Image

മോദി കര്‍ഷകസമരം പരിഹരിക്കുമോ, തകര്‍ക്കുമോ? (ദല്‍ഹികത്ത് : പി.വി.തോമസ്)

പി.വി.തോമസ് Published on 06 January, 2021
മോദി കര്‍ഷകസമരം പരിഹരിക്കുമോ, തകര്‍ക്കുമോ? (ദല്‍ഹികത്ത് : പി.വി.തോമസ്)
എന്റെ വീടിന്റെ മൂന്ന് കിലോമീറ്റര്‍ അപ്പുറം ഗാസിപ്പൂര്‍ അതിര്‍ത്തിയില്‍(ഉത്തര്‍പ്രദേശ്- ദല്‍ഹിഗെയ്റ്റ്) അവര്‍ പെരുംവഴിയില്‍ (നാഷണല്‍ ഹൈവേ-24) കൊടുംതണുപ്പത്ത് വിറച്ച് വിറച്ച് വിറങ്ങലിച്ച് കിടക്കുകയാണ്. സ്വന്തം അവകാശങ്ങള്‍ക്കായി സമരം ചെയ്യുന്ന കര്‍ഷകര്‍. മോദി ഗവണ്‍മെന്റിന്റെ കോര്‍പ്പറേറ്റ് അനുകൂല നിയമങ്ങളെ എതിര്‍ക്കുന്ന ഇന്‍ഡ്യയിലെ കര്‍ഷകര്‍ ആണ് ഇവര്‍. രജായിയുടെയും(ക്വില്‍റ്റ്) ഹീറ്ററിന്റെയും പരിരക്ഷയോടെ ഉറങ്ങി ഉണരുന്ന വെളുപ്പാം കാലത്ത് ഞാനും ഭാര്യയും പരസ്പരം ചോദിക്കും! അവര്‍ എങ്ങനെ അവിടെ കഴിയുന്നു? ഉത്തരം ഇല്ല. ഇത് ഇന്‍ഡ്യയുടെ പ്രശ്‌നം ആണ്. അതിനാല്‍ ഓരോ ഇന്‍ഡ്യക്കാരന്റെയും. പക്ഷേ, ഇത് മോദിയുടെ പ്രശ്‌നം ആയിട്ട് തോന്നുന്നില്ല. അദ്ദേഹം 7, ലോക് കല്ല്യാണ്‍മാര്‍ഗ്ഗില്‍ (പഴയ 7 റെയ്ഡ് കോഴ്‌സ് റോഡ്) സുഖമായി സായുധരായ അംഗരക്ഷകരുടെ അകമ്പടിയോടെ സുഖനിദ്രയില്‍ ആണ്.

ഇന്ത്യയിലെ കര്‍ഷകര്‍ ഇന്ന് അസ്വസ്ഥര്‍ ആണ്. പ്രക്ഷുബ്ധര്‍ ആണ്, പ്രകോപിതര്‍ ആണ്, പ്രബുദ്ധര്‍ ആണ്. അവര്‍ സര്‍വ്വോപരി അസംതൃപ്തര്‍ ആണ്. അവര്‍ കടക്കെണിയില്‍പെട്ട് ആത്മഹത്യ ചെയ്യുന്നു. സമര ചൂടില്‍ മരിക്കുന്നു(ഇതുവരെ മുപ്പതിലേറെ). ഇതൊക്കെ കാണുവാന്‍ ഇവിടെ ഒരു ഗവണ്‍മെന്റ് ഇന്നില്ല. ഗവണ്‍മെന്റ് കോര്‍പ്പറേറ്റുകളുടെ പണപ്പെട്ടിയുടെ സൂക്ഷിപ്പുകാര്‍ ആയി മാറിയിരിക്കുന്നു.

കര്‍ഷകരുടെ സമരം ദല്‍ഹികേന്ദ്രീകൃതമായി തുടങ്ങിയിട്ട് നാല്‍പതിലേറെ ദിവസങ്ങള്‍ ആയി. അതിന് മുമ്പ് ഈ മൂന്ന് കാര്‍ഷിക ഓര്‍ഡിനന്‍സുകള്‍ ജൂണ്‍ അഞ്ചിന് രാഷ്ട്രപതി പുറപ്പെടുവിച്ചപ്പോള്‍ മുതല്‍ കര്‍ഷകപ്രക്ഷോഭണം തുടങ്ങിയതാണ്. അത് പാര്‍ലിമെന്റില്‍ ചര്‍ച്ച ഒന്നും ഇല്ലാതെ ശബ്ദ വോട്ടെടുപ്പോടെ (രാജ്യസഭ) പാസാവുകയും ചെയ്തു. അതോടെ കര്‍ഷക സമരം രൂക്ഷമാവുകയായിരുന്നു. എട്ട് പ്രാവശഅയം സര്‍ക്കാരും കര്‍ഷകരും തമ്മില്‍ ചര്‍ച്ച നടന്നു. എട്ടാമത്തെ ചര്‍ച്ച ഇന്നലെയും(ജാനുവരി നാല്) പരാജയപ്പെട്ടു. ഇനി അടുത്തത് ജാനുവരി എട്ടിനാണ്. പ്രത്യേക ഗുണം ഒന്നും കാണുന്നില്ല. കാരണം കര്‍ഷകരുടെ പ്രധാന ആവശ്യം ഈ മൂന്ന് നിയമങ്ങളും റദ്ദാക്കുക എന്നതാണ്. പക്ഷേ, ഗവണ്‍മെന്റ് അതിന് തയ്യാറല്ല. അത് നിര്‍ദ്ദേശിക്കുന്ന ഭേദഗതികള്‍ക്ക് കര്‍ഷകരും തയ്യാറല്ല. സന്ധി സംഭാഷണങ്ങള്‍ അങ്ങനെ വഴിമുട്ടി നില്‍ക്കുകയാണ്.

മോദി കര്‍ഷകരുടെ വ്യാകുലതകളെ പരിഹരിക്കുമോ? അതോ അദ്ദേഹം ഈ സമരവും ഷാഹിന്‍ബാഗില്‍ കഴിഞ്ഞ വര്‍ഷം ഇതേ സമയം നടന്ന പൗരത്വഭേദഗതി നിയമവിരുദ്ധ സമരത്തെ എന്ന വണ്ണം തകര്‍ക്കുമോ? ഷാഹീന്‍ ബാഗിലെ സമരക്കാരില്‍ ഭൂരിഭാഗവും മുസ്ലീങ്ങള്‍ ആയിരുന്നു. അതിനാല്‍ അവരെ പാക്കിസ്ഥാന്റെ ഏജന്റുകള്‍ എന്ന് വിളിച്ച് അധിക്ഷേപിച്ച് മതകലാപം സൃഷ്ടിച്ചു. അതോടെ കോവിഡ് ലോക്ക്ഡൗണും വന്നു. സമരം അവിടെ തീര്‍ന്നു, മൂന്നു മാസത്തിന് ശേഷം. ഈ കര്‍ഷക സമരത്തിനും രണ്ടാമതൊരു അതിതീവ്രകോവിഡ് ലോക്ഡൗണിന്റെ ഭീഷണി ഉണ്ട്. ഒപ്പം ഇന്തോ-ചൈന അതിര്‍ത്തിയിലെ സംഘര്‍ഷവും ഒരു ലിമിറ്റഡ് യുദ്ധത്തിന്റെ സാദ്ധ്യതയും അതൊന്നും സംഭവിക്കാതിരിക്കട്ടെ.

സമരത്തെ ഒത്തു തീര്‍പ്പാക്കുവാനും കര്‍ഷകരുടെ ന്യായമായ അവകാശത്തെ- നിയമങ്ങള്‍ റദ്ദാക്കുക- അംഗീകരിച്ചു കൊടുക്കുവാനും മോദി തയ്യാറല്ല. ഇത് കടുംപിടുത്തവും പിടിവാശിയും ആണ്. ഉദാഹരണമായി ഡിസംബര്‍ 17-ാം തീയതിയിലെ സുപ്രീംകോടതിയുടെ നിര്‍ദ്ദേശം നോക്കുക. ഈ നിയമങ്ങള്‍ തല്‍ക്കാലത്തേക്ക് മാറ്റിവയ്ക്കുവാനും ഇവയെ പരിശോധിക്കുവാനുമായി ഒരു സ്വതന്ത്ര കമ്മറ്റിയെ നിയമിക്കുവാനും ആണ് സുപ്രീംകോടതി സ്ഥിഗതികളുടെ ഗൗരവം മനസിലാക്കി ഉത്തരവിട്ടത്. ഇതുവരെ ഗവണ്‍മെന്റ് ഒന്നും ചെയ്തില്ല. സ്വതന്ത്ര കമ്മറ്റഇയെ കര്‍ഷകര്‍ തള്ളികളഞ്ഞു. ഇത് സമയം വാങ്ങുവാനായിട്ടുള്ള ഒരു തന്ത്രമായി അവര്‍ കണ്ടു. ഈ മൂന്ന് നിയമങ്ങള്‍ തല്‍ക്കാലത്തേക്ക് റദ്ദാക്കുവാനുള്ള സുപ്രീംകോടതി നിര്‍ദ്ദേശത്തെ അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍ ആദ്യം നിരസിച്ചെങ്കിലും ഉടനെ ഗവണ്‍മെന്റുമായി ചര്‍ച്ച ചെയ്തു പറയാമെന്ന് പറഞ്ഞു. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അത് നടക്കുകയില്ലെന്നും പറഞ്ഞു. ഏതായാലും വേണുഗോപാലിന്റെ കേന്ദ്രവും ആയിട്ടുള്ള കൂടി ആലോചനയുടെ ഫലം ഇതുവരെ അറിയില്ല. ദിവസങ്ങള്‍ ഏറെ ആയി.

ഏററവും ഒടുവിലത്തെ ചര്‍ച്ചകള്‍ക്ക്‌ശേഷം(റൗണ്ട് എട്ട്-ഡിസംബര്‍4) കേന്ദ്രം കാര്‍ഷികനിയമങ്ങള്‍ റദ്ദാക്കുവാന്‍ സാധിക്കുകയില്ല എന്ന കടുംപിടുത്തത്തില്‍ ആണ്. കര്‍ഷകരും അതുപോലെ തന്നെ കര്‍ഷകരെ ഭിന്നിപ്പിക്കുവാനായി ഗവണ്‍മെന്റ് ഈ സമരത്തെ പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളുടെ ഒരു പ്രശ്‌നം മാത്രമായി ചിത്രീകരിക്കുവാനായി ശ്രമിക്കുകയുണ്ടായി. അതിനാല്‍ പ്രശ്‌നം പരിഹാരത്തിനായി മറ്റ് സംസ്ഥാനങ്ങളിലെ കര്‍ഷകയൂണിയനുകളുമായി ചര്‍ച്ച ചെയ്യേണ്ടതായിട്ടുണ്ടെന്നും വാദിച്ചു. ഒരു പക്ഷേ വരുംദിനങ്ങളില്‍ അങ്ങനെ ചില പാവസംഘടനകളെ അനുകൂലമായി രംഗത്ത്  ഇറക്കിയേക്കാം. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് മാത്രം രൂപീകരിക്കപ്പെട്ട ചില കര്‍ഷക സംഘടകള്‍ ഇപ്പോള്‍ തന്നെ നിയമങ്ങളെ അനുകൂലിച്ചുകൊണ്ട് രംഗത്തുണ്ട്. കിസാന്‍ സംഘര്‍ഷ സമിതി, ഹിന്ദു മസ്ദൂര്‍ കിസാന്‍ സമതി-ഇവര്‍ സര്‍ക്കാരിന്റെ തത്തകള്‍ ആയി കര്‍ഷകര്‍ ആരോപിക്കുന്നു.

ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്നും കര്‍ഷകസമരം പരിഹരിക്കുവാനുള്‌ള യാതൊരു നീക്കവും കാണുന്നില്ല. പ്രധാനമന്ത്രി ഈ മൂന്ന് നിയമങ്ങളെയും പരിപൂര്‍ണ്ണമായും ന്യായീകരിക്കുകയാണ്. ഇവ കര്‍ഷകരെ ധനവാന്മാര്‍ ആക്കുമെന്നും കാര്‍ഷികമേഖലയില്‍ വിപ്ലവം കൊണ്ടുവരുമെന്നും അദ്ദേഹം ആവര്‍ത്തിച്ചാവര്‍ത്തിച്ച് ആണയിട്ട് പ്രഖ്യാപിക്കുന്നു. പക്ഷേ, ഗുണഭോക്താക്കള്‍ ഇത് ഒന്നടങ്കം തള്ളികളയുകയാണ്.

സമരം പരിഹരിക്കുവാനുള്ള ആത്മാര്‍ത്ഥ ശ്രമം ഒന്നും ഇല്ലെങ്കിലും അതിനെ അട്ടിമറിക്കുവാന്‍ ഗവണ്‍മെന്റും പ്രധാനഭരണകക്ഷിയായ ബി.ജെ.പി.യും തകൃതിയായി ശ്രമിക്കുന്നുണ്ട്. ഇതില്‍ പ്രധാനം ആണ് കര്‍ഷകരെ ദേശദ്രോഹികളായി മുദ്രകുത്തുവാനുള്ള ബി.ജെ.പി.യുടെ ശ്രമം. ഇത് സുപ്രീം കോടതിയുടെ ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ പ്രധാനന്യായാധിപന്‍ അത് പരിഗണനയില്‍പ്പെടുത്തിയിട്ടുണ്ട്.

ഈ സമരത്തെ പൊളിക്കുവാന്‍ ഗവണ്‍മെന്റും ബി.ജെ.പി.യും നടത്തുന്ന ശ്രമങ്ങള്‍ ഒട്ടേറെ ആണ്. സമരക്കാരായ കര്‍ഷകരെ ദേശദ്രോഹികള്‍ ആയി മാത്രമല്ല അവരെ ഭീകരവാദികള്‍ ആയും ഖാലിസ്ഥാനികള്‍ ആയും ചൈന-പാക്കിസ്ഥാന്‍-കാനഡ എന്നീ രാജ്യങ്ങളുടെ ഏജന്റുമാരായും മാവോയിസ്റ്റുകളും കമ്മ്യൂണിസ്റ്റുകാരും ആയും മുദ്രകുത്തി അവഹേളിക്കുകയാണ് സര്‍ക്കാരും പ്രധാനഭരണകക്ഷിയും. പക്ഷേ ഇതൊന്നും പഞ്ചാബിലെ സിക്കുകാരും ഹരിയാനയിലെ ജാട്ടുകള്‍ക്കും എതിരെ വിലപ്പോവുകയില്ല. കാരണം. ഈ 'രാജ്യദ്രോഹികള്‍' ആണ് ഇന്‍ഡ്യന്‍ സേനയുടെ നട്ടെല്ല്. 'തുക്കടെതുക്കടെ ഗാങ്ങ്' എന്ന് വിളിച്ച് ഇവരെ അധിക്ഷേപിച്ചതും വിലപ്പോയില്ല, കാരണം ഇവര്‍ വിഭജനവാദേകള്‍ അല്ല. ഇത് ഷാഹീന്‍ബാഗ് പൗരത്വഭേദഗതി നിയമവിരുദ്ധ സമരത്തെ പൊളിച്ച അതേ തന്ത്രം തന്നെ ആണ്.

കര്‍ഷകപ്രക്ഷോഭകര്‍ ആര്‍ട്ടിക്കിള്‍ 370-നെതിരെ സമരം ജയിച്ചവരും അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മ്മിതിയെ എതിര്‍ത്തവരും ആണെന്ന് കൃഷിമന്ത്രി നരേന്ദ്രസിംങ്ങ് തോറ്റും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ആരോപിക്കുന്നു. ഇവര്‍ യാഥാര്‍ത്ഥ്യത്തെ കാണുവാനും മനസിലാക്കുവാനും മടിക്കുന്നുവെന്നാണ് മനസ്സിലാക്കേണ്ടത്. ഇങ്ങനെ ഒട്ടേറെ ചെളിവാരി എറിയല്‍ ഉണ്ട് ജനാധിപത്യപരമായ ഒരു കര്‍ഷകസമരത്തെ അട്ടിമറിക്കുവാനായി. ഇതില്‍ എടുത്ത് പറയേണ്ടതാണ് യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശിലെ ചില ഡിവിഷനുകളില്‍ സമരം ചെയ്യുന്ന കര്‍ഷകനേതാക്കന്മാരോട് അങ്ങനെ ചെയ്യുകയില്ല എന്ന് പറഞ്ഞ് 50 ലക്ഷംരൂപയുടെ ബോണ്ട് ആവശ്യപ്പെട്ടത്. 50 ലക്ഷം പിന്നീട് 5 ലക്ഷം ആയെങ്കിലും ഉത്തരവ് പിന്‍വലിച്ചില്ല. ഏറ്റവും സമാധാനപരമായി നടത്തപ്പെടുന്ന ഒരു കര്‍ഷകസമരത്തെ ആണ് ഗവണ്‍മെന്റും ഭരണകക്ഷിയും ദേശദ്രോഹപരം എന്ന് ആക്ഷേപിച്ച് അധിക്ഷേപിക്കുന്നത്. പഞ്ചാബില്‍ സമരക്കാര്‍ റിലയന്‍സിന്റെ 1500 ജിയോ മൊബൈല്‍ ടവറുകള്‍ തകര്‍ക്കുകയുണ്ടായി. ഇതെ തുടര്‍ന്ന് മുകേഷ് അംബാനി കാര്‍ഷികകച്ചവടരംഗത്തേക്കില്ലെന്ന് കോടതി മുമ്പാകെ ബോധിപ്പിക്കുകയുണ്ടായി. അദാനിയും കൈകഴുകി ഒഴിഞ്ഞു. പക്ഷേ, ഗവണ്‍മെന്റ് മാത്രം കടുംപിടുത്തത്തില്‍ ആണ് അംബാനിയുടെയും അദാനിയുടെയും വാക്കാലെ കീഴടങ്ങലിന് വലിയ അര്‍ത്ഥമൊന്നും ഇല്ല. അതുപോലെ ഗവണ്‍മെന്റിന്റെ താങ്ങ് വില പ്രമാണിച്ചുള്ള ഉറപ്പിനും.ഇത് കര്‍ഷകര്‍ക്ക് നന്നായിട്ടറിയാം. അതുകൊണ്ടാണ് മൂന്ന് നിയമങ്ങളുടെ സമൂല റദ്ദാക്കലിനായി അവര്‍ ശാഠ്യം പിടിക്കുന്നത്.

ദല്‍ഹി കര്‍ഷക സമരത്താല്‍ തിളക്കുകയാണ്. സിങ്കു, തിക്കറി, ചില്ല, ഗാസിപ്പൂര്‍, കുണ്ടലി എന്നീ അതിര്‍ത്തികള്‍ കര്‍ഷകരുടെ അഭയാര്‍ത്ഥി കേന്ദ്രങ്ങള്‍ ആയിരിക്കുകയാണ്. പതിനായിരങ്ങള്‍  ഉണ്ട് അവര്‍. അവരും ഇന്‍ഡ്യക്കാര്‍ ആണ്. മോദിയും ഷായും ഇത് മനസ്സിലാക്കണം. കര്‍ഷകരെ അന്നദാതാക്കള്‍ എന്ന് വിളിച്ച് വിശേഷിപ്പിക്കുന്ന കാപട്യം ഇവിടെ വെളിപ്പെടുകയാണ്. നാണയനിര്‍വ്വീകരണം നടപ്പിലാക്കി. പക്ഷേ, ജനങ്ങളുടെ കഷ്ടപ്പാട് ഗവണ്‍മെന്റ് ചെവിക്കൊണ്ടില്ല. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി. ആ എതിര്‍പ്പും ഗവണ്‍മെന്റ് അതിജീവിച്ചു. ബാബരി മസ്ജിദ് ഭേദനത്തിന് അനുകൂലമായ വിധി വാങ്ങിച്ചു. രാമക്ഷേത്രനിര്‍മ്മാണത്തിന് കോടതിയുടെ അനുമതി വാങ്ങിച്ചു. റഫേല്‍ യുദ്ധവിമാന ഇടപാടില്‍ സുപ്രീം കോടതിയുടെ ക്ലീന്‍ ചിറ്റ് ലഭിച്ചു. എല്ലാം സ്‌ക്രിപ്ട് അനുസരിച്ച് നടക്കുകയാണ്. എന്ത് സംഭവിക്കും ന്യായമായ ഈ കര്‍ഷകസമരത്തിന്റെ കാര്യത്തില്‍? കോവിഡിന്റെ ഈ മരവിപ്പില്‍ മോദി കര്‍ഷകര്‍ക്ക് ഒരു പുതുവര്‍ത്സര സമ്മാനം നല്‍കുമോ?ഇവര്‍ അത് അര്‍ഹിക്കുന്നുണ്ട്.

മോദി കര്‍ഷകസമരം പരിഹരിക്കുമോ, തകര്‍ക്കുമോ? (ദല്‍ഹികത്ത് : പി.വി.തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക