Image

ബൈഡന്റെ ക്യാബിനറ്റില്‍ അനുഭവസമ്പത്തിന് പ്രാധാന്യം (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 28 November, 2020
ബൈഡന്റെ ക്യാബിനറ്റില്‍ അനുഭവസമ്പത്തിന് പ്രാധാന്യം (ഏബ്രഹാം തോമസ്)
പ്രസിഡന്റുമാരുടെ സുപ്രധാന നിയമനങ്ങള്‍ വിവാദമാകാറുണ്ട്. ഇത്തവണ നിയുക്ത പ്രസിഡന്റ് ജോബൈഡന്‍ താന്‍ ദശകങ്ങളായി അടുത്ത് പഴകിയിട്ടുള്ള വ്യക്തികളെയാണ് ക്യാബിനറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രധാന മാനദണ്ഡം പരിചയ സമ്പത്ത് മാത്രമാണെന്നാണ് ഒറ്റ നോട്ടത്തില്‍ വ്യക്തമാവുക.

പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പ് പ്രസിദ്ധരുടെ ഒരു സംഘത്തെയാണ് തിരഞ്ഞെടുത്തത്. ക്യാബിനറ്റ് പിക്കില്‍ ഒരു കന്നിക്കാരനായതിനാല്‍ പലപ്പോഴും വിലയിരുത്തലുകളില്‍ പാകപ്പിഴകളുണ്ടായി. അന്യോന്യമുള്ള വിശ്വാസ്യത വളരെ വേഗം നഷ്ടമാവുകയും ഒരു റിവോള്‍വിംഗ് ഡോറിലൂടെ കടന്നുപോകുന്നതുപോലെ നിയമിക്കപ്പെട്ടവര്‍ അകത്തു വരികയും പുറത്തുവരികയും ചെയ്യുന്നത് പോലെ സംഭവിച്ചു. ബൈഡന്‍ ബ്യൂറോക്രസിയില്‍ തനിക്കുള്ള വിശ്വാസം വീണ്ടും വ്യക്തമാക്കി. സെക്രട്ടറി ഓഫ് സ്റ്റേറ്റായി തിരഞ്ഞെടുത്ത ആന്റണി ബില്‍ ക്കന്‍ ബൈഡന്‍ സെനറ്ററായിരിക്കുമ്പോള്‍ വര്‍ഷങ്ങളോളം അദ്ദേഹത്തിന് വേണ്ടി പ്രവര്‍ത്തിച്ച വ്യക്തിയാണ്. നാഷ്ണല്‍ സെക്യൂരിറ്റി അഡൈ്വസറായി നിയമിക്കുന്ന ജേക്ക് സള്ളിവന്‍ പ്രസിഡന്റ് ഒബാമ ഭരണത്തില്‍ ഇതേ വകുപ്പില്‍ ഡെപ്യൂട്ടി ആയിരുന്നു. ഫെഡറല്‍ റിസര്‍വിന്റെ ചെയര്‍ ആയിരുന്ന ജാനെറ്റ് യെല്ലനാണ് ട്രഷറി സെക്രട്ടറി ആവുക. വൈറ്റ് ഹൗസ് ചീഫ് ആകുന്ന റോണ്‍ ക്ലെയ്ന്‍ അല്‍ഗോറിന്റെയും ബൈഡന്റെയും ചീഫ് ഓഫ് സ്റ്റാഫ് ആയിരുന്നു.
ബൈഡന്‍ തന്റെ ട്രാന്‍സിഷന്‍ ടീമിനെ തിരഞ്ഞെടുത്തത് രഹസ്യ ചര്‍ച്ചകളിലൂടെയായിരുന്നു. ട്രമ്പിന്റെ കാര്യത്തില്‍ സംഭവിച്ചത് പോലെ വാര്‍ത്തകള്‍ ചോര്‍ന്നില്ല. അധിക പ്രാധാന്യം നല്‍കി വാര്‍ത്തയാക്കാന്‍ മാധ്യമപ്രവര്‍ത്തകരും മുന്നോട്ടു വന്നില്ല. ട്രമ്പ് കാബിനറ്റിലെ അസ്വാരസ്യങ്ങള്‍ക്ക് നല്‍കുന്ന വലിയ പ്രാധാന്യവും ഉണ്ടായില്ല.

അനുഭവ സമ്പത്ത് പലപ്പോഴും മുതല്‍ക്കൂട്ടാണ്. ചില ജനവിഭാഗങ്ങളെ തൃപ്തിപ്പെടുത്തേണ്ടത് രാഷ്ട്രീയമായി ആവശ്യമായിരിക്കാം. സാങ്കേതികത ദിനം പ്രതി മാറുകയാണ്. കമ്പ്യൂട്ടര്‍ സിസ്റ്റമുകളുടെ അപ്‌ഡേറ്റിംഗും പ്രോഗ്രാമുകളും പുതിയ പുതിയ പതിപ്പുകളായി എത്തുന്നു. നാല്‍പത് വര്‍ഷം മുമ്പ് ഒരു മേഖലയില്‍ പ്രവര്‍ത്തിച്ച യോഗ്യത എന്നേ കാലഹരണപ്പെട്ടു. അന്‍പത് വയസിനു മുകളിലുള്ള ജീവനക്കാരെ ഒഴിവാക്കുന്ന സംവിധാനത്തില്‍ രാഷ്ട്രീയ നിയമനങ്ങളില്‍ മാത്രമാണ് ഏഴുപതും എണ്‍പതും കഴിഞ്ഞവരെ ധാരാളമായി നിയമിക്കുന്നത് കാണാനാവുക. ബൈഡന്റെ ക്യാബിനറ്റ് പിക്കുകള്‍ ഐവി ലീഗ് സ്‌ക്കൂളില്‍പോയതാണ്. അവര്‍ക്ക് ശക്തമായ റെസ്യൂമേകളുണ്ടെന്ന് ഫ്‌ളോറിഡ സെനറ്റര്‍ മാര്‍കൊ റൂബിയോ പറഞ്ഞു.
 ക്യാബിനറ്റ് പിക്കുകളില്‍ ബൈഡന്‍ ഒരു അനുരജ്ഞനശ്രമമാണ് നടത്തുന്നതെന്ന് ചില നിരീക്ഷകര്‍ പറയുന്നു. സൂസന്‍ റൈസിനെ സെക്രട്ടറി ഓഫ് സ്റ്റേറ്റ് സ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നതിന് എതിര്‍പ്പുണ്ട്. ഒബാമ ഭരണത്തിലെ 'ടൈഫോയ്ഡ് മേരി' ആയി വിമര്‍ശകര്‍ ഇവരെ വിശേഷിപ്പിക്കാറുണ്ട്. എന്നാല്‍ ഒരു കറുത്ത വംശജ ആയതിനാല്‍ ബൈഡന്‍ ഇവരെ ഒഴിവാക്കുകയില്ലെന്ന് കരുതുന്നവരുണ്ട്. കുറെക്കൂടി ലോ പ്രൊഫൈല്‍ ഉള്ള ബ്ലിങ്കന് വേണ്ടി വാദിക്കുന്നവരുണ്ട്.

ഒരു അനുരജ്ഞനക്കാരന്‍ എന്നറിയപ്പെടാനുള്ള ബൈഡന്റെ ശ്രമമായി ബ്ലിങ്കന്റെ നോമിനേഷനെ ചിലര്‍ കാണുന്നു. എന്നാല്‍ 36 വര്‍ഷം മുമ്പത്തെ സെനറ്റല്ല ഇപ്പോഴുള്ളത് എന്ന് തീവ്രവാദക്കാര്‍ വിശ്വസിക്കുന്നു. റിപ്പബ്ലിക്കനുകള്‍ ഇത്തരം ഉദാരതകള്‍ അര്‍ഹിക്കുന്നില്ല എന്നിവര്‍ പറയുന്നു. എന്നാല്‍ വാഷിംഗ്ടണിലെ  വിഭാഗീയ ചിന്താഗതികള്‍ മാറ്റാന്‍ താന്‍ ശ്രമിക്കും എന്ന് ബൈഡന്‍ പറഞ്ഞിരുന്നത് പ്രായോഗികമാക്കാനുള്ള ശ്രമമായി ഇത് ചിലര്‍  കാണുന്നു.

ഒബാമ ഭരണകാലത്ത് റൈസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആകേണ്ടിയിരുന്നതാണ്. എന്നാല്‍ 2012  ലെ ബെന്‍ഘാസി ആക്രമണത്തെക്കുറിച്ച് ഇവര്‍ പ്രകടിപ്പിച്ച അഭിപ്രായം തെറ്റിദ്ധാരണാജനകമാണെന്ന് ആരോപണം ഉണ്ടായി. അങ്ങനെ റൈസിന് പിന്‍വാങ്ങേണ്ടി വന്നു. തുടര്‍ന്ന് ഒബാമ തന്റെ രണ്ടാം ഊഴത്തില്‍ സെനററിന്റെ അംഗീകാരം ആവശ്യമില്ലാത്ത നാഷ്ണല്‍ സെക്യൂരിറ്റി അഡൈ്വസറാക്കി. ബൈഡനൊപ്പം വളരെ അടുത്ത് റൈസ് പ്രവര്‍ത്തിച്ചു.

ജോര്‍ജിയയില്‍ ജനുവരി 5ന് നടക്കുന്ന രണ്ട് സെനറ്റ് സീറ്റുകളുടെ രണ്‍ ഓഫ് മത്സരം റിപ്പബ്ലിക്കനുകള്‍ക്ക് ജീവന്മരണ പോരാട്ടങ്ങളാണ്. ഒരെണ്ണമെങ്കിലും വിജയിച്ചില്ലെങ്കില്‍ ഡെമോക്രാറ്റുകളുമായി ബലാബലം നില്‍ക്കുകയേ ഉള്ളൂ-50: 50. അങ്ങനെ സംഭവിച്ചാല്‍ വൈസ് പ്രസിഡന്റാകുന്ന കമല ഹാരീസിന്റെ കാസ്റ്റിംഗ് വോട്ടിന്റെ പിന്‍ബലത്തില്‍ ഡെമോക്രാറ്റുകള്‍ക്ക് പ്രമേയങ്ങള്‍ പാസ്സാക്കാന്‍ കഴിയും. മാത്രമല്ല ജനപ്രതിനിധി സഭയും സെനറ്റും വൈറ്റ് ഹൗസും ഡെമോക്രാറ്റുകളുടെ കൈകളിലായ അനുഭവം ഉണ്ടാകും. തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികളായ കെല്ലിലോഫ്‌ലറും ഡേവിഡ് പെര്‍ഡ്യൂവും അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നം ട്രമ്പിനെ അനുകൂലിക്കണോ അതോ തള്ളണോ എന്നതാണ്.

ബൈഡന്റെ ക്യാബിനറ്റില്‍ അനുഭവസമ്പത്തിന് പ്രാധാന്യം (ഏബ്രഹാം തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക