Image

നക്ഷത്രങ്ങൾ കണ്ണ് ചിമ്മിയ രാത്രി (കഥ-ജെസ്സി ജിജി)

Published on 25 December, 2020
നക്ഷത്രങ്ങൾ കണ്ണ് ചിമ്മിയ രാത്രി (കഥ-ജെസ്സി ജിജി)
നക്ഷത്രങ്ങൾ കണ്ണുചിമ്മുന്ന രാത്രിയിൽ , ഇങ്ങു ഭൂമിയിൽ, ജീവശ്വാസത്തിനായി  പിടഞ്ഞു, ഒരു കൂട്ടം യന്ത്രങ്ങളുടെ ഇടയിൽ , വാടിത്തളർന്ന ചേമ്പിൻ തണ്ടുപോലെയുള്ള ആ കുഞ്ഞുശരീരത്തിൽ മിടിക്കുന്ന ഹൃദയത്തുടിപ്പുകൾ എന്നോട് എന്തോ പറയാൻ ശ്രമിക്കുന്നുവോ ? അവൾ ഗാബി-ഗബ്രിയേല.. തെക്കേ അമേരിക്കയിലെ ബൊളീവിയയിൽ നിന്നും സ്വപ്നങ്ങളുടെ തേരിലേറി വന്ന ഒരു കുഞ്ഞു താരകം .ഒരു നേരത്തെ ആഹാരത്തിനു പോലും വളരെ ബുദ്ധിമുട്ടിയിരുന്നുവെങ്കിലും, ജന്മനാടിനെ ഗാബിയുടെ മാതാപിതാക്കൾ വളരെ സ്നേഹിച്ചിരുന്നു. പക്ഷെ ബൊളീവിയയിലെ ആഭ്യന്തര കലഹങ്ങളും , അക്രമങ്ങളും ജീവന് ഭീഷണി ആയപ്പോൾ , ഗാബിക്ക് ഒരു നല്ല ഭാവി  സ്വപ്നം കണ്ടു, ജീവനും കയ്യിൽ പിടിച്ചു ബൊളീവിയയിൽനിന്നും ഉള്ള ഒരു ഒളിച്ചോട്ടം. ഏവരുടെയും സ്വപ്ന ഭൂമിയായ അമേരിക്കൻ മണ്ണിലേക്ക്.

"ഗാബി  ". പത്തുവയസുള്ള ഒരു കുസൃതിക്കുടുക്ക.വെള്ളാരം കണ്ണുകളുള്ള ഒരു കൊച്ചുസുന്ദരി. ഗാബിയുടെ മാതാപിതാക്കൾക്ക് പക്ഷെ സ്വപ്നഭൂമിയിലെ ജീവിതം അത്ര സ്വപ്നതുല്യമായിരുന്നില്ല. ഒരു ജോലി തേടിയുള്ള അലച്ചിൽ. വേണ്ടത്ര രേഖകൾ ഇല്ലാത്തതിനാൽ , പോലീസിനെയും അധികൃതരെയും ഒക്കെ ഭയന്നുള്ള ഒരു ജീവിതം. ഏതു നിമിഷവും തിരിച്ചുപോകേണ്ടി വരാം എന്ന ഉൾപ്പേടി .അഭയാർത്ഥിയുടെ ജീവിതത്തിനു എന്ത് ഗ്യാരണ്ടി ? ഒടുവിൽ രേഖകൾ ഇല്ലാത്ത മറ്റു പലരെയും പോലെ നിർമ്മാണ മേഖലയിലും ഗ്യാസ് സ്റ്റേഷനിലും ഒക്കെ ആയി പല പല ഷിഫ്റ്റുകൾ ചെയ്തു ഗാബിയുടെ കുടുംബവും അവരുടെ സ്വപ്നങ്ങൾക്ക് വർണ്ണങ്ങൾ ചാലിക്കുവാൻ തുടങ്ങി.
 ഗാബി , നിന്റെ ചിത്രങ്ങൾ വളരെ മനോഹരം. നിനക്ക് എങ്ങനെ ഇത്ര ഭംഗിയായി വരയ്ക്കാൻ പറ്റുന്നു. ആര്ട്ട് ക്ലാസ്സിൽ ഗാബിയുടെ ചിത്രങ്ങൾ കണ്ടു അവളുടെ ടീച്ചർ ജെന്നിഫർ അത്ഭുതം കൂറി.ഗാബി സ്‌കൂളിലെ താരം ആകാൻ അധികം നാളുകൾ ഒന്നും വേണ്ടി വന്നില്ല. ജെന്നിഫർ ഗാബിയെ എല്ലാത്തരത്തിലും പ്രോത്സാഹിപ്പിച്ചു.

ഗാബി , ഈ ക്രിസ്മസിന് നിനക്ക് ഞാൻ ഒരു സമ്മാനം തരുന്നുണ്ട്."മിസ് എന്താണത്? "വരട്ടെ , അത് നിനക്ക് ഒരു സർപ്രൈസ് ആയിരിക്കും" . ജെന്നിഫർ ഒരു പുഞ്ചിരിയോടെ ഗാബിയോട് പറഞ്ഞു. 
ഊർന്നു പോയ മാസ്ക് തിരിച്ചുവെച്ചുകൊണ്ടു ഗാബി കൈവീശി ജെന്നിഫറിനോട് യാത്ര പറഞ്ഞു.  കോവിഡിൽ മുങ്ങിപ്പോയ സ്കൂൾ ജീവിതം. എന്നാലും എല്ലാ ദിവസവും ഗാബി സ്‌കൂളിൽ എത്തിയിരുന്നു. ഗാബിയുടെ സുഹൃത്തുക്കൾ പലരും വീട്ടിൽ ഇരുന്നാണ് പഠിക്കുന്നത്. പക്ഷെ ഗാബിക്കതു പറ്റില്ലല്ലോ. ഗാബിയുടെ മാതാപിതാക്കൾ, അപ്പോഴും കിട്ടുന്ന ജോലികൾ ഒക്കെ ചെയ്തു , ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിപിടിക്കാൻ ശ്രമിക്കുകയാണ്. കുഞ്ഞു ഗാബിയെ വീട്ടിൽ തനിയെ ഇരുത്തി പോകുവാൻ പറ്റില്ലല്ലോ.

ക്രിസ്മസിന് ഏകദേശം ഒരു മാസം മുൻപ് ആണ് ഞാൻ ആദ്യമായി ഗാബിയെ കണ്ടത്. കൃത്യമായി പറഞ്ഞാൽ ,താങ്ക്സ്ഗിവിങ് നു തൊട്ടു മുൻപുള്ള ആഴ്ച. വാടിത്തളർന്ന ഒരു ചേമ്പിൻ തണ്ടുപോലെ , ഓക്സിജൻ ട്യൂബിനും ഐവി ട്യൂബുകൾക്കും ഇടയിൽ സ്‌ട്രെച്ചറിൽ അവൾ കിടന്നു. സ്‌കൂളിൽ തല കറങ്ങി വീണ അവളെ സ്‌കൂൾ അധികൃതർ ആണ് ഹോസ്പിറ്റലിൽ എത്തിച്ചത്. ഒരാഴ്‌ചയായി അവൾ സുഖം  ഇല്ലാതെ വീട്ടിൽ ഇരിക്കുക ആയിരുന്നുവത്രെ. ടെസ്റ്റുകളുടെ നീണ്ട പട്ടികക്കൊടുവിൽ കുഞ്ഞു ഗാബിയുടെ ഹൃദയത്തിന്റെ തകരാറുകൾ കണ്ടെത്തി. ഹാർട്ട് failure . വൈറൽ ഇൻഫെക്ഷൻ ആവാം കാരണം എന്ന് അനുമാനം.  ഏതാനും ദിവസങ്ങളിലെ ആശുപത്രി വാസത്തിനു ശേഷം ഗാബി ഒരു കൂട്ടം മരുന്നുകൾക്കൊപ്പം വീട്ടിലേക്കു പോയി. മിസ് , ക്രിസ്റ്മസിനു വീട്ടിൽ വരണം, മിസ് എന്റെ  കൂടെ "Picana ' കഴിക്കണം. അന്ന് ഞാൻ മിസിന് മിസ് ജെന്നിഫെറെ പരിചയപ്പെടുത്തിത്തരാം. വീൽ ചെയറിൽ ഇരുന്നു അവൾ എന്നോട് പറഞ്ഞു.( Bolivians feast on “Picana”, a traditional soup made from chicken, beef, red wine, potatoes, carrots and corn on the cob, along with a table filled with roast pork or beef, salad and fresh fruit.)
 ഗാബിയുടെ 'അമ്മ ഒരു വിളറിയ പുഞ്ചിരി എനിക്ക് സമ്മാനിച്ചു. അവർ വളരെ ക്ഷീണിത ആയി കാണപ്പെട്ടിരുന്നു. പെട്ടെന്ന് തന്നെ ഞാൻ എന്റെ തിരക്കിലേക്ക് മടങ്ങിപ്പോയി. ഗാബിയും അവളുടെ ഓഫറും പിറ്റേന്ന് തന്നെ ഞാൻ മറന്നു എന്ന് പറയാം.

കോവിഡിൽ മുങ്ങി പോകുന്ന ദിനചര്യകൾ. എവിടെയും എല്ലാവരുടെയും സംസാരം അത് മാത്രം ആകുമ്പോൾ , മറ്റു പലതും വേഗം തന്നെ വിസ്മൃതിയിലേക്ക് മറയും. അന്ധകാരത്തിന്റെ നീണ്ട ഇടനാഴികക്കൊടുവിൽ തെളിയുന്ന വെളിച്ചത്തിന്റെ ഒരു നേർരേഖ പോലെ കോവിഡ് വാക്‌സിൻ എന്ന പ്രെത്യാശയുടെ ഒരു ചെറുകിരണം ക്രിസ്മസിന് മുൻപുള്ള ആഴ്ചകളിൽ തെളിഞ്ഞു. വാക്സിന്റെ വിജയപരാജയ സൂചനകൾക്കും ചർച്ചകൾക്കും ഇടയിലും കോവിഡ് മരണങ്ങൾ നാലക്ക സംഖ്യകളിൽ തന്നെ. ആ അക്കങ്ങൾക്കു മുഖങ്ങൾ കൊടുക്കുവാൻ ആരും ശ്രമിച്ചില്ല. അക്കങ്ങൾക്കു പിന്നിൽ ഒളിച്ചിരിക്കുന്ന സ്വപ്നങ്ങളും പ്രതീക്ഷകളും നെടുവീർപ്പുകളും. അക്കങ്ങൾക്കു പറയാൻ ഒരുപാടു കഥകൾ ഉണ്ടാവും.

ക്രിസ്മസിന് ഇനി മൂന്നു ദിവസം മാത്രം. ദിനചര്യകൾ മാറ്റം  ഇല്ലാതെ തുടരുന്നു. എങ്കിലും എല്ലാ മുഖങ്ങളിലും ഒരു പ്രതീക്ഷ ഉണ്ട്. അത് കാലിത്തൊഴുത്തിൽ പിറന്നുവീണ രക്ഷകന്റെ ജനനം നൽകുന്ന പ്രതീക്ഷയോ , അതോ ജനിതകമാറ്റം വന്ന വൈറസ് പതിന്മടങ്ങു ശക്തിയോടെ വ്യാപിക്കുമ്പോഴും വാക്‌സിൻ എന്ന മന്ത്രം ഒരു പുതിയ പ്രെത്യാശയുടെ വർഷം നൽകും എന്ന വിശ്വാസമോ? അന്ന് ഹോസ്പിറ്റൽ ബെഡിൽ കണ്ട പുതിയ രോഗിയുടെ മുഖം ഒരു ഞെട്ടൽ ഉളവാക്കിയോ? ഒരു ഞെട്ടറ്റ ഇല പോലെ അവിടെ കിടന്നതു കുഞ്ഞു ഗാബി ആയിരുന്നു. ട്യൂബുകൾക്കും മെഷീനുകൾക്കും ഇടയിൽ കണ്ണടച്ച് കിടക്കുന്ന ഒരു കുഞ്ഞുമാലാഖ. 
"Her parents are no more "റിപ്പോർട്ടിന് ഇടയിൽ കേയ്സി പറഞ്ഞു. ദിവസവും പുറത്തുവിടുന്ന കോവിഡ് മരണസംഖ്യയിൽ, മുഖങ്ങൾ ഇല്ലാത്ത അക്കങ്ങളിൽ അവളുടെ മാതാപിതാക്കളും.

 "മിസ് ഈ ക്രിസ്മസിന് വീട്ടിൽ വരണം ". ഗാബിയുടെ ഓഫർ ഞാൻ ഓർത്തു. 
ബൊളീവിയയിലെ ചെറ്റക്കുടിലിൽ മാതാപിതാക്കളോടൊപ്പം ക്രിസ്മസ് ആഘോഷിച്ചിരുന്ന ഗാബിയെ ഞാൻ ഓർത്തുനോക്കി. അവിടെ ആര്ഭാടങ്ങളില്ലായിരുന്നിരിക്കാം. എങ്കിലും ഓരോ  ക്രിസ്മസും ഓരോ പ്രതീക്ഷകൾ അവർക്കു നല്കിയിരുന്നിരിക്കാം .ദാരിദ്ര്യത്തിലും സങ്കടങ്ങളിലും , കലാപങ്ങൾക്കിടയിലും ഒരു നല്ല പുലരി സ്വപ്നം കണ്ടിരുന്നിരിക്കാം. പാതിരാകുർബാനയിലും അതിനുശേഷമുള്ള 'Picana ' യിലും പ്രതീക്ഷയോടെ അവർ പങ്കെടുത്തിരിക്കാം.  തല തിരിച്ചു ഞാൻ ഗാബിയുടെ മുഖത്തേക്ക് നോക്കി. മാനത്തു നിന്നും അടർന്നു വീണ ഒരു താരകം പോലെ...മെഷീനുകൾക്കിടയിൽ മിടിക്കുന്ന ആ ഹൃദയം, ആ ഹൃദയത്തുടിപ്പുകൾ വീണ്ടും പ്രതീക്ഷയുടെ ഒരു പുലരിക്കുവേണ്ടി തുടിക്കുന്നതുപോലെ.  ജെന്നിഫർ അവൾക്കു നല്കാനിരുന്ന ആ സർപ്രൈസ് gift എന്തായിരുന്നിരിക്കാം. ഒരു പക്ഷെ ചിത്രങ്ങൾ വരയ്ക്കാൻ ഒരു നല്ല ക്യാൻവാസ് ആയിരിക്കാം. 
ജനാലയിലൂടെ രാത്രിയുടെ കരിമ്പടം പുതച്ചുനിൽക്കുന്ന വഴിത്താരകളിലേക്കു ഞാൻ നോക്കി. ആകാശത്തു നക്ഷത്രങ്ങൾ കണ്ണുചിമ്മുന്ന ആ വേളയിൽ ഭൂമിയിലേക്ക് ഒരു നനുത്ത മഴ പെയ്തിറങ്ങി. കോവിഡ് കൂട്ടികൊണ്ടുപോയ സുഗതകുമാരിയുടെ "രാത്രിമഴ ചുമ്മാതെ കേണും ചിരിച്ചും, വിതുമ്പിയും....." എന്ന കവിതാശകലം മൂളുന്ന ആ  പഴയ ഒൻപതാം ക്ലാസ് കുട്ടിയായി ഞാൻ മാറിയോ....

Join WhatsApp News
amerikkan mollakka 2020-12-25 20:22:33
ശ്രീമതി ജെസ്സി ജിജി സാഹിബ ..ഇങ്ങള് ഇ മലയാളിയിൽ എയ്തിയ കഥകളിൽ വച്ച് ഇത് നല്ലത്. ഞമ്മന്റെ ഖൽബ് നീറി നീറി കരച്ചിൽ വന്നു. ഒന്നുമറിയാത്ത പാവം ഗാബി. മാതാപിതാക്കൾ നഷ്ടപ്പെട്ട് സ്വയം ഹൃദ്രോഗിയായി അല്ലാഹുവെ മനുസർക്ക് എന്തെല്ലാം ദുരിതങ്ങൾ, സുഗതകുമാരി ടീച്ചറുടെ കവിതയിലൂടെ കഥ അവസാനിപ്പിച്ചപ്പോൾ കഥയുടെ തീവൃത കൂടുതലായി അനുഭവപ്പെട്ടു. ജെസ്സി ജിജി സാഹിബാ നല്ല നല്ല കഥകളുമായി ബരിക. അപ്പൊ അസ്സലാമു അലൈക്കും
Jessy 2020-12-26 04:07:43
നന്ദി , വായനക്കും അഭിപ്രായത്തിനും
Sudhir Panikkaveetil 2020-12-26 17:25:29
കഥ ഹൃദയസ്പര്ശിയാണ്. നമുക്ക് ചുറ്റും എത്രയോ കദനകഥകൾ. എഴുത്തുകാർ അത് കാണുന്നു.അഭിനന്ദനം ശ്രീമതി ജെസ്സി മാഡം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക