Image

അമ്മയുടെ രചനയില്‍ മകന്റെ ആല്‍ബം 'അമ്മയെ കാത്തിരിപ്പൂ'

Published on 12 December, 2020
 അമ്മയുടെ രചനയില്‍ മകന്റെ ആല്‍ബം 'അമ്മയെ കാത്തിരിപ്പൂ'


ലണ്ടന്‍: 81-ാം വയസില്‍ പരിശുദ്ധമാതാവിനെ സ്തുതിച്ചു കൊണ്ട് അമ്മ എഴുതിയ വരികള്‍ക്ക് സംഗീതം ചാര്‍ത്തി മകന്‍ ദൃശ്യവിരുന്നൊരുക്കിയപ്പോള്‍ മലയാളി സമൂഹം അത് ഏറ്റെടുത്തു.

യുകെ ഗ്ലോസ്റ്റര്‍ റോയല്‍ ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന കൊച്ചി കടവന്ത്ര സ്വദേശിയായ ജോണി വര്‍ഗീസാണ് അമ്മ അന്നമ്മ വര്‍ഗീസ് എഴുതിയ മരിയ ഗാനം ലോകത്തിനു കാഴ്ചവച്ചിരിക്കുന്നത്.

'ശൈശവ നാള്‍ തൊട്ടെന്‍ ജീവിതവല്ലിയില്‍ കാരുണ്യതണ്ണീര്‍ തളിച്ചയമ്മ' എന്നു തുടങ്ങുന്ന ഗാനത്തിനു സംഗീതം ഒരുക്കിയത് യുകെയിലുളള ജോണിയുടെ സുഹൃത്തായ കെ. എക്സ് രാജേഷാണ്. കഥയും സംവിധാനവും നിര്‍മാണവും നിര്‍വഹിച്ചിരിക്കുന്നത് ജോണി തന്നെയാണ്.

ചലച്ചിത്ര രംഗത്ത് അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുള്ള ജോണി വര്‍ഗീസിനൊപ്പം ആല്‍ബത്തില്‍ അഭിനയിച്ചിരിക്കുന്നത് ഭാര്യ ആനി മേരി ജോസും മക്കളായ അന്ന ജോണി, ജോസ് ജോണി, റോസ് ജോണി എന്നിവരുമാണ്.

വീട്ടു ചെലവുകള്‍ മാത്രം ഡയറിയില്‍ എഴുതിയിരുന്ന തന്റെ അമ്മ സ്വപ്നത്തില്‍ മാതാവിനെ ദര്‍ശിച്ചതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടെഴുതിയ ഈ മനോഹരമായ കാവ്യം പാടിയിരിക്കുന്നത് പ്രശസ്ത ക്രിസ്ത്യന്‍ സംഗീത ഗായകന്‍ ക്ലസ്റ്ററാണ്. കോവിഡ് കാലത്ത് നടന്ന ആല്‍ബത്തിന്റെ ചിത്രീകരണത്തില്‍ മലയാളികളൊടൊപ്പം വിദേശികളും പങ്കാളികളായി. സെന്റ് പീറ്റേഴ്സ് ചര്‍ച്ച് ഗ്ലോസ്റ്റര്‍ , ഗ്ലോസ്റ്റര്‍ കത്തീഡ്രല്‍ , പ്രിങ്ക്നാഷ് ആബി ക്രാന്‍ഹാം ഗ്ലോസ്റ്റര്‍ , സ്‌കോട്ട്ലന്‍ഡ് എന്നിവിടങ്ങളിലായാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ഗാനം റെക്കോര്‍ഡ് ചെയ്തത് കേരളത്തിലും മ്യൂസിക്ക് മിക്‌സിംഗ് നടത്തിയത് യുഎഎയിലുമാണ്.

തന്റെ അമ്മയുടെ രചനയുടെ ദൃശ്യാവിഷ്‌കാരം ലോകമെമ്പാടുമുള്ള മലയാളി സമൂഹം ഏറ്റെടുത്തതിന്റെ സന്തോഷത്തിലാണ് ജോണി. മാതാവിന്റെ ഭക്തയായ അമ്മ ഇപ്രകാരം കവിതകള്‍ കുത്തിക്കുറിക്കുന്ന സ്വഭാവമുണ്ട്. ഇടവക സുവനീറില്‍ കവിത വന്നതു യാദൃച്ഛികമായി കണ്ടപ്പോഴാണ് ഇതു ആല്‍ബമാക്കണമെന്നു മനസ് പറഞ്ഞതെന്നു ജോണി വര്‍ഗീസ് പറയുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക