തിറങ്ങി വരാന്തയിലെത്തി. കസേരയിലിരുന്ന ബാലകൃഷ്ണപിള്ളയും ഭാര്യ കല്യാണിക്കുട്ടിയും എഴുന്നേറ്റ് ബഹുമാനത്തോടെ തൊഴുതു. അവര്‍ക്ക് പിറകിലായി നിന്ന മാധവന്‍ തോളില്‍ കിടന്ന തോര്‍ത്തെടുത്ത് വണങ്ങി. മന്ത്രി നിറപുഞ്ചിരിയോടെ കുശലാന്വേഷണങ്ങള്‍ നടത്തി. പ്രായം നാല്പത്തഞ്ചുണ്ടെങ്കിലും ഒരു യുവത്വം ആ മുഖത്തുണ്ട്. തലയിലും ചെവിയിലും കൈത്തണ്ടയിലുമെല്ലാം എഴുന്നു നില്ക്കുന്ന രോമങ്ങള്‍.
ബാലന്‍ ദയനീയ സ്വരത്തിലറിയിച്ചു. ''മകള്‍ അരുണയെ ഇന്റര്‍വ്യൂവിന് കൊണ്ടുവന്നതാ. ഒരു ടീച്ചര്‍ ജോലിക്കാ. ലക്ഷങ്ങള്‍ കൊടുക്കാനുള്ള നിവൃത്തിയില്ല സാറെ. ഒന്നു സഹായിക്കണം.''
മന്ത്രി പുഞ്ചിരിച്ചുകൊണ്ടു പറഞ്ഞു. നിങ്ങടെ വോട്ടു വാങ്ങി ജയിച്ച മന്ത്രിയല്ലെ. ഞാന്‍ ശങ്കരന്‍ സാറിനോടു പറയാം. മന്ത്രി അകത്തേക്കു പോയി.
''നമ്മടെ ഭാഗ്യമാടി ഇത്തരത്തിലുള്ള നല്ല മനുഷ്യര്‍ മന്ത്രിയാകുന്നത്'' ബാലന്‍ ഭാര്യയോടു പറഞ്ഞു.
""അല്ലേ തൊരപ്പാ'', മാധവനും ശരി വച്ചു.
മുറ്റത്തെ പ്രകാശം പോലെ അവരുടെ മനസ്സും പ്രകാശമാനമായി.
അകത്തുചെന്ന കാശിപ്പിള്ളയെ കണ്ട് ശങ്കരനും കാണാന്‍ അഴകും നീണ്ട മുടിയുമുള്ള അരുണയും എഴുന്നേറ്റ് സ്വീകരിച്ചിരുത്തി. മന്ത്രിയും സമുദായിക നേതാവും ഉറ്റചങ്ങാതിമാരാണ്. തുല്യപ്രായക്കാര്‍. തെരഞ്ഞെടുപ്പ് വരുമ്പോഴൊക്കെ സ്വന്തം സമുദായത്തിലുള്ളവരുടെ ഒരോട്ടുപോലും എതിര്‍ സ്ഥാനാര്‍ത്ഥിക്ക് പോകില്ലെന്നാണ് ശങ്കരന്റെ ഭാഷ്യം. അത് എത്ര ശരിയെന്ന് ഇതുവരെ അറിയില്ല. രണ്ട് സമുദായക്കാരാണ് ഇവരുടെ രക്ഷകര്‍. കാശിപിള്ളയെപ്പോലെ ആരോടും മാന്യമായി ഇടപഴകാനും സംസാരിക്കാനും ആരെയും വശീകരിക്കാനുമുള്ള കഴിവും സാമര്‍ത്ഥ്യവും ശങ്കരനുമുണ്ട്.
ഒറ്റനോട്ടത്തില്‍ തന്നെ കാശിപിള്ളയ്ക്ക് അവളെ ഇഷ്ടപ്പെട്ടു. അയാള്‍ അറിയിച്ചു. ''പിന്നെ, ഈ കുട്ടിയുടെ അച്ഛന് ഞാനൊരു വാക്കു കൊടുത്തു. അവരില്‍ നിന്ന് ലക്ഷങ്ങള്‍ വാങ്ങില്ലെന്ന്.''
വിഷാദമൂറുന്ന കണ്ണുകളുമായിരുന്ന അരുണയെ നോക്കി ശങ്കരന്‍ പറഞ്ഞു. ""വിഷയം ഇപ്പോള്‍ പണം മാത്രമല്ല, അരുണയെ ബി.എഡ് വേക്കന്‍സിയിലാണ് എടുക്കേണ്ടത്. പക്ഷേ, ആള്‍ സി.എല്‍.ഡി.ക്കാരിയാണ്. അത് ബി.എഡിന് തുല്യമല്ല. ഞാനൊരു നിയമനം കൊടുത്താല്‍ പിന്നീടത് തലവേദനയായി മാറുമോ?''
കാശിപ്പിള്ള കണ്ണിറുക്കി കാണിച്ചിട്ട് പറഞ്ഞു ""നമ്മള്‍ ജോലി കൊടുക്കാന്‍ തീരുമാനിച്ചാല്‍ കൊടുക്കും. നമ്മളല്ലേ ഭരിക്കുന്നത്. എനിക്കതില്‍ എന്തു നേട്ടം. അത് നിങ്ങള്‍ തീരുമാനിക്ക്.'' അത് പറഞ്ഞിട്ട് മന്ത്രി അകത്തേക്കു പോയി.
നൈരാശ്യം നിറഞ്ഞ കണ്ണുകളുമായി അവള്‍ ശങ്കരനെ നോക്കി. ശങ്കരന്‍ സ്‌നേഹപൂര്‍വ്വം പറഞ്ഞു.
""നോക്കൂ അരുണാ, നിന്റെ അച്ഛന്‍ എന്റെ സമുദായക്കാരന്‍ തന്നെ. ആ നിന്നെ സഹായിക്കാനൊരുങ്ങുന്നത് ആ സഹായം നിന്നില്‍ നിന്ന് ഞങ്ങളും പ്രതീക്ഷിക്കുന്നു. നീ തയ്യാറല്ലെങ്കില്‍ മറ്റൊരുത്തി വരും. നല്ല മനസ്സുണ്ടെങ്കില്‍ മതി. എനിക്ക് യാതൊരു നിര്‍ബന്ധവുമില്ല. രണ്ടായാലും മറ്റുള്ളവരുടെ മുന്നില്‍ നാണം കെടുത്തരുത്. ഇതൊരു അപേക്ഷയാണ്.''
അവളുടെ മുഖത്തെ പ്രകാശം പൊലിഞ്ഞു. മനസ്സാകെ വേദനയുടെ ആഴക്കയങ്ങളില്‍ മുങ്ങിത്താണു. എത്രമാത്രം കഷ്ടപ്പെട്ടും കടമെടുത്തും പഠിച്ചതാണ്. ജീവിക്കാനുള്ള അവകാശംപോലും നഷ്ടപ്പെട്ട ഹതഭാഗ്യര്‍. അയാളുടെ ഇഷ്ടത്തിന് വഴങ്ങുക. അല്ലെങ്കില്‍ ഈ ഉദ്യോഗം ലഭിക്കില്ല. എല്ലാമാസവും നല്ലൊരു തുക കൈപ്പറ്റണമെങ്കില്‍... തന്റെ മാനം പണയപ്പെടുത്തണം. അവരുടെ കാമവികാരം ശമിപ്പിക്കണം. ഉള്ളിന്റെയുള്ളില്‍ സങ്കടത്തിന്റെ ചൂളംവിളി ഉയരുകയാണ്. എന്നെ ഇവിടെവരെ കൊണ്ടെത്തിച്ചത് ഒരു പാവപ്പെട്ട കുടുംബത്തില്‍ ജനിച്ചതുകൊണ്ടല്ലേ. പി.എസ്.സിയുടെ ഇന്റര്‍വ്യൂവിനായി എത്രയോ കാത്തിരുന്നു. ഒരു ദൈവങ്ങളും കണ്ണുതുറന്നില്ല. ജീവിതത്തിന്റെ വിധി നിര്‍ണയിക്കുന്ന നിമിഷങ്ങള്‍. എത്രയെത്ര കാത്തിരുന്നിട്ടാണ് ഇങ്ങനെയൊരു അവസരം ലഭിച്ചത്. ഹൃദയമിടിപ്പ് ഏറിവന്നു. ഒരു കയ്യില്‍ ഭാവി ഭദ്രമാക്കുന്ന തൊഴില്‍. മറ്റേക്കയ്യില്‍ ഈ ശരീരം സമര്‍പ്പണം. ഈ തുലാസ് എന്നെ വിട്ട് അകലുകയാണോ? അണിഞ്ഞിരിക്കുന്ന വസ്ത്രങ്ങള്‍ ഊര്‍ന്നുവീഴാറായോ? വീട്ടിലെ നായ്ക്ക് ഇറച്ചി കഷണം കൊടുത്താല്‍ അത് ആര്‍ത്തിയോടെ തിന്നുന്നത് കാണാം. പുരുഷന്മാര്‍ അത്തരക്കാരാണോ? മനുഷത്വമുള്ള പുരുഷന്മാര്‍ ഒരിക്കലും ഇങ്ങനെ വില പേശില്ല. മന്ത്രിയെ വിളിച്ചു വരുത്തിയതാണ്. മണ്ഡലത്തില്‍ വരുന്നത് ഇതിനാണോ?
അവള്‍ കാത്തിരിക്കുന്നു. മുന്നില്‍ ശൂന്യതമാത്രം. എങ്ങോട്ടാണ് യാത്ര ചെയ്യാന്‍ താല്പര്യം. മരുഭൂമിയിലേക്കോ അതോ മരുപ്പച്ചയിലേക്കോ? ആയുസ് മുന്നില്‍ നിന്ന് ഒളിഞ്ഞുനോക്കുന്നതെന്താണ്?
കൊടുങ്കാറ്റില്‍ പെട്ടുഴലുന്ന മനസുമായി ശങ്കരനെ നോക്കി. അയാള്‍ മൊബൈലില്‍ ആരുമായോ സംസാരിക്കുന്നു. എല്ലാ സന്തോഷവും മാറി മനസ്സില്‍ ഭീതി മാത്രം. എന്നെ സൂക്ഷിക്കേണ്ട ബാധ്യത മറ്റാര്‍ക്കുമല്ല. തനിക്കു മാത്രം. അയാള്‍ക്കൊപ്പം കിടക്കറ പങ്കിട്ടാല്‍ ഒരു ദാമ്പത്യ ജീവിതത്തിലേക്ക് നിനക്ക് കടന്നുവരാനാവില്ല. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒരാളുടെ ഭാര്യയെക്കാള്‍ വലുത് തന്റെ ഭാവിയല്ലേ? ശരീരമാകെ തളരുന്നതുപോലെ തോന്നുന്നു. മനസ്സാകെ അയാളോട് കേഴുകയാണ്. ഇതിന് പരിഹാരം എന്റെ ശരീരം തന്നെയാണോ. അയാള്‍ മൊബൈലില്‍ സംസാരം നിര്‍ത്തിയതുകണ്ട് അപേക്ഷിച്ചു.
''സാര്‍ എന്നോട് അല്പം ദയ കാണിക്കണം. എന്റെ ഭാവിയെപ്പറ്റി സാര്‍ ഓര്‍ക്കണം.''
ശങ്കരന്‍ ചെറുതായി ചിരിച്ചു. പെട്ടെന്ന് ഗൗരവത്തില്‍ ലയിച്ചു.
''എടീ കൊച്ചേ, നിനക്ക് നല്ല മനസ്സുണ്ടെങ്കില്‍ മതി. എനിക്ക് യാതൊരു നിര്‍ബന്ധവുമില്ല. നീയല്ലെങ്കില്‍ മറ്റൊരുത്തി. ജീവിതം മുന്നോട്ടു നയിക്കണമെങ്കില്‍ ഒരല്പം വിട്ടുവീഴ്ചയൊക്കെ ചെയ്യേണ്ടി വരും. അവിടെ ദുരഭിമാനവും പേടിയും പാടില്ല. പിന്നെ സ്വഭാവശുദ്ധീം. ഇന്നത്തെ കാലത്ത് ഇതൊക്കെ എത്രപേര്‍ക്കുണ്ട്? വെറും മിഥ്യ. ദേ നോക്കൂ നിന്നെ കാത്തിരിക്കുന്ന അകത്തുള്ള മാന്യന്‍. മറ്റൊരു സ്ഥാപനത്തില്‍ ചെന്നാല്‍ ഇതുപോലുള്ള ആനുകൂല്യങ്ങള്‍ ഒന്നും ലഭിക്കണമെന്നില്ല. പിന്നെ ഇത് നമ്മള്‍ മൂന്നുപേരല്ലാതെ നാലാമതൊരാള്‍ അറിയില്ല. ഇതോടെ നീ ഗര്‍ഭിണിയാകുമെന്ന ഭയംവേണ്ട. അതിനുള്ള കാര്യമൊക്കെ അകത്തുണ്ട്. എത്രയും വേഗം തീരുമാനിക്കുക. എനിക്ക് കുറെ തിരക്കുണ്ട്.'' ഒരിക്കല്‍ക്കൂടി ശങ്കരന്‍ തന്റെ തീരുമാനം അറിയിച്ചു.
കഷ്ടപ്പെട്ട് പഠിച്ച് പരീക്ഷ പാസായ അക്ഷരങ്ങള്‍ വെറും കടലാസു കഷണങ്ങള്‍. ഇതും ഒരു പരീക്ഷയാണ്. ജയിക്കാം തോല്‍ക്കാം. അവള്‍ കൗതുകത്തോടെ ജീവിതരഹസ്യത്തിന്റെ മറ്റൊരു മുഖം കണ്ടു. പുരുഷമേധാവിത്വത്തിന്റെ പൈശാചിക മുഖങ്ങള്‍. ജനാധിപത്യത്തിന്റെ ചീഞ്ഞുനാറുന്ന നയങ്ങള്‍. എത്ര ലാഘവത്തോടെയാണ് അയാള്‍ സംസാരിച്ചത്. എല്ലാം നൊമ്പരപ്പെടുത്തുന്ന വാക്കുകള്‍. അടക്കാനാവാത്ത അമര്‍ഷമുണ്ടെങ്കിലും ആരോടാണ് പരാതി പറയുക. ആരോടാണ് പ്രതിഷേധമുയര്‍ത്തുക. വ്യക്തിയുടെ സമൂഹത്തിന്റെ വിധി നിര്‍ണയും നടത്തുന്നത് ഇവരെപ്പോലുയുള്ള മാന്യന്മാരാണ്. സമൂഹത്തിലെ മുഖംമൂടികള്‍. നിരാശപ്പെടാതെ സ്വയം ആശ്വസിക്കാനെ വഴിയുള്ളൂ. അതെ തീരുമാനം എന്റേതാണ്. മനസ്സുണ്ടെങ്കില്‍ മതി. നിര്‍ബന്ധമില്ല. സമ്പത്തുള്ള പെണ്ണിന് ഇങ്ങനെ ഒരവസ്ഥയുണ്ടാകില്ല. ഹൃദയം ശക്തിയായി മിടിക്കുന്നു. കഷ്ടപ്പെട്ട് പഠിപ്പിച്ച മാതാപിതാക്കള്‍. തനിക്ക് താഴെ അനുജത്തിമാര്‍. ഒരനുജന്‍. കൂലിവേലയുമായി കുടുംബം പുലര്‍ത്തുന്ന അച്ഛന്‍. പഠിക്കാനായി ബാങ്കില്‍ നിന്നെടുത്ത ലോണ്‍. വിലക്കയറ്റം മൂലം പച്ചക്കറിപോലും വാങ്ങാന്‍ കഴിവില്ലാത്ത അച്ഛനെ പലപ്പോഴും കണ്ടിട്ടുണ്ട്. അപ്പോഴൊക്കെ ഓര്‍ക്കും പാവപ്പെട്ടവനെ ദാരിദ്ര്യത്തിലാഴ്ത്തുന്ന ഭരണം എന്തിനെന്ന്. പഠിച്ചു മിടുക്കിയായി നല്ലൊരു ജോലി സമ്പാദിച്ച് കുടുംബം രക്ഷപെടുത്തണമെന്ന വാശിയോടെ പഠിച്ചു. പരീക്ഷകളില്‍ ഒന്നാമതെത്തി. ജോലിക്കുവേണ്ടി കഴിഞ്ഞ രണ്ടുവര്‍ഷമായി അപേക്ഷകള്‍ അയച്ചു മടുത്തു. ഒടുവില്‍ ഇവിടെയെത്തി. പുറത്ത് മകളില്‍ പ്രതീക്ഷ അര്‍പ്പിച്ചിരിക്കുന്ന മാതാപിതാക്കള്‍. സന്തോഷം കലര്‍ന്ന ചിരിയോടെ മാതാപിതാക്കളെ സ്വീകരിച്ചിരുത്തി അവര്‍ക്ക് ചായ കൊടുത്തു. മകള്‍ക്ക് അകത്തെ മുറിയില്‍ ഒരു പരീക്ഷയുണ്ടെന്ന് പറഞ്ഞ് അവരെ തെറ്റിദ്ധരിപ്പിച്ചു. അകത്ത് നടക്കുന്ന പരീക്ഷ ഭയവും ഭാവിയും തമ്മിലുള്ളതാണെന്ന് പാവം മാതാപിതാക്കള്‍ക്ക് അറിയില്ല. ഭാവി മകളുടെ കയ്യിലെന്ന് അഭിമാനിക്കുന്ന അച്ഛന്‍. ഡയബറ്റിക് രോഗിയായ അച്ഛന്റെ ഏകആശ്രയം മകളാണ്. ഇളയ കുട്ടികളുടെ പഠനം, മറ്റു ചിലവുകള്‍, കടം എല്ലാം തന്റെ മുന്നിലാണ്. അവര്‍ക്ക് നല്ല വസ്ത്രങ്ങള്‍ ധരിക്കാനുള്ള മോഹം ഉണ്ട്. ചേച്ചിക്ക് ജോലി കിട്ടിയിട്ട് വാങ്ങിത്തരാമെന്ന് ഉറപ്പുകൊടുത്തിട്ടുണ്ട്. പാവപ്പെട്ട തന്റെ അന്തസ്സിനും അഭിമാനത്തിനും യാതൊരു വിലയും ഇല്ല. വിലയും നിലയുള്ളത. വിലയും നിലയുമുള്ളത് അധികാരികള്‍ക്കും സമ്പന്നര്‍ക്കുമാണ്. അവരുടെ നിമിഷങ്ങള്‍ ആനന്ദത്തിനും ആശ്വദിക്കാനുമുള്ളതാണ്. പാവങ്ങള്‍ അവര്‍ക്കായി പാദസേവ ചെയ്യുന്നു. സൂര്യന്‍ എരിഞ്ഞുകൊണ്ടിരുന്നു. ആ പ്രകാശധാര നിഴലുകളായി വെളിച്ചമില്ലാതെ തുറന്നിട്ട ജനാലകളിലൂടെ അകത്തേക്കു വന്നു.
വീണ്ടും ശങ്കരന്റെ മൊബൈല്‍ ശബ്ദിച്ചു. അത് മന്ത്രിയുടേതാണ്. അയാള്‍ വികാരത്തുടിപ്പുമായി കണ്ണാടിക്കു മുമ്പില്‍ നിന്ന് തന്റെ കറുത്ത കട്ടിമീശ മിനുക്കിയും മുടിയൊതുക്കിയും പെര്‍ഫ്യമൂടിച്ചും യുവസുന്ദരിയെ കാത്തിരിക്കുന്നു. സത്യത്തില്‍ ശങ്കരന്റെ അടുക്കല്‍ വരുമ്പോഴാണ് ഓറഞ്ചു നിറമുള്ള സുന്ദരികളെ ലഭിക്കുന്നത.് മറ്റുപലരും കാഴ്ചവച്ചിട്ടുള്ളവര്‍ ചുറുചുറുക്കുള്ളവര്‍ ആയിരുന്നില്ല. അയാള്‍ പട്ടുമെത്തയിലേക്ക് നോക്കി. ധാരാളം അവിവാഹിതകള്‍ പുളയുകയും ആളുകയും ചെയ്തിട്ടുള്ള പട്ടുമെത്തയാണ്. അവരുടെ ജീവിതത്തിലെ മധുവിധു ആഘോഷിക്കുന്ന ആദ്യപുരുഷന്‍. അതിനിടയില്‍ വലിഞ്ഞുമുറുകുന്ന മാംസപേശികള്‍. അവരുടെ മുരടുന്ന ശബ്ദത്തിന് പോലും എന്തൊരു മാധുര്യം. ആ മാധുര്യത്തിന്റെ പാരമ്യത്തില്‍ നില്ക്കുമ്പോഴിതാ അവള്‍ മുന്നില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. മന്ത്രി നിറപുഞ്ചിരിയോടെ നോക്കി. അവളും നിറകണ്ണുകളോടെ നോക്കി. നാടിന്റെ നായകന് എന്റെ ശരീരമാണാവശ്യം. ഉള്ളില്‍ ആഞ്ഞടിച്ച പ്രതിഷേധം അമര്‍ഷം അവള്‍ പുറത്തുകാട്ടിയില്ല. ഇതിന് മുമ്പ് ഇയാളോട് എന്താരാധനയായിരുന്നു. സ്വഭാവഗുണമുള്ളവന്‍, ആദര്‍ശധീരന്‍, പാവപ്പെട്ടവര്‍ക്കായി നിലകൊള്ളുന്നവന്‍, സ്‌നേഹസമ്പന്നന്‍, ശാന്തശീലന്‍ അങ്ങിനെ എന്തെല്ലാമാണ് മാലോകര്‍ പാടിപ്പുകഴ്ത്തുന്നത്.
അവള്‍ ഒരു തടവുകാരിയെപ്പോലേ നോക്കി. ഈ ജന്മത്തില്‍ മറ്റൊരു പുരുഷന്‍ തന്റെ ജീവിതത്തിലേക്ക് കടന്നുവരില്ലെന്ന് അവള്‍ തീരുമാനിച്ചു കഴിഞ്ഞു. അയാള്‍ വാതിലിന് കുറ്റിയിട്ടു. ഇരുമ്പഴിക്കുള്ളിലെ ഇരുമ്പാണികള്‍പോലെ അയാള്‍ അവളില്‍ ആഞ്ഞു തറച്ചു. പുറത്തെ പ്രകാശം മങ്ങി ആകാശം ഇരുണ്ടുമൂടി. ചാറ്റല്‍മഴ പെരുമഴയായി.
ശങ്കരന്റെ ശ്രദ്ധമുഴുവന്‍ അകത്തെ എ.സി. മുറിയിലായിരുന്നു. അവളിപ്പോള്‍ തീനാളങ്ങളില്‍ പുകഞ്ഞും പുളഞ്ഞും കത്തുന്നുണ്ടാവും. ഇന്നുവരെ ഒരു സ്ത്രീയെ ബലാത്ക്കാരമായി കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല. സ്ത്രീകളുടെ കാര്യത്തില്‍ പറക്കുന്ന പക്ഷിക്ക് ഉന്നം നോക്കേണ്ടത് പത്തടി അകലെനിന്ന് വേണമെന്ന പ്രമാണമാണ് തനിക്കുള്ളത്, അതിനൊപ്പം സ്‌നേഹം, കൗശലം, കൂര്‍മ്മബുദ്ധി ഇവ കൂടി ചേര്‍ക്കണം. അതോടെ അവളുടെയുള്ളിലെ ഭീതിയും മാറിക്കിട്ടും. നിര്‍ഭയമായ ഒരു പാത അവള്‍തന്നെ തുറന്നുതരും. ചിലപ്പോഴൊക്കെ കുറ്റബോധം തോന്നാറുണ്ട്. എന്തിനാണ് സ്ത്രീകളോട് ഇത്ര ക്രൂരത കാട്ടുന്നത്? എന്തിനാണ് സ്വന്തം ഭാര്യയെ വഞ്ചിക്കുന്നത്? ഇതൊക്കെ മനസ്സിനെ തളര്‍ത്തുന്ന ചോദ്യങ്ങള്‍ എന്നറിയാം. ഇതും ജീവിതത്തിലെ ഒരു തെരഞ്ഞെടുപ്പാണ്. എനിക്കതില്‍ തോല്ക്കാനുള്ള മനസ്സില്ല. എന്നും ജയിക്കണം. ഞാനാണ് ജയാളി വീരന്‍. ജീവിതത്തില്‍ വളര്‍ച്ച ആഗ്രഹിക്കുന്നവന്‍. പലതും പരിത്യജിക്കേണ്ടതായി വരും. ഇതെ മുറിയില്‍ വച്ചുതന്നെ ശരീരം  കൊടുത്തുകൊണ്ടുള്ള ഉദ്യോഗം വേണ്ടെന്നുവച്ച് സര്‍ക്കാര്‍ സ്കൂളില്‍ ജോലിക്ക് കയറിയതായി അറിയാം. അതൊക്കെ അവരുടെ ഭാഗ്യം. എന്റെ സ്കൂളുകളില്‍ ജോലി ചെയ്യുന്നവര്‍ അങ്ങിനെ എത്രയോ പേരുണ്ട്. ഈ കിടപ്പറ പങ്കിടല്‍ പരിപാടി ഇവിടെ മാത്രമല്ല. മിക്കയിടത്തും ഇതൊക്കെയുണ്ട്. സ്വന്തം നാട്ടില്‍ തൊഴില്‍ ലഭിക്കുക നിസ്സാര കാര്യമാണോ? തൊഴിലിന് സാദ്ധ്യതകളില്ലാത്ത എത്രയോ യുവതി-യുവാക്കളാണ് വിദേശരാജ്യങ്ങളിലേക്ക് പോകുന്നത്. അവരും കഠിനാദ്ധ്വാനം ചെയ്യാനല്ലേ പറക്കുന്നത്. അവിടെയും ഇതുപോലുള്ള പരീക്ഷണമുണ്ടെന്നും അറിയില്ല. എന്റെ മുന്നില്‍ സാമ്പത്തികഭാരവുമായി വരുന്നവരെ സഹതാപത്തോടെ കാണേണ്ട കാര്യമൊന്നും തനിക്കില്ല. എന്റെ ആഗ്രഹം ഞാന്‍ പ്രകടിപ്പിക്കും. എനിക്കിഷ്ടപ്പെട്ട പെണ്ണെങ്കില്‍ ഞാനവളെ സ്വന്തമാക്കും. ഇതൊക്കെ ജീവിതത്തിന്റെ ഭാഗമായില്ലേ കണ്ടിട്ടുള്ളു. വലിയൊരു മഹാകാര്യമായി ഇന്നും തോന്നിയിട്ടില്ല. ഇങ്ങനെ ഒരു കാട്ടുകുതിരയെപ്പോലെ ജീവിക്കാനാണാഗ്രഹം. ഓരോരുതതരും അവരവരുടെ ജീവിതങ്ങളില്‍ തളച്ചിടപ്പെട്ടവരാണ്. ഒരാള്‍ മറ്റൊരാളെ തളച്ചിടുന്ന കാലം. ഞാനിപ്പോള്‍ ഒരു പെണ്ണിനെയും ഒരു മന്ത്രിയെയും തളച്ചിട്ടില്ലേ? ഇങ്ങനെ സമൂഹത്തിലെ എത്രയോ ഉന്നതന്മാരെ ഞാനീ ബംഗ്ലാവില്‍ തളച്ചിട്ടിരിക്കുന്നു. പുറത്തും ഇതുതന്നെയാണ് നടക്കുന്നത്. അതൊക്കെ രഹസ്യമാണ്. സൂര്യപ്രകാശത്തില്‍ ചുട്ടുപൊള്ളുന്ന മണ്ണിനെ എത്രവേഗത്തിലാണ് മഴ വന്ന് തളച്ചത്. ഇപ്പോള്‍ ആകാശത്ത് ജ്വലിച്ചു നിന്ന സൂര്യന്‍ എവിടെപ്പോയി മറഞ്ഞു? മനുഷ്യജീവിതം അതുപോലെയാണോ എന്നതായിരിക്കും അടുത്ത ചോദ്യം. ആ ജീവിതത്തിന്റെ രഹസ്യതാക്കോല്‍ ആരുടെ കൈവശമെന്ന് കണ്ടെത്താന്‍ എത്രപേര്‍ക്ക് കരുത്തുണ്ട്?
ശങ്കരന്റെ ചിന്തകള്‍ മേശപ്പുറത്തിരുന്ന കമ്പ്യൂട്ടറിലേക്ക് തിരിഞ്ഞു. അതില്‍ വന്നിട്ടുള്ള കത്തുകള്‍ വായിച്ചു ഉടനടി മറുപടി കൊടുത്തു. അരുണയുടെ അപേക്ഷനോക്കി അയാള്‍ കമ്പ്യൂട്ടറില്‍ പലതും ടൈപ്പ് ചെയ്തു. അവളുമായി കിടക്ക പങ്കിടാനുള്ള തീക്ഷ്ണമായ ആഗ്രഹം അയാളിലുണര്‍ന്നു. അകത്തേക്ക് പോകാന്‍ മനസ് കാട്ടിയപ്പോള്‍ എഴുന്നേറ്റ് തന്റെ വക ബോണസായി ഒരു ചുംബനം കൊടുത്തത് ഇപ്പോഴും മനസ്സില്‍ തങ്ങി നില്ക്കുന്നു. ഒരുഭാഗത്ത് എത്രയോ ലക്ഷങ്ങളാണ് നഷ്ടപ്പെട്ടതെന്ന ഓര്‍മ്മവേണം. അതൊരു നഷ്ടമല്ല. ഇന്നവള്‍ എന്റെ മുന്നിലെ ഒരു പ്രകാശബിന്ദുവാണ്. പെണ്ണൊരുങ്ങിയാല്‍ ഏവനും അകപ്പെടുമെന്നുള്ളതിന് ഇതില്‍ കൂടുതല്‍ തെളിവെന്തിനാണ്?
മഴ മാറി. പ്രകൃതി പുഞ്ചിരിച്ചു. ശങ്കരന്‍ ശിരസ്സുയര്‍ത്തി. ഒരുറച്ച തീരുമാനംപോലെ ഒന്നാം തീയതി മുതല്‍ സയന്‍സ് അദ്ധ്യാപികയാകാനുള്ള നിയമനം പ്രിന്ററിലൂടെ പുറത്തുവന്ന പേപ്പറില്‍ ഒപ്പുവച്ച് തയ്യാറാക്കിവച്ചു.
തളര്‍ന്ന ശരീരവും അഴിഞ്ഞുലഞ്ഞ മുടിയുമായി അവള്‍ ഇരുമ്പുപാളികള്‍ക്കിടയില്‍ നിന്നും പുറത്തുവന്നു. മനസ്സാകെ വിങ്ങിപ്പൊട്ടുകയാണ്. അവളുടെ കൊഴുത്തു തടിച്ച ശരീരത്തിലേക്ക് ശങ്കരന്‍ നിമിഷങ്ങള്‍ നോക്കി. താന്‍ കൊടുത്ത ചുടുചുംബനത്തിന്റെ ഊഷ്മളതയിലേക്ക് അയാളുടെ മനസ് ഉണര്‍ന്നുകഴിഞ്ഞു. അകത്തേ മുറിയില്‍ അവള്‍ അനുഭവിച്ച നുറുങ്ങിപ്പിടയുന്ന വേദന ആ കണ്ണുകളില്‍ കാണാമായിരുന്നു. മുറിവേറ്റ മൃഗത്തെപ്പോലെ ശങ്കരനെ നോക്കി. തന്റെ ജീവിതം നശിപ്പിച്ച ഒരുത്തനെയും വെറുതെ വിടില്ലെന്ന് അവളുടെ മനസ് മന്ത്രിച്ചു. ഉള്ളില്‍ അഗാധമായ പ്രതികാരമുണ്ട്. ഹൃദയം പിടയുന്നുണ്ട്. എല്ലാം അനുഭവിക്കാന്‍ വിധിക്കപ്പെട്ടവര്‍.
ശങ്കരന്‍ സ്‌നേഹവായ്‌പോടെ കയ്യിലിരുന്ന നിയമന ഉത്തരവ് അവളെ ഏല്പിച്ചു. ശരീരം വിറ്റ് മുള്ളാണി തറച്ചതിന്റെ പ്രതിഫലം. ആ പേപ്പറിലേക്ക് അവള്‍ തുറിച്ചുനോക്കി. കണ്ണുകള്‍ നനഞ്ഞു. ചെയ്തത് പാപമാണോ പതനമാണോ. അതൊന്നുമറിയില്ല. കുടുംബം പുലര്‍ത്താന്‍ മറ്റ് വഴികളൊന്നും മുന്നില്‍ തെളിഞ്ഞില്ല. ആത്മവിശ്വാസത്തോടെ പഠിച്ച് ബിരുദമെടുത്തത് ഇതിനായിരുന്നോ? ഇന്റര്‍വ്യൂ എന്നപേരില്‍ എന്തെല്ലാമാണ് ഈ മുറിക്കുള്ളില്‍ നടക്കുന്നത്. ഈ മുറിവ് എന്നെങ്കിലും ഉണങ്ങുമെന്ന് കരുതുന്നുണ്ടോ? നാടിന്റെ രക്ഷകനെ നേരില്‍ കണ്ടു. അനുഭവിച്ചു. മൊബൈല്‍ ഫോണില്‍ അയാളുടെ നഗ്നചിത്രമെടുത്തത് വെറുതെയാകുമോ? ഇവരൊക്കെ നാടിന്റെ രക്ഷകരോ അതോ ഭീകരരോ?
അകത്ത് നിന്നുള്ള ബെല്ലടി കേട്ട് മാധവന്‍ കതക് തുറന്ന് അകത്തേക്കു ചെന്ന് തോളില്‍ കിടന്ന തോര്‍ത്തെടുത്ത് ആദരവോടെ നിന്നു. ശങ്കരന്‍ തല ഉയര്‍ത്തി പറഞ്ഞു. ""പുറത്തിരിക്കുന്ന ഈ കുട്ടിയുടെ രക്ഷിതാക്കളെ വിളിക്കൂ.''
ഒരു ദാസനെപ്പോലെ പുറത്തേക്കു ചെന്ന് അവരെ അകത്തേക്കു പറഞ്ഞുവിട്ടു. ശങ്കരന്‍ ആംഗ്യം കാട്ടി ഇരിക്കാനാവശ്യപ്പെട്ടു. അവര്‍ സ്‌നേഹബഹുമാനത്തോടെ ഇരുന്നു. അടുത്തുനിന്ന അരുണയോടും ഇരിക്കാനാവശ്യപ്പെട്ടു. ഒരു കശാപ്പുകാരന്റെ മുന്നിലിരിക്കുന്നതുപോലെ അവളിരുന്നു. അവളുടെ കണ്ണുകളിലെ തിളക്കം മാഞ്ഞുപോയിരുന്നു.
""ബാലന്റെ മകള്‍ മിടുക്കിയാണ്. എന്റെ പരീക്ഷയിലും വിജയിച്ചിരിക്കുന്നു. തരാനുള്ള തുകയില്‍ പകുതി പതുക്കെ തന്നാല്‍ മതി. തിടുക്കമില്ല''.
ശങ്കരന്‍ സാറിനെ എത്ര സ്തുതിച്ചാലും മതിവരില്ലെന്ന് തോന്നി. അമ്മ മാധവി മകളെ ആത്മാഭിമാനത്തോടെ നോക്കി. ഇവിടുത്തെ പരീക്ഷ പാസ്സായതിലും മനസ് സന്തോഷിച്ചു. വീടും പറമ്പും പണയം വച്ചെങ്കിലും ബാങ്കില്‍ നിന്ന് പണം കടമെടുത്ത് മകളെ ജോലിക്ക് കയറ്റണമെന്ന പ്രതീക്ഷയോടെ വന്നതാണ്. അപ്പോഴല്ലേ ദേവദൂതനെപ്പോലെ നാട്ടുകാരുടെ പ്രിയങ്കരനായ മന്ത്രി അവിടേക്ക് വന്നത്. എല്ലാം ദേവിയുടെ കടാക്ഷം എന്നല്ലാതെ എന്തു പറയാനാണ്. അരുണ ശങ്കരനെ പിശാചിനെപ്പോലെ നോക്കുമ്പോള്‍ രക്ഷിതാക്കള്‍ അയാളെ കണ്ടത് അവരുടെ രക്ഷകനായിട്ടാണ്. അകത്തേ മുറിയിലെ പട്ടുമെത്തയില്‍ മന്ത്രി ശരീരം പങ്കുവച്ച സുന്ദരിയുടെ സുന്ദരനിമിഷങ്ങളെ ആ സുഖാനുഭൂതിയെ താലോലിച്ച് തളര്‍ന്ന് കിടക്കുകയായിരുന്നു.
ശങ്കരന്‍ ഒരു താക്കീതുപോലെ അറിയിച്ചു. ""ഒരുകാര്യം. സ്വജനപക്ഷപാതം എന്നൊക്കെ എന്നെപ്പറ്റി പലരും പറയാറുണ്ട്. ഞാനത് നിഷേധിക്കുന്നില്ല. ഞാനീ തുക കുറച്ച കാര്യമൊന്നും നാട്ടുകാരോട് വിളമ്പരുത്.''
ബാലന്‍ ബഹുമാനത്തോടെ പറഞ്ഞു. ""അങ്ങയോടെ ഞങ്ങള്‍ എന്നും കടപ്പെട്ടവരാണ്.''
""എന്നാല്‍ സന്തോഷമായി പൊയ്‌ക്കൊള്ളൂ.'' അവര്‍ എഴുന്നേറ്റു. ശങ്കരന്‍ വികാരതീവ്രതയോടെ അരുണയെ നോക്കി. ആ നോട്ടത്തില്‍ മാംസദാഹം മാത്രമായിരുന്നു. എല്ലാം അവിശ്വസനീയം. അവര്‍ക്കൊപ്പം വരാന്തയിലേക്കു വന്ന ശങ്കരന്‍ കൈകൂപ്പി വണങ്ങിക്കൊണ്ട് അവരെ യാത്രയാക്കി. ബസ് സ്റ്റോപ്പിലേക്ക നടക്കുമ്പോള്‍ മാതാപിതാക്കള്‍ അവരെ പുകഴ്ത്തി പറഞ്ഞതൊന്നും അരുണയ്ക്ക് ഇഷ്ടപ്പെട്ടില്ല. അതിനോട് പ്രതികരിക്കാനും മുതിര്‍ന്നില്ല. അവള്‍ ഒരു കാര്യം മനസ്സിലാക്കി. ഗ്രാമത്തില്‍ പാര്‍ക്കുന്ന നിഷ്കളങ്കരായ മാതാപിതാക്കള്‍ക്ക് ഈ പകല്‍ മാന്യന്മാരുടെ ക്രൂരമുഖങ്ങള്‍ അറിയില്ല. അധികാരന്തതിന്റെ ലഹരിയും മതത്തിന്റെ ഭക്തിയും ഒളിഞ്ഞിരിക്കുന്ന രഹസ്യതാവളങ്ങള്‍. നേരില്‍ അനുഭവിച്ചതുകൊണ്ടല്ലേ ആ സത്യം മനസ്സിലാക്കാനായത്. തന്നെപ്പോലെ എത്രയെത്ര പാവം പെണ്‍കുട്ടികള്‍ എല്ലാരംഗത്തും നിത്യവും ഇതനുഭവിക്കുന്നു. ഇനിയും ആ മുറിക്കുള്ളില്‍ രഹസ്യ കാമറകള്‍ ഉണ്ടോ? അതുമറിയില്ല. പെണ്‍വാണിഭവും കഞ്ചാവ് കച്ചവടവും കാണും. അതിനും ഇവന്മാര്‍ മടിക്കില്ല. എത്രവേഗത്തിലാണ് ജീവിതം മാറിമറിഞ്ഞത്. ശരീരത്തിനും മനസ്സിനുമേറ്റ മുറിവ് എന്നെങ്കിലും ഉണങ്ങുമോ? ഉള്ളില്‍ പൂത്തുലഞ്ഞു നിന്ന മോഹങ്ങള്‍ക്ക് അതിവിരാമം. ശരീരം കുത്തിപറിക്കുന്ന വേദന ഇപ്പോഴും മാറിയിട്ടില്ല. നൊമ്പരങ്ങള്‍ ഉള്ളിലൊതുക്കി മുന്നോട്ടു നടന്നു. അമ്മ എന്തോ ചോദിച്ചു. മറുപടി പറയാനുള്ള ശക്തിപോലുമില്ലായിരുന്നു. ഈറനണിഞ്ഞ കണ്ണുകള്‍ തുടച്ചു. കണ്ണുകളില്‍ നിറഞ്ഞത് പ്രതികാരമായിരുന്നു. അത് വൈകാതെ അവന്മാര്‍ മനസ്സിലാക്കു. എന്നാലും അതിനിടയില്‍ അയാളുടെ നഗ്നചിത്രമെടുക്കാനുള്ള ധൈര്യം എവിടുന്നു കിട്ടി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക