Image

ചിത്രശലഭം (തൊടുപുഴ കെ ശങ്കർ മുംബൈ)

Published on 25 November, 2020
ചിത്രശലഭം (തൊടുപുഴ കെ ശങ്കർ മുംബൈ)
കേവലമൊരു ചെറു കീടമായിരുന്നപ്പോൾ
ഏവരുമെന്നെ നോക്കി പുച്ഛിച്ചു കളിയാക്കി!
അവജ്ഞയോടല്ലാതെയാരുമേ വീക്ഷിച്ചില്ല
ആർക്കുമേ വേണ്ടാത്തൊരു വസ്തുവായ് പുറംതള്ളി!

പറക്കാനറിയാതെയുള്ളത്തിൽ പൊന്തും ദുഃഖം
പറയാനറിയാതെയെത്രയോ കരഞ്ഞു ഞാൻ!
കേൾക്കാനോ കേട്ടാൽ സമാശ്വസനം പറയാനോ
എകാനോ ദയാർദ്രമാംമനസ്സില്ലൊരുത്തർക്കും!

നിലത്തിൽ കിടന്നു ഞാൻ പുളയുന്നതു കാൺകെ
നിരത്തിൽ പോകുന്നോരും പുച്ഛിച്ചു നോക്കീയെന്നെ!
നിറയും ദുഖത്തിന്റെ നീരാഴി ചമച്ചൂ ഞാൻ
നീറുന്ന ചിത്തം പേറിയുരുണ്ടു   നിലത്താകെ!

ഈയവസ്ഥയിലെനിയ്ക്കാശ്വാസമരുളുവാൻ
ഇല്ലടുത്താരുമെന്ന സങ്കല്പം ദൃഢമായി!
എങ്കിലും നിരന്തരം വിശ്വസിച്ചൂ ഞാനീശൻ
എൻ കരം പിടിച്ചെന്നെയുയർത്തുമൊരു ദിനം!

ദിനങ്ങൾ കഴിഞ്ഞപ്പോൾ കണ്ടു ഞാൻ എന്നിൽപാടേ
ഭിന്നമാം പരിണാമ പ്രാരംഭ ലക്ഷണങ്ങൾ!
ചിത്രത്തിൽ നിങ്ങൾ കാണും വർണ്ണച്ചിറകാർന്നൊരു
ചിത്രശലഭമായ്‌ ഞാൻ മാറിനേനൊരു ദിനം!

അന്നെന്നെ പുച്ഛിച്ചോർക്കുംസ്പർദ്ധയിൽവീക്ഷിച്ചോർക്കും
ഇന്നു ഞാനൊരു വശ്യ ദൃശ്യമായ് മാറിയല്ലോ!
ഇകഴ്ത്തിച്ചിരിച്ചവരൊക്കെയും മറന്നെല്ലാം
നികഴ്ത്തി പുകഴ്ത്തുന്നൊരാരാധകരായി!

കീടത്തിൻ  ഗതി തന്നെ യൊന്നുമില്ലാത്തോർക്കാദ്യം
നീട്ടുന്നു സുഹൃദ് ബന്ധമെന്തേലു മുണ്ടേൽ മാത്രം!
ക്ഷണികമെല്ലാമെന്ന തത്വത്തിനൊപ്പം നാമും
ക്ഷണഭംഗുരമെന്ന സത്യവുമറിവൂ ഞാൻ!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക