Image

മാർപാപ്പയെപ്പോലെ മാറ്റങ്ങൾ ലക്ഷ്യമിടുന്ന മാർത്തോമ്മാ മെത്രാപോലിത്ത (കുര്യൻ പാമ്പാടി)

Published on 12 November, 2020
മാർപാപ്പയെപ്പോലെ മാറ്റങ്ങൾ ലക്ഷ്യമിടുന്ന  മാർത്തോമ്മാ മെത്രാപോലിത്ത (കുര്യൻ പാമ്പാടി)
ബൈബിൾ മാറ്റിയെഴുതണമെന്ന് കത്തോലിക്കാ സഭാ പരമാധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പ പറഞ്ഞത് എത്രയോ ശരി. കാലത്തിനനുസരിച്ച് ക്രൈസ്തവരുടെ ആരാധനാ ക്രമങ്ങളും പൊളിച്ചെഴുതണം. വനിതകളെയും ട്രാൻസ്‌ജെൻഡർമാരെയും കൂടി നേതൃനിരയിലേക്കു കൊണ്ടുവരണം.

ലോകമാസകലം പതിനാറുലക്ഷം പേരുണ്ടെന്ന് കണക്കുകൾ കാണിക്കുന്ന മാർത്തോമ്മാ സുറിയാനി സഭയുടെ ഇരുപത്തിരണ്ടാമതു മെത്രാപ്പോലീത്തയായി ശനിയാഴ്ച്ച അഭിഷേകം ചെയ്യപ്പെടുന്ന ഗീവർഗീസ് മാർ തിയഡോഷ്യസിന്റെ വിപ്ലവകരമായ ആശയങ്ങളിൽ ചിലതു മാത്രമാണിവ.

കേരളത്തിലെ ഏറ്റവും വലിയ ജനാധിപത്യ ക്രൈസ്തവ സമൂഹങ്ങളിൽ ഒന്നാണ് തങ്ങളുടേതെന്നു മാർത്തോമ്മാ സഭാംഗങ്ങൾ അഭിമാനിക്കുന്നു. എല്ലാ ജാതിമത വിഭാഗങ്ങളുമായും സഹകരിക്കുന്നു. പതിമൂന്നു ഭദ്രാസനങ്ങൾ, 1237 ഇടവകകൾ, 936 വൈദികർ, 1459 പ്രതിനിധി മണ്ഡലം അംഗങ്ങൾ.

മെത്രാൻമാരെ തെരഞ്ഞെടുക്കുന്നതിനുള്ള അവകാശം മണ്ഡലത്തിൽ നിക്ഷിപ്തമാണ്. കൊറോണയായതിനാൽ തെരെഞ്ഞെടുപ്പ് നടക്കുന്നില്ല. എട്ടു മെത്രാന്മാർ ഒന്നിലേറെ ഭദ്രാസനങ്ങൾ ഭരിക്കുന്നു. പുതിയ മെത്രാപ്പോലീത്ത നിരണം, മാരാമൺ ഭദ്രാസനത്തിന്റെ ചുമതലകൂടി  വഹിക്കും.

അമേരിക്കയിലെ ആദ്യത്തെ മാർത്തോമ്മാ പള്ളി ക്വീൻസിലെ ഓസോൺ പാർക്ക് എപ്പിഫാനി ചർച്ചിൽ വികാരിയായിരുന്ന കെജി ജോസഫ് കടോൺ ആണ് സഭാസെക്രട്ടറി. ലോങ്ങ് ഐലൻഡിൽ മൗണ്ട് സൈനായ് മാർത്തോമ്മാ സെന്റർ പണിയുമ്പോൾ കമ്മിറ്റി കൺവീനർ ആയിരുന്നു.

റാന്നി-നിലക്കൽ, ചെന്നൈ-ബാഗ്ലൂർ ഭദ്രാസനങ്ങളുടെ സെക്രട്ടറി, ആലുവ ശാന്തിഗിരി റിട്രീറ്റ് സെന്റർ ഡയറക്ടർ എന്നീ നിലകളിലും സേവനം ചെയ്തു. ന്യുയോർക്കിൽ മകൾ ഡോ.ജസ്റ്റിനയും ബഫലോയിൽ മകൻ ജെസുമുണ്ട്.
   
നൂറ്റിരുപതു കോടിയുടെ ബജറ്റ് ഉള്ള സഭാ ആസ്ഥാനത്ത് സാമ്പത്തിക കാര്യങ്ങളുടെ മേധാവി  അൽമായർ തെരഞ്ഞെടുത്ത ട്രസ്റ്റിയും ട്രഷററുമായ പി.പി അച്ചൻകുഞ്ഞാണ്. കോഴഞ്ചേരി സെന്റ് തോമസ് കോളജിൽ മൂന്ന് പതിറ്റാണ്ടു ജോലിചയ്തു. കൊമേഴ്‌സിൽ മാസ്റ്റേഴ്സ്. എംജി യൂണിവേഴ്‌സിറ്റി മുൻ സെനറ്റ് മെമ്പർ.  സുവിശേഷ സംഘം മാനേജിങ് കമ്മിറ്റിയിൽ 23 വർഷം. മൂന്നു വർഷം ട്രഷറർ.  
 
സഭാ ഭരണഘടനയിൽ മെത്രാപ്പോലീത്തക്ക് റിട്ടയർമെന്റ് ഇല്ല. വലിയ മെത്രാപ്പോലീത്ത പദ്മഭൂഷൺ ഫിലിപ്പോസ് മാർ ക്രിസോസ്റ്റം 75 എത്തിയപ്പോൾ സ്വമേധയാ വിരമിക്കുകയായിരുന്നു. ഇപ്പോൾ 103ൽ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ബിഷപ് ആയി ആദരിക്കപ്പെടുന്നു..

മാർ ക്രിസോസ്റ്റത്തെപോലെ എല്ലാമതങ്ങളെയും സമഭാവനയോടെ കാണാനാണ് പുതിയ മെത്രാപ്പോലീത്തയുടെ ആഗ്രഹം. അന്തരിച്ച കാന്റർബറി ആർച്ച് ബിഷപ്  റോബർട് റൺസി മുതൽ ദലൈലാമ വരെ ഒരുപാട് മതാധ്യക്ഷന്മാരെ അടുത്തറിയാം. പഠിക്കുന്ന കാലത്ത് ബൗദ്ധസന്യാസിമാരെ നേരിട്ടു കാണാൻ കർണാടകത്തിൽ ഹുബ്ളിക്കടുത്ത് അവരുടെ താവളമായ മുണ്ടുകോഡ്‌ വരെ പോയിട്ടുമുണ്ട്.

"ശിവഗിരിയിൽ നാരായണ ഗുരുകുലം സ്ഥാപിച്ച നടരാജ ഗുരുവിന്റെ പിൻതുടച്ചക്കാരനും ഈസ്റ് വെസ്റ്റ് യൂണിവേഴ്‌സിറ്റി സ്ഥാപകനുമായ നിത്യ ചൈതന്യയതി, പ്രശസ്ത മതചിന്തകനായ സ്വാമി മുനിപ്രസാദിനെ സന്യസ്തനാക്കുന്ന ചടങ്കിൽ പങ്കെടുത്ത ആളാണ് ഞാൻ," ഒരു പ്രത്യേക അഭിമുഖത്തിൽ മെത്രാപ്പോലീത്ത പറഞ്ഞു.  

ഹോളിവുഡിലെ ആഫ്രിക്കൻ അമേരിക്കൻ നടി  വൂപി ഗോൾഡ്ബർഗ് 'സിസ്റ്റർ ആക്ട്' സിനിമയിൽ തെളിയിച്ച മാതിരി യുവതലമുറയെ ആകർഷിക്കാൻ ആരാധനാ സംഗീതത്തിൽ ആധുനിക ശൈലികൾ ഉപയോഗിക്കണമെന്ന അഭിപ്രായക്കാരനാണ്. മാറ്റം വരണമെന്ന് പ്രതിപാദിക്കുന്ന എൽവിസ് പ്രിസ്‌ലി നായകനായ 'ചേഞ്ച് ഓഫ് ഹാബിറ്റ്' സിനിമയുടെ പ്രമേയവും അതു തന്നെ.

"ഞായറാഴ്ചകളിൽ ഏഴു മണിക്കൂർ വരെ ആരാധന ഉണ്ടായിരുന്ന കാലം ഉണ്ടായിരുന്നു. അങ്ങിനെ വന്നാൽ ഗുരുതര രോഗികളെ രക്ഷിക്കേണ്ട ഒരു ഡോക്ടർക്കു പങ്കെടുക്കാൻ കഴിഞ്ഞില്ലെന്നു വരും. നീട്ടി പ്രസംഗിക്കാനാണ് പ്രഭാഷകന്റെ പാടവം. പക്ഷെ  പത്തു മിനിറ്റു കൊണ്ട് തന്റെ ആശയങ്ങൾ ഹൃദയത്തിൽ എത്തിക്കാനുള്ള കഴിവ് വളർത്തിയെടുക്കണം,'" അദ്ദേഹം പറയുന്നു.  

കാലം ചെയ്ത ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്തയെക്കാൾ ഇരുപതു വയസ് ഇളപ്പമുള്ള മാർ തിയഡോഷ്യസ് (71) സഭയുടെ പരമാധ്യക്ഷ സ്ഥാനം ഏറുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ്. കൊല്ലത്തിനടുത്ത് അഷ്ടമുടിയിൽ ജനിച്ചു. ജബൽപൂർ ലിയോണാർഡ് തിയോളജിക്കൽ കോളജ്, പശ്ചിമ ബംഗാളിലെ വിശ്വഭാരതി സർവകലാശാല, കാനഡയിൽ ഹാലിഫാക്സിലെ മക്മാസ്റ്റർ സർവകലാശാല എന്നിവിടങ്ങളിൽ പഠിച്ചു.

സഭയുടെ ബാംഗ്ളൂർ, മലേഷ്യ, സിംഗപ്പൂർ, ഓസ്‌ട്രേലിയ, ന്യുസീലൻഡ് ഭദ്രാസനത്തിലും നോർത്ത് അമേരിക്ക-യുറോപ്പ് ഭദ്രാസനത്തിലും എപ്പിസ്കോപ്പയായി മറ്റൊരു ദശാബ്ദം. (2005-2016)  നാട്ടിൽ മടങ്ങി വന്നു മുംബൈ ഭദ്രാസനതതിന്റെ ചുമതലക്കാരനായി. ഒടുവിൽ റാന്നി--നിലക്കൽ ഭദ്രാസനത്തിൽ നിന്നാണ് സഫ്രഗനും മെത്രാപ്പോലീത്തയും ആകുന്നത്.  

മാർ തിയഡോഷ്യസിനോളം പാശ്ചാത്യ പൗരസ്ത്യ ലോകങ്ങൾ കണ്ടറിഞ്ഞ ഒരു മാർത്തോമ്മാ ആചാര്യനെ കണ്ടെത്തുക എളുപ്പമല്ല. യുഎസിലും മെക്സിക്കോയിലും മുംബൈയിലും അദ്ദേഹം നടപ്പാക്കിയ നിരവധി പധ്ധതികൾ പാവങ്ങളുടെ കണ്ണീർ ഒപ്പാൻ സഹായിച്ചു. കോവിഡ്, മയക്കു മരുന്ന്, സ്ത്രീ പീഡനം പോലുള്ള മഹാമാരികൽ രണ്ടുലോകത്തും ഒരുപോലെയാണെന്നു അദ്ദേഹം മനസിലാക്കി.

നിരവധി മതങ്ങളുടെ ജന്മനാടായ ഭാരതത്തിൽ മതങ്ങളെപ്പറ്റി താരതമ്യപഠനത്തിന് കൽക്കൊത്തയിലെ വിശ്വഭാരതി സർവകലാശാലയിൽ മാസ്റ്റേഴ്സ് ചെയ്തു. അവിടെനിന്നാണ് ഹാലിഫാക്‌സിലേക്കു ചുവടു മാറ്റിയത്. എന്നിട്ടും സ്വന്തം നാട്ടിൽ ഒരു നൂറ്റാണ് മുമ്പ് മതാതീതമായി ചിന്തിച്ച ഒരു മഹാത്‌മാവിനെക്കുറിച്ചാണ് ഡോക്ടറൽ പഠനം നടത്തിയത്.
 
"ഒരു ജാതി, ഒരുമതം ഒരു ദൈവം മനുഷ്യന്, മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി" എന്ന് ഉരുവിട്ടുകൊണ്ട് എല്ലാ മനുഷ്യരിലും ദൈവം കുടികൊള്ളുന്നു എന്ന് സ്ഥാപിക്കാൻ അരുവിക്കരയിൽ കണ്ണാടി പ്രതിഷ്ഠ നടത്തിയ ശ്രീനാരായണ ഗുരു ലോകം കണ്ട ഏറ്റവും വലിയ ഒരു പ്രവാചകൻ ആണെന്ന് പഠിതാവ് സ്ഥാപിച്ചു.

ജാതിക്കോമരങ്ങൾ ഉറഞ്ഞു തുള്ളുന്ന ഭ്രാന്താലയം എന്നു വിവേകാന്ദസ്വാമി വിശേഷിപ്പിച്ച കേരളത്തിൽ ജാതിക്കും മതത്തിനും അതീതമായി നവോഥാനത്തിന്റെ കാഹളം ഊതിയതു ശ്രീനാരായണ ഗുരു ആയിരുന്നുവന്നു പ്രബന്ധകാരൻ ഉദ്ഘോഷിച്ചു.

തിരുവനതപുരത്ത് നിന്ന് 23 കി. മീ വടക്കു ചിറയിൻകീഴിനടുത്ത് ഈഴവർ ധാരാളം പാർക്കുന്ന മുരുക്കുംപുഴയിൽ 14 മാസം താമസിച്ചാണ് മാർ തിയഡോഷ്യസ് ഗവേഷണം നടത്തിയത്. പ്രബന്ധം ഇംഗ്ളീഷിലും മലയാളത്തിലും പുസ്തകമാക്കി. ഇംഗ്ലീഷ് പതിപ്പിൽ കർത്താവ് ജോർജ് ജേക്കബ് ആണ്. മലയാളത്തിൽ ഗീവർഗീസ് മാർ തിയഡോഷ്യസും. എന്റെ സ്വന്തം ഗവേഷണ പഠനകാലത്ത് ജോർജ് ജേക്കബ് യഥാർഥത്തിൽ ആരാണെന്നു തിരിച്ചറിഞ്ഞില്ല എന്നതാണ് സത്യം.

പുസ്തകങ്ങൾ പലതുമുണ്ട്. 'ചർച് ആൻഡ് ദി ന്യൂ നോർമൽ.' ഇക്കൊല്ലം ആഗസ്റ്റിൽ ഇറങ്ങിയ പുസ്തകം. തിരുവല്ലാ സിഎസ്എസ് ആണ് പ്രസാധകർ.

ദൈവനാമം മഹത്വവൽക്കരിക്കാൻ ഒരു ആചാര്യനെക്കൂടി സഭക്ക്  ലഭിച്ചതിൽ അതീവ സന്തുഷ്ടനാണെന്നു ദൈവശാസ്ത്ര പണ്ഡിതനും കോട്ടയം തിയളോജിക്കൽ സെമിനാരിയുടെ മുൻ പ്രിൻസിപ്പലും മുൻ സഭാ സെക്രട്ടറിയുമായ റവ.. ഡോ. കെവി മാത്യു പ്രതികരിച്ചു.

"ശ്രീനാരായണ ഗുരുവിനെക്കുറിച്ച് പഠിച്ച് മതാതീത ദാർശികനെന്ന് സ്ഥാപിച്ചതു മുതൽ മാർ തിയഡോഷ്യസിനെ ഞാൻ ശ്രദ്ധിക്കുന്നതാണ്. അദ്ദേഹം എന്നും സാധാരണക്കാരന് പ്രാപ്യനായ ഒരു ഇടയൻ ആയിരിക്കട്ടെ," തൊണ്ണൂറെത്തി നിൽക്കുന്ന അച്ചൻ ആശംസിച്ചു. എഡിൻബറോയിൽ നിന്ന് ഡോക്ട്രേറ് നേടിയ മാത്യു അച്ചന്റെ ഒരു പുസ്തകം "മതാതീതനായ യേശു--നസ്രത് മുതൽ നിഖ്യ വരെ"എന്നാണ്.    

"കാനഡയിൽ നിന്ന് മടങ്ങി തിരുവനന്തപുരം കുറവങ്കോണത്തു എഐ ഉമ്മൻ നഗറിൽ സഹേദരി എലിസബത്ത് എബ്രഹാമിന്റെ കൂടെ  താമസിക്കുമ്പോൾ ഞാനാണ് അനുജനു മുരുക്കുംപുഴയിൽ വീട് എടുത്തു കൊടുത്തത്," അഷ്ടമുടി കിഴക്കേചക്കാലയിൽ തറവാട്ടിൽ താമസിക്കുന്ന ബാബു എന്ന ഡോ. മാത്യു ജേക്കബ് പറഞ്ഞു. തൃക്കരുവ പഞ്ചായത്തിലാണ് അഷ്ടമുടി.

കൊല്ലത്തുനിന്ന് പതിനെട്ടു കിമീ അകലമേ ഉള്ളുവെങ്കിലും കല്ലടയാർ വേർതിരിക്കുന്ന എട്ടു മുടികൾ--കരക്കോണുകൾ--ചേർന്ന് കിടക്കുന്ന അഷ്ടമുടിയിൽ റോഡ്മാർഗം എത്താൻ 45 മിനിറ്റു എടുക്കും. സർക്കാർ ബോട്ടിൽ ഒന്നര മണിക്കൂർ. രാവിലെ എട്ടിന് വള്ളക്കടവ് ജെട്ടിയിൽ എത്തിയാൽ ചുറ്റുപാടുമുള്ള ചെറിയ ജെട്ടികൾക്കിടയിൽ ഫെറി സർവീസ് നടത്തി വൈകിട്ടേ കൊല്ലത്തേക്ക് മടങ്ങൂ. ഈ ബോട്ടിൽ മൺറോ തുരുത്തിനും പോകാം.

വെറുതെയല്ല മാർ തിയഡോഷ്യസിന് ജന്മനാടിനോട് ഇത്രയേറെ ഗൃഹാതുരത്വം. വീട്ടിൽ നിന്ന് 15 മിനിറ്റ് . അകലെ പെരിങ്ങാലം ദ്വീപിൽ മാത്തോമ്മാ സഭയുടെ പ്രസിദ്ധമായ ധ്യാന കേന്ദ്രം ഉണ്ട്--അഷ്ടമുടി ധ്യാനതീരം. കായലിൽ മിഴി നട്ടു അതിന്റെ ആന്ദോളനങ്ങളിൽ ലയിച്ചുറങ്ങുന്ന മനോഹരതീരം.

മൺറോത്തുരുത്ത് പഞ്ചായത്തിൽ പെട്ട ഈ ദ്വീപിൽ അഞ്ഞൂറോളം കുടുംബങ്ങൾ താമസമുണ്ട് . ധ്യാനതീരത്ത് ഒരേസമയം നൂറ്റമ്പതു പേർക്ക് താമസിക്കാം. മെത്രാപോലിത്ത കൂടെക്കൂടെ വന്നു താമസിക്കാറുണ്ടെന്നു ഡയറക്ടർ റവ. കെ,എം മാത്യു അറിയിച്ചു. ശരിയാണ് അഭിഷേകത്തിനു ഒരു ദിവസം മുമ്പ് വീണ്ടും എത്തി.

ആർമി ഡോക്ടർ ക്യാപ്റ്റൻ കെജെ ചാക്കോയുടെയും മറിയാമ്മയുടെയും മകനായി ജനിച്ച തിരുമേനി അഷ്ടമുടിയിൽ പ്രൈമറി കഴിഞ്ഞു നാടുവിട്ടതാണ്. മാതാപിതാക്കൾ അന്തരിച്ചുവെങ്കിലും  സഹോദരങ്ങൾ എല്ലാവരും ഉണ്ട്--മേരി ചെറിയാൻ (ഡിട്രോയിട്), ജോൺ ജേക്കബ് (കോട്ടയം),  അച്ചാമ്മ ജേക്കബ്, എലിസബത്ത് എബ്രഹാം (ഇരുവരും തിരുവനന്തപുരം), ജേക്കബ് ജേക്കബ്, ഡോ.മാത്യു ജേക്കബ് (ഇരുവരും അഷ്ടമുടി). അഞ്ചാമനാണ് ജോർജ് ജേക്കബ് എന്ന ഗീവർഗീസ് മാർ തിയഡോഷ്യസ്.

വല്യപ്പച്ചൻ കെകെ വർക്കി വക്കീൽ  ഓർത്തഡോക്സ് സഭയിലെ ഗീവർഗീസ് മാർ ഒസ്താത്തിയോസ് മെത്രാപ്പോലീത്ത നടത്തിയിരുന്ന ഒരു അനാഥാലയത്തിൽ നിന്ന് കണ്ടെടുത്തു അമ്മയെ വളർത്താൻ ഏൽപ്പിച്ച ഒരു സഹോദരി കൂടിയുണ്ട്--.മേരി ചാക്കോ.

(ചിത്രങ്ങൾക്ക് കടപ്പാട്: ഡോ. മാത്യു ജേക്കബ്, അഷ്ടമുടി)
മാർപാപ്പയെപ്പോലെ മാറ്റങ്ങൾ ലക്ഷ്യമിടുന്ന  മാർത്തോമ്മാ മെത്രാപോലിത്ത (കുര്യൻ പാമ്പാടി)മാർപാപ്പയെപ്പോലെ മാറ്റങ്ങൾ ലക്ഷ്യമിടുന്ന  മാർത്തോമ്മാ മെത്രാപോലിത്ത (കുര്യൻ പാമ്പാടി)മാർപാപ്പയെപ്പോലെ മാറ്റങ്ങൾ ലക്ഷ്യമിടുന്ന  മാർത്തോമ്മാ മെത്രാപോലിത്ത (കുര്യൻ പാമ്പാടി)മാർപാപ്പയെപ്പോലെ മാറ്റങ്ങൾ ലക്ഷ്യമിടുന്ന  മാർത്തോമ്മാ മെത്രാപോലിത്ത (കുര്യൻ പാമ്പാടി)മാർപാപ്പയെപ്പോലെ മാറ്റങ്ങൾ ലക്ഷ്യമിടുന്ന  മാർത്തോമ്മാ മെത്രാപോലിത്ത (കുര്യൻ പാമ്പാടി)മാർപാപ്പയെപ്പോലെ മാറ്റങ്ങൾ ലക്ഷ്യമിടുന്ന  മാർത്തോമ്മാ മെത്രാപോലിത്ത (കുര്യൻ പാമ്പാടി)മാർപാപ്പയെപ്പോലെ മാറ്റങ്ങൾ ലക്ഷ്യമിടുന്ന  മാർത്തോമ്മാ മെത്രാപോലിത്ത (കുര്യൻ പാമ്പാടി)മാർപാപ്പയെപ്പോലെ മാറ്റങ്ങൾ ലക്ഷ്യമിടുന്ന  മാർത്തോമ്മാ മെത്രാപോലിത്ത (കുര്യൻ പാമ്പാടി)മാർപാപ്പയെപ്പോലെ മാറ്റങ്ങൾ ലക്ഷ്യമിടുന്ന  മാർത്തോമ്മാ മെത്രാപോലിത്ത (കുര്യൻ പാമ്പാടി)മാർപാപ്പയെപ്പോലെ മാറ്റങ്ങൾ ലക്ഷ്യമിടുന്ന  മാർത്തോമ്മാ മെത്രാപോലിത്ത (കുര്യൻ പാമ്പാടി)മാർപാപ്പയെപ്പോലെ മാറ്റങ്ങൾ ലക്ഷ്യമിടുന്ന  മാർത്തോമ്മാ മെത്രാപോലിത്ത (കുര്യൻ പാമ്പാടി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക