Image

ലോസ് ആഞ്ചലസ് കൗണ്ടിയിൽ കോവിഡ് വ്യാപനം രൂക്ഷം, മരണനിരക്ക് 2000 കടന്നു

മീട്ടു Published on 15 January, 2021
ലോസ് ആഞ്ചലസ് കൗണ്ടിയിൽ കോവിഡ് വ്യാപനം രൂക്ഷം, മരണനിരക്ക് 2000 കടന്നു
യു എസിൽ ഏറ്റവും ജനസാന്ദ്രതയുള്ള ലോസ് ആഞ്ചലസ് കൗണ്ടിയിൽ കോവിഡ് ബാധിച്ച് കഴിഞ്ഞയാഴ്‌ച മരണപ്പെട്ടവരുടെ എണ്ണം 2,000 കടന്നു. വൈറസ് വ്യാപനം ആശങ്കപ്പെടുത്തുന്നെന്ന് പ്രാദേശിക ആരോഗ്യ അധികൃതർ പറഞ്ഞു.

10 മില്യൺ ആളുകൾ താമസിക്കുന്ന കൗണ്ടിയിൽ, 17,323 പുതിയ കോവിഡ്  കേസുകളും 287 മരണങ്ങളും വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 9,75,299 -ലേക്കും മരണനിരക്ക് 13,234 -ലേക്കും ഉയർന്നതായി ലോസ് ആഞ്ചലസ്‌ കൗണ്ടി പൊതു ആരോഗ്യവകുപ്പ് അറിയിച്ചു.

ജനുവരി 7 വരെ മരണസംഖ്യ 11,545 ആയിരുന്നു. 800 താഴെ മാത്രം രോഗബാധിതരേ  രണ്ടുമാസങ്ങൾക്ക് മുൻപ് വരെ കൗണ്ടിയിൽ ഉണ്ടായിരുന്നുള്ളു എന്നും ഇപ്പോളത് 7,906 ആയെന്നും 21 ശതമാനവും തീവ്രപരിചരണ വിഭാഗത്തിൽ ആണെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

കൗണ്ടിയിലെ 3 മില്യണിൽ അധികം ആളുകൾ കോവിഡ് ബാധിതരാണെന്ന് അനുമാനിക്കുന്നതായി ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ ചൂണ്ടിക്കാണിച്ച് ലോസ് ആഞ്ചലസ്‌ ടൈംസ് വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തു. മൂന്നിലൊന്ന് ആളുകൾക്ക് രോഗമുണ്ടാകാനുള്ള സാധ്യതയാണ് ഇതിലൂടെ വ്യക്തമായിരിക്കുന്നത്. 

' വീടുകളിൽ തന്നെ തുടരണമെന്നും നിയമങ്ങൾ പാലിക്കണമെന്നും ഞങ്ങൾ ജനങ്ങളോട് ആവർത്തിച്ച് ആവശ്യപ്പെട്ടുകൊണ്ടിരുന്നത് കോവിഡ് മൂലം കൂടുതൽ ജീവൻ നഷ്ടപ്പെടാതിരിക്കാൻ വേണ്ടിയാണ്. വ്യാപനം വളരെ വേഗത്തിലാണ്. ജനങ്ങളോടും ഗവണ്മെന്റിനോടും രോഗവർദ്ധനവ് ഇല്ലാതാക്കാൻ കഴിയുന്നതൊക്കെ ചെയ്യാൻ അഭ്യർത്ഥിച്ചുകൊണ്ടിരിക്കുകയാണ് ഞങ്ങൾ.' കൗണ്ടിയുടെ പൊതു ആരോഗ്യ ഡയറക്ടർ ബാർബറ ഫെറർ പ്രസ്താവിച്ചു. 

യു എസിൽ ഇതുവരെയുള്ളതിൽ ഉയർന്ന  വ്യാപനശേഷി 20 സി -യു എസ് എന്ന പുതിയ  കോവിഡ് വകഭേദത്തിന് 

യു എസിൽ കോവിഡിന്റെ മൂന്നാം വകഭേദം കണ്ടെത്തിയെന്നും  ഇതുവരെയുള്ളതിൽ  ഉയർന്ന  വ്യാപനശേഷി ഇതിനാണെന്നും സതേൺ ഇല്ലിനോയി യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞർ വ്യാഴാഴ്‌ച അഭിപ്രായപ്പെട്ടു.

20 സി -യു എസ് എന്ന് പേരിട്ടിരിക്കുന്ന ഈ വകഭേദമായിരിക്കാം യു എസിൽ നിലവിലെ 50 ശതമാനം കേസുകൾക്കും കാരണമെന്നും മിഡ് വെസ്റ്റ് ഭാഗങ്ങളിൽ ഇത് കൂടുതലാണെന്നും ഗവേഷകർ മാധ്യമങ്ങളോട് വ്യക്തമാക്കി.

' അതിവിടുണ്ട്. ഞങ്ങൾ കണ്ടെത്തി. ഈ വകഭേദം യു എസിൽ തന്നെ ഉടലെടുത്തതും വ്യാപിച്ചതുമാണെന്ന് ഉറപ്പാണ്.'  ബയോകെമിസ്ട്രി പ്രൊഫസറായ കെയ്ത്ത് ഗഗ്‌നോൻ വിശദീകരിച്ചു.   
ടെക്സസിൽ മേയ് മാസത്തിൽ തന്നെ പ്രസ്തുത വകഭേദം താനും സംഘവും തിരിച്ചറിഞ്ഞിരുന്നെന്ന് ഗഗ്‌നോൻ പറഞ്ഞു. 
ആർ എൻ എ യുടെ ജനിതക പദാർത്ഥവുമായി ചേർന്ന് വൈറൽ പ്രോടീൻ രൂപപ്പെടുത്താനുള്ള ഈ വകഭേദത്തിന്റെ കഴിവ് ഭയപ്പെടണമെന്നും വേഗത്തിൽ രോഗം പടർന്നുപിടിക്കാൻ ഇത് കാരണമാകുമെന്നും അവർ വ്യക്തമാക്കി.

ഒഹയോ യുണിവേഴ്സിറ്റിയിലെ ഗവേഷകർ വ്യത്യസ്തമായ ഒരു കോവിഡ് വകഭേദം കണ്ടതായി വെളിപ്പെടുത്തി തൊട്ടടുത്ത  ദിവസമാണ് ഈ വിവരം പുറത്തുവരുന്നത്. 20 സി - യു എസിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ബുധനാഴ്‌ച bioRxiv.org എന്ന ഓൺലൈൻ ജേർണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ആന്റിബോഡി അടങ്ങിയ പ്ലാസ്മ ചികിത്സാരീതി കോവിഡ് മരണനിരക്ക് കുറച്ചതായി പഠനം 

ഉയർന്ന അളവിൽ ആന്റിബോഡികൾ അടങ്ങിയ ബ്ലഡ് പ്ലാസ്മ വൈറസ് ബാധിച്ച രോഗിയുടെ ശരീരത്തിൽ കയറ്റിവിടുമ്പോൾ മരണസാധ്യത കുറയ്ക്കാൻ കഴിയുമെന്ന് മയോ ക്ലിനിക് ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു. 

പ്രായമേറിയ കോവിഡ് രോഗബാധിതരിൽ തുടക്കത്തിലേ  പ്ലാസ്മയുടെ വിതരണം നിമിത്തം, വൈറസ് മൂലമുള്ള സങ്കീർണതകളിലേക്ക് രോഗം മൂർച്ഛിക്കില്ലെന്നും  ഗവേഷകർ വ്യക്തമാക്കി. 

ന്യൂ ഇംഗ്ലണ്ട് ജേർണൽ ഓഫ് മെഡിസിനിൽ ബുധനാഴ്ചയാണ് പ്രസ്തുത പഠനം പ്രസിദ്ധീകരിച്ചത്. 

ചികിത്സയുടെ ആദ്യ മൂന്ന് ദിവസങ്ങൾക്കുള്ളിൽ പ്ലാസ്മ കൊടുക്കാൻ കഴിഞ്ഞവരിൽ പ്രകടമായ വ്യത്യാസം കണ്ടെന്നും അവർ വേഗം സുഖപ്പെട്ടെന്നും ഗവേഷകർ പറഞ്ഞു. എന്നാൽ, ചികിത്സ വൈകിയവരിൽ ഫലം കാണാതെ വെന്റിലേറ്ററിലേക്ക് മാറ്റേണ്ട സാഹചര്യം വന്നതായും കൂട്ടിച്ചേർത്തു.

വെന്റിലേറ്ററിൽ ആയ രോഗിക്ക് ഈ ചികിത്സാരീതി ഗുണം ചെയ്യില്ല. പ്രാരംഭഘട്ടത്തിൽ വേണം പ്ലാസ്മ നൽകാൻ.
 3,082 പേരിൽ നടത്തിയ പഠനത്തിൽ ആന്റിബോഡി അടങ്ങിയ പ്ലാസ്മകൊണ്ട് മരണ സാധ്യത 25 ശതമാനം കുറയ്ക്കാൻ സാധിച്ചതായാണ് പഠനത്തിന്റെ അവലോകനം. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക