Image

അമ്മയും പെങ്ങളും ഇല്ലാതാകുന്ന കാലം (മീട്ടു റഹ്മത്ത് കലാം)

Published on 06 January, 2021
അമ്മയും പെങ്ങളും ഇല്ലാതാകുന്ന കാലം (മീട്ടു റഹ്മത്ത് കലാം)
സമത്വം ഏത് സമൂഹവും സ്വാഗതം ചെയ്യുന്ന ആശയമാണ്. സ്വതവേ, നിലനിൽക്കുന്ന ആൺമേൽക്കോയ്മയ്ക്കു മുന്നിൽ തങ്ങളുടെയും ശബ്ദം കേൾക്കണമെന്ന ഉദ്ദേശത്തോടെ സ്ത്രീകൾ നിലകൊണ്ടതിന്റെ ഫലമായി ലിംഗവിവേചനം തൊഴിലിടങ്ങളിൽ നിന്ന് നല്ലൊരു പരിധിവരെ തുടച്ചുനീക്കാൻ സാധിച്ചിട്ടുണ്ട്. അഗ്നിശമന സേനയിലും തപാൽവകുപ്പിലും പുരുഷന്മാർക്കൊപ്പം സ്ത്രീകളും  ജോലിയിൽ പ്രവേശിച്ചതോടെ  ഫയർ മാൻ, പോസ്റ്റുമാൻ എന്നീ തസ്തികകളുടെ സ്ഥാനത്ത്  ഫയർ ഫൈറ്റർ , പോസ്റ്റ് വുമൺ എന്നുകൂടി എഴുതിച്ചേർത്തപ്പോൾ അതൊരു നല്ല മാറ്റമായാണ് ലോകം സ്വീകരിച്ചത്. തുല്യത എന്നത് നിലവിലേതിനെ ഇല്ലാതാക്കിക്കൊണ്ടല്ല, മറ്റുള്ളവർക്കും അതേ ഇടം ഒരുക്കിക്കൊടുക്കുന്നതിലാണ് എന്ന പാഠമാണ് ഇത്തരം മാറ്റങ്ങൾ പകരുന്നത്.

പുരോഗമനം പ്രസംഗിക്കുന്നവർ തുല്യതയുടെ തട്ടും ചവിട്ടിക്കടന്ന് ഒരുതരം വേർതിരിവും വേണ്ടെന്ന് ശഠിക്കുന്ന അവസ്ഥ വന്നാലോ?

അതെ! അമേരിക്കയിലെ ജനപ്രതിനിധികളുടെ ആദ്യ നീക്കം അത്തരത്തിലൊന്നാണ്. നാൻസി പെലോസി സ്പീക്കറായ ഹൗസിൽ  ഞായറാഴ്ച  ഡെമോക്രറ്റുകൾ ചേർന്ന് ' അച്ഛൻ,അമ്മ, മകൻ, മകൾ, സഹോദരൻ , സഹോദരി' എന്നിങ്ങനെ ലിംഗം വെളിപ്പെടുന്ന പദങ്ങൾ നീക്കം ചെയ്യണമെന്ന ആശയം മുന്നോട്ടു വച്ചിരിക്കുകയാണ്. അച്ഛൻ- അമ്മ എന്നതിന് പകരം രക്ഷകർത്താവ് (പേരന്റ്) എന്നാക്കുകയും 'മകൻ-മകൾ' എന്നീ പദങ്ങളുടെ സ്ഥാനത്ത് 'കുട്ടി' എന്നും (ചൈൽഡ്)  'ആങ്ങളയും പെങ്ങളും' എന്ന് വേർതിരിക്കാതെ സഹോദരങ്ങൾ  (സിബ്ലിങ്)  എന്നും ആക്കാനാണ്  നിർദ്ദേശം.

ഏത് ഭാഷയിലും പവിത്രത കല്പിക്കപ്പെടുന്ന 'അമ്മ' എന്ന വാക്ക് തുടച്ചുനീക്കണമെന്ന ആവശ്യം ഏത് രീതിയിലുള്ള പുരോഗമനമാണ് കൊണ്ടുവരിക? രക്ഷകർത്താവ് എന്ന പദത്തിനേക്കാൾ അർത്ഥതലങ്ങൾ മാതൃത്വത്തിന് കാലങ്ങളായി ഓരോ മനസ്സിലും പതിഞ്ഞിട്ടുണ്ട്. നൊന്തുപ്രസവിക്കുന്ന കുഞ്ഞിന്റെ അമ്മ എന്ന വിളി സ്ത്രീക്ക് പകരുന്ന പൂർണത വളരെ വലുതാണ്. ശാസ്ത്രം ഇത്രമാത്രം മുന്നോട്ടു പോവുകയും  മറ്റെല്ലാം വിവരിക്കുന്നത്ര അറിവ് മനുഷ്യൻ നേടുകയും ചെയ്യുമ്പോൾ, ബന്ധങ്ങൾ നിർവ്വചിക്കാൻ കഴിയാതെ വന്നാൽ അത് ആ വ്യക്തിയുടെ സ്വത്വത്തെ നഷ്ടപ്പെടുത്തുന്നതിന് തുല്യമാണ്. 

സ്ത്രീകൾക്ക് അവർ അർഹിക്കുന്ന സ്ഥാനം ലഭിക്കാത്ത മേഖലകളിലാണ് ലിംഗവിവേചനം  എന്ന വാക്ക്  ചർച്ചചെയ്യപ്പെടുന്നത്. യു എസിൽ ഇത്തവണ അധികാര സ്ഥാനങ്ങളിൽ പലതും സ്ത്രീകൾക്കു കൂടി പങ്കുവച്ചപ്പോൾ, 'പ്രസ്തുത തസ്തികയിൽ എത്തുന്ന ആദ്യ സ്ത്രീ' എന്ന വിശേഷണം വരുന്ന കാലത്തിന് മികച്ച സന്ദേശം പകരുന്നതായാണ് ലോകം ഉറ്റുനോക്കിയത്. 

പക്ഷേ, മാനവരാശിയിൽ ഏതൊരു വിഭാഗവും ബഹുമാനത്തോടെ  കാണുന്ന അമ്മ-പെങ്ങൾ ഇത്യാദി സ്ഥാനങ്ങൾ ഉന്മൂലനം ചെയ്തുകൊണ്ട് വരുന്ന മാറ്റം സ്വീകാര്യമല്ല. സ്ത്രീ-പുരുഷൻ എന്നുള്ളത് ജൈവശാസ്ത്രപരമായ കാര്യമാണ്. വ്യത്യാസങ്ങളും വിവേചനവും രണ്ടാണ്.  ശരീരം കൊണ്ടും മനസ്സുകൊണ്ടും രണ്ടു രീതിയിൽ പരസ്പരപൂരകങ്ങളായി സൃഷ്ടിക്കപ്പെട്ടവരാണ് മനുഷ്യർ. മറ്റു ജീവജാലങ്ങളിൽ ഉള്ളതുപോലെ അവയവങ്ങളിലും ഹോർമോണുകളിലും ഒക്കെയുള്ള വ്യത്യാസങ്ങൾ മനുഷ്യരിലും ഉണ്ടെന്നത് പ്രപഞ്ചസത്യമാണ്. അത് അംഗീകരിച്ചുകൊണ്ടും  കഴിവിന്റെ കാര്യത്തിൽ  രണ്ടുകൂട്ടരും ഒരുപോലെയാണ് എന്ന് മനസിലാക്കിക്കൊണ്ടാണ് സമൂഹത്തിൽ മാറ്റങ്ങൾ വന്നിട്ടുള്ളത്. 

പുരുഷന് ചെയ്യാൻ കഴിയുന്ന ജോലികൾ സ്ത്രീകൾക്കും വഴങ്ങും എന്ന് തെളിയിച്ചുകൊണ്ടുള്ള മുന്നേറ്റമാണ് നടന്നത്. സ്ത്രീ-പുരുഷ സമത്വത്തെയാണ് നമ്മൾ സ്വാഗതം ചെയ്യുന്നത്, ഒരിക്കലും അതിന്റെ അർത്ഥം സ്ത്രീയും പുരുഷനും തമ്മിൽ വ്യത്യാസങ്ങളില്ല എന്നല്ല. വാദിച്ച് ജയിക്കാൻ എന്തൊക്കെ പറഞ്ഞാലും, രണ്ടും രണ്ടു തന്നെയാണ്. അത് അങ്ങനെ തന്നെ ആവുകയും ചെയ്യും. ഇതിനോട് ചേർത്തുവായിക്കാവുന്ന ഒന്നാണ് സ്വവർഗ്ഗ അനുരാഗവും, സ്വവർഗ്ഗ വിവാഹങ്ങളും. രണ്ടു പുരുഷന്മാർ അല്ലെങ്കിൽ സ്ത്രീകൾ തമ്മിൽ നിയമപ്രകാരം വിവാഹിതരാകുന്ന കാഴ്‌ച ഇന്ന് പുതുമയല്ല. അത്തരം ദമ്പതിമാരിൽ 95 ശതമാനവും  ഒരാൾ മനസ്സുകൊണ്ടും ഹോർമോണുകൾ കൊണ്ടും സ്ത്രീയും  മറ്റെയാൾ പുരുഷനുമായിരിക്കും. ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി അവയവങ്ങൾകൊണ്ട് കൂടി സ്ത്രീയായി മാറി മാതൃത്വം എന്ന പൂർണതയെ അവർക്കിടയിലും ആഗ്രഹിച്ച് സ്വന്തമാക്കിയവരുണ്ട്. ഗർഭധാരണം സാധ്യമാകാത്ത ദമ്പതികൾ  ദത്തെടുത്ത് കുഞ്ഞുങ്ങളെ വളർത്തുന്നതും 'അമ്മ-അച്ഛൻ' എന്ന സ്ഥാനം ആസ്വദിക്കാനാണ്. 

കുടുംബങ്ങൾ ചേർന്ന് സമൂഹവും നിരവധി സമൂഹങ്ങൾ ചേർന്ന് രാജ്യവും രൂപപ്പെടുന്നു എന്നാണല്ലോ നമ്മൾ പഠിച്ചുവന്നത്. അങ്ങനെ നോക്കുമ്പോൾ, കുടുംബവും ബന്ധങ്ങളും ഏത് രാജ്യവും കെട്ടിപ്പടുക്കുന്നതിലെ അടിത്തറയാണ്. അമ്മ പകർന്നുകൊടുക്കുന്നതാണ് ഏത് കുഞ്ഞിനും ആദ്യം ലഭിക്കുന്ന അറിവ്. കുഞ്ഞ് ഉരുവിടുന്നത് അമ്മയിൽ നിന്ന് കിട്ടുന്ന  ഭാഷയാണ്. മാതൃഭാഷ എന്ന ഉദാത്ത സങ്കല്പവും അതാണ്. ഇപ്പോൾ അതേ ഭാഷയിൽ നിന്നാണ് 'അമ്മ' യെ പുറത്താക്കാൻ ഒരുങ്ങുന്നത്. 

ഹൗസ് ഡെമോക്രറ്റുകൾ കോൺഗ്രസിലെ ഭാഷയെ ' കാര്യക്ഷമം ആക്കുന്നതിനു ' വേണ്ടിയാണ് 'ലിംഗാതീതമായ' വാക്കുകൾ പ്രാബല്യത്തിൽ വരുത്താൻ ആലോചിക്കുന്നതെന്നാണ് ഇപ്പോൾ പറയുന്നത്. വേർതിരിവില്ലാതെ എല്ലാവരെയും ബഹുമാനിക്കുന്നത് നല്ലതു തന്നെ. എന്നാൽ,  നടപ്പാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന അക്രമണാത്മക ലിംഗ പ്രത്യയശാസ്ത്രത്തെ ഉൾക്കൊള്ളാൻ ' അമ്മയുടെ ഗർഭപാത്രത്തിൽ നിന്നു വന്നവർക്ക്' സ്വാഭാവികമായും പ്രയാസമുണ്ടാകും.  

' അമ്മ, മമ്മി, മോം ' അങ്ങനെ എന്തുപേരിട്ടും വിളിക്കുന്നതിൽ തെറ്റില്ല, അത് വ്യക്തിസ്വാതന്ത്ര്യമാണ്. നിയമസംഹിതകളിൽ നിന്ന് ' അമ്മ' എന്ന വാക്ക് തുടച്ചുനീക്കുന്ന വ്യവസ്ഥിതിയോടാണ് വിയോജിപ്പ്.  നിയമത്തിൽ പറയുന്ന വാക്കുകളാണ് ജനാധിപത്യരാജ്യങ്ങളിൽ ജനങ്ങളുടെ പ്രവർത്തികളിൽ പ്രതിഫലിക്കുന്നത്. നിയമത്തിലെ ഓരോ വാക്കിനും പ്രാധാന്യമുണ്ട്. നമ്മുടെ അവകാശങ്ങൾ നേടിത്തരുന്നതും ഇല്ലാതാക്കുന്നതും അതിലെ വാക്കുകളാണ്. പദങ്ങൾക്ക് നമ്മുടെ നില മെച്ചപ്പെടുത്താനും കുറയ്ക്കാനും കഴിയും. 

അമ്മയെയും പെങ്ങളെയും തിരിച്ചറിയാത്തവർ എന്ന് സമൂഹം ലേബൽ ചെയ്യുന്നത് അത്രയ്ക്ക് നീചകൃത്യങ്ങൾ ചെയ്യുന്നവരെ ആയിരിക്കെ,  നിയമം ' അമ്മയെയും പെങ്ങളെയും' എടുത്തുമാറ്റി വരും തലമുറയ്ക്ക്  കൈമാറുന്ന  സന്ദേശം ചോദ്യം ചെയ്യപ്പെടണം. 

പുരുഷനൊപ്പം സ്ത്രീ തന്റേതായ ഇടം നേടിയെടുത്തത് കാലങ്ങൾ നീണ്ട പ്രവർത്തനങ്ങളിലൂടെയാണ്. ഒരു സ്ഥാനമാനങ്ങളും നൽകാതിരുന്ന കാലത്തും 'അമ്മ' എന്ന വാക്ക് പകർന്ന ധൈര്യം സ്ത്രീത്വത്തിന്റെ മാറ്റ് കൂട്ടിയിരുന്നു. ഇന്ന്, സ്ത്രീകൾക്കായി എല്ലാ സ്ഥാനങ്ങളും വച്ചുനീട്ടിയിട്ട്  'അമ്മ' എന്ന പദവി എടുത്തുമാറ്റുന്നത് സ്ത്രീത്വത്തെ അപമാനിക്കുന്നതിന് തുല്യമാണ്. ഇതുവരെ കഷ്ടപ്പെട്ട് സ്ത്രീസമൂഹം നേടിയെടുത്ത സ്വത്വത്തെ തച്ചുടയ്ക്കുന്ന ഒന്ന്. 

ഇവിടെ കാണുന്ന ഏറ്റവും വലിയ തമാശ എന്താണെന്നുവച്ചാൽ, മാറ്റങ്ങൾക്കു വേണ്ടി സമ്മർദ്ദം ചെലുത്തുന്ന പുരോഗമനവാദികൾ ഇപ്പോഴും വിശ്വസിച്ചിരുന്നത്  തങ്ങൾ സമൂഹത്തെ ഉയർത്തിക്കൊണ്ടു  വരികയാണ് എന്നാണ്. സ്ത്രീ-പുരുഷ സങ്കല്പത്തെയും ബന്ധങ്ങളെയും ഇല്ലാതാക്കുന്നതാണോ ഉന്നമനത്തിന് ഇവർ കണ്ടെത്തിയ മാർഗം? ജൈവശാസ്ത്രപരമായ വ്യത്യാസങ്ങൾ മനസ്സിലാക്കാതെയും ഉൾക്കൊള്ളാതെയും ഒരു തലമുറ വളർന്നു വന്നാൽ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങൾ കൂടി ചിന്തിച്ച് അന്തിമ തീരുമാനം വരുമെന്ന് പ്രതീക്ഷിക്കാം.

Join WhatsApp News
അമ്മയും പെങ്ങളും 2021-01-07 13:59:26
അമ്മയും പെങ്ങളും വേണ്ടെന്നു മാത്രമല്ല അതിലും വലുത് ബൈഡൻ-ഹാരിസ് കാലത് പ്രതീക്ഷിക്കാം. കഞ്ചാവി ഇപ്പോൾ നിയമവിധേയം, പലയിടത്തും. വ്യഭിചാരവും നിയമ വിധേയമാക്കണമെന്നാണ് കമല ഹാരിസ് പറയുന്നത്
truth and justice 2021-01-07 15:04:23
vow!Kamaala and Biden are planning big abortion,prostitution plus North korean president and Iranian president have an eye on them and they are going to have big pain on the head and Democrazy is ging to burst down.watch out our Malayalees.
Alice 2021-01-07 15:24:41
Don't forget Kamala carries the gene of corruption!
To Editor 2021-01-07 17:51:56
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്.- the guy -truth & Justice- is abusive, this kind should not be tolerated, he is a coward & a LIAR
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക