Image

കങ്കണയും ദില്‍ജത്തും ട്വിറ്ററില്‍ വീണ്ടും വാക്‌പോര്‌

Published on 07 January, 2021
കങ്കണയും ദില്‍ജത്തും ട്വിറ്ററില്‍ വീണ്ടും വാക്‌പോര്‌

ബോളിവുഡ്‌ താരം കങ്കണയും പഞ്ചാബി താരം ദില്‍ജിത്തും ട്വിറ്ററില്‍ വാക്‌പോരുമായി വീണ്ടും നിറയുന്നു. ഡല്‍ഹിയിലെ കര്‍ഷക സമരത്തിന്‌ അകമഴിഞ്ഞ പിന്തുണ നല്‍കിയ ദില്‍ജിത്ത്‌ ഈയവസരത്തില്‍ അവധിയാഘോഷിക്കാന്‍ വിദേശത്ത്‌ പോയത്‌ ശരിയായില്ലെന്നാണ്‌ കങ്കണ ട്വീറ്റ്‌ ചെയ്‌തത്‌. 

വിദേശത്ത്‌ അവധിയാഘോഷിക്കുന്ന ദില്‍ജിത്തിന്റെ ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കു വച്ചുകൊണ്ടായിരുന്നു കങ്കണയുടെ ആക്രമണം. ``കൊള്ളാം സഹോദരാ, ഈ ആളുകളെയൊക്കെ ഓരോ കാര്യം പറഞ്ഞു തെരുവിലിരുത്തിയിട്ട്‌ ലോക്കല്‍ വിപ്‌ളവകാരി വിദേശത്ത്‌ അവധിയാഘോഷിക്കുന്നു. ഇതാണ്‌ ശരിയായ ലോക്കല്‍ വിപ്‌ളവം.'' കങ്കണ കുറിച്ചു. 

ഇതിന്‌ ദില്‍ജിത്തിന്റെ മറുപടിയും പെട്ടെന്നായിരുന്നു. കങ്കണയുടെ ധാരണകളൊക്കെ തെറ്റാണെന്നും കൃഷിക്കാര്‍ കൊച്ചു കുട്ടികളല്ലെന്നും ദില്‍ജിത്ത്‌ പറയുന്നു. `` പഞ്ചാബ്‌ മുഴുവന്‍ കര്‍ഷകര്‍ക്കൊപ്പമാണ്‌. ദയവു ചെയ്‌ത്‌ ഞാന്‍ എന്തു ചെയ്യുന്നുവെന്ന്‌ നോക്കി ദിവസവും നടക്കാതിരിക്കുക. നിങ്ങളില്‍ നിന്നും ഒരുപാടുത്തരങ്ങള്‍ ഞങ്ങള്‍ കാത്തിരിക്കുന്നു. അതൊരിക്കലും ഞങ്ങള്‍ മറക്കില്ല.'' ദില്‍ജിത്ത്‌ പറഞ്ഞു.

എന്നാല്‍ കാലം എല്ലാം തെളിയിക്കും എന്നായിരുന്നു കങ്കണയുടെ മറുപടി. ``കര്‍ഷകരുടെ ആവശ്യങ്ങള്‍ക്കു വേണ്ടി ആരാണ്‌ പോരാടുന്നതെന്ന്‌ കാലം തെളിയിക്കും. നൂറു കള്ളത്തിന്‌ ഒരു സത്യത്തെ മറച്ചു വയ്‌ക്കാന്‍ കഴിയില്ല. ഹൃദയം തുറന്ന്‌ സ്‌നേഹിക്കുന്ന ഒരാളെ ആര്‍ക്കും വെറുക്കാനാവില്ല. പഞ്ചാബികള്‍ മുഴുവന്‍ എനിക്കതിരാണെന്നാണോ പറയുന്നത്‌. ഇങ്ങനെ വലിയ സ്വപ്‌നങ്ങളൊന്നും കാണരുതേ. അതിനുളള കരുത്തൊന്നും നിന്റെ ഹൃദയത്തിന്‌ ഉണ്ടാകണമെന്നില്ല. '' കങ്കണ പറഞ്ഞു.

ഇതിനു ദില്‍ജിത്തിനു മറുപടി ഉണ്ടായിരുന്നു, `` കര്‍ഷകരുമായി നിങ്ങള്‍ക്ക്‌ എന്താണ്‌ പ്രശ്‌നമെന്ന്‌ എനിക്ക്‌ അറിയില്ല. കര്‍ഷകര്‍ക്ക്‌ പിന്തുണയുമായി പഞ്ചാബ്‌ മുഴുവന്‍ അവര്‍ക്കൊപ്പമുണ്ട്‌. നിങ്ങള്‍ ട്വിറ്ററിലും നിങ്ങളുടെ തന്നെ മിഥ്യാബോധത്തിലുമാണ്‌ ജീവിക്കുന്നത്‌. മാത്രമല്ല, ഇവിടെയാരും നിങ്ങളെയോര്‍ത്ത്‌ ആകുലപ്പെടുന്നില്ല. '' ദില്‍ജിത്ത്‌ കുറിച്ചു. 

കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക്‌ പിന്തുണയുമായി ആദ്യമെത്തിയ സിനിമാ താരങ്ങളില്‍ ഒരാളാണ്‌ ദില്‍ജിത്ത്‌. കൊടും തണുപ്പില്‍ സമരം ചെയ്യുന്നവര്‍ക്ക്‌ കമ്പിളിപ്പുതപ്പും സാമ്പത്തിക സഹായമായി ഒരു കോടി രൂപയും ദില്‍ജിത്ത്‌ നല്‍കിയിരുന്നു.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക