Image

ചുവപ്പോർമ്മകൾ (കവിത: ചന്ദ്രതാര)

Published on 22 January, 2021
ചുവപ്പോർമ്മകൾ (കവിത: ചന്ദ്രതാര)
ചക്രവാളം...
ടീച്ചർ ബോർഡിലെഴുതി.

ചക്രവാളം കണ്ടിട്ടുണ്ടോ?
രാമൻ കുട്ടിയേട്ടൻ്റെ
ചായക്കടയ്ക്കപ്പുറം
തെങ്ങിൻ തലപ്പുകളെ
മുട്ടിയുരുമ്മി
ഞങ്ങടെ ചക്രവാളം
നിലകൊണ്ടു.

വീട്ടിലെത്തി
പുസ്തകസഞ്ചി വലിച്ചെറിഞ്ഞ്
ദൂരെ
ചക്രവാളം തേടിയിറങ്ങി.
ഓടിയോടി നടന്നു.
ഭൂമിയെ ചുംബിക്കുന്ന
മാനത്തെ
തൊട്ടുതലോടണം.
മേഘക്കുഞ്ഞുങ്ങളെ
താലോലിക്കണം.
ഓടീട്ടും നടന്നിട്ടും
ചക്രവാളമെത്തിയില്ല.

ചായക്കട അടുത്തടുത്തു വന്നു
ചക്രവാളം അകലേയ്ക്കകലേയ്ക്ക്
തെന്നി നീങ്ങിക്കൊണ്ടിരുന്നു.

ആകാശം തങ്കം പൂശിയപ്പോൾ
തിരിച്ചോടി...
അമ്മയുടെ
കരിവള്ളിച്ചൂരൽ
തുടയിൽ
പുതിയ മേഘങ്ങളെ
വരച്ചു ചേർത്തു.

ചക്രവാളം പോലെയല്ല
പുഴ.
പുഴയൊരു കുളിരോർമ്മയാണ്.

വടക്വോറത്തെ തിണ്ണയിൽ
ഇരുന്നു നോക്കിയാൽ
ദൂരെ
പാടത്തിനക്കരെ
പുഴ വളവു തിരിഞ്ഞൊഴുകി
കൈതക്കാടുകൾക്കപ്പുറത്ത് പോയി
ഒളിക്കുന്നതു കാണാം.

പറമ്പറ്റത്ത്
തോടു ചാടിക്കടന്നാൽ
അബസ യുടെ കൂരയാണ്.
അബസയും ഞാനും
കുട്ടിയും കോലും
കളിച്ചു.
തെറിച്ചു പോയ കുട്ടിയെത്തേടി
അന്നാദ്യമായി
പുഴക്കരയിലെത്തി.
പൊന്തക്കാട്ടിലൊളിച്ച പുഴ
കൂരയുടെ മുറ്റത്തൂടെ
തെളിഞ്ഞൊഴുകി...
പഞ്ചാര മണലിൽ
ഞാൻ
നിറഞ്ഞുരുണ്ടു...
പുഴയെന്നെ മാടി മാടി
വിളിച്ചു.
അന്നും
ആകാശം ചുവന്നു
തുടുക്കാൻ തുടങ്ങിയിരുന്നു.
പടിക്കൽ
തുറു കണ്ണുകളോടെ
വെല്ലിമ്മ.
വെളുത്ത വസ്ത്രം ധരിച്ച
വെള്ളാരം കുന്നുപോലെ
വെല്ലിമ്മ നിന്നു വിറച്ചു.
തുടയിലെ ചുവന്ന പാടുകൾ
തുടർക്കഥയായി.

അന്നും
തുടയിലെ ചുവന്ന
പാടുകളാണ്
എന്നെ
കുളക്കരയിലെത്തിച്ചത്.
കടവിലൂടെയല്ല.
സൂര്യകാന്തിപ്പടർപ്പുകളിലൂടെ
ഊർന്നിറങ്ങി
കുളത്തിലേക്കു വീഴണം.
ചാടിയാൽ വീഴില്ലേ?
വെള്ളത്തിൽ മുങ്ങി ല്ലേ?
മരിക്കില്ലേ?
അരയിലെ അരഞ്ഞാണം
അതിസൂക്ഷ്മം
അഴിച്ചെടുത്തു.
തെങ്ങിൻ നിഴലുകൾ
നൃത്തമാടുന്ന
വെള്ളത്തിലേയ്ക്ക്
വലിച്ചെറിഞ്ഞു...

വെള്ളി നാഗം പോലെ
അത് ആഴത്തിലേയ്ക്ക്
ഭൂതത്താൻ്റെ
കൊട്ടാരത്തിലേക്ക്
ഇഴഞ്ഞിഴഞ്ഞു
പോയി.

പുഴയൊരു കുളിരോർമ്മയാണ്.
എന്നാൽ
കുളത്തിന്
മരണത്തിൻ്റെ
ഗന്ധമാണ്.
-----------------
വര -റ്റിറ്റോ 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക