Image

നല്ല നാളുകൾക്കായി ഫൊക്കാനയുടെ പുതുവത്സരാശംസകൾ

Published on 01 January, 2021
നല്ല നാളുകൾക്കായി ഫൊക്കാനയുടെ പുതുവത്സരാശംസകൾ

ന്യൂജേഴ്‌സി: മരണത്തിന്റെ കാലൊച്ചകൾ മുഴങ്ങിക്കേട്ടുകൊണ്ടിരുന്ന ഒരാണ്ടിനു തിരശീല വീഴുമ്പോൾ പ്രതീക്ഷകളും പ്രത്യാശകളും നിറഞ്ഞ ഒരു  പുതുവത്സരം എല്ലാ അമേരിക്കൻ മലയാളികൾക്കും ലോക മലയാളികൾക്കും ആശംസക്കുന്നതായി ഫൊക്കാന ഭരണസമിതി ഭാരവാഹികൾ. കൊറോണ വൈറസ് എന്ന മഹാമാരിയുടെ ഭീതിജനകമായ ദിനങ്ങളിൽ നിന്ന് കരകയറാൻ 2021 എന്ന പുതുവർഷത്തിൽ  എല്ലാവർക്കും കഴിയട്ടെയെന്ന് ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസ് തന്റെ  പുതുവത്സരാശംസ സന്ദേശത്തിൽ അറിയിച്ചു. 

കോവിഡ് മഹാമാരിയുടെ പ്രതിസന്ധികൾക്കിടയിലും അതിജീവനം സ്വാർത്ഥകമാക്കിയ ലോകമലയാളികൾ ഒരു പുതിയ ജീവിത സംസക്കാരത്തിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നത്. രണ്ടാം ലോകമഹായുദ്ധകാലത്തിനു സമാനമായ ഭീതിജനകമായ അന്തരീക്ഷം നിലനിന്നിരുന്ന ഒരു ഇരുണ്ട കാലത്തിൽ നിന്ന് വാക്സീൻ കണ്ടുപിടിച്ചതോടെ ഇരുളടഞ്ഞ തുരങ്കത്തിലൂടെയുള്ള യാത്രയിൽ നാം പ്രകാശത്തിന്റെ നുറുങ്ങുവെട്ടം കണ്ടു തുടങ്ങി. പ്രതിസന്ധിയെന്ന തുരങ്കത്തിന്റെ അവസാനത്തെ അറ്റത്തെത്തിയെന്നതിന്റെ സൂചനയാണ് വാക്സീൻ എന്ന നുറുങ്ങുവെട്ടം. 2021 ഇനി  പ്രതീക്ഷയുടെ വെളിച്ചമുള്ള  വർഷമായി എല്ലാ മലയാളികളുടെയും ജീവത്തിൽ പടരട്ടെയെന്ന് ആശംസിക്കുകയാണെന്നും ജോർജി വർഗീസ് പറഞ്ഞു.

പ്രതിസന്ധികളിൽ തളരാതെ, ബന്ധങ്ങൾ അറ്റുപോകാതിരിക്കാൻ പുതിയ ജീവിത മാർഗങ്ങളിലൂടെയുള്ള പ്രയാണത്തിൽ നാം ഏറെ വിജയിച്ചു കഴിഞ്ഞുവെന്ന് ഫൊക്കാന സെക്രെട്ടറി ഡോ. സജിമോൻ ആന്റണി പറഞ്ഞു. ഫൊക്കാനയുടെ പുതിയ ഭരണ സമിതി തെരഞ്ഞെടുക്കപ്പെട്ടത് പരിമിതികളുടെ ഈ കാലഘട്ടത്തിലായിരുന്നുവെന്നത് ചരിത്രം സാക്ഷ്യപ്പെടുത്തിയതാണ്. പരസ്പരം കാണാതെ വിദൂരങ്ങളിൽ നിന്നുകൊണ്ടു പോലും ഒരുപാട് കാര്യങ്ങൾ പൊതുനന്മക്കായി ചെയ്യാൻ ഫോക്കാനയ്ക്കു കഴിഞ്ഞു. വെർച്ച്വൽ മീറ്റിംഗുകളിലൂടെ ഓരോരുത്തരും തമ്മിലുള്ള ദൂരവും അകൽച്ചയും വിരൽ തുമ്പിൽ അടുത്തെചേർത്തു വയ്ക്കാൻ കഴിഞ്ഞുവെന്നത് ഒരു  പുതിയ ജീവിത സംസ്ക്കാരരീതിയായി കാണാമെന്നും  ഡോ. സജിമോൻ കൂട്ടിച്ചേർത്തു.

എല്ലാം ശുഭകരമായ ദിനങ്ങളായിരിക്കും 2021ലെ പുതുവർഷത്തിൽ പുലരുകയെന്ന് ഫൊക്കാന ട്രഷറർ സണ്ണി മറ്റമന പറഞ്ഞു. പ്രതിസന്ധികളുടെയും പ്രതിബന്ധങ്ങളുടെയും നാളുകൾക്ക് അവധി നൽകി വീണ്ടും പഴയ ജീവിതത്തിലേക്ക് മടങ്ങിയെത്താൻ ഫൊക്കാനയുടെ എല്ലാ അംഗങ്ങൾക്കും സാധിക്കട്ടെയെന്നും സണ്ണി ആശംസിച്ചു. വരാനിരിക്കുന്ന നാളുകളിൽ ഫൊക്കാനയ്ക്ക് കൂടുതൽ ഉത്തരവാദിത്വമാണുള്ളതെന്ന് ഫൊക്കാന ട്രസ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ് പറഞ്ഞു. കോവിഡ് 19 ന്റെ സൃഷ്ടിച്ച ആഘാതത്തിൽ നിന്നും  ജനങ്ങളെ സാധാരണ നിലയിലേക്ക് കൊണ്ടുവരാനുള്ള ഉത്തരവാദിത്വം ഫൊക്കാനയ്ക്കുണ്ട്. അതിനായി എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു.

ഫൊക്കാനയുടെ പ്രവർത്തനോദ്‌ഘാടനത്തിൽ പ്രഖ്യാപിച്ച 11 പദ്ധതികളുടെ പൂർത്തീകരണത്തിനായി 2021 ലെ നല്ല നാളുകൾക്കായി കാത്തിരിക്കുകയാണെന്നും ഫൊക്കാനയുടെ നേതൃത്വത്തിൽ വരും നാളുകളിൽ കേരളത്തിലും നോർത്ത് അമേരിക്കയിലുമുള്ള മലയാളികളുടെ ഉന്നമനത്തിനായി  കൂടുതൽ ഇടപെടലുകൾ നടത്താൻ 2021ലെ  പുതുവർഷം അനുഗ്രഹപൂർണമായി തീരട്ടെയെന്ന് ഫൊക്കാനയുടെ ഭരണസമിതി ഭാരവാഹികൾ ആശംസിച്ചു. 

വാക്സീനിലൂടെ കോവിഡിനെ പിടിച്ചുകെട്ടി ലോകം മുഴുവനുമുള്ള ജനജീവിതം സാധാരണ നിലയിൽ ആയി തീരാനും കോവിഡ് 19 സൃഷ്ട്ടിച്ച സാമൂഹിക അകലങ്ങളും ഭയാശങ്കകളും മാറി സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഒത്തുചേരലുകൾക്കുള്ള അന്തരീക്ഷം ഈ പുതുവർഷത്തിൽ ലോകമലയാളികൾക്കും ലോകം മുഴുവനിലും ഉണ്ടാകുമാറാകട്ടെയെന്നും ഫൊക്കാന നേതാക്കന്മാർ ആശംസിച്ചു.
നല്ല നാളുകൾക്കായി ഫൊക്കാനയുടെ പുതുവത്സരാശംസകൾ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക