Image

അപരിചിതനായി , മരണം (കവിത: പുഷ്പമ്മ ചാണ്ടി )

Published on 21 December, 2020
അപരിചിതനായി , മരണം (കവിത: പുഷ്പമ്മ ചാണ്ടി )
എന്നിൽ  മരണം തണുത്തുറഞ്ഞ്
അടിഞ്ഞിരിക്കുന്നു..
വിറങ്ങലിച്ചൊരെൻ വിരലുകളിൽ ആരോ തൊടുന്നു....

അവസാന യാത്രയ്ക്ക് ഒരുങ്ങിയപ്പോൾ 
നീണ്ട വഴി നിറയെ
ശൂന്യതയുടെ വെയിലായിരുന്നു...

അപരിചിതമായൊരീ
പട്ടണത്തിൽ ,
തനിയെ , മൃത്യുവിനെ പുൽകാനായി മാത്രം ഞാൻ എത്തി.
ഇവിടെ ആരോരും അറിയാത്തയിടത്തിൽ
ഞാൻ വിറങ്ങലിച്ചു കിടക്കുമ്പോൾ
എന്നിലേക്ക് നീണ്ട അപരിചിതത്വം കനക്കും
മിഴികൾ ചുറ്റിലും....
എല്ലാ മുഖങ്ങളിലും 
വിഷാദ ഭാവം...
ജഡം എപ്പോഴും എല്ലാവരിലും തീർക്കുന്ന അതേ ഭാവം...
ചിലരതിൽ അർത്ഥം
ചാലിക്കാനാവാതെ
വിഷമിക്കും.

ദൂരെയുള്ളൊരാൾ,
കണ്ട് മറന്ന മുഖം,
 പ്രായംഅൻപതോളം, 
തനിക്കറിയാം എന്ന ഭാവത്തിൽ നിൽക്കുന്ന ചിലർ ഇങ്ങനെ
പലതും മൊഴിഞ്ഞൂ...

അവസാനം പായിൽ പൊതിഞ്ഞ് 
കയർ വലിച്ചു കെട്ടി...
ചിലപ്പോൾ ചില ജഡങ്ങൾക്ക് ..
മാന്യത പോലും കിട്ടാറില്ല. .
ഞാനും ആ ഗണത്തിൽ പെട്ടു... 

കീറി മുറിച്ച് കുറെ നാൾ
അനാഥ പ്രേതം കണക്കെ...
പിന്നെ ഏതോ പൊതു ശ്മശാനത്തിൽ ഒരുക്കിയ 
ആറടി മണ്ണിൽ ലയിച്ച്....
ഇല്ലാതായി.

അപ്പോഴും ....ഞാൻ തിരികെ വരുമെന്ന് കരുതി 
മറ്റൊരു പട്ടണത്തിൽ 
അവളെനിക്കായി അത്താഴവുമൊരുക്കി
കാത്തിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക