Image

വെസ്ലി മാത്യൂസിന്റെ, 33, ജീവപര്യന്തം ശിക്ഷ അപ്പീല്‍ കോടതിയും ശരിവച്ചു

Published on 16 January, 2021
വെസ്ലി മാത്യൂസിന്റെ, 33, ജീവപര്യന്തം ശിക്ഷ അപ്പീല്‍ കോടതിയും ശരിവച്ചു
ഡാളസ്:  ദത്തുപുത്രി ഷെറിന്‍ മാത്യൂസ് (3)  2017  ഒക്ടോബറില്‍ കൊല്ലപ്പെട്ട  കേസില്‍   വെസ്ലി മാത്യൂസിന്റെ, 33, ജീവപര്യന്തം ശിക്ഷ അപ്പീല്‍ കോടതിയും ശരിവച്ചു.

ഷെറിനെ കൊലപ്പെടുത്തിയ കേസില്‍ 2019 -ല്‍ ആണ് അഞ്ചാം കോടതി ജീവപര്യന്തം ശിക്ഷ വിധിക്കുന്നത്.  അതെ വര്ഷം തന്നെ   പുതിയ വിചാരണ നിഷേധിക്കപ്പെട്ടു. തുടര്‍ന്നായിരുന്നു അപ്പീല്‍. വിചാരണ കോടതി നടപടികളില്‍ പിഴവ് കണ്ടെത്താനായില്ലെന്ന് അപ്പലേറ്റ്  ജഡ്ജി പറഞ്ഞു.

അപ്പീലും  നിഷേധിക്കപ്പെട്ട സാഹചര്യത്തില്‍ പുനഃപരിശോധനക്ക്  ഹരജി നല്‍കാമെന്നതാണ് ഇനി അവശേഷിക്കുന്ന മാര്‍ഗം. പക്ഷെ അവിടെ അനുകൂല വിധി കിട്ടുക എളുപ്പമല്ല.

2017 ഒക്ടോബര്‍ ഏഴിനാണ് കുട്ടിയെ കാണാതായത്. 15 ദിവസത്തിനുശേഷം കുട്ടിയുടെ മൃതദേഹം കലുങ്കിനടിയിലുണ്ടെന്ന് വെസ്ലി തന്നെയാണ് പോലീസിനെ അറിയിച്ചത്. മൃതദേഹം അപ്പോഴേയ്ക്കും ജീര്‍ണ്ണാവസ്ഥയിലായിരുന്നു. അതിനാല്‍ മരണ കാരണം പൂര്‍ണമായി നിശ്ചയിക്കാന്‍ കഴിയുമായിരുന്നില്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍  കോടതിയെ അറിയിചിരുന്നു.

കുട്ടി മരിച്ച രാത്രി ഉണ്ടായ സംഭവങ്ങളില്‍ അത്യന്തം ദുഖമുണ്ടെന്ന് വെസ്ലി പറഞ്ഞു.  

വലിയൊരു കവിള്‍ പാല്‍ കുടിച്ച ഷെറിന്‍ ശ്വാസം മുട്ടിയെന്നുവെസ്ലി പോലീസിനെ അറിയിച്ചിരുന്നു. വൈകാതെ കുട്ടി നിശബ്ദയായി. ശരീരം നിശ്ചലമായി.  

ഈ സംഭവം നടക്കുമ്പോള്‍ ഭാര്യ സിനിയെ വിളിച്ചുണര്‍ത്തിയില്ല. സിനി നഴ്‌സാണെങ്കിലും ഷെറിനെ സഹായിക്കാനുള്ള സമയം കടന്നുപോയതു പോലെയാണ് താന്‍ കരുതിയത്. അതു പോലെ കടുത്ത ഭീതിയും. വളരെ പെട്ടെന്നു തന്നെ കുട്ടി തങ്ങളെ പിരിഞ്ഞുപോയി. തുടര്‍ന്നാണ് മൃതദേഹം പ്ലാസ്റ്റിക് ബാഗിലാക്കിയത്.

സംഭവദിവസം രാവിലെ   പോലീസിനോട് കുട്ടി ജീവനെടെയുണ്ടെന്നും മിസിംഗ് ആണെന്നുമാണ് വെസ്ലി പറഞ്ഞത്. കുട്ടിക്ക് വളര്‍ച്ചാപരമായ ജനിതക വൈകല്യമുണ്ടായിരുന്നു. ദത്തെടുക്കാന്‍ സഹായിച്ച ഏജന്‍സിയും ഇക്കാര്യത്തില്‍ അജ്ഞരായിരുന്നു. ഇതില്‍ തികച്ചും അസ്വസ്ഥരായിരുന്നു തങ്ങള്‍.

ഭക്ഷണത്തോട് താത്പര്യം ഇല്ലായിരുന്ന ഷെറിന് മതിയായ തൂക്കം ഇല്ലായിരുന്നു. കുട്ടിക്ക് വെയ്റ്റ് കൂട്ടിയില്ലെങ്കില്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സര്‍വീസ് നടപടി എടുക്കുമെന്ന് പേടിച്ചു. അതിനാലാണ് പാല്‍ കുടിക്കാന്‍ നിര്‍ബന്ധിച്ചത്.

വെസ്ലി മാത്യൂസിന്റെ, 33, ജീവപര്യന്തം ശിക്ഷ അപ്പീല്‍ കോടതിയും ശരിവച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക