പ്രശസ്ത ബ്രോഡ്‌കാസ്റ്റർ ലാറി കിംഗ് അന്തരിച്ചു

പ്രശസ്ത ബ്രോഡ്‌കാസ്റ്റർ ലാറി കിംഗ് (87) അന്തരിച്ചു. ലോസ് ആഞ്ചലസിലെ സീഡേഴ്സ് -സൈനായ് മെഡിക്കൽ സെന്ററിലായിരുന്നു അന്ത്യം.
പലതവണ ക്യാൻസറിനെ അതിജീവിച്ച സി എൻ എൻ അവതാരകന്, ഈ വര്‍ഷം ആദ്യം കോവിഡ് ബാധിച്ചിരുന്നെങ്കിലും അതാണോ മരണകാരണം എന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. രോഗം സുഖപ്പെട്ടെന്നും ഐ സി യു വിൽ നിന്ന് മാറ്റിയ ശേഷവും അദ്ദേഹത്തിന് ശ്വസിക്കാൻ കഴിയുന്നുണ്ടെന്നുമാണ് ഏതാനും ദിവസങ്ങളായി അറിഞ്ഞിരുന്നത്.
63 വര്‍ഷങ്ങളായി റേഡിയോ, ടെലിവിഷൻ, ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെ ലാറി കിംഗ് നടത്തിയ അഭിമുഖങ്ങൾ നിരവധി അവാർഡുകളും ആഗോള പ്രശംസയും പിടിച്ചുപറ്റി. അദ്ദേഹത്തിന്റെ അതുല്യ പ്രതിഭ എന്നും ഓർമ്മിക്കപ്പെടും.
ലാറി കിംഗ് നടത്തിയിരുന്ന അഭിമുഖങ്ങളുടെ പ്രത്യേകത അദ്ദേഹം പ്രോഗ്രാമുകളിൽ യഥാർത്ഥ താരമായി പരിഗണിച്ചത് വിഷയങ്ങളെ ആയിരുന്നു എന്നതാണ്.
2012 ൽ മെക്സിക്കൻ ശതകോടീശ്വരൻ കാർലോസ് സ്ലിമ്മിനൊപ്പം സ്ഥാപിച്ച ഓറാ ടിവി എന്ന ഡിജിറ്റൽ ടിവി ശൃംഖലയുടെ പ്രവർത്തനങ്ങളിലായിരുന്നു അവസാനകാലങ്ങളിൽ അദ്ദേഹം സജീവമായിരുന്നത്. എങ്കിലും, 1985 മുതൽ 2010 വരെ സി എൻ എനിൽ അവതരിപ്പിച്ചിരുന്ന 'ലാറി കിംഗ് ലൈവ്' എന്ന ജനശ്രദ്ധയാർജ്ജിച്ച ടെലിവിഷൻ ഷോയിലൂടെ ആയിരിക്കും കാലം അദ്ദേഹത്തിന്റെ പ്രതിഭയെ അടയാളപ്പെടുത്തുക
അക്കാലത്തെ പ്രഗത്ഭരായ എല്ലാ സെലിബ്രിറ്റികളെയും വാർത്തകളിൽ നിറഞ്ഞ വ്യക്തിത്വങ്ങളെയും 25 വർഷത്തിലധികം പ്രേക്ഷകർ നെഞ്ചിലേറ്റിയ ഷോയുടെ ഭാഗമായി കിംഗ് അഭിമുഖം ചെയ്തു . റിച്ചാർഡ് നിക്സൺ മുതൽ ഡൊണാൾഡ് ട്രംപ് വരെ എല്ലാ പ്രസിഡന്റുമാരും അദ്ദേഹത്തിന്റെ ചോദ്യങ്ങൾക്കുമുന്നിൽ ഇരുന്നു കൊടുത്തിട്ടുണ്ട്.
അദ്ദേഹത്തിന്റെ ജീവിതത്തിന്റെ അവസാനഘട്ടം സംഭവബഹുലമായിരുന്നു. മേയ് മാസത്തിൽ സ്ട്രോക്ക് നേരിട്ടു. ഷോൺ സൗഥ്വിക്കുമായി രണ്ടു പതിറ്റാണ്ട് നീണ്ട ദാമ്പത്യബന്ധം വേർപിരിഞ്ഞു. ഇത് അദ്ദേഹത്തിന്റെ ഏഴാമത്തെ വിവാഹമായിരുന്നു.
2020 ൽ തന്റെ 5 മക്കളിൽ 2 പേരെ കിങ്ങിന് നഷ്ടമായി. മകൻ ആൻഡി കിംഗ്(65 ) ജൂലൈയിൽ ഹൃദയാഘാതം മൂലവും മകൾ ചയ്യ കിംഗ് (52) ശ്വാസകോശാർബുദത്തെ തുടർന്നുമാണ് മരണപ്പെട്ടത്.
Facebook Comments