Image

പുതുവര്‍ഷത്തിന്റെ നൊമ്പരത്തിപ്പൂവ്-(കഥ: രാജുചിറമണ്ണില്‍)

രാജുചിറമണ്ണില്‍ Published on 31 December, 2020
പുതുവര്‍ഷത്തിന്റെ നൊമ്പരത്തിപ്പൂവ്-(കഥ: രാജുചിറമണ്ണില്‍)
ഇന്നലെ പെയ്ത മഴയില്‍ നനഞ്ഞു കുതിര്‍ന്ന പച്ചമണ്ണില്‍ ചിതറിക്കിടക്കുന്ന ചെമ്പരത്തിപ്പൂവിതളുകള്‍.

ഒരടി അകലത്തില്‍ കിടക്കുന്ന കുഴിമാടങ്ങളുടെ തലയ്ക്കല്‍ കുനിഞ്ഞിരുന്ന് നനഞ്ഞ മണ്ണ്. കൈകളിലെടുത്ത് അനീഷ് തന്റെ ചുണ്ടോടു ചേര്‍ത്തു. അകലെ ചക്രവാളത്തില്‍ അന്നും പതിവുപോലെ സൂര്യനുദിച്ചു.

ഇന്നത്തെ സൂര്യന്‍ പുതിയ വര്‍ഷത്തിന്റെ പുതുപുലരിയും വിളിച്ചോതിയാണ് ഉദിച്ചുയര്‍ന്നിരിക്കുന്നത്. കൂരയ്ക്കുമുകളില്‍ വിരിച്ചിരിക്കുന്ന, പൊട്ടിപ്പിഞ്ചിയ, നീലടാര്‍പ്പാളികളുടെ വിടവില്‍ കൂടി ഒലിച്ചിറങ്ങുന്ന മഴത്തുള്ളികളില്‍ പ്രഭാതരശ്മികള്‍ ഏഴുനിറം നിറച്ച്, നിറഞ്ഞു തുളുമ്പുന്ന അനീഷിന്റെ കണ്ണുകളില്‍ പതിച്ചപ്പോള്‍ കൈപ്പടം കൊണ്ട് അമര്‍ത്തിത്തുടച്ചു.

എല്ലാം ഒരു ഭീകരസ്വപ്‌നം പോലെ- തകര്‍ന്ന മനസ്സിനുടമയായ അമ്മയേയും ചേര്‍ത്തു പിടിച്ച്, മറുകൈയ്യില്‍ ഒരു ജന്മത്തിന്റെ നിലനില്‍പിന്റെ അവസാന ആയുധമായി ശ്രമിക്കാമെന്ന പാഴ്ചിന്തയുമായി കടന്നു വന്നപ്പോഴും ഇങ്ങനെ ഒന്ന് സംഭവിക്കുമെന്ന് സ്വപ്‌നേപി കരുതിയിട്ടുണ്ടാവില്ല. ഇനി അഥവാ അങ്ങനെ എന്തെങ്കിലും-? ഇല്ല- അച്ഛന്‍ അങ്ങനെ കരുതിയിട്ടുണ്ടാവില്ല. എത്ര പെട്ടെന്ന്-.

കഴിഞ്ഞ പുതുവര്‍ഷപ്പുലരിയില്‍ പണിക്കു പോകുന്നതിനുമുമ്പ്, തന്നെയും, അമ്മയേയുംക്കൂട്ടി, തകരമടിച്ച ഭിത്തിയില്‍ തൂക്കിയിരുന്ന കൃഷ്ണന്റെ പടത്തിനുമുമ്പില്‍ ചേര്‍ത്തു നിര്‍ത്തി പകുതികത്തിത്തീര്‍ന്ന ചന്ദനത്തിരി കത്തിച്ച ശേഷം, പുതുവര്‍ഷത്തിന്റെ മധുരം ചുണ്ടില്‍ വച്ച് പണിക്കിറങ്ങുമ്പോള്‍, അടുത്ത പുതുവര്‍ഷത്തലേന്ന് നനഞ്ഞു കുതിര്‍ന്ന മണ്‍ക്കൂനക്കട്ടിയില്‍ രണ്ടു ജീവിതം അവസാനിക്കുമെന്ന് ഒരിക്കലും കരുതിയിട്ടുണ്ടാവില്ല.

ഇന്നും പലരും വന്നിരുന്നു, അനുശോചനം അറിയിക്കാന്‍, സാന്ത്വനത്തിന്റെ നിറം പകര്‍ന്ന വാക്കുകളില്‍ ചേര്‍ത്തണക്കാന്‍-വാക്കുകളില്‍ ഒതുങ്ങുന്ന സഹായ വാഗ്ദാനങ്ങളുടെ നീണ്ട തിട്ടൂരം സമര്‍പ്പിക്കാന്‍- അനാഥത്വത്തിലേക്ക് തള്ളിവിട്ടവനെ സനാഥനാക്കുവാനുള്ള പ്രഹസനങ്ങളുടെ പ്രവാഹം- എന്തൊക്കെയായിരുന്നു.
മനസ്സിന്റെ ഉള്ളില്‍ നിന്നും കിനിയുന്ന കണ്ണീര്‍ തുള്ളികള്‍ എവിടെയും കണ്ടില്ല-
ഇല്ലെന്ന് പറയാനാവില്ല-

കത്തിയെരിഞ്ഞ അച്ഛന്റേയും, അമ്മയുടേയും കുഴിമാടം കുത്താന്‍, തറഞ്ഞുകിടക്കുന്ന മണ്‍തിട്ടയില്‍ ആഞ്ഞുകൊത്തുമ്പോള്‍, തന്റെ ഉള്ളംകൈകളില്‍ തഴമ്പിന്റെ കുമിളകള്‍ വന്നുപൊട്ടുമ്പോള്‍, രക്തം വിയര്‍പ്പുകണങ്ങളായി ഒലിച്ചിറങ്ങിയപ്പോള്‍, തന്നെ മാറ്റി നിര്‍ത്തി ആറടി കുഴിമാന്തുവാന്‍ തന്നെ സഹായിച്ചവര്‍ ഏറെയുണ്ട്.
ശാസ്ത്രമോ-പ്രത്യയശാസ്ത്രമോ അവര്‍ പഠിച്ചിട്ടില്ല.
പകല്‍ മുഴുവന്‍ അദ്ധ്വാനിച്ച് ഒരു നേരത്തെ കഞ്ഞിക്ക് വകതേടുന്നവര്‍.
മിന്നിത്തെളിയുന്ന ക്യാമറക്കണ്ണുകളിലേക്ക് അവര്‍ നോക്കിയില്ല- ചാനല്‍ക്കാരുടെ ചോദ്യങ്ങള്‍ക്കു മറുപടി പറഞ്ഞില്ല. ശരീരത്തില്‍ നിന്നും ഒലിച്ചിറങ്ങുന്ന വിയര്‍പ്പിന്‍ തുള്ളികള്‍ എന്റെ അച്ഛന്റേയും, അമ്മയുടേയും കുഴിമാടത്തെ നനച്ചു കൊടുത്തതല്ലാതെ അവര്‍ ഒന്നും ആഗ്രഹിച്ചില്ല.

അച്ഛനും അങ്ങനെയായിരുന്നു. രാത്രിയിലെ ഭക്ഷണത്തിന്റെ ബാക്കി പൊതിഞ്ഞുകെട്ടി വഴിയോരങ്ങളില്‍ വിശപ്പിന്റെ കാളലുമായി കഴിയുന്ന നിര്‍ഭാഗ്യവാന്മാര്‍ക്ക് കൊടുത്തിട്ടല്ലാതെ അച്ഛന്‍ പണിക്കു പോകാറില്ലായിരുന്നു.
അമ്മയുടെ സ്ഥിതിയെപ്പറ്റി ഓര്‍ത്തിട്ടാവുമോ?.... ആര്‍ക്കറിയാം-, ഇന്നുവരെ അച്ഛന്‍ ഒന്നും പറഞ്ഞിട്ടില്ല.

ഒരു തുണ്ടുഭൂമിയില്‍ ഷീറ്റും, തകരപ്പാട്ടയും അടിച്ച്, ടാര്‍പ്പാളികൊണ്ട് മേല്‍ക്കൂരത്തീര്‍ത്ത ആ കൊച്ചുകുടിലില്‍-, അല്ല ഞങ്ങളുടെ സന്തോഷക്കൂടാരത്തില്‍, എത്ര സന്തോഷവും, സമാധാനവുമായിരുന്നു. പരാതിയും പരിഭവവും ഇല്ലാതെ സ്വന്തസന്തോഷത്തേയും, സൗഭാഗ്യങ്ങളേയും കണക്കാക്കാതെ, കൂടപ്പിറപ്പുകള്‍ക്കായി-കുടുംബത്തിനായി, എരിഞ്ഞടങ്ങേണ്ടിവന്ന അച്ഛന്‍- കൂട്ടായി അമ്മയും. മരിക്കാനായിരുന്നുവെങ്കില്‍ എന്നെയും ക്കൂട്ടിയേനേം, തന്നെ അനാഥനായിവിടാന്‍ അച്ഛന്‍ ആഗ്രഹിക്കുമായിരുന്നില്ല- പിന്നെ എ്ന്താണ്-,

നീതി നടപ്പാക്കാനുള്ള, ആരുടെയൊക്കെയോ ആജ്ഞ നിറവേറ്റാനുള്ള തന്ത്രപ്പാടിനുള്ളില്‍, കോറിയ ഒരു കുമ്പിള്‍ കഞ്ഞി തൊണ്ടക്കുഴിയില്‍ എത്തുന്നതിനു മുമ്പെ കത്തിയെരിയാന്‍ വിധിക്കപ്പെട്ട ഈ ജീവിതങ്ങള്‍ക്ക് ആരാണ് ഉത്തരവാദി....??... മേലാളോ-, അടിയാളോ-, അതോ രണ്ടും കൂടിക്കൂടിയ സമൂഹമോ...??
എനിക്കറിയില്ല-,

നഷ്ടം എന്റേതുമാത്രം- ജീവിതം മുഴുവന്‍ നീറിനീറിത്തീര്‍ക്കാന്‍ വിധിക്കപ്പെട്ടവന്‍. ഞാന്‍ മാത്രമോ!!
എത്രയെത്ര സംഭവങ്ങള്‍-,
എത്രയെത്ര ജീവിതങ്ങള്‍-
സ്വപ്‌നങ്ങള്‍-, അതെത്രെമാത്രമായിരുന്നു. ഇന്നലെയും, ഓര്‍മ്മകളുടെ പിടിവള്ളികള്‍ തിരികെ കിട്ടിയപ്പോഴാവാം. അമ്മയോടു പറയുന്നതു കേട്ടു ഈ വര്‍ഷം ഒന്നാം തീയതി പണിക്കു പോകുന്നില്ല- എല്ലാവരും ഒന്നിച്ചു അടുത്തുള്ള അമ്പലത്തില്‍ പോകണം- ഈ മഹാമാരിയില്‍ കാത്തുപരിപാലിച്ച ഈശ്വരന് നന്ദിസൂചകമായി ഒരു വഴിപാട് നടത്തണം... അച്ഛന്‍ ഇങ്ങനെ പറഞ്ഞു ഇതുവരെ കേട്ടിട്ടില്ല-
വലിയ ആഗ്രഹങ്ങള്‍ ഒന്നും അച്ഛന് ഉണ്ടായിരുന്നില്ല- ഈ തകരഷെഡ്ഡില്‍ നിന്നും അടച്ചറപ്പുള്ള ഒരു ചെറിയ വീട്-, അത്രമാത്രം.

ഇന്ന്-,
ഈ പുതുവര്‍ഷപ്പുലരിയില്‍, സാധിക്കാത്ത കൊച്ചുസ്വപ്‌നങ്ങളുടെ രാജാവും, രാജ്ഞിയുമായി രണ്ടു ജീവിതങ്ങള്‍ പച്ചമണ്ണിന്റെ ഈ മരവിപ്പില്‍ നിത്യമായ നിദ്രയിലേക്ക് കടന്നിരിക്കുന്നു. അവരിപ്പോള്‍ എങ്ങനെയായിരിക്കും.?? എല്ലാ പ്രഭാതത്തിലും തന്നെ വിളിച്ചുണര്‍ത്തി, തലയില്‍ ഒന്ന് തലോടി, മറവിയുടെ പിറകെ, നിഴലുകളെ എത്തിപ്പിടിക്കാന്‍ ശ്രമിക്കുന്ന അമ്മയുടെ ശോഷിച്ച കരങ്ങളെ ഒന്നു തടവി പുലരിയുടെ മുറ്റത്തേക്ക് ഇറങ്ങിപ്പോകുന്ന അച്ഛന്‍-അച്ഛന്റെ നീണ്ടുപോകുന്ന നിഴലുകളെ നോക്കി നിശ്ശബ്ദതയുടെ രൂപം പേറി ഇരിക്കുന്ന അമ്മ- ഒന്നും ഓര്‍ക്കുവാന്‍- ചിന്തിക്കുവാന്‍-വയ്യ- ഇന്നലെ പെയ്ത മഴയില്‍ കുതിര്‍ന്ന ആ കുഴിമാടങ്ങളിലേക്ക്, ആരോ കൊണ്ടുവച്ച നരച്ചു തുടങ്ങിയ പൂക്കള്‍ വാരിവിതറുമ്പോള്‍, അങ്ങകലെ ആകാശത്തില്‍ പുതിയ വര്‍ഷത്തിന്റെ പ്രഭാതം പൊട്ടിവിടരുകയായി-ആര്‍ക്കുവേണ്ടി...??
സര്‍വ്വചരാചരങ്ങള്‍ക്കും ഒരു പോലെ പ്രകാശം പരത്താന്‍-, വേര്‍തിരിവുകള്‍ ഇല്ലാതെ-.

പുതുവര്‍ഷത്തിന്റെ നൊമ്പരത്തിപ്പൂവ്-(കഥ: രാജുചിറമണ്ണില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക