Image

ദുബായ് റൈഡ് നവംബര്‍ 20ന്; ഷെയ്ഖ് സായദ് ഹൈവേ സൈക്കിള്‍ പാതയായി മാറും

Published on 18 November, 2020
 ദുബായ് റൈഡ് നവംബര്‍ 20ന്; ഷെയ്ഖ് സായദ് ഹൈവേ സൈക്കിള്‍ പാതയായി മാറും


ദുബായ് : ഷെയ്ഖ് സായിദ് റോഡ് സൈക്കിള്‍ പാതയായി മാറുന്ന അപൂര്‍വ്വ കാഴ്ചക്ക് നവംബര്‍ 20ന് (വെള്ളി) ദുബായ് നഗരവാസികള്‍ സാക്ഷ്യം വഹിക്കും . കുടുംബത്തോടൊപ്പം സൈക്കിളില്‍ 4 കിലോമീറ്റര്‍ ദൂരം ഒരു ഉല്ലാസയാത്ര നടത്തുന്നതിനും അവസരമൊരുക്കിക്കൊണ്ടാണ് ദുബായ് റൈഡ് അരങ്ങേറുക .

ദുബായ് ഫിറ്റ്‌നസ് ചലഞ്ചിന്റെ ഭാഗമായാണ് ദുബായ് റൈഡ് സംഘടിപ്പിക്കുന്നത്. 4 കിലോമീറ്റര്‍ , 14 കിലോമീറ്റര്‍ ദൂരപരിധിയുള്ള രണ്ടു സൈക്കിള്‍ റൈഡുകളാണ് ഉണ്ടാകുക. 14 കിലോമീറ്റര്‍ വിഭാഗത്തില്‍ 13 വയസിനു മുകളില്‍ പ്രായമുള്ള സൈക്ലിങ്ങില്‍ പരിചയസമ്പത്തുള്ളവരെയാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ 4 കിലോമീറ്റര്‍ ദൂരത്തില്‍ കുടുംബാംഗങ്ങളോടൊത്തു സൈക്കിള്‍ ചവിട്ടുന്നതിനാണ് അവസരം ഒരുക്കിയിരിക്കുന്നത്. രണ്ടു റൂട്ടുകളിലൂടെയാണ് ദുബായ് റൈഡ് നടത്തുക എന്ന് ദുബായ് മീഡിയ ഓഫീസില്‍ അറിയിച്ചു.

നഗരത്തിന്റെ ഹൃദയ ഭാഗങ്ങളിലൂടെ ദുബായിലെ ശ്രദ്ധേയമായ കെട്ടിടങ്ങളുടെ സമീപത്തൂടെയാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. ദുബായ് മാളിലെ സിനിമ പാര്‍ക്കിംഗ് സെന്ററില്‍ നിന്ന് ആരംഭിച്ച് ഡൗണ്‍ ടൗണ്‍ ദുബായിലൂടെ , സൂഖ് അല്‍ ബാഹര്‍ വട്ടം ചുറ്റി ,ദുബായ് ഫൗണ്ടന്‍ ,ബുര്‍ജ് ഖലീഫ എന്നിവിടങ്ങളിലൂടെ ഫിനിഷ് പോയിന്റിലേക്കു നീങ്ങും . ദുബായ് വേള്‍ഡ് ട്രേഡ് സെന്റരില്‍ നിന്നും സഫാ പാര്‍ക്ക് വരെ നീളുന്ന മറ്റൊരു റൂട്ട് കൂടി ഉണ്ടാകും .

പേര് റജിസ്റ്റര്‍ ചെയ്യുന്ന സമയം അനുസരിച്ചാകും റൂട്ട് നല്‍കുന്നതെന്ന് ദുബായ് മീഡിയ ഓഫീസ് അറിയിച്ചു . പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ www .dubairide .com എന്ന ലിങ്കില്‍ റജിസ്റ്റര്‍ ചെയ്യണമെന്നും ,സൈക്കിള്‍ ,ഹെല്‍മറ്റ് ,മാസ്‌ക്ക് എന്നിവ കൊണ്ടുവരണമെന്നും സംഘാടകര്‍ അറിയിച്ചു. റൈഡ് നടക്കുന്ന ഭാഗങ്ങളില്‍ സൗജന്യ പാര്‍ക്കിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ട്. ഷെയ്ഖ് സായിദ് ഹൈവേയുടെ ഇരുവശങ്ങള്‍ക്കും സൈക്കിള്‍ യാത്രക്കാരെ കൊണ്ട് നിറയുന്ന അപൂര്‍വ കാഴ്ചയാകും അടുത്ത വെള്ളിയാഴ്ച്ചയുണ്ടാകുക എന്നും സംഘാടകര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക