Image

ഗോള്‍വാര്‍ക്കറുടെ പേരിടാനുള്ള നീക്കം ഉപേക്ഷിയ്ക്കുക: നവയുഗം.

Published on 07 December, 2020
ഗോള്‍വാര്‍ക്കറുടെ പേരിടാനുള്ള നീക്കം ഉപേക്ഷിയ്ക്കുക: നവയുഗം.
ദമ്മാം: തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റര് ഫോര് ബയോടെക്‌നോളജിയുടെ രണ്ടാം കാമ്പസിന് ആര്‍ എസ് എസ് സര്‍സംഘ്ചാലക് ആയിരുന്ന എം എസ് ഗോള്‍വാര്‍ക്കറുടെ പേരിടാനുള്ള നീക്കമുള്ളതായി വാര്‍ത്തകള്‍ വന്നിരിക്കുന്നു. അങ്ങേയറ്റം അപലപനീയമായ ഈ നീക്കം ഉടന്‍ തന്നെ ഉപേക്ഷിക്കണമെന്ന് നവയുഗം സാംസ്‌ക്കാരികവേദി കേന്ദ്രകമ്മിറ്റി ശക്തമായി ആവശ്യപ്പെട്ടു.

 

ഇന്ത്യന്‍ സമൂഹത്തില്‍ മതവിദ്വേഷത്തിന്റെയും, സംഘപരിവാര്‍ വര്‍ഗീയതയുടെയും വിഷവിത്തുകള്‍ പാകി, ഇന്ത്യന്‍ ജനതയെ ഭിന്നിപ്പിക്കുന്നതില്‍ ഏറ്റവും വലിയ പങ്കുവഹിച്ച വ്യക്തിയായിരുന്നു ഗോള്‍വാര്‍ക്കര്‍. രാജ്യത്തെ മുസ്ലിങ്ങള്‍ക്കും, ക്രിസ്ത്യാനികള്‍ക്കും, കമ്മ്യുണിസ്റ്റുകാര്‍ക്കും, ദളിതര്‍ക്കുമെതിരായി അദ്ദേഹം വിതച്ച വിദ്വേഷത്തിന്റെ വിത്തുകള്‍, വളര്‍ന്നു പന്തലിച്ച് ഇന്ന് രാജ്യത്തിന്റെ നിലനില്പിനുതന്നെ ഭീഷണിയായി മാറിയിരിക്കുന്നു. ബ്രിട്ടീഷുകാര്‍ക്ക് പാദസേവ ചെയ്തതിന്റെയും,  യുവാക്കളോട് സ്വതന്ത്ര്യസമരത്തില്‍  പങ്കെടുക്കരുത് എന്ന് ആഹ്വാനം ചെയ്ത നാണംകെട്ട ചരിത്രമാണ് അയാള്‍ക്കുള്ളത്. അതിലുപരിയായി, ആര്യ വംശീയ മേധാവിത്വത്തിന്റെയും, മനുസ്മൃതിയുടെയും, നാസി തത്ത്വചിന്തയില്‍ മുഴുകിയ വ്യക്തി കൂടിയായിരുന്നു അദ്ദേഹം. ജൈവശാസ്ത്ര സിദ്ധാന്തങ്ങളെപ്പോലും വംശീയഭ്രാന്ത് മൂത്ത് വര്‍ഗീയമായി  ഉപയോഗപ്പെടുത്താന്‍ മടിയില്ലാതിരുന്ന വ്യക്തിയായിരുന്നു അദ്ദേഹമെന്ന് അദ്ദേഹത്തിന്റെ പല പ്രസംഗങ്ങളും പ്രവര്‍ത്തനങ്ങളും തെളിയിക്കുന്നുണ്ട്. അത്തരമൊരു വ്യക്തിയുടെ പേര് കേരളത്തില്‍ സ്ഥിതിചെയ്യുന്ന ഒരു ശാസ്ത്രസ്ഥാപനത്തിന് തന്നെ നല്കാനുള്ള ആലോചന പോലും ഞെട്ടലുളവാക്കുന്നതാണ്. ശാസ്ത്രകാരന്‍മാരോടു മാത്രമല്ല, വ്യക്തികളുടെ അന്തസ്സിലും, വിശാല മാനവികതയിലും, മതേതരത്തിലും  വിശ്വസിക്കുന്ന എല്ലാ മനുഷ്യരോടുമുള്ള വെല്ലുവിളിയാണിത്.

 

തിരുവനന്തപുരത്തെ രാജീവ് ഗാന്ധി ജൈവസാങ്കേതികവിദ്യ പഠനകേന്ദ്രത്തിന്റെ രണ്ടാം കാമ്പസിന് എം.എസ്. ഗോള്‍വാര്‍ക്കറുടെ പേരുനല്കാനുള്ള നീക്കം ഉടന്‍ തന്നെ ഉപേക്ഷിക്കണമെന്ന് നവയുഗം സാംസ്‌ക്കാരികവേദി കേന്ദ്രസര്‍ക്കാരിനോട് ശക്തമായി ആവശ്യപ്പെടുന്നു. തികച്ചും ശാസ്ത്രവിരുദ്ധവും, ജനങ്ങളെ മതാടിസ്ഥാനത്തില്‍ ഭിന്നിപ്പിക്കുന്ന ജനവിരുദ്ധവുമായ അഭിപ്രായങ്ങള്‍ പ്രചരിപ്പിച്ചിരുന്ന ഗോള്‍വാള്‍ക്കറിന്റെ പേര്  ഒരു ഉന്നത ശാസ്ത്ര സാങ്കേതിക സ്ഥാപനത്തിലെ പഠന കേന്ദ്രത്തിന് നല്‍കാനുള്ള കേന്ദ്രനീക്കത്തിനെതിരെ പ്രതിഷേധിക്കാന്‍ ശാസ്ത്രബോധത്തിലും മതേതരമൂല്യങ്ങളിലും വിശ്വസിക്കുന്ന എല്ലാവരും മുന്നോട്ട് വരണമെന്ന് നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെന്‍സിമോഹനും, ജനറല്‍ സെക്രട്ടറി എം.എ.വാഹിദ് കാര്യറയും അഭ്യര്‍ത്ഥിച്ചു.

ഗോള്‍വാര്‍ക്കറുടെ പേരിടാനുള്ള നീക്കം ഉപേക്ഷിയ്ക്കുക: നവയുഗം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക