Image

കുണ്ടന്നൂര്‍ പാലത്തിലൂടെ രാത്രി സവാരി; ചിത്രങ്ങള്‍ പങ്കു വച്ച്‌ ഇന്ദ്രജിത്ത്‌

Published on 10 January, 2021
 കുണ്ടന്നൂര്‍ പാലത്തിലൂടെ രാത്രി സവാരി;  ചിത്രങ്ങള്‍ പങ്കു വച്ച്‌ ഇന്ദ്രജിത്ത്‌

എറണാകുളത്ത്‌ ഏറെക്കാലമായി നിലനിന്നിരുന്ന ഗതാഗതക്കുരുക്കിനു പരിഹാരമായി വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ തുറന്നതോടെ പാലത്തിലൂടെ ഡ്രൈവിനു പോകാനും ഫോട്ടോയെടുക്കാനുമെല്ലാം നിരവധി പേരാണ്‌ എത്തുന്നത്‌.

 വികസനത്തിന്റെ അടയാളമായി മാറിയ പാലങ്ങള്‍ തുറന്നതോടെ ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടിയിരുന്ന നഗരവാസികള്‍ക്ക്‌ വലിയ ആശ്വാസമാണ്‌ ലഭിക്കുന്നത്‌. പുതിയ പാലത്തിലൂടെ ഒരു രാത്രി യാത്രക്കൊപ്പം ഫോട്ടോയെടുത്തും ആഹ്‌ളാദം പങ്കു വയ്‌ക്കുകയാണ്‌ നടന്‍ ഇന്ദ്രജിത്ത്‌. 

മക്കളായ പ്രാര്‍ത്ഥന, നക്ഷത്ര, നടിയും അവതാരകയുമായ രഞ്‌ജിനി ഹരിദാസ്‌ എന്നിവരും ചിത്രത്തിലുണ്ട്‌. തികച്ചും ഉല്ലാസഭരിതമായ മൂഡിലുള്ളതാണ്‌ ചിത്രം. 

പുതുക്കി പണിത വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ശനിയാഴ്‌ചയാണ്‌ നാടിനു സമര്‍പ്പിച്ചത്‌. പാലം തുറന്നതോടെ വൈറ്റില-കുണ്ടന്നൂര്‍ യാത്ര എളുപ്പമായി. മേല്‍പ്പാലം തുറക്കുന്നതിന മുമ്പ്‌ കുണ്ടന്നൂരില്‍ നിന്നും വൈറ്റില വരെ 5 കിലോ മീറ്റര്‍ യാത്ര ചെയ്യാന്‍ 14 മിനുട്ട്‌ വേണ്ടി വന്നപ്പോള്‍ പുതിയ മേല്‍പാലത്തിലൂടെ ഈ ദൂരം പിന്നിടാന്‍ 5 മിനുട്ട്‌ മാത്രമേ വേണ്ടി വന്നുള്ളൂവെന്ന്‌ യാത്രക്കാര്‍ പറയുന്നു. 

കൊച്ചി-ധനുഷ്‌ക്കോടി, പന്‍വേല്‍-കന്യാകമാരി, കുണ്ടന്നൂര്‍-വെല്ലിങ്ങ്‌ടണ്‍ ഐലന്‍ഡ്‌ എന്നീ ദേശീയ പാതകളുടെ സംഗമസ്ഥാനമായ കുണ്ടന്നൂരിലും ആശ്വാസത്തിന്റെ വഴി തുറക്കുകയാണ്‌ പുതിയ മേല്‍പ്പാലം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക