Image

'ആറാട്ടി'നായി വരിക്കാശ്ശേരി മനയുടെ പുമുഖത്ത്‌ ലാല്‍ വീണ്ടും

Published on 10 January, 2021
 'ആറാട്ടി'നായി വരിക്കാശ്ശേരി മനയുടെ പുമുഖത്ത്‌ ലാല്‍ വീണ്ടും
മലയാളത്തിന്‌ ബ്രഹ്മാണ്‌ഡ ഹിറ്റുകള്‍ സമ്മാനിച്ച ദേവാസുരം, നരസിംഹം പോലുള്ള ചിത്രങ്ങളില്‍ നായകന്റെ ഗാംഭീര്യത്തിനൊപ്പം നിറഞ്ഞു നിന്ന വരിക്കാശ്ശേരി മനക്കു പ്രേക്‌ഷക മനസില്‍ പ്രത്യേക സ്ഥാനമുണ്ട്‌. മംഗലശ്ശേരി നീലകണ്‌ഠനും പൂവള്ളി ഇന്ദുചൂഢനുമൊക്കെ നിറഞ്ഞാടിയ മന. അവിടേക്കാണ്‌ സൂപ്പര്‍താരം വീണ്ടുമെത്തിയത്‌.

ഇത്തവണ നെയ്യാറ്റിന്‍കര ഗോപനായാണ്‌ ലാല്‍ മനയിലെത്തിയത്‌. കറുത്തകരയുള്ള ഡബിള്‍മുണ്ടും കറുത്ത ഷര്‍ട്ടും ധരിച്ച്‌ പൂമുഖത്തെ ചാരുകസേരയില്‍ ചാഞ്ഞു കിടക്കുന്ന ലാലിന്റെ ചിത്രം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. 

സുഹൃത്തും വ്യവസായിയുമായ സമീര്‍ ഹംസയാണ്‌ ഈ ചിത്രം തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കു വച്ചത്‌. ബി.ഉണ്ണിക്കൃഷ്‌ണന്‍ സംവിധാനം ചെയ്‌ത ആറാട്ട്‌ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ടാണ്‌ മോഹന്‍ലാല്‍ വരിക്കാശ്ശേരി മനയിലെത്തിയത്‌. 

ഉദയകൃഷ്‌ണയുടേതാണ്‌ രചന. ചില പ്രത്യേക ലക്ഷ്യങ്ങളോടെയാണ്‌ ഗോപന്‍ നെയ്യാറ്റിന്‍കരയില്‍ നിന്നും പാലക്കാട്ടെ ഗ്രാമത്തിലെത്തുന്നത്‌. ചിത്രത്തില്‍ ലാല്‍ അവതരിപ്പിക്കുന്ന ഗോപന്‍ എന്ന കഥാപാത്രത്തെ പോലെ തന്നെ പ്രാധാന്യമുണ്ട്‌, ഈ ചിത്രത്തില്‍ ലാല്‍ ഉപയോഗിക്കുന്ന ബെന്‍സ്‌ കാറിനും. 

രാജാവിന്റെ മകന്‍ എന്ന ചിത്രത്തില്‍ ലാലിന്റെ കഥാപാത്രം പറയുന്ന പഞ്ച്‌ ഡയലോഗ്‌ `` മൈ ഫോണ്‍ നമ്പര്‍ ഈസ്‌ 2255'' അതു പോലെ തന്നെ പ്രേക്ഷക ശ്രദ്ധ കിട്ടാന്‍ ബെന്‍സ്‌ കാറിനും ഇതേ നമ്പറാണ്‌ കൊടുത്തിരിക്കുന്നത്‌. കോമഡിക്കു പ്രാധാന്യംനല്‍കിയെടുക്കുന്ന ചിത്രത്തില്‍ മികച്ച ആക്ഷന്‍ രംഗങ്ങളും കാണാനാകുമെന്ന്‌ സംവിധായകനും തിരക്കഥാകൃത്തും പറയുന്നു. 

ശ്രദ്ധ ശ്രീനാഥാണ്‌ ഇതിലെ നായിക. നെടുമുടി വേണു, ഇന്ദ്രന്‍സ്‌, സായ്‌കുമാര്‍, സിദ്ദിഖ്‌, വിജയരാഘവന്‍, ജോണി ആന്റിണി, നന്ദു, ബിജു പപ്പന്‍, രാഘവന്‍, രചന നാരാണന്‍കുട്ടി, ഷീല, സ്വാസിക തുടങ്ങിയവരാണ്‌ മറ്റു താരങ്ങള്‍. 

ക്യാമറ വിജയ്‌ ഉലക്‌നാഥ്‌, എഡിറ്റര്‍ സമീര്‍ മുഹമ്മദ്‌, സംഗീതം രാഹുല്‍ രാജ്‌, കലാ സംവിധാനം ജോസഫ്‌ നെല്ലിക്കല്‍, വസ്‌ത്രാലങ്കാരം സ്റ്റെഫി സേവ്യര്‍ എന്നിവരാണ്‌. പാലക്കാടിനു പുറമേ ചിത്രത്തിന്റെ ഏതാനും ഭാഗങ്ങള്‍ ഹൈദരബാദിലും ചിത്രീകരിക്കുന്നുണ്ട്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക