Image

അമിതാബ് ബച്ചൻ്റെ ഒപ്പമുള്ള ന്യൂ ഇയർ (ശ്രീജ പ്രവീൺ)

Published on 31 December, 2020
അമിതാബ് ബച്ചൻ്റെ ഒപ്പമുള്ള ന്യൂ ഇയർ (ശ്രീജ പ്രവീൺ)
ജീവിതത്തിൻ്റെ ആദ്യകാല പുതു വർഷങ്ങൾ എങ്ങനെയായിരുന്നു എന്ന് ഓർമ്മയില്ല. ആറിലോ എഴിലോ ആയ കാലം മുതലാണ് ക്രിസ്മസും ന്യൂ ഇയറും  ഒരമ്മ പെറ്റ അളിയമ്മാരെ പോലെ ഒന്നിച്ച് വരുന്നത് ആണെന്നും ഇതൊക്ക ആഘോഷിക്കാൻ ചില അംഗീകരിക്കപ്പെട്ട രീതികൾ ഉണ്ടെന്നും  മനസ്സിലായത്. സത്യത്തിൽ അതിനു നമ്മുടെ ദൂരദർശൻ വഹിച്ച പങ്ക് ചെറുതല്ല.

ഞാൻ രണ്ടിൽ പഠിക്കുന്ന വർഷമാണ് വീട്ടിൽ ടി വി എത്തിയത് . പതിയെ പതിയെ അതിൽ പറയുന്ന ഭാഷയൊക്കെ പിടി കിട്ടി വന്നപ്പോൾ കുറെ വർഷങ്ങൾ കഴിഞ്ഞ് പോയി.  ഡിസംബർ പകുതി ആകുമ്പോ തന്നെ പരസ്യങ്ങൾ തുടങ്ങും. ന്യൂ ഇയർ ഇതാ എത്തുകയായി, ഇനി പതിനഞ്ച്  ദിവസങ്ങൾ മാത്രം .. ഞങ്ങള് ഒരുക്കുന്ന വിസ്മയിപ്പിക്കുന്ന ദൃശ്യ വിരുന്ന് ഇതാ എത്തുന്നു എന്നൊക്കെയാണ് ബഹളം.. അന്ന് പരസ്യം വരുമ്പോൾ ചാനൽ മാറ്റൽ ഇല്ല. ബട്ട് വൈ? മാറ്റാൻ വേറെ ചാനൽ ഇല്ല, അത്ര തന്നെ.

മുപ്പത്തി ഒന്നിന് രാത്രി പത്തര മുതൽ പന്ത്രണ്ട് വരെ ഞാനും അനിയനും (മിക്കവാറും അമ്മയും) കണ്ണും മിഴിച്ച് ഇതിൻ്റെ മുന്നിൽ കുത്തി ഇരിക്കും. അർദ്ധ രാത്രി വർഷം പിറക്കാനുള്ള കൗണ്ട് ഡൗണുo കാത്ത്. ഹൊ , അന്നേരം കറൻ്റ് എങ്ങാനും പോയാൽ പിന്നെ ആ വർഷം എങ്ങനെ പിറക്കും? അഥവാ പിറന്നാൽ തന്നെ മോശം ആയിരിക്കും. ഇതൊക്കെ ആയിരുന്നു അന്നത്തെ വിശ്വാസ പ്രമാണങ്ങൾ. ആ കുഞ്ഞു സ്ക്രീനിൽ വന്ന് എത്രയോ തവണ  അമിതാബ് ബച്ചനും ഹേമ മാലിനിയും ഒക്കെ ഞങ്ങളുടെ കൂടെ പുതു വർഷം ആഘോഷിച്ചു. അവരൊക്കെ സ്വന്തം കുടുംബം പോലും ഉപേക്ഷിച്ച് പുതു വർഷത്തെ വരവേൽക്കാൻ ഞങ്ങടെ വീട്ടിൽ വരുന്നത്  ആലോചിച്ച് ഞാൻ പുളകിതയാകും പലപ്പോഴും.

വളർന്നു വന്നപ്പോൾ പുതു വർഷം എന്നത് ആശംസാ  കാർഡുകളുടേത് കൂടി ആയി. കാർഡ് കൊടുക്കുന്നതും കിട്ടുന്നതും പുതു വർഷ സന്തോഷങ്ങൾ ആയി.ഏകദേശം ഒരു മാസം മുൻപ് തന്നെ വീട്ടിൽ ബജറ്റ് അവതരിപ്പിക്കും. സെപ്റ്റംബർ മുതൽ നമ്മുടെ ഗുഡ് ബുക്കിൽ ഉള്ള കൂട്ടുകാരെ മാത്രമേ ഈ കാർഡ് ദാന പരിപാടിയിൽ ചേർക്കൂ. സെപ്റ്റംബറിൽ നടക്കുന്ന എൻ്റെ പിറന്നാള് മുട്ടായി വിതരണത്തിൽ നല്ല ആശംസകൾ നേരുന്നവർക്ക് പ്രത്യേക പോയിൻ്റ്സ് ഉണ്ട്. ഇതൊക്കെ നോക്കിയാണ് ലിസ്റ്റ് തയ്യാറാക്കുന്നത്. ഇവരെ ഒക്കെ കൂടാതെ കേരളത്തിന് പുറത്തുള്ള ബന്ധുക്കൾക്കും കാർഡുകൾ അയക്കും.

പൈസ ഒപ്പിച്ച ശേഷം വീടിന് അടുത്തുള്ള ഗ്രീറ്റിങ് കാർഡ് കടയിലേക്ക് യാത്രയാകും . കൂടെ അനിയനും കാണും അന്നൊക്കെ . നിര നിരയായി പല നിറത്തിലും തരത്തിലും ഉള്ള കാർഡുകൾ അടുക്കി വച്ചിരിക്കുന്ന ഒരു കുഞ്ഞു കട. ഓരോ കൂട്ടുകാർക്കും ഓരോ തരം കാർഡ് എടുക്കും. എഴുത്ത് കൂടുതൽ ഉള്ളത്, കുറവ് ഉള്ളത്, പടം ഉള്ളത് , സംഗീതം പൊഴിക്കുന്നത്, ത്രീ ഡി എഫക്റ്റ് ഉള്ളത് അങ്ങനെ അങ്ങനെ എത്രയോ തരം കാർഡുകൾ . സെൽഫ് സർവീസ് എന്ന പരിപാടി തുടങ്ങിയത് തന്നെ ഇങ്ങനെ ഉള്ള ആശംസാ കാർഡുകൾ വിൽക്കുന്ന കടകളിൽ ആയിരിക്കും എന്നാണ് തോന്നുന്നത്.

കൂട്ടുകാർക്കും ബന്ധുക്കൾക്കും ഉള്ള കാർഡ് അയച്ചു കഴിഞ്ഞാൽ പിന്നെ പോസ്റ്റ്മാനെയും കാത്തുള്ള ഇരിപ്പാണ്. ഡിസംബർ പാതി ആവുമ്പോൾ തന്നെ ഇന്ത്യയുടെ ഏതെങ്കിലും ഭാഗത്ത് നിന്നും എല്ലാ വർഷവും കൃത്യമായി എത്തുന്ന എയർ ഫോഴ്സിലെ ചിറ്റപ്പൻ്റെ  കാർഡ് മുതൽ ജനുവരി പത്താം തിയതി എവിടെയെങ്കിലും ഒക്കെ കറങ്ങി തിരിഞ്ഞ് നമ്മളെ തേടി എത്തുന്ന ഏതെങ്കിലും ഊരുതെണ്ടി കാർഡും ഒക്കെ പുതുവർഷത്തിൻ്റെ കുഞ്ഞു സന്തോഷങ്ങൾ ആയിരുന്നു.

കൂടുതൽ പുതു വർഷങ്ങൾ ആഘോഷിച്ച കാരണം ഞാനും അനിയനും വളർന്നു വലുതായി. ദൂരദർശനും ആശംസ കാർഡുകളും അല്ലാതെ പുറത്തും പുതു വർഷം ആഘോഷിക്കാം എന്ന് പത്താം ക്ലാസ്സ് ഒക്കെ കഴിഞ്ഞതോടെ അനിയൻ എന്നെ പഠിപ്പിച്ചു. ടിവിയില് ഷാരുഖ് ഖാൻ വന്നാലും ശില്പ ഷെട്ടി വന്നാലും അവന് മൈൻഡ് ഇല്ലാതായി. അപ്പോഴും അർത്ഥ രാത്രി വരെ കൗണ്ട് ഡൗൺ കാത്തിരിക്കുന്ന എന്നെ അവന് പരമ പുച്ഛവും.

കല്യാണം കഴിഞ്ഞപ്പോൾ എൻ്റെ മനസിലെ പുതു വർഷത്തിന് പുതുമാനങ്ങൾ വന്നു. രണ്ടു പേരും കൂടി ഏതെങ്കിലും മലയുടെ മുകളിൽ കയറി ഇരുന്നു ദൂരത്ത് പുതു വർഷം പൊട്ടി വിടരുന്നത് കാണാം എന്നൊക്കെ സ്വപ്നം കണ്ടിരുന്ന എന്നെ പുള്ളിക്കാരൻ ഞെട്ടിച്ചു കളഞ്ഞു. അദേഹത്തിന് സ്ഥിരം പുതു വർഷ പരിപാടി എന്നാല് കൂട്ടുകാരുടെ ഒപ്പമുള്ള യാത്ര ആണത്രേ. അതിനു ഭംഗം വരുത്തിയാൽ എന്തോ ദൈവ കോപം വരും എന്ന് എന്നെ പറഞ്ഞു മനസിലാക്കി ആദ്യത്തെ വർഷം അദ്ദേഹവും കൂട്ടുകാരും ബോണക്കാട് എന്ന ഒരു പ്രദേശത്ത് ന്യൂ ഇയർ പൊട്ടി വിടരുന്നത് കാണാൻ പോയി. ഞാൻ  ആ വാശിക്ക് ന്യൂ ഇയർ മമ്മൂട്ടിയുടെയോ മോഹൻ ലാലിൻ്റെയോ കൂടെയാണ് ആഘോഷിച്ചത്..മലയാളം ചാനലുകൾ എത്തി കഴിഞ്ഞിരുന്നു അപ്പോഴേക്കും നമ്മളെ തേടി.

കാലം കടന്നു പോയി. നാട് വിട്ട് പ്രവാസി ആയി മാറി. മക്കൾ വളർന്നു തുടങ്ങി. കാർഡുകൾക്ക് പകരം ഫേസ്ബുക്കും വാട്ട്സ്ആപ്പും വന്നെത്തി.
കൂട്ടുകാർ കുടുംബമായി മാറി . ഈയടുത്ത കുറെ വർഷങ്ങളായി എല്ലാ പുതുവർഷവും കൂട്ടുകാരുടെയും അവരുടെ കുടുംബങ്ങളുടെയും കൂടെയാണ് .  ഞങ്ങളുടെ വീടാണ് എല്ലാവർക്കും ഉള്ള താവളം. ഒരു വർഷത്തെ മുഴുവൻ ടെൻഷനും വിഷമങ്ങൾക്കും അവധി കൊടുക്കുന്ന രണ്ടു ദിവസങ്ങൾ ആണത് . എല്ലാം മറന്ന് സന്തോഷിക്കാനും പൊട്ടി ചിരിക്കാനും ഉള്ള ദിവസങ്ങൾ.

 ഈ വർഷവും ഞങ്ങളുടെ
 വീട്ടിൽ ഇരുന്നു തന്നെ ഇവിടത്തെ പ്രധാന ന്യൂ ഇയർ ആഘോഷങ്ങൾ ഒക്കെ കാണാം . പക്ഷേ കൂടെ കൂടാൻ യാത്രാ വിലക്കുകൾ കാരണം കൂട്ടുകാർക്ക് എത്താൻ പറ്റില്ല.

ഒരു ബുദ്ധിമുട്ടേറിയ വർഷം കഴിഞ്ഞ് പുതിയ വർഷത്തിലേക്ക് പ്രവേശിക്കുമ്പോൾ മനസിലാകുന്നു. ടിവിയോ ആശംസാ കാർഡോ യാത്രകളോ ഒന്നുമല്ല പുതുവർഷത്തെ സന്തോഷകരം ആക്കുന്നത് , കുടുംബത്തിൻ്റെയും കൂട്ടുകാരുടെയും കൂട്ടാണ്. അവരുടെ കൂടെ ചിലവഴിക്കാൻ  കിട്ടുന്ന സമയമാണ്. അവരുടെയൊക്കെ ആരോഗ്യമാണ് ഏറ്റവും വില കൂടിയ സമ്മാനം.

എല്ലാ മുഖം മൂടികളും അഴിച്ചു വച്ച് നിറഞ്ഞ സന്തോഷത്തോടെ  നമുക്കെല്ലാം പ്രിയപ്പെട്ടവരെ വീണ്ടും കണ്ടു മുട്ടാനുളള അവസരം ഇനിയുള്ള എല്ലാ വർഷങ്ങളിലും   കിട്ടട്ടെ എന്ന പ്രാർത്ഥന മാത്രമേ ഉള്ളൂ ഇത്തവണ.  

നന്ദി പ്രകാശനം -

കെട്ടിയോൻ  പിന്നീടുള്ള എല്ലാ പുതു വർഷങ്ങളും എൻ്റെം പിള്ളേരുടെയും കൂടെയാണ് ആഘോഷിച്ചത്. അതിനു ഞാൻ ബോണക്കാട് ഉള്ള "അട്ട"കൾക്ക് പ്രത്യേക  നന്ദി രേഖപ്പെടുത്തി കൊള്ളുന്നു. പാവപ്പെട്ട മനുഷ്യൻ്റെ കാലു മൊത്തം കടിച്ചു ചൊറിഞ്ഞു വന്നു ആ യാത്രക്ക് ശേഷം. അത് കാരണം സാഹസിക യാത്രകൾ നിറുത്താൻ തീരുമാനിച്ചു പുള്ളിക്കാരൻ.
ഹൗ റൊമാൻ്റിക് !!!

അമിതാബ് ബച്ചൻ്റെ ഒപ്പമുള്ള ന്യൂ ഇയർ (ശ്രീജ പ്രവീൺ)
Join WhatsApp News
Akhila Ani 2021-01-01 11:43:07
😊😊nice writing Sreeja. Wish you many more new year celebrations with family and friends
Smitha 2021-01-01 17:55:52
Nice work 👌👌
Jayasree 2021-01-02 06:20:46
വരും വർഷങ്ങൾ പ്രിയപ്പെട്ടവരുമായി എല്ലാ ആഘോഷങ്ങളിലും ഒന്നിക്കാൻ കഴിയട്ടെ. Nice writing Sree. Was eagerly waiting for your new blog. Thanks. എന്റെ hus നും ബോണക്കാട് അട്ടകൾ ഏറെ പ്രിയപ്പെട്ടവരാണ്. ഈ പുതുവർഷം അവരോടൊപ്പം പോകാൻ പറ്റിയില്ല. പാവം. Wish u a very very happy new year
Anitha Nair K 2021-01-02 08:57:35
Nice writeup da. Yes I also got nostalgic thinking about those Christmas cards
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക