Image

സിനിമാക്കൊട്ട (സണ്ണി മാളിയേക്കല്‍)

സണ്ണി മാളിയേക്കല്‍ Published on 20 January, 2021
സിനിമാക്കൊട്ട (സണ്ണി മാളിയേക്കല്‍)
വെളിച്ചത്തു ചിത്രീകരിച്ച് ഇരുട്ടത്ത് പ്രദര്‍ശിപ്പിക്കുന്ന കലാരൂപമാണല്ലോ സിനിമ. എന്റെ ഓര്‍മ്മയില്‍ ഇന്നും തെളിഞ്ഞു നില്‍ക്കുന്നു. ചെറുപ്പകാലത്തു ഞാന്‍ കണ്ടൊരു ചിത്രീകരണം. ആലുവാപ്പുഴയുടെ തീരത്ത് വലിയൊരു കെട്ടുവഞ്ചിയില്‍ നസീറും, ഷീലയും ചേര്‍ന്നുള്ള ഒരു സീന്‍ ചിത്രീകരിക്കുന്നത്. വീട്ടില്‍ വെറുതെയിരുന്നു മുഷിയുമ്പോള്‍ ഞാന്‍ ജവഹര്‍ തീയറ്ററിലേക്കു പോകും.

അടുത്തെങ്ങും തീയേറ്ററുകള്‍ ഇല്ലാത്തതിനാല്‍ അവിടെ എപ്പോഴും നല്ല തിരക്കായിരിക്കും. തെങ്ങേപ്പാട്ടു തുടങ്ങുമ്പോഴേക്കും പെണ്ണുങ്ങളുടേയും കുട്ടികളുടേയും ഒഴുക്കായിരിക്കും. മന്ദഗതിയില്‍ കുടുംബസമേതം നടന്നു നീങ്ങുന്ന പെണ്ണുങ്ങള്‍ അല്ലിയാമ്പല്‍ കടവിലന്നരക്കു വെള്ളം എന്ന പാട്ടുകേള്‍ക്കാന്‍ തുടങ്ങുമ്പോ നടത്തിനു വേഗത കൂട്ടും. കാരണം അടുത്ത പാട്ടിനു ടിക്കറ്റു കൊടുത്തു തുടങ്ങുമെന്ന് അവര്‍ക്കറിയാം.

ടിക്കറ്റെടുക്കാന്‍ ഒരു യുദ്ധം തന്നെ വേണ്ടി വരും. ക്യൂവില്‍ ഇടിച്ചു കേറുമ്പോള്‍ ചിലപ്പോ ഷര്‍ട്ടിന്റെ ബട്ടന്‍സുവരെ പൊട്ടിച്ചെന്നു വരും. അതുകൊണ്ട് പലപ്പോഴും ഞാന്‍ ക്യൂവില്‍ നില്‍ക്കാറില്ല. ഞങ്ങളുടെ നാട്ടിലെ റസാക്കുചേട്ടന്‍ സിനിമാപ്പട യന്ത്രത്തിന്റെ നടത്തിപ്പുകാരനാണ്. അയാളെ മണിയടിച്ചു ടിക്കറ്റെടുക്കും.

വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലായിരിക്കും ഏറ്റവും കൂടുതല്‍ തിരക്ക്. പിന്നീട് അടുത്ത വ്യാഴാഴ്ച വരെ തിരക്കു കുറവായിരിക്കും. അത് മനസ്സിലാക്കി ഇംഗ്ലീഷ് പടങ്ങള്‍ ഓടിക്കും. ആ ദിവസം പാത്തും, പതുങ്ങിയും ഓരോരുത്തര്‍ വരുന്ന കാഴ്ചയൊന്നു കാണേണ്ടതുതന്നെയാണ്.

പടം തുടങ്ങഇ പകുതി എത്തുമ്പോ പെട്ടെന്ന് ലൈറ്റ് അണയും. അതൊരു സിഗനലാണ്. കാണികള്‍ കൈയ്യടിക്കും. ആഹ്ലാദപ്രകടനമായിരിക്കും. രതിഭാവങ്ങള്‍ സ്‌ക്രീനില്‍ തെളിഞ്ഞു വരും. ഏതാണ്ട് പതിനഞ്ച് മിനിറ്റ് വരെ അത് നീണ്ടു നില്‍ക്കും. പിന്നീട് തിയേറ്ററില്‍ ഒരാള്‍ പോലും ഉണ്ടാവില്ല.

അതൊക്കെയൊരു കാലം. കാലം മാറി ഇന്നു പുതിയ ടെക്‌നോളജി വന്നു. ഒരു ചെറിയ സംഖ്യ അടച്ചാല്‍ നമ്മുടെ മൊബൈലില്‍ പുതിയ സിനിമകള്‍ ഡൗണ്‍ലോഡ് ചെയ്ത് എവിടേയും, എപ്പോള്‍ വേണമെങ്കിലും കാണാന്‍ സാധിക്കുമെന്ന അവസ്ഥ വന്നു.
ഇതുപോലുള്ള ഫ്‌ളാറ്റ് ഫോമുകളുടെ വരവു മൂലം കോടികള്‍ മുടക്കിയുള്ള സിനിമ നിര്‍മ്മാണത്തില്‍ നിന്നും പലരും പിന്‍തിരിഞ്ഞു. പ്രശസ്തരായ നടന്മാരെ മാറ്റി നിര്‍ത്തി പകരം പുതുമുഖങ്ങളെ വച്ച് കുറഞ്ഞ ചെലവില്‍ സിനിമ നിര്‍മ്മിച്ച് പ്രേക്ഷകരുടെ വിരല്‍ തുമ്പില്‍ എത്തിക്കാമെന്ന കണക്കു കൂട്ടല്‍.

അപ്പോള്‍ വെള്ളിയാഴ്ച ദിവസം പുതിയ സിനിമകള്‍ റിലീസാകുമ്പോള്‍ ഫ്സ്റ്റ്‌ഷോയ്ക്ക് ഇടിച്ചു കയറി ടിക്കറ്റെടുത്ത് സിനിമ കണ്ടിരുന്നതൊക്കെ ഒരു ഓര്‍മ്മയായി മാറും.
സണ്ണി മാളിയേക്കല്‍.

സിനിമാക്കൊട്ട (സണ്ണി മാളിയേക്കല്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക