Image

ഫൈസർ വാക്സിൻ പരീക്ഷണത്തിന് വിധേയനായി; വിജയത്തിൽ അഭിമാനത്തോടെ ബിനു കൊപ്പാറ സാമുവൽ

Published on 10 November, 2020
ഫൈസർ വാക്സിൻ പരീക്ഷണത്തിന് വിധേയനായി; വിജയത്തിൽ  അഭിമാനത്തോടെ ബിനു കൊപ്പാറ സാമുവൽ
ഫൈസറിന്റെ കോവിഡ് -19 വാക്സിൻ  90 ശതമാനം  വിജയമാണെന്നുമുള്ള വാർത്ത കേട്ടത് വളരെ ആവേശത്തോടെയാണ് -വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണത്തിന് സ്വയം വിധേയനായ ബിനു കൊപ്പാറ  സാമുവൽ പറഞ്ഞു.

വാക്സിനുകൾ 50 ശതമാനം വിജയമായാലും അത് വലിയ കാര്യമാണ്. 90 ശതമാനം എന്നത് മികച്ച  കാര്യം-സാമുവൽ പറയുന്നു. 

വാർത്ത പുറത്തു വന്നതോടെ എയർലൈൻസ്, കപ്പൽ കമ്പനികൾ, ഹോട്ടലുകൾ എന്നിവിയയുടെയൊക്കെ ഓഹരി വില കുട്ടി. ലോകം പഴയ രീതിയിലേക്ക് മടങ്ങാമെന്ന പ്രതീക്ഷ ഉണർന്നു.

ഒക്ടോബർ മൂന്നിനും നവംബർ മൂന്നിനും സാമുവൽ ഓരോ ഡോസ് വീതം കുത്തി വയ്‌പിന്‌ വിധേയനായി. ഇത്  വരെ ഒരു പാർശ്വഫലവും ഇല്ല. 

എല്ലാവർക്കും പേടി ഉണ്ടായിരുന്നെങ്കിലും  വീട്ടുകാർ എതിർത്തില്ല. ആരെങ്കിലുമൊക്കെ മുന്നോട്ടു വരാതെ ഇത്തരം പരീക്ഷണങ്ങൾ വിജയിക്കില്ല. ഇന്ന് വാക്സിനുകൾ കണ്ടെത്തിക്കഴിഞ്ഞ പല രോഗങ്ങളെയും ഭയപ്പെടാതെ നമ്മൾ കഴിയുന്നത് ഇതുപോലെ പരീക്ഷണവിധേയരാകാൻ ആളുകൾ ഉണ്ടായിരുന്നതുകൊണ്ടാണ്. സമൂഹം നമുക്കായി തന്ന അത്തരം കാര്യങ്ങൾക്ക് പ്രത്യുപകാരമായി കൂടിയാണ് വാക്സിൻ പരീക്ഷണത്തിന് വിധേയനാകാൻ തീരുമാനിച്ചത്.  

ഈ വാക്സിൻ രണ്ട് ഡോസ് വേണം. എത്രകാലം അത് നിലനിൽക്കുമെന്ന് പുറത്തു വിട്ടിട്ടില്ല. കോവിഡ്  വന്നു പോയവർക്കും ഇത് ഉപകരിക്കും. കോവിഡ് വന്നു പോയത് കൊണ്ട് വീണ്ടും അത് വരില്ല എന്നർത്ഥമില്ല.

കോവിഡ് ബാധിച്ച്  44  വയസുള്ള സുഹൃത്തായ തോമസ് ഡേവിഡ് മരിച്ചത് സാമുവൽ അനുസ്മരിച്ചു.

ഫൈസറിലും മെർക്കിലുമായി 23  വർഷം പ്രവർത്തിച്ച സാമുവൽ മുൻപും മരുന്ന് പരീക്ഷണത്തിന് വിധേയനായിട്ടുണ്ട് 

'നീണ്ട ഒരുവർഷക്കാലം ലോകം മുഴുവൻ തൊഴുകൈകളോടെ നിന്നതിന്റെ ഫലമായി ഇരുളകന്ന് വെളിച്ചം വന്നിരിക്കുന്നു. ഇപ്പോഴും അസംഖ്യം വാക്സിനുകളും വൈദ്യപരീക്ഷണങ്ങളും നടക്കുകയാണ്.  തുടർച്ചയായ ട്രയലുകൾ വിജയകരമായാൽ ആത്യന്തിക അനുമതി ലഭ്യമാകും. 

'ഫലപ്രദമായ വാക്സിനുകൾ  എട്ടോ പത്തോ വർഷങ്ങളെടുത്താണ് വിജയംകാണുന്നത്. പലവിധ പരീക്ഷണങ്ങൾക്ക് വോളന്റിയർമാരെ ആവശ്യമാണ്. ഇതിന് സന്നദ്ധത പ്രകടിപ്പിക്കുന്നതിൽ  ഏറിയ പങ്കും ലാഭേച്ഛയില്ലാതെ മറ്റുള്ളവരെ സഹായിക്കുക എന്ന ആഗ്രഹത്തിന്റെ പുറത്ത് എത്തുന്നവരാണ്,' വാക്സിന്റെ അവസാന ട്രയലിൽ പങ്കെടുത്ത അനുഭവം പങ്കുവച്ചുകൊണ്ട്   സാമുവൽ  സംസാരം തുടർന്നു.

"കോവിഡ് 19 ഉയർത്തുന്ന വെല്ലുവിളികൾ ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ ഭാഗം എന്ന നിലയിൽ അഭിമുഖീകരിക്കേണ്ടതുണ്ട്. സാമൂഹിക ക്ഷേമം ലക്ഷ്യമാക്കുന്ന 501(സി) 3 സംഘടനയായ ഇ സി എച്ച് ഒ (എക്കോ)യുടെ  കമ്മ്യൂണിക്കേഷൻ ഡയറക്ടർ സ്ഥാനം വഹിക്കുന്ന ബോർഡ് അംഗം  എന്നതിൽ എനിക്ക് അഭിമാനമുണ്ട്. രോഗവ്യാപനം തീവ്രമായ ഘട്ടത്തിൽ നമ്മുടെ കമ്മ്യൂണിറ്റിക്ക് ആവശ്യമായ സഹായങ്ങൾ എത്തിക്കാൻ സംഘടന മുൻപന്തിയിൽ ഉണ്ടായിരുന്നു. വോളന്റിയറിങ്ങിനും അതേ പിന്തുണ അവരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത് മനസ്സ് നിറയ്ക്കുന്നു. 

വാക്സിൻ പരീക്ഷണത്തിന്റെ മൂന്നാം ഘട്ടത്തിൽ പങ്കെടുത്തത് അഭിമാനകരമായി കരുതുന്നു. അപകടസാധ്യതകൾ മുന്നിൽ കണ്ടുകൊണ്ടുതന്നെ പിന്തുണ സംവിധാനങ്ങളുടെ സഹായത്തോടെ മാനവരാശിക്ക് സഹായകമാകുന്ന കാര്യം ചെയ്യാനുള്ള വഴികളാണ് ഞാൻ ചിന്തിച്ചത്. കുടുംബത്തിന്റെ പിന്തുണയോടെ അതൊരു ദൗത്യമായി ഏറ്റെടുക്കുകയായിരുന്നെന്ന് തന്നെ പറയാം. എനിക്ക് ചെയ്യാൻ പറ്റുന്നതെന്തും ചികിത്സയോ  പരീക്ഷണങ്ങളോ എന്ത് തന്നെ ആയാലും സമൂഹം തന്നത്  മടക്കിക്കൊടുക്കുന്നു. എന്നെ നേരിട്ടോ എനിക്ക് ശേഷം വരുന്നവർക്കോ ഗുണം വരുന്ന ഒന്ന് ചെയ്യണം എന്ന് ഞാൻ ഉറപ്പിച്ചിരുന്നു.'

"ഗവേഷണ - വികസന മേഖലയിൽ ചിലവിട്ട 23 വർഷങ്ങൾക്കിടയിൽ, പലതരം രോഗങ്ങൾ ഭേദമാക്കുന്ന മരുന്നുകളുടെ ഭാഗമാകാൻ ഭാഗ്യം ലഭിച്ചു.  ഈ മരുന്നുകളുടെയെല്ലാം ട്രയലുകൾക്ക് വിധേയരാകാൻ  സന്നദ്ധപ്രവർത്തകർ ഉണ്ടായിരിക്കും. നാലും അഞ്ചും  വർഷങ്ങൾ നീണ്ട പഠനങ്ങൾക്ക് ശേഷമാണ് അത് സാധാരണക്കാരിൽ പ്രയോഗിക്കാൻ അനുമതി ലഭിക്കുന്നത് . കോവിഡ് 19 ന്റെ കാര്യത്തിൽ അത്രവലിയൊരു സാവകാശം ഗവേഷകർക്കുമുന്നിൽ ഇല്ലായിരുന്നു. 

ഈ ഒരുനിമിഷം നമ്മളെല്ലാം കോവിഡ് വാക്സിൻ കിട്ടണമെന്ന് ആഗ്രഹിക്കുന്നവരാണ്, പക്ഷേ ഇതിലെത്ര പേർ പരീക്ഷണ വിധേയമായി ഒരു ഡോസ് സ്വന്തം ശരീരത്തിൽ എടുക്കാൻ സന്നദ്ധത കാണിക്കും? അതൊരു സത്കർമ്മമാണ്, എന്നാൽ ഭയം ഉളവാക്കുന്ന ഒന്നും. 

വാക്സിൻ വേഗം കിട്ടാൻ ആഗ്രഹിക്കുന്ന നമ്മളെല്ലാം അതിന് പിന്നിൽ പ്രവർത്തിക്കുന്നവരുടെ ത്യാഗം വിസ്മരിക്കരുത്.  ലോകത്തിന് ഗുണമുണ്ടാകാൻ ഓരോ സന്നദ്ധപ്രവർത്തകരും മുൻപിലെ അപകടസാധ്യത അവഗണിച്ചുകൊണ്ടാണ് കടന്നുവരുന്നത്. ഇങ്ങനൊരു ധീരമായ തീരുമാനം എടുക്കാൻ എന്റെയൊപ്പം നിന്ന കുടുംബത്തോട് നന്ദിയുണ്ട്. പാർശ്വഫലങ്ങൾ ഉണ്ടാകുമോ എന്നൊന്നും ചോദിച്ച് ആരുമെന്നെ പിന്തിരിപ്പിക്കാൻ ശ്രമിച്ചില്ല.

എക്കോ എന്ന ഞങ്ങളുടെ സംഘടനയോടും അതിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായ ഡോ. തോമസ് മാത്യുവിനോടും ഈ അവസരത്തിൽ നന്ദി അറിയിക്കുന്നു. അദ്ദേഹം, കൊറോണയെ  അതിജീവിച്ച വ്യക്തികൂടിയാണ്. മഹാമാരി സൃഷ്‌ടിച്ച പ്രതിസന്ധിസമയത്ത് നോർക്കയ്ക്ക് അദ്ദേഹത്തിന്റെ പിന്തുണയോടെയാണ്  ആവശ്യമായ വൈദ്യസഹായം എത്തിക്കാൻ സാധിച്ചത്. മഹാമാരിയുടെ പശ്ചാത്തലത്തിൽ സംഘടനാപരവും സാമൂഹികപരവുമായി 'എക്കോ കോവിഡ് ഹെല്പ് ലൈൻ' കാഴ്ചവച്ച പ്രവർത്തനങ്ങൾ , വ്യക്തിയെന്ന നിലയിലും ഗവേഷകനെന്ന നിലയിലും എന്നെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. ആരോഗ്യമുള്ള സന്നദ്ധപ്രവർത്തകരെ  കിട്ടുന്നതിന്റെ പ്രാധാന്യം എത്രത്തോളമാണെന്ന് എനിക്കറിയാം. അതുകൊണ്ട് തന്നെയാണ് ഇതിലേക്ക് ഇറങ്ങിത്തിരിച്ചതും. 

ഞാൻ ഈ ട്രയലിന്റെ ഭാഗമാകുന്നതുകണ്ട് ഒരാൾകൂടി അതിന് സന്നദ്ധനായാൽ ലോകത്തിനു മുന്നിൽ ഭീഷണിയായിരിക്കുന്ന മഹാവിപത്തിനുള്ള പരിഹാരം കാണാം.  ഈ ചോദ്യങ്ങൾക്ക് ഞാൻ ഉത്തരം നൽകിയാൽ, വസ്തുതകൾ കൊണ്ട് ഭയത്തെ കീഴ്പ്പെടുത്തിയാൽ, അതൊരു മാറ്റമാകും.ഇരുളിൽ നിന്നുകൊണ്ട് എനിക്കൊന്നും ചെയ്യാൻ സാധിക്കില്ല. എന്നെ ഒരു ഉദാഹരണമായി കണ്ട് ആ ഇത്തിരിവെട്ടത്തിലൂടെ  നിങ്ങൾ പ്രകാശത്തിലേക്ക് നടന്നടുക്കണം. ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ." 

എല്ലാം അറിഞ്ഞുകൊണ്ട് തന്നെപ്പോലൊരാൾ പരീക്ഷണങ്ങൾക്ക് സന്നദ്ധനായി ഇറങ്ങുന്നത്, കുറെ അധികം ആളുകൾക്ക് പ്രചോദനമാവുകയും ലോകനന്മയ്ക്കായി കൂടുതൽ പേർ കൈകോർക്കുകയും ചെയ്യുമെന്ന ആഗ്രഹമാണ് ബിനു സാമുവലിന്റെ വാക്കുകളിൽ. 

ചന്ദനപ്പള്ളി സ്വദേശിയാണ്. നാട്ടിൽ നിന്ന് എം.എസ.സി കെമിസ്ട്രി പാസായി ഇവിടെ നിന്ന് ഫാർമസ്യുട്ടിക്കൽ സയൻസിലും മാസ്റ്റേഴ്സ് നേടി. ഇപ്പോൾ ഒരു  ബയോടെക് കമ്പനിയിൽ.
ഭാര്യ ബീന ഫാര്മസിസ്റ്. മകൻ നോവ സാമുവൽ ഫാർമസി വിദ്യാത്ഥിയും ജോനാ സാമുവൽ ന്യു യോർക്കിൽ സോഫി ഡേവിസിൽ മെഡിക്കൽ  വിദ്യാർത്ഥിയും.
ഫൈസർ വാക്സിൻ പരീക്ഷണത്തിന് വിധേയനായി; വിജയത്തിൽ  അഭിമാനത്തോടെ ബിനു കൊപ്പാറ സാമുവൽ
Join WhatsApp News
G. Puthenkurish 2020-11-10 22:00:18
Thank you.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക