Image

തമിഴ് സിനിമക്ക് മാത്രമായി തിയറ്റര്‍ തുറക്കേണ്ടെന്ന് ദിലീപും ആന്റണി പെരുമ്ബാവൂരും

Published on 09 January, 2021
തമിഴ് സിനിമക്ക് മാത്രമായി തിയറ്റര്‍ തുറക്കേണ്ടെന്ന് ദിലീപും ആന്റണി പെരുമ്ബാവൂരും

വിജയ് ചിത്രം മാസ്റ്റര്‍ റിലീസിനായി തിയറ്റര്‍ ധൃതിയില്‍ തുറക്കേണ്ടെന്ന് ദിലീപ് ചെയര്‍മാനായ തിയറ്റര്‍ ഉടമകളുടെ സംഘടന ഫിയോക്.


 വിനോദ നികുതി, വൈദ്യുതി ചാര്‍ജ്ജ് എന്നിവയില്‍ ഉള്‍പ്പെടെ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഇളവ് ലഭിക്കുകയും, ഫിലിം ചേംബറിന്റെയും ചലച്ചിത്ര സംഘടനകളുടെയും ഉപാധികള്‍ അംഗീകരിക്കുകയും ചെയ്യുന്ന മുറക്ക് റിലീസ് അനുവദിച്ചാല്‍ മതിയെന്നാണ് ഫിയോക് ജനറല്‍ ബോഡിയുടെ തീരുമാനം. കൊച്ചിയിലാണ് സംഘടന യോഗം ചേര്‍ന്നത്.


ഫിലിം ചേംബറും ഇതേ നിലപാട് ആണ് കഴിഞ്ഞ ദിവസത്തെ സംയുക്ത യോഗത്തില്‍ മുന്നോട്ട് വച്ചത്. വിജയ് ചിത്രമായ മാസ്റ്റര്‍ റിലീസ് മുടങ്ങുന്ന സാഹചര്യത്തില്‍ തിയറ്റര്‍ തുറക്കണമെന്ന നിലപാടിലായിരുന്നു കൂടുതല്‍ തിയറ്റര്‍ ഉടമകളും. തിയറ്റര്‍ ഉടമകളുടെ മറ്റൊരു സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനും കഴിഞ്ഞ ദിവസം ഇതേ നിലപാടാണ് സ്വീകരിച്ചത്.


 എന്നാല്‍ തമിഴ് ചിത്രത്തിന് വേണ്ടി സര്‍ക്കാരിന് മുന്നിലുള്ള ചലച്ചിത്ര സംഘടനകളുടെ ആവശ്യം അവഗണിച്ച്‌ തിയറ്റര്‍ തുറക്കേണ്ടതില്ലെന്ന് ഫിയോക് ചെയര്‍മാന്‍ ദിലീപും ജനറല്‍ സെക്രട്ടറി ആന്റണി പെരുമ്ബാവൂരും നിലപാടെടുത്തു.


ചലച്ചിത്ര നിര്‍മ്മാതാക്കളും വിതരണക്കാരും സര്‍ക്കാറിന് മുന്നില്‍ വെച്ച ഉപാധികള്‍ അംഗീകരിക്കാതെ തീയറ്റര്‍ തുറക്കേണ്ടെന്നാണ് ഫിലിം ചേംബറിന്റെയും തീരുമാനം. 2021 ജനുവരി അഞ്ചുമുതല്‍ സിനിമാ തിയറ്ററുകള്‍ തുറന്നുപ്രവര്‍ത്തിക്കാനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. അമ്ബത് ശതമാനം ആളുകളെ പ്രവേശിപ്പിക്കാനും കൊവിഡ് മാനദണ്ഡങ്ങളോടെ പ്രവര്‍ത്തിക്കാനുമാണ് അനുമതി.


പൃഥ്വിരാജ് നേതൃത്വം നല്‍കുന്ന പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ്, ഫോര്‍ച്യൂണ്‍ സിനിമാസ് എന്നിവരാണ് വിജയ് ചിത്രം മാസ്റ്റര്‍ കേരളത്തില്‍ റിലീസ് ചെയ്യുന്നത്. ജനുവരി 13നാണ് റിലീസ്. മാസ്റ്റര്‍ റിലീസുമായി മുന്നോട്ട് പോകാനാണ് വിതരണക്കാരുടെ തീരുമാനം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക