Image

വാക്‌സിൻ എടുത്താലും മുൻകരുതൽ അവസാനിപ്പിക്കരുത് (കോര ചെറിയാൻ)

Published on 24 January, 2021
വാക്‌സിൻ എടുത്താലും മുൻകരുതൽ അവസാനിപ്പിക്കരുത് (കോര ചെറിയാൻ)

ഫിലാഡല്‍ഫിയ: കോവിഡ്-19 വാക്‌സിന്‍ കിട്ടിയാല്‍ ഉടനെ മാസ്‌ക് അടക്കമുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൈവിടരുതെന്ന് ശാസ്ത്രജ്ഞര്‍ കര്‍ശനമായി ഉപദേശിക്കുന്നു.

ആദ്യ ഫൈസര്‍ - ബിയോണ്‍ടെക് വാക്‌സിന്‍ ഷോട്ട് കിട്ടി 12 ദിവസങ്ങള്‍ക്കു ശേഷം 52 ശതമാനവും  ഏതാനും ആഴ്ചകള്‍ക്കുശേഷം രണ്ടാം വാക്‌സിന്‍ ഷോട്ട് ലഭിച്ചതിനുശേഷം 95 ശതമാനാവും  പ്രതിരോധ ശേഷി;  മോഡേർണ  വാക്‌സിന്റെ  ഒന്നാം ഷോട്ടിന് 51 ശതമാനവും, രണ്ടാം ഷോട്ടിനു ശേഷം 94 ശതമാനവും പ്രതിരോധ ശേഷി--ന്യു  ഇംഗ്ലണ്ട് ജേർണല്‍ ഓഫ് മെഡിസിന്റെ ഡിസംബര്‍  ലക്കത്തില്‍   വെളിപ്പെടുത്തുന്നു.

ഫിലാഡല്‍ഫിയ ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍ പകര്‍ച്ചവ്യാധി ഡയറക്ടറും അമേരിക്കന്‍ ഫുഡ് & ഡ്രഗ്ഗ് അഡ്മിനിസ്‌ട്രേഷന്റെ വാക്‌സിന്‍ അഡൈ്വസറി ബോര്‍ഡ് മെമ്പറുമായ ഡോക്ടര്‍ പോള്‍ ഓഫിറ്റിന്റെ പ്രഖ്യാപനത്തില്‍ ക്രമാനുഗതമായി വാക്‌സിന്‍ കിട്ടിയാലും 20-ല്‍ ഒരു വ്യക്തിക്കു കൊറോണ വൈറസ് രോഗം കിട്ടുവാന്‍ സാദ്ധ്യത ഉള്ളതായി പറയുന്നു. 

ഫുള്‍ ഷോട്ട് വാക്‌സിന്‍ കിട്ടിയതിനുശേഷം അഹങ്കാരത്തോടെ പ്രതിരോധ നടപടികള്‍ ഉടനെ ഉപേക്ഷിക്കുന്നതു അപകടകരമാണ്.

വാക്‌സിനേഷന്‍ കിട്ടിയ വ്യക്തിമൂലം കോവിഡ്-19 സംസര്‍ഗ്ഗത്തിലൂടെ വ്യാപിക്കുവാന്‍ കഴിയുമോ എന്ന് റിസേര്‍ച്ചേഴ്‌സ് ഇപ്പോഴും സംശയിക്കുന്നതിനാല്‍ എല്ലാവിധ പ്രൊട്ടക്ഷനും എടുക്കണമെന്ന് നിര്‍ബന്ധിക്കുന്നു. 

സുദീര്‍ഘമായ പരീക്ഷണങ്ങള്‍ക്കുശേഷം വാക്‌സിന്‍ ഉല്പാദിപ്പിച്ച ഫൈസറിനോടും, മോഡേണയോടും വാക്‌സിന്‍ സ്വീകരിച്ചവര്‍ രോഗവ്യാപനം പൂര്‍ണ്ണമായി തടസ്സപ്പെടുത്തുമോ എന്ന ചോദ്യം ഉന്നയിച്ചില്ല. ഭീകര  രോഗബാധ തടയുവാന്‍ അടിയന്തരമായി ഫെഡറല്‍ ഡ്രഗ്ഗ് അഡ്മിനിസ്‌ട്രേഷന്‍ വാക്‌സിന്‍ വിതരണം ചെയ്യുവാനുള്ള അനുമതി ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ക്കു നല്കുകയായിരുന്നു 

പല സദാചാര പാലകരും വിവിധ ചോദ്യസഞ്ചയങ്ങളുടെ ഘോഷയാത്രയുമായി രംഗത്ത് എത്തിയിട്ടുണ്ട്. വാക്‌സിനേഷനെ സംബന്ധിച്ച ഗുണാഗണിതങ്ങളടക്കം പരിപൂര്‍ണ്ണ വിവരങ്ങള്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ & പ്രിവന്‍ഷന്‍ അഥവാ സി. ഡി. സി. പൊതുജനസമക്ഷം സമര്‍പ്പിച്ചിട്ടില്ലെന്നുള്ള പരാതി പലതലത്തില്‍നിന്നും ഇപ്പോള്‍ കേള്‍ക്കുന്നു. ഓരോ ദിവസവും ആയിരങ്ങള്‍ കുടുംബത്തോടും കുട്ടികളോടും മിത്രങ്ങളോടും ഏകാന്തതയില്‍ വേദനയോടെ യാതൊരുവിധമായ അന്ത്യകര്‍മ്മം കൈക്കൊള്ളാതെ വെറും പ്ലാസ്റ്റിക്ക് കവറില്‍ പൊതിയപ്പെട്ടു  വേര്‍പെടുന്നതു അധികമാരും അറിയുന്നില്ല. 

പുഷ്പചക്രങ്ങള്‍ ചേതനയറ്റ മൃതശരീരത്തില്‍ കൊടും ഭയംമൂലം ആരും സമര്‍പ്പിക്കുന്നുമില്ല.

വാക്‌സിനേഷന്‍ സ്വീകരിച്ചവര്‍ യാദൃശ്ചികമായോ അഥവാ അനാസ്ഥകൊണ്ടോ മാസ്‌ക് അടക്കമുള്ള നിവാരണ മാര്‍ഗ്ഗങ്ങള്‍ ഇല്ലാതെ കോറോണ രോഗികളുമായി ഇടപെട്ടാല്‍ പ്രതിരോധ ശക്തിയുള്ളതിനാല്‍ സ്വയം രോഗമുക്തര്‍ ആകും. എന്നാല്‍ വാക്‌സിനേഷന്‍ ഷോട്ട് കിട്ടിയ വ്യക്തി അണുബാധ വാഹകന്‍ അഥവാ കാരിയര്‍ ആയിരിക്കും. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ഉച്ഛ്വാസ വായുവില്‍ക്കൂടിയും   കൊറോണ അണുക്കള്‍ സമീപത്തുള്ളവരിലേക്ക് പകരാം.  

എല്ലാവിധ വാക്‌സിന്‍ നിര്‍മ്മാണത്തിനും പൂര്‍ണ്ണ പരീക്ഷണങ്ങളും നിരീക്ഷണങ്ങളും നിര്‍വഹിക്കുവാന്‍ അനേക വര്‍ഷങ്ങള്‍ ആവശ്യമാണ്. ഫെഡറല്‍ ഗവണ്മെന്റിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന വാക്‌സിന്‍ നിര്‍മ്മാണ വിദഗ്ദ്ധരും ഫ്രെഡ് ഹട്ട്ചിന്‍സണ്‍ ക്യാന്‍സര്‍ റിസേര്‍ച്ച് സെന്ററിലെ വാക്‌സിന്‍ വിദഗ്ധന്‍ ഡോ. ലാറെ കോര്‍ണിയും അടക്കമുള്ള വിദഗ്ദ്ധര്‍ അടങ്ങുന്ന സംഘടനയുടെ വിശദമായ പഠനത്തിനുശേഷമാണ് വാക്‌സിന്‍ പൊതുജന ഉപയോഗത്തിനു സമര്‍പ്പിച്ചത്.

ഫൈസറിന്റെയും മൊഡെണയുടെയും വാക്‌സിനേഷന്‍ ഔഷധങ്ങളുടെ പരീക്ഷണങ്ങള്‍ പൂര്‍ത്തീകരിച്ചതായിട്ടുള്ള റിപ്പോര്‍ട്ടുകള്‍ അംഗീകരിച്ചെങ്കിലും വീണ്ടും പരീക്ഷണങ്ങള്‍ ആവശ്യമാണ്. വാക്‌സിന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ക്കുവേണ്ടിയുള്ള പരീക്ഷണങ്ങളുടെ സഹായത്തിനായി എത്തിയ 75000 വോളണ്ടിയേഴ്‌സിന്റെ പൂര്‍ണ്ണ ആരോഗ്യസ്ഥിതിയില്‍ എന്തെങ്കിലും വ്യതിയാനം സംഭവിച്ചതായോ, രണ്ടാമത്തെ വാക്‌സിന്‍ ഷോട്ടിനുവേണ്ടി എല്ലാ വോളണ്ടിയേഴ്‌സും കൃത്യമായി എത്തിയതായും പൊതുജനം അറിയണം. വാക്‌സിനേഷന്‍ സ്വീകരിച്ചവര്‍ മുഖേന കൊറോണവൈറസ് വ്യാപനമോ അതുപോലെ വീണ്ടും രോഗം ബാധിക്കുന്നതായോ എന്ന നിരീക്ഷണവും ആവശ്യമാണ്.

അമേരിക്കയിലും കേരളമടക്കമുള്ള ഒരു ചെറിയ വിഭാഗം മലയാളികള്‍ പരസ്യമായി കോവിഡ് -19 വാക്‌സിനേഷനെ പ്രതികൂലിച്ചുകൊണ്ടും പരാമര്‍ശിച്ചുകൊണ്ടുമുള്ള സംസാരം സാമാന്യ ശാസ്ത്രബോധം ഇല്ലാതെ നടത്തുന്നു. വാക്‌സിനേഷന്‍ ഷോട്ട് എടുക്കുന്നതിനെ പ്രതികൂലിച്ചുകൊണ്ട് നിരുത്സാഹപ്പെടുത്തുന്നതും ഖേദകരമാണ്. അനുദിനം ആയിരങ്ങള്‍ അന്ത്യയാത്രയില്‍ ആകുന്നതില്‍ അശേഷം ഖേദം ഇല്ലാതെയുള്ള സംസാരശൈലി അവസാനിപ്പിക്കണം.

805 വോളണ്ടിയേഴ്‌സിനെ ഉള്‍പ്പെടുത്തി ജോണ്‍സണ്‍ & ജോണ്‍സണ്‍ ന്റെ സിംഗിള്‍ ഡോസ് വാക്‌സിന്റെ ഹാഫ് വേ പരീക്ഷണത്തില്‍ 70 ശതമാനം വിജയിച്ചതായി ഈ വര്‍ഷം ജനുവരി 20 നു കമ്പനി വൃത്തങ്ങള്‍ പരസ്യമായി പ്രഖ്യാപിച്ചു. ഫെയ്‌സ്-1, ഫെയ്‌സ്-2, ഫെയ്‌സ്-3 യും, ഔപചാരികമായിട്ടുള്ള ഫെയ്‌സ് 4 പരിപൂര്‍ണ്ണ പരീക്ഷണങ്ങള്‍ക്കുശേഷം ജോണ്‍സണ്‍ & ജോണ്‍സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി നിയോഗിച്ചു വാക്‌സിനേഷന്‍ സിംഗിള്‍ ഷോട്ട് കൊടുക്കുന്ന 45000 വോളണ്ടിയേഴ്‌സിന്റെ പ്രതികരണം 90 ശതമാനത്തിലും അധികം വിജയകരമായിരിക്കുമെന്ന്  പറയുന്നു.

സി. ഡി. സി. യുടെ അനുമതിക്കുശേഷം ഫെബ്രുവരിമാസം അവസാനമായി ഒരു കോടി 20 ലക്ഷവും ജൂണ്‍ മാസം അവസാനമായി 10 കോടി ഡോസ് വാക്‌സിനും ഉല്പാദിപ്പിക്കുവാനുള്ള തയ്യാറെയുടുപ്പിലാണ് ജോണ്‍സണ്‍ & ജോണ്‍സണ്‍ ഇപ്പോള്‍. ഫൈസറിനും, മൊഡെണയ്ക്കും ഒപ്പം ജോണ്‍സണ്‍ & ജോണ്‍സണ്‍ ന്റെ വാക്‌സിനേഷന്‍ ഷോട്ട് ആരംഭിക്കുവാന്‍ സാധിച്ചാല്‍ നിഗമന കാലഘട്ടത്തിനു മുന്‍പായി കോവിഡ്-19 പകര്‍ച്ചവ്യാധി വ്യാപനം അവസാനിക്കും.

ഇന്‍ഡ്യയില്‍ ആരംഭിച്ച കോവിഷീല്‍ഡ് വാക്‌സിനും കോവാക്‌സിന്‍ വാക്‌സിനും  യാഥോചിതം സാമൂഹ്യ സഹകരണത്തോടെ ഏവരും സ്വീകരിച്ചാല്‍ വേദനാജനകമായ ഈ മഹാമാരിയുടെ ദുതിതങ്ങളോടു സമീപഭാവിയില്‍ തന്നെ വിടപറയാം. ലോകത്തിലെ ഏറ്റവും വലിയ കോവിഡ്-19 വാക്‌സിനേഷന്‍ പ്രോഗ്രാം 137 കോടി ജനതതിയുള്ള ഇന്‍ഡ്യ ആരംഭിച്ചതിലുള്ള അഭിനന്ദനം വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ അടക്കം അനേകം വിദേശ രാജ്യങ്ങളും അറിയിച്ചു.
കോര ചെറിയാന്‍

Join WhatsApp News
Anand 2021-01-24 23:02:38
വാക്സിനേഷന് എതിരെ എന്ത് അടിസ്ഥാനത്തിൽ ആണ് എതിർക്കുന്നത് എന്നറിയില്ല. വളരെ നല്ല റിപ്പോർട്ട്, അഭിനന്ദനങ്ങൾ ശ്രീ കോര ചെറിയാൻ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക