Image

ജര്‍മനിയില്‍ മലയാളി വിദ്യാര്‍ഥി ചെസ് ചാമ്പ്യനായി

Published on 18 November, 2020
 ജര്‍മനിയില്‍ മലയാളി വിദ്യാര്‍ഥി ചെസ് ചാമ്പ്യനായി

ബര്‍ലിന്‍: വില്ലിന്‍ഗനില്‍ ഒക്ടോബര്‍ 27 മുതല്‍ 31 വരെ നടന്ന അണ്ടര്‍ 12 വിഭാഗം ജര്‍മന്‍ ചെസ് ചാമ്പ്യന്‍ഷിപ്പില്‍ മലയാളി വിദ്യാര്‍ഥി ശ്രേയസ് പയ്യപ്പാട്ട് ജേതാവായി. ഈ നേട്ടത്തോടെ വേള്‍ഡ് അണ്ടര്‍ 12 ലും ഡിസംബറില്‍ നടക്കുന്ന ഏഷ്യന്‍ കോണ്ടിനന്റല്‍ സെലക്ഷന്‍ ഫിഡെ ഓണ്‍ലൈന്‍ വേള്‍ഡ് അണ്ടര്‍ റാപിഡ് ടൂര്‍ണമെന്റിലേക്കും പന്ത്രണ്ടുകാരനായ ശ്രേയസ് യോഗ്യത നേടി.

കഴിഞ്ഞ ഒന്നര വര്‍ഷമായി ജര്‍മനിയില്‍ താമസിക്കുന്ന ശ്രേയസ് ചെസിന്റെ ഓണ്‍ലൈന്‍ പ്‌ളാറ്റ്‌ഫോമായ ഫിഡെ റേറ്റിങ്ങിന്റെ അടിസ്ഥാനത്തില്‍ ലഭിച്ച വൈല്‍ഡ് കാര്‍ഡ് എന്‍ട്രി വഴിയാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചത്. ഏഴു റൗണ്ട് മത്സരത്തില്‍ ആദ്യ റൗണ്ടിലെ സമനില ഒഴികെ, ബാക്കി എല്ലാ റൗണ്ടുകളും ജയിച്ചു ഏഴില്‍ 6.5 പോയിന്റ് നേടിയാണ് ചാമ്പ്യന്‍ പട്ടം നേടിയത്.

തിരുവനന്തപുരം ചെമ്പഴത്തി ആനന്ദേശ്വരം പയ്യപ്പാട്ട് വീട്ടില്‍ ശ്രീജിത്ത് - സ്മിത ദന്പതികളുടെ മകനാണ് ശ്രേയസ്. കഴക്കൂട്ടം സെന്റ് തോമസ് സ്‌കൂളിലെ വിദ്യാര്‍ഥിയായിരുന്ന ശ്രേയസ് ഇപ്പോള്‍ നീഡര്‍ സാക്‌സണ്‍ സംസ്ഥാനത്തിന്റെ തലസ്ഥാനമായ ഹാനോവര്‍ ഹെലെനെ ലാങ്ങേ സ്‌കൂളില്‍ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക