Image

പാമ്പും കോണിയും - നിർമ്മല - നോവൽ -26

Published on 26 December, 2020
പാമ്പും കോണിയും - നിർമ്മല - നോവൽ -26
- സാലിച്ചേച്ചീ കാപ്പി.
എന്നു കേൾക്കുമ്പോൾ ചില നേരത്ത് സാലിക്ക് അരിശംവരും. എന്നാലും കാപ്പി കൊടുത്തുകഴിയുമ്പോൾ അതു കുടിച്ചുകഴിയുന്നതു വരെ അടുക്കളമേശയ്ക്കരികിലിരുന്ന് ജിമ്മി സാലിയോടു വർത്തമാനം പറയും. അങ്ങനെയൊരു സൗജന്യം ജോയി ചെയ്യാറില്ല.
ജിമ്മിയെ അന്വേഷിച്ചു പലപ്പോഴും കൂട്ടുകാർ വന്നു. സാലി അവർക്കും കാപ്പിയും ഊണും കൊടുത്തു. ബാച്ചിലേഴ്സ്. അമ്മയില്ലാക്കുട്ടികൾ. പട്ടിണിക്കുട്ടികളായിരിക്കും എന്നു കരുതി സാലി സ്നേഹത്തോടെ പിശുക്കാതെ ഭക്ഷണം കൊടുത്തു. അനാഥക്കുട്ടികളുടെ വിശപ്പ് സാലിയോളം ആർക്കാണ് അറിയുന്നത് ? 
കാനഡ മരത്തിൽ
ഡോളർ പറിക്കാൻ
പോയവരുടെ കഥ
നിർമ്മലയുടെ നോവൽ
പാമ്പും കോണിയുംകളി തുടരുന്നു..
                  ...........          .............

കുട്ടികൾ ബോർഡ് ഗെയിമുമായി ഇരിക്കുന്നതു കണ്ടപ്പോൾ ജിമ്മി പറഞ്ഞു.
- ഇതു നമ്മുടെ തായം കളിയല്ലേ?
മടലിന്റെ പുറംഭാഗം നീളത്തിൽ മുറിച്ചെടുത്ത് ഒരേ വലിപ്പമുള്ള നാല് തായങ്ങൾ ഉണ്ടാക്കും. സ്കെയിലുപോലെയിരിക്കുന്ന തായത്തിന്റെ ഒരു വശത്തിനു വെളുത്ത നിറവും മറ്റേ പുറത്തിനു പച്ചനിറവുമായിരിക്കും. നന്നായിട്ടൊന്നു കശക്കി വീഴ്ത്തുമ്പോൾ വെളുത്ത നിറം നോക്കിയാണു പോയിന്റുകൾ നിശ്ചയിക്കുന്നത്. ഒന്ന്, രണ്ട് , മൂന്ന്, നാല് - എല്ലാം മലർന്നാണു വീണതെങ്കിൽ ,എല്ലാം കമഴ്ന്ന് പച്ചവശം മുകളിലായിട്ടാണു വീണതെങ്കിൽ എട്ടു പോയിന്റ്.
അഞ്ചു കളങ്ങൾ വീതമുള്ള ഇരുപത്തിയഞ്ചു സമചതുരങ്ങളുള്ള കളം. അത് ചോക്കു കൊണ്ടോ കരികൊണ്ടോ വരാന്തയിൽ വരയ്ക്കും. അതിൽ പുറത്തെ വരിയിലെ നടുവിലത്തെ കളത്തിൽ x എന്ന് അടയാളപ്പെടുത്തും. അതാണ് തുടക്കം. നാലുവശത്തുനിന്നുമായി നാലു പേർക്ക് ഒരേ സമയം കളിക്കാം. എപ്പോഴും വലത്തേക്കാണു പോകുന്നത്. കരുവായി തിരിച്ചറിയാൻ പാകത്തിൽ എന്തും ഉപയോഗിക്കാം. ചെറിയ കല്ല് , മഞ്ചാടിക്കുരു , പേപ്പർ ചെറുതായി ഉരുട്ടിയത്. നാലുമണിച്ചെടിയുടെ കറുത്ത കായകളായിരുന്നു ജിമ്മിക്കു പ്രിയപ്പെട്ട കരു അത് ജിമ്മിക്ക് ഭാഗ്യമാണെന്നും തോന്നിയിട്ടുണ്ട്.
ഒരാളുടെ കരുവിരിക്കുന്ന അതേ കളത്തിൽ മറ്റൊരാൾ വന്നിൽ ആദ്യത്തെയാൾ പുറത്താവും. വീണ്ടും ഒന്നടിച്ച് തുടക്കത്തിലൂടെ കയറണം. നടുവിലെ കളത്തിൽ വരച്ചിരിക്കുന്ന x ആണ് സ്വർഗ്ഗം. ആദ്യം എല്ലാ കരുക്കളും സ്വർഗ്ഗത്തിൽ എത്തിക്കുന്ന ആൾക്കു വിജയം.
ഈ നിയമങ്ങളും വിദ്യയും സായിപ്പിൽനിന്നും കേരളത്തിൽ എത്തിയതാവുമോ അതോ നമ്മുടെ പഴയ കളികൾക്ക് സായിപ്പ് പേറ്റന്റ് എടുത്തതാണോ എന്ന് ജിമ്മി സംശയിച്ചു.
തായം ശരിക്കും ഡൈസ് ആണെന്നു പിന്നെയുംപിന്നെയും ഓർത്ത് സാലി അത്ഭുതപ്പെട്ടു. ജിമ്മിയുടെ ബുദ്ധിയിൽ അവൾക്ക് മതിപ്പു തോന്നി. എത്ര കാലമായി ഇതു കാണുന്നു. പക്ഷേ, സാലിക്ക് അങ്ങനെയൊരു ബന്ധം ആലോചിച്ചെടുക്കാൻ കഴിഞ്ഞിട്ടില്ല.
സാലി തായംകളിയിൽ നിപുണയായിരുന്നില്ല. എത്ര ശ്രമിച്ചിട്ടും ഭാഗ്യക്കരുക്കൾ അവൾക്കുവേണ്ടി മലക്കം മറിഞ്ഞില്ല. സാലിക്ക് എത്ര നേരം വേണമെങ്കിലും ഒറ്റക്കാലിൽ ചാടാം. അക്കുകൾ വര തൊടാതെ ദൂരേക്കു തട്ടിത്തെറിപ്പിക്കാം. കൊത്താംകല്ലുകൾ വാരിയെടുക്കാം. വള്ളിചുഴറ്റി നിർത്താതെ ചാടാം ഭാഗ്യം തനിയെ ഉണ്ടാക്കാൻ പറ്റുന്നതല്ലല്ലോ, അത് അവളുടെ പക്ഷം ചേരാൻ കൂട്ടാക്കിയില്ല.
ജോലി തുടങ്ങിയതോടെ മറ്റു പല പുതുമകളും ജിമ്മിക്കു മുന്നിൽ വായ പിളർന്നു. ഓഫീസിൽ ജിമ്മിയുടെ ഡിപ്പാർട്ടുമെന്റിലെ എല്ലാവരും ഉച്ചഭക്ഷണം പുറത്തുനിന്നുമാണു കഴിക്കുന്നത്. ഓഫീസിനടുത്തുള്ള ഓരോ റെസ്റ്റോറന്റുകളിൽ അവർ മാറിമാറിപ്പോവും. വീട്ടിലിരിക്കുമ്പോൾ ജിമ്മിക്ക് എപ്പോഴും വിശപ്പാണ്. സാലി കൊടുത്തു വിടുന്ന ചോറും കറികളും ചപ്പാത്തിയുമൊന്നും അവന്റെ വിശപ്പുകെടുത്തിയില്ല. അതുകൊണ്ട് ജിമ്മിക്കും പുറത്തുപോയി ആഹാരം കഴിക്കുന്നതിൽ സന്തോഷമേ ഉണ്ടായിരുന്നുള്ളു.
മെനു കാണുമ്പോഴെ ജിമ്മിക്കു പരിഭ്രമം തുടങ്ങും. ഇതിലേതാണു ഓർഡറു ചെയ്യുക? കത്തി വേണ്ടാതെ ഫോർക്കുകൊണ്ടു കുത്തിയെടുത്തു കഴിക്കാൻ ഏതാണു പറ്റിയതെന്നു തിരഞ്ഞുതിരഞ്ഞ് ജിമ്മിയുടെ കണ്ണുകൾ മെനുവിലൂടെ പരിഭ്രമത്തിൽ പാഞ്ഞു നടക്കും.
ചിക്കൻ ഷാലെയിലെ മെനുവിൽ ക്ലബ്ബ് സാൻഡ് വിച്ച് എന്നു കണ്ടപ്പോഴെ ജിമ്മിക്ക് ആശ്വാസം തോന്നി. രണ്ടു ക്ഷണം ബ്രെഡ്ഡിനു നടുവിൽ എന്തു വെച്ചാലും സാൻഡ് വിച്ചാവും . ചിക്കനും ബെയ്ക്കണും തക്കാളിയും ചേർന്ന സാൻഡ് വിച്ച് ചതിക്കില്ല എന്നുറപ്പുള്ളതു കൊണ്ടാണ് ധൈര്യമായി അയാൾ ഓർഡറു ചെയ്തത്. സാൻഡ്രയും അതുതന്നെ ഓർഡറു ചെയ്തപ്പോൾ ജിമ്മിക്കു കുറച്ചൊരു അഭിമാനം തോന്നി.
സാൻഡ് വിച്ച് മുന്നിൽ വന്നതും സാൻഡ്ര വെയിറ്ററോടു ചോദിച്ചു.
- ഇതിൽ മെയോ പുരട്ടിയിട്ടുണ്ടോ?
- ഇല്ല വേണമെങ്കിൽ കൊണ്ടുവന്നു തരാം.
യേസ് പ്ലീസ്
- നിങ്ങൾക്കും വേണോ ?
പെട്ടെന്നു വേണ്ടെന്നു പറയാനാണ് ജിമ്മിക്കു തോന്നിയത്.
മൈ ഗോഡ്, ക്ലബ്ബ് സാൻഡ് വിച്ച് മെയോ ഇല്ലാതെങ്ങനെ കഴിക്കും?
- ഈർക്കിൽ കോലത്തിലിരിക്കുന്ന നീയെന്താ ഡയറ്റിലാണൊ?
പൊട്ടിച്ചിരിക്കിടയിൽ വെറുതെ ചിരിച്ചു കൊടുത്ത ജിമ്മിക്ക് ചെവിത്തുമ്പിൽ ചൂടുതോന്നി. വെയിറ്റർ ചെറിയ പാത്രത്തിൽ മെയോണൈസുമായി വന്നപ്പോഴാണ് അതിന്റെ ഓമനപ്പേരാണു മെയൊ എന്നു ജിമ്മിക്കു മനസ്സിലായത്.

കുടിയേറ്റക്കാർ യന്ത്രത്തെപ്പോലെ പണിയും എന്നാൽ ആധികാരികമായി സംസാരിക്കാൻ അവർക്ക് അറിയില്ല. മറ്റുള്ളവർ സംസാരിക്കുമ്പോൾ ഇന്ത്യക്കാർ സ്ഥാനത്തും അസ്ഥാനത്തും ചിരിച്ചുകൊണ്ട് തലയാട്ടും. അതുകൊണ്ട് വലിയ വാക്കുകൾ ഭംഗിയായി അടുക്കി പറയാനറിയുന്ന ഒരാളെ മാനേജരാക്കി വെച്ച് വെള്ളക്കാർ വിജയം ഉറപ്പാക്കുന്നു.
ജിമ്മി കൂടെ താമസിച്ച കാലത്ത് സാലി ജിമ്മിക്കു വേണ്ടി പ്രത്യേകം കറികളുണ്ടാക്കി. അയാളുടെ തുണി കഴുകി മടക്കിക്കൊടുത്തു. ജിമ്മിയെ ടി.വി. കണ്ടിരിക്കാനേ കൊള്ളൂ എന്ന് സാലിക്കു തോന്നാറുണ്ട്.
- സാലിച്ചേച്ചീ കാപ്പി.
എന്നു കേൾക്കുമ്പോൾ ചില നേരത്ത് സാലിക്ക് അരിശംവരും. എന്നാലും കാപ്പി കൊടുത്തുകഴിയുമ്പോൾ അതു കുടിച്ചുകഴിയുന്നതു വരെ അടുക്കളമേശയ്ക്കരികിലിരുന്ന് ജിമ്മി സാലിയോടു വർത്തമാനം പറയും. അങ്ങനെയൊരു സൗജന്യം ജോയി ചെയ്യാറില്ല.
ജിമ്മിയെ അന്വേഷിച്ചു പലപ്പോഴും കൂട്ടുകാർ വന്നു. സാലി അവർക്കും കാപ്പിയും ഊണും കൊടുത്തു. ബാച്ചിലേഴ്സ്. അമ്മയില്ലാക്കുട്ടികൾ. പട്ടിണിക്കുട്ടികളായിരിക്കും എന്നു കരുതി സാലി സ്നേഹത്തോടെ പിശുക്കാതെ ഭക്ഷണം കൊടുത്തു. അനാഥക്കുട്ടികളുടെ വിശപ്പ് സാലിയോളം ആർക്കാണ് അറിയുന്നത് ? അവർ രുചിയോടെ ഭക്ഷണം കഴിക്കുന്നത് നിറഞ്ഞ മനസ്സോടെ അവൾ കണ്ടുനിന്നു. അവർ അവളുടെ പാചകത്തെ പുകഴ്ത്തി.
ജോയിക്ക് അതിഷ്ടമാവുന്നുണ്ടായിരുന്നില്ല. എത്രയേറെ ഭക്ഷണമാണ് ആൺപട തിന്നു തീർക്കുന്നത്. അതു മാത്രമല്ല തീർന്നു പോകുന്നത്. ബേസ്മെന്റിൽ അയാൾ ഭദ്രമായി സൂക്ഷിച്ചുവെച്ചിരിക്കുന്ന കുപ്പികളും ഒഴിയുന്നുണ്ടായിരുന്നു. സാലി അറിയാതെ. അത് സാലിയോടു പറയാൻ അയാൾക്കു മടി തോന്നി.
                         തുടരും ...
പാമ്പും കോണിയും - നിർമ്മല - നോവൽ -26
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക