Image

ഇംഗ്ലീഷ് സാഹിത്യ ലോകത്തേക്ക് ഒരു മിടുക്കികൂടി (രാജീവൻ അശോകൻ)

Published on 04 January, 2021
ഇംഗ്ലീഷ്  സാഹിത്യ ലോകത്തേക്ക്  ഒരു മിടുക്കികൂടി (രാജീവൻ അശോകൻ)
മലയാളത്തറവാട്ടിൽ നിന്ന് ഇംഗ്ലീഷ്  സാഹിത്യ ലോകത്തേക്ക് ഈയിടെ
കാലെടുത്തുവച്ച  ഒരു കൊച്ചു മിടുക്കിയെക്കൂടി
പരിചയപ്പെടുത്തട്ടെ.അദ്വിക രാജീവ്.യൂ.എസ്. ൽ
ടെക്സസ് സംസ്ഥാനത്തിലെ ഡാലസിനടുത്തു ഫ്ലവർ മൌണ്ട്  സിറ്റിയിൽ  നിന്നാണ്  കേവലം പതിനഞ്ചുകാരിയായ ഈ ഹൈസ്കൂൾ വിദ്യാർഥിനി തന്റെ ആദ്യനോവൽ "All The Presidents horses & all the President's men" ആമസോൺ വഴി പ്രസിദ്ധീകരിച്ച് ആംഗലേയ സാഹിത്യലോകത്തിലേയ്ക്ക് പ്രവേശിച്ചിരിയ്ക്കുന്നത്.
https://www.amazon.com/.../ref=cm_sw_em_r_mt_dp_ET...
എഴുത്തിനോടൊപ്പം നൃത്തത്തിലും , ചിത്രരചനയിലും  ഈ കുട്ടി മുൻനിരയിൽ തന്നെയുണ്ട്. ഒരു വിദ്യാർത്ഥിനിയുടെ രചനയല്ലേ
എന്ന മുൻവിധിയോടെ, അല്ലെങ്കിൽ ലാഘവത്തോടെ വായിച്ചു തുടങ്ങിയ എനിയ്ക്കു തെറ്റിയെന്നു മാത്രമല്ല, എന്നെ ഒട്ടൊക്കെ അമ്പരപ്പിയ്ക്കുകയും ചെയ്തു.ആദിയുടെ  രചന ( വീട്ടിൽ, സുഹൃത്‌വലയത്തിൽ  അദ്വികയുടെ വിളിപ്പേരാണ്  'ആദി ' )."32 അദ്ധ്യായങ്ങളിൽ,400 ഓളം പേജുകളിലായി
ത്രസിപ്പിക്കുന്ന സംഭവവികാസങ്ങളുടെ ചുരുളഴിക്കുന്ന ഒരു  മുഴു നീള സസ്പെൻസ് ത്രില്ലർ"  ആണ് ഈ  മിടുമിടുക്കി
ഒരുക്കിയെടുത്തിരിയ്ക്കുന്നത്.
പഠനത്തിനിടയിൽ ഇത്രയും
വലിയ സംരംഭം ഏറ്റെടുത്ത് മുഴുമിപ്പിച്ചത്  തന്നെ
എഴുത്തിനോടുള്ള അർപ്പണബോധത്തെയും സ്ഥിരോത്സാഹത്തെയും കാണിച്ചു തരുന്നു.രചനയിൽ ഏറ്റവും സവിശേഷമായി തോന്നിയ
കാര്യം കഥാപാത്രത്തെ അവതരിപ്പിയ്ക്കുമ്പോൾ, അവരുടെ മുഖം,രൂപത്തിലെ പ്രത്യേകതകൾ,മാനറിസങ്ങൾ എന്നിവയ്ക്കു പുറമേ  ചലനങ്ങൾക്കും സംഭാഷണങ്ങൾക്കുമിടയിലെ  പേശീ ചലനങ്ങളും ഭാവവ്യത്യാസങ്ങളും  വരെ അതീവസൂക്ഷ്മമായി എഴുതുന്ന ആംഗലേയ രീതിയിൽ ,തഴക്കം വന്ന ഒരു  എഴുത്തുകാരിയെക്കാൾ  ഒരു പടി മുന്നിൽ തന്നെ   ഈ കുട്ടി നിൽക്കുന്നു എന്നതാണ്.ആദ്യ അദ്ധ്യായത്തിൽ പ്രധാന കഥാപാത്രമായ  ആയിഷയും,അമ്മയും തമ്മിലുള്ള സംഭാഷണങ്ങൾ  തന്നെ ഉദാഹരണം.പിന്നീടങ്ങോട്ട് പടി പടിയായി കടന്നു വരുന്ന,  ഓരോ കഥാപാത്രങ്ങളുടെയും  (Caz, Xia, Colona, Meda, President Alistar..and so on) ആകാര -വ്യക്തിത്വ -സ്വഭാവ വിവരണങ്ങൾ,ആയിഷയുടെ നിരീക്ഷണത്തിലൂടെ, ചിന്തകളിലൂടെ  അനാവൃതമാകുന്നത് കൂടുതൽ കൂടുതൽ  മിഴിവോടെയാണ്.

കഥയുടെ അവിഭാജ്യ ഘടകമെന്നോണം ഇടയ്ക്കിടക്ക് സംഭവിയ്ക്കുന്ന സംഘട്ടനരംഗങ്ങളുടെ ( Martial Arts steps  and moves) വിശദവിവരണം ആണ് എടുത്തു പറയേണ്ട മറ്റൊരു സവിശേഷത. Taekwondo യിൽ  ബ്ലാക്ക് ബെൽറ്റ്  പരിശീലനത്തിൽ നിന്ന്  നേരിട്ട് കിട്ടിയ  അനുഭവജ്ഞാനം വരികളിൽ പ്രകടമാണ്.

അമേരിക്കയിൽ വളർന്ന കുട്ടിയായതു കൊണ്ട് മാത്രം കിട്ടിയ English vocabulary അല്ല എഴുത്തുകാരിയ്ക്കുള്ളത് എന്ന് വായിച്ചു തുടങ്ങുമ്പോഴേ നമുക്കൂഹിയ്ക്കാം. ഒരു നല്ല വായനക്കാരിയ്ക്കു മാത്രം കരഗതമാകുന്ന വാ ക്കുകളും, ഉദ്ധരണികളും (quote), സവിശേഷ  പ്രയോഗങ്ങളും,  ഉടനീളമുണ്ട് ഈ രചനയിൽ.

ഒരുദാഹരണം "No detail is too small".
മൗനം (silence) വാചാലമാകുന്ന നിമിഷങ്ങൾ  പലപ്പോഴും ജീവിതത്തിൽ നമുക്ക് അനുഭവവേദ്യമാകാറുണ്ട്.
മൗനത്തെപ്പറ്റി ഒന്ന് രണ്ടു സ്ഥലങ്ങളിൽ പറഞ്ഞിരിയ്ക്കുന്നത് നോക്കുക.
"The silence had more secrets than it could bear. So one day it told someone".
"Let the silence do the talking"

മിഡിൽ  സ്കൂളിൽ J.K.Rowling ന്റെ (Harry potter) കടുത്ത ആരാധിക ആയിരുന്ന ആദി ഇപ്പോൾ  കൂടുതലും  ക്ലാസിക്  ആണ് വായന.ഇഷ്ട്ടപ്പെട്ട  എഴുത്തുകാർ - Leigh Bardugo, Jane Austen, Kathryn Blair എന്നിവർ.
ഒരു സ്കൂൾ കുട്ടിയുടെ രചനയിൽ  പ്രധാന കഥാപാത്രങ്ങൾ  16-17 വയസ്സുകാരായ ആറു ഹൈസ്കൂൾ കുട്ടികൾ തന്നെ ആയത് സ്വഭാവികമെന്നു കരുതാം. ഒരു കൗമാരക്കാരിയുടെ ദൈനം ദിന ജീവിതത്തിലൂടെ  കടന്നു പോകുന്ന കാര്യങ്ങളും അവയെപ്പറ്റിയുള്ള  ചിന്തകളും  അവിടവിടെ കടന്നു വരുന്നതും പ്രതീക്ഷിയ്ക്കാവുന്നത് തന്നെ ( ഒരു ഉദാഹരണം ,ഒരു കഥാപാത്രത്തിന്റെ  ഫ്രഞ്ച്  ഫ്രെയ്‌സിനോടുള്ള ഭ്രാന്തമായ ഇഷ്ടം, സ്കൂൾ  കുട്ടികൾക്കിടയിലെ പ്രാങ്ക്സ് ).എന്നാൽ വൈറ്റ്  ഹൌസിന്റെ പശ്ചാത്തലത്തിൽ    പ്രസിഡന്റിന്റെ ഔദ്യോഗിക വൃത്തങ്ങൾ , അവരുടെ ചുമതലകൾ, ഓവൽ ഓഫീസിന്റെയും  പരിസരത്തിന്റെയും കൃത്യമായ  വിവരണങ്ങൾ എല്ലാമുൾപ്പെടുത്തി   സംഭവബഹുലമായ ഒരു പ്ലോട്ട് തയ്യാറാക്കുന്നതിന് ഒരു പാടു
പരിശ്രമം വേണ്ടി വന്നിട്ടുണ്ട്.അതിനുള്ള കടപ്പാട് അമ്മയോടും, അച്ഛനോടും,സഹോദരികളോടുമെന്ന് ആദി പറയുന്നു.

കഥയെപ്പറ്റി കൂടുതൽ എഴുതാൻ ഉദ്ദേശിയ്ക്കുന്നില്ല എങ്കിലും  ഒന്ന്  ചുരുക്കിപ്പറയുന്നത് ഉചിതമെന്നു  കരുതുന്നു.പ്രധാന കഥാപാത്രങ്ങൾ  ഹൈസ്കൂളിൽ ജൂനിയർ (മൂന്നാം) വർഷം കഴിഞ്ഞതേയുള്ളൂ. അടുത്ത വർഷം തുടങ്ങുന്നതിനു മുൻപ്,വെക്കേഷൻ  സമയത്ത്‌, ഫെഡറൽ ഗവണ്മെന്റ് സ്പോൺസർ ചെയ്യുന്ന ഒരു summer camp ന് അവർക്ക് പ്രവേശനം കിട്ടുന്നു.എന്നാൽ  സമ്മർ  ക്യാമ്പ് ഒരു മറ മാത്രമാണ്...
അവരുടെ യഥാർത്ഥ  ദൗത്യം.പ്രസിഡന്റിനെയും, രാജ്യത്തെയും സംരക്ഷിയ്ക്കുക എന്നതത്രേ.(വൈറ്റ് ഹൌസിൽ പ്രസിഡന്റിന്റെ ജീവൻ എപ്പോൾ വേണമെങ്കിലും നഷ്ടപ്പെടാം എന്ന അവസ്ഥയാണ്.)

ഈ കുട്ടികൾക്ക് എങ്ങനെ ഇതിനാകും?
അവർക്ക്  പ്രത്യേക കഴിവുകളുണ്ടോ?
അതോ, പ്രസിഡന്റിന്റെ  ശത്രുക്കളും
ചാരന്മാരും നിഷ്പ്രയാസം അവരെ ഇല്ലാതാക്കുമോ.ഇതിനുള്ള  ഉത്തരം 32 അദ്ധ്യായങ്ങളിലൂടെ പടിപടിയായി അനാവരണം ചെയ്യപ്പെടുന്നു.ഓരോ അദ്ധ്യായങ്ങളും പുതിയ വെളിപ്പെടുത്തലുകളും, വഴിത്തിരിവുകളും, അപ്രതീക്ഷിത സംഭവവികാസങ്ങളും ഉൾക്കൊള്ളിച്ച്
ആകാംക്ഷ നിറുത്താൻ രചയിതാവ് കഴിയുന്നത്ര  ശ്രമിച്ചിട്ടുണ്ട്.
പരിചിതമായ വിഷയവും,പ്ലോട്ടും ആണെങ്കിലും,
ആഖ്യാനത്തിൽ,സംഭാഷണങ്ങളുടെയും ചിന്താധാരകളുടെയും
ക്രമീകരണത്തിൽ,സൂക്ഷ്മനിരീക്
ഷണത്തിൽ,ഒരു ഹൈസ്കൂളറിൽ നിന്ന് പ്രതീക്ഷിയ്ക്കാവുന്നതിൽ ഏറെയേറെ മുകളിൽ നിൽക്കുന്നു ഈ രചന.
അത് കൊണ്ട് തന്നെ, കുട്ടികൾക്കൊപ്പം  മുതിർന്നവർക്കും വായിക്കാവുന്ന
ഒരു പുസ്തകം എന്ന് നിസ്സംശയം  പറയാം.(പുസ്തകത്തിന്റെ കവർ ഡിസൈനും പ്രത്യേക  ശ്രദ്ധയർഹിയ്ക്കുന്നു. അത്   ചെയ്തിരിയ്ക്കുന്നത് എഴുത്തുകാരിയുടെ അമ്മ ശുഭ  രാജീവ്  തന്നെയാണെന്ന് അറിയുന്നത് കൂടുതൽ കൗതുകം പകരുന്നു ) അഭിനന്ദനങ്ങൾ ആദി.
ഈ പ്രായത്തിൽ ഇത്തരത്തിൽ ഒരു  
പുസ്തകം എഴുതിയത് വലിയ ഒരു  നേട്ടം തന്നെയാണ്.

For folks in India, use this link to download - https://www.amazon.in/All.../dp/B08FQZJCRZ/ref=mp_s_a_1_1....
For folks in the US, use this link - https://www.amazon.com/All.../dp/B08FP7Q6FF/ref=sr_1_1....
ഇംഗ്ലീഷ്  സാഹിത്യ ലോകത്തേക്ക്  ഒരു മിടുക്കികൂടി (രാജീവൻ അശോകൻ)
Join WhatsApp News
രാജു തോമസ് 2021-01-04 15:29:24
നല്ലൊരു പുസ്‌തപരിചയപ്പെടുത്തലായിട്ടുണ്ട്. അത് വാങ്ങിവായിക്കാൻ തോന്നുന്നു--അതിനുവേണ്ട ലിങ്ക് കൊടുത്തത് നന്നായി. ആദ്വികയ്ക് അഭിനന്ദനവും ശ്രീ അശോകന് നന്ദിയും
രാജീവൻ അശോകൻ 2021-01-08 00:22:05
വളരെ സന്തോഷം ശ്രീ. രാജു തോമസ്. വായനക്കും, പ്രോത്സാഹനത്തിനും. ആദിയെപ്പോലെ കഴിവുള്ള കുട്ടികൾ എഴുതി തെളിയട്ടെ, ❤❤
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക