Image

സ്പീക്കർ നാൻസി പെലോസിയുടെ വിജയത്തിൽ ടിബറ്റൻ ജനതക്ക് ആഹ്ളാദം

Published on 24 November, 2020
സ്പീക്കർ നാൻസി പെലോസിയുടെ വിജയത്തിൽ ടിബറ്റൻ ജനതക്ക് ആഹ്ളാദം
പെലോസിയുടെ പ്രതിബദ്ധത പ്രവാസികളായ(നാടുകടത്തപ്പെട്ട)  ടിബറ്റുകാരെ ആഹ്‌ളാദഭരിതരാക്കി 

സ്പീക്കർ സ്ഥാനത്ത് രണ്ടുവർഷം കൂടി തുടരാൻ ഡെമോക്രാറ്റുകൾ നാൻസി  പെലോസിയുടെ പേര് നിർദ്ദേശിച്ച് മണിക്കൂറുകൾക്കുള്ളിൽ , സ്വയംഭരണാധികാരമുള്ള ടിബറ്റ്  പാർട്ടികൾ അത് സ്വാഗതം ചെയ്തു . ദശകങ്ങളായി ടിബറ്റൻ ജനതയ്ക്ക് അചഞ്ചലമായ പിന്തുണ നൽകുന്ന പെലോസിക്ക് വീണ്ടുമൊരു ഊഴം ലഭിച്ചതിലൂടെ  പ്രകടമാകുന്ന മാറ്റങ്ങളിൽ   ടിബറ്റൻ ഉദ്യോഗസ്ഥരും ആഹ്ളാദത്തിലാണ്.

ചൈനയുടെ മനുഷ്യാവകാശ  ലംഘനങ്ങൾ അവസാനിപ്പിക്കണമെന്നുള്ള പ്രമേയങ്ങൾ കോൺഗ്രസ് പാസാക്കിയതിലൂടെ വലിയൊരു സന്ദേശമാണ് ലോകത്തെ അറിയിക്കുന്നതെന്ന്  പെലോസി ട്വീറ്റ് ചെയ്തു.

" കോൺഗ്രസ്  എല്ലായ്പ്പോഴും  ഉഭയകക്ഷി അടിസ്ഥാനത്തിൽ ടിബറ്റിന്റെ മത-സംസ്കാര സ്വാന്തന്ത്ര്യത്തിനും ഹോങ്കോങ്ങിന്റെ നിയമവാഴ്ചയ്ക്കും വേണ്ടി പോരാടും." പെലോസി വ്യക്തമാക്കി.

പെലോസിയുടെ നാമനിർദേശം അനൗദ്യോഗികമായി അറിഞ്ഞതും സെൻട്രൽ ടിബറ്റൻ അഡ്മിനിസ്‌ട്രേഷനിലെ  (സി ടി എ) ഉദ്യോഗസ്ഥർ ആവേശത്തിലാണ്. ധർമ്മശാല  ആസ്ഥാനമായുള്ള പ്രവാസ സർക്കാരാണിത്.  നാൻസി പെലോസി സ്പീക്കറായി തുടരുന്നത് ചൈനീസ് അധികൃതരെ ടിബറ്റിനോട് അവർ സ്വീകരിച്ച  നയങ്ങൾ പുനഃപരിശോധിക്കാൻ പ്രേരിപ്പിക്കുമെന്നുള്ള വിശ്വാസത്തിലാണ് ഉദ്യോഗസ്ഥർ.

" ടിബറ്റിനെ പിന്തുണയ്ക്കുന്ന പുതിയ നയങ്ങൾ   പാസാകുമെന്ന പ്രതീക്ഷ ഞങ്ങൾക്കുണ്ട്. "സി  ടി എ യുടെ മുതിർന്ന പ്രവർത്തകൻ അഭിപ്രായപ്പെട്ടു. 

ഇവരുടെ പ്രസിഡന്റ്  ലോബ്‌സാങ് സംഗേ 2019 സെപ്റ്റംബറിൽ പെലോസിയെ സന്ദർശിച്ചപ്പോൾ തന്റെ രണ്ടാം  കാലാവധിയിലെ അവസാന വർഷത്തിൽ പ്രഥമ പരിഗണന ടിബറ്റൻ ബുദ്ധമത നേതാക്കളെ തിരഞ്ഞെടുക്കുന്നതിൽ ഔദ്യോഗികമായി യു എസിന്റേതായ നയം രൂപീകരിക്കുന്നതിനായിരിക്കും എന്ന് പെലോസി പറഞ്ഞിരുന്നു. ഭാവിയിൽ ദലൈ ലാമ ഉൾപ്പെടെയുള്ള നേതാക്കളെ തിരഞ്ഞെടുക്കുന്നതിൽ ചൈനീസ് സ്വാധീനം അവസാനിപ്പിക്കുമെന്നും.

ഒരുമാസത്തിനപ്പുറം പെലോസിയുടെ കോർട്ടിലേക്ക് വീണ്ടും പന്തെത്തുകയാണ്. ലോബ്‌സാങ് യു എസ് കോൺഗ്രസുമായും ഉന്നത ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്താനിരിക്കുകയാണെന്നും  ടിബറ്റിനെ പിന്തുണയ്ക്കുന്ന നയങ്ങളും ബില്ലുകളും പാസാക്കുക എന്ന അജണ്ടയോടെയാണ് സന്ദര്ശനമെന്നും പറയപ്പെടുന്നു.  2002 ശേഷം പുതുക്കാതെ ടിബറ്റൻ പോളിസി ആൻഡ് സപ്പോർട്ട് ആക്ട് പരിഷ്കരിക്കുന്നത് വലിയൊരു മാറ്റമായിരിക്കുമെന്ന് അദ്ദേഹം ഐ എ എൻ എസിന് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു. 

യു എസ് കോൺസുലേറ്റ് ലാസയിൽ അനുവദിക്കുന്നതുവരെ പുതിയ കോൺസുലേറ്റ് തുറക്കുന്നതിന് ഈ ആക്ട് മൂലം ചൈനയ്ക്ക് വിലക്കേർപ്പെടുത്തും." അദ്ദേഹം കൂട്ടിച്ചേർത്തു. 

ജോ ബൈഡന്റെയും കമല ഹാരിസിന്റെയും വിജയത്തിൽ അനുമോദിച്ചു സംഗേ, ടിബറ്റിനെ പിന്തുണയ്ക്കുന്ന പരിഷ്കൃത നയങ്ങൾ ഉറ്റുനോക്കുന്നതായും സൂചിപ്പിച്ചിരുന്നു. 
ദശകങ്ങളായി യു എസ് ഗവണ്മെന്റ് ടിബറ്റിന് നാനാതുറകളിലും നൽകുന്ന പിന്തുണയ്ക്കുള്ള കൃതജ്ഞതയും അദ്ദേഹം രേഖപ്പെടുത്തി. 

"ഇന്നിത് ടിബറ്റൻ ജനതയെ മാത്രം ബാധിക്കുന്ന വിഷയമല്ല. ആഗോള ജനാധിപത്യത്തിനും പ്രപഞ്ചത്തിന്റെ ആദർശങ്ങൾക്കും നേർക്കാണ്  ചൈനയെപ്പോലുള്ള അധികാരമോഹികൾ  വെല്ലുവിളി ഉയർത്തുന്നത് . " സംഗേ പറഞ്ഞു.

ഒരു കീഴ്വഴക്കം പോലെ ജോർജ് ബുഷ് സീനിയറിന്റെ കാലം മുതൽ യു എസ് പ്രസിഡന്റുമാർ ടിബറ്റിന്റെ ആത്മീയ നേതാവ് ദലൈലാമയെ സന്ദർശിക്കുമായിരുന്നെന്നും ബരാക്ക് ഒബാമ വരെ അത് തുടർന്നിരുന്നെന്നും ബൈഡൻ അങ്ങനൊരു വാക്ക് തന്നിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ദലൈലാമയുമായി  അഗാധമായ ബന്ധം പുലർത്തുന്ന ആളാണ് നാൻസി പെലോസി. 

"ടിബറ്റിന്റെ നീണ്ട കാല ചരിത്രം പരിശോധിച്ചാൽ അതിന്റെ ദുർഘട അവസ്ഥയിൽ നിങ്ങളുടെ സൗഹൃദവും ഐക്യദാർഢ്യവും നീതിക്കുവേണ്ടി കൈക്കൊള്ളുന്ന നിലപാടുകളും പ്രതീക്ഷയുടെയും പ്രചോദനത്തിന്റെയും കരുത്ത് പകരുന്നു. " പെലോസിയെ പ്രകീർത്തിച്ച് ദലൈലാമയുടെ വെബ്‌സൈറ്റിൽ ജനുവരി 3, 2019 ൽ പ്രസിദ്ധീകരിച്ച വാക്കുകളാണിത്. 

യു എസും ദലൈ ലാമയും തമ്മിലുള്ള ബന്ധത്തിന് ഒരു സ്വർണ വാച്ചിന്റെ കഥ പറയാനുണ്ട്. കുട്ടിയായിരിക്കെ ശാസ്ത്രത്തിലും യന്ത്രനിർമിതിയിലും  തല്പരനായിരുന്നു ലാമ. കുഞ്ഞ് ലാമയ്ക്ക് ഇതറിഞ്ഞ് അന്നത്തെ  യു എസ് പ്രസിഡന്റ് ഫ്രാങ്ക്‌ളിൻ റൂസ്‌വെൽറ്റ് ഒരു  സ്വർണ വാച്ച് സമ്മാനിച്ചു.ഇപ്പോൾ  85 കാരനായ ലാമ ഇന്ത്യയിൽ അജ്ഞാതവാസത്തിലാണ്. ഈ പ്രായത്തിലും കുഞ്ഞുനാളിലെ കഥ  പങ്കുവയ്ക്കുന്ന ലാമ,  1959 ൽ ടിബറ്റിലേക്ക് പലായനം ചെയ്തപ്പോഴും വാച്ച് കൂടെ കൂട്ടിയിരുന്നു. ഇപ്പോഴും അത് അദ്ദേഹത്തിന്റെ കയ്യിൽ അമേരിക്കയുമായുള്ള ബന്ധത്തിന്റെ അടയാളമായുണ്ട്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക