Image

ജല്പനങ്ങൾ (അർച്ചന ഇന്ദിര ശങ്കർ)

Published on 18 November, 2020
ജല്പനങ്ങൾ (അർച്ചന ഇന്ദിര ശങ്കർ)
മുമ്പെന്നോ ഒന്നിച്ചു നടന്ന വഴികളിലെ
പലവർണ്ണ വൃക്ഷങ്ങൾ പൊഴിച്ച
കരിയില വിരിപ്പിട്ട പാതകൾ,
മഞ്ഞ വെട്ടത്തിൽ ചിരിച്ചിരുന്ന
മാറാലക്കൂട്ടങ്ങൾ
വിജനപാതകളിൽ കൊഴിഞ്ഞുവീണ
മഴയടരുകളിലൊളിച്ച വെയിൽപ്പൂക്കൾ,
എരിഞ്ഞു കത്തും ചിതപ്പൂക്കളിൽ
തേൻ നുകർന്നു നീറിയ തുമ്പിയാത്മാക്കൾ,
കാറ്റിൽ കൂടുതേടി പറന്ന
സ്വപ്നച്ചിറകുകൾ,
കാല്പാടേറ്റ് കരഞ്ഞ മണൽത്തരികൾ
കടൽ മാറിലേക്ക് കിതച്ചോടിയ
നിണം വാർന്ന പുഴഞരമ്പുകൾ,
തൊണ്ടയിൽ കുരുങ്ങിയ വാക്കുകളിൽ
ഇടറിപിടഞ്ഞ കവിതക്കുഞ്ഞുങ്ങൾ,
കല്ലറകൾ തേടിയ രക്തപുഷ്പങ്ങൾ,
പച്ചയും കറുപ്പും പൂവിട്ട വാടികകൾ,
നിശബ്ദ സംഗീതമാസ്വദിച്ച
രാത്രിയാമങ്ങൾ,
വികാരങ്ങൾക്ക് അളവുകോൽ പരതിയ
മണ്ണിലെചതിവേരിറങ്ങിയ കുഴികൾ,
ഭ്രാന്ത ജല്പനങ്ങൾ മാത്രം
പാടി നടന്ന വേഴാമ്പലുകളൊടുവിൽ
ദാഹം കുടിച്ച് ആത്മഹത്യ ചെയ്തു.
വ്യർത്ഥമാം കുളിരുകൾ പിന്നെയും
ആർത്തലച്ചു പെയ്തിറങ്ങി,
അവസാനമീ വൈകിയ വേളയിൽ
ഒറ്റയ്ക്കാണെന്നൊരു
തിരിച്ചറിവിൻ കവാടത്തിൽ മാത്രം
തുരുമ്പിച്ച സത്യം കൊത്തി വച്ചിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക