Image

കോവിഡ് അല്ലേ ട്രമ്പിനെ തറപറ്റിച്ചത്?; ഇന്ത്യയിലും കോവിഡ് വിജയ-പരാജയങ്ങൾ നിർണയിക്കുമോ? (വെള്ളാശേരി ജോസഫ്)

Published on 08 November, 2020
കോവിഡ് അല്ലേ ട്രമ്പിനെ തറപറ്റിച്ചത്?; ഇന്ത്യയിലും കോവിഡ് വിജയ-പരാജയങ്ങൾ നിർണയിക്കുമോ? (വെള്ളാശേരി ജോസഫ്)

ജോ ബൈഡൻ പ്രസിഡൻറ്റ് ആവുന്നതോടുകൂടി അമേരിക്കൻ പോളിസികളിൽ ഒരു മാറ്റവും വരാൻ പോകുന്നില്ല; അങ്ങനെയൊക്കെ ആശിക്കുന്നത് തന്നെ തെറ്റാണ്. മുൻ പ്രസിഡൻറ്റ് ട്രമ്പിൻറ്റെ വിദേശ നയങ്ങളിൽ നിന്ന് വലിയ മാറ്റമൊന്നും ഇനിയുള്ള നാല് വർഷങ്ങൾക്കുള്ളിൽ സംഭവിക്കില്ല. അനേകം കാലമായി ശത്രുതയിൽ കഴിഞ്ഞ ഇസ്രായേലുമായി ബന്ധം സ്ഥാപിക്കാൻ പല അറബ് രാജ്യങ്ങൾക്കും സാധിച്ചത് പ്രസിഡൻറ്റ് ഡൊണാൾഡ് ട്രംപിൻറ്റെ  മദ്ധ്യസ്ഥതയിലാണ്. അത് വെറുതെ സംഭവിച്ചതുമല്ല; എണ്ണക്ക് വിലകുറഞ്ഞ സാഹചര്യത്തിൽ പഴയപോലെ 'ക്രൂഡ് ഓയിൽ പൊളിറ്റിക്സ്' ഒന്നും ചെലവാകത്തില്ലെന്നുള്ളത് അറബ് രാഷ്ട്രങ്ങൾക്ക് നല്ലപോലെ അറിയാം. അപ്പോൾ പിന്നെ ടെക്‌നോളജിയിലും, മിലിറ്ററി സ്റ്റ്രാറ്റജിയിലും ഒക്കെ മുമ്പിൽ നിൽക്കുന്ന ഇസ്രായേലുമായി കൂട്ട് കൂട്ടുകയേ രക്ഷയുള്ളൂ. പശ്ചിമേഷ്യയിൽ അമേരിക്കൻ പ്രസിഡൻറ്റ് ട്രംബ് നടത്തിയ ഇടപെടലുകൾ കൊണ്ട് രണ്ടാം മഹായുദ്ധത്തിന്‌ ശേഷം ഒരു അമേരിക്കൻ പ്രസിഡണ്ടും ചെയ്യാത്തത്ര ഗുണം അവിടെയുള്ളവർക്ക് ഉണ്ടായിട്ടുണ്ട്‌. പണ്ട് അമേരിക്കൻ ആയുധങ്ങൾ വിറ്റുപോകാൻ വേണ്ടി പശ്ചിമേഷ്യയിൽ സംഘർഷങ്ങൾ പ്രോത്സാഹിപ്പിക്കുന്ന നയമായിരുന്നു അമേരിക്കയുടേത്. പശ്ചിമേഷ്യൻ അസ്ഥിരത മൂലം അമേരിക്കക്കും പണി കിട്ടും എന്ന് മനസിലായപ്പോൾ അമേരിക്കൻ നയങ്ങളൊക്ക മാറി. ആ നയങ്ങളൊന്നും ഇനിയുള്ള കാലത്ത് മാറാൻ പോവുന്നില്ല. അഫ്‌ഗാനിസ്ഥാനിൽ നിന്ന് സേനയെ പിൻവലിക്കാൻ ഉള്ള കാര്യത്തിലും ജോ ബൈഡൻ ട്രംബിൽ നിന്ന് മറിച്ചൊരു തീരുമാനം എടുക്കുമെന്ന് തോന്നുന്നില്ല.

ഡൊണാൾഡ് ട്രംബ് അമേരിക്കൻ പ്രസിഡൻറ്റ് ആയിരുന്ന കാലത്താണ് പശ്ചിമേഷ്യയിൽ ഏറ്റവും സമാധാനം ഉണ്ടായിരുന്നത്. ജെറുസലേമിനെ ഇസ്രയേലിൻറ്റെ തലസ്ഥാനമായി അംഗീകരിച്ചതും, അമേരിക്കൻ എംബസി ജെറുസലേമിലേക്കു മാറ്റിയതും പശ്ചിമേഷ്യാ പ്രശ്നങ്ങളിൽ മാറ്റങ്ങളുടെ തുടക്കം കുറിച്ചു. ഒപ്പം പാലസ്തീനേയും, പാകിസ്താനേയും, ഇറാനേയും ഭീകര രാജ്യങ്ങൾ ആയി അമേരിക്ക പ്രഖ്യാപിച്ചു. പാലസ്തീന് കാലങ്ങളായുള്ള അമേരിക്കൻ സാമ്പത്തിക സഹായം നിർത്തലാക്കുകയും ചെയ്തു. ഇസ്ലാമിക തീവ്രവാദത്തെ പിന്തുണക്കുന്ന ടർക്കിഷ് പ്രസിഡൻറ്റ് ഏർദോഗനെ ഒറ്റപ്പെടുത്താനും ട്രമ്പിന് സാധിച്ചു. അമേരിക്കയുടെ പശ്ചിമേഷ്യയിലെ സൈനിക നടപടികൾ കുറച്ചെങ്കിലും ഇസ്ലാമിക്ക് സ്റ്റേറ്റ് സ്ഥാപകനായ ബാഗ്ദാദിയുടെ വധവും, ഇറാനിയൻ ജെനറൽ സുലൈമാൻറ്റെ വധവും ഇസ്ലാമിക തീവ്രവാദം തടയുന്നതിൽ ട്രമ്പിൻറ്റെ സുപ്രധാനമായ നേട്ടങ്ങളാണ്.

ഇസ്ലാമിക തീവ്രവാദികൾ പശ്ചിമേഷ്യയിൽ നടത്തിയ കൂട്ട കൊലകൾ അവസാനിപ്പിക്കാൻ മുൻ പ്രസിഡൻറ്റുമാർ യുദ്ധത്തിന് തയ്യാറായപ്പോൾ തീവ്രവാദത്തിനുള്ള പണം വരുന്ന വഴികൾ അടക്കുക എന്ന ട്രമ്പിൻറ്റെ നയം വിജയം ആയിരുന്നു. പ്രസിഡൻറ്റ് ട്രമ്പിന്റെ ശ്രമഫലമായി യു.എ.ഇ.-യും ബഹറൈനും ഇസ്രയേലുമായി സമാധാന കരാറിൽ ഒപ്പിട്ടു. സൗദി അറേബ്യയും ഇപ്പോൾ ഇസ്രായേലുമായി സമാധാനത്തിനുള്ള ശ്രമത്തിലാണ്. ഇതൊക്കെ നിസാരമായ കാര്യങ്ങളല്ല; മഹനീയമായ നേട്ടങ്ങൾ തന്നെയാണ്.

അമേരിക്കൻ വിദേശ നയത്തിൽ 1980-കളിലേയും, 90-കളിലേയും റഷ്യൻ വിരോധം ബൈഡൻ പൊടി തട്ടിയെടുക്കാൻ ഒരു സാധ്യതയും കാണുന്നില്ല. കാരണം റഷ്യക്കും അമേരിക്കക്കും ഒന്നും കാര്യമായ റോൾ ഇല്ലാത്ത ചൈനീസ് സാമ്പത്തിക ശക്തിയുടെ യുഗത്തിലേക്കാണ് ഇനി ലോകരാജ്യങ്ങൾ നടന്നു കയറാൻ പോകുന്നത്. ചൈനയുടെ 'പ്രൊഡക്ഷൻ കപ്പാസിറ്റിയോട്' മത്സരിക്കാൻ ലോക രാഷ്ട്രങ്ങൾക്ക് ഇന്ന് ആവുന്നില്ല. വിയറ്റ്നാമും ബംഗ്ലാദേശും ഒക്കെ 'പ്രൊഡക്റ്റീവ് കപ്പാസിറ്റിയിൽ' മുൻപന്തിയിൽ ഉണ്ട്. പക്ഷെ ഈ ചെറിയ രാഷ്ട്രങ്ങൾക്കൊക്കെ ചൈന ഉത്പാദിപ്പിക്കുന്നതുപോലെ വൈവിദ്ധ്യമേറിയ 'പ്രൊഡക്റ്റുകൾ ഉത്പാദിപ്പിക്കുവാൻ ആവുന്നില്ല. ഇലക്ട്രോണിക്ക് - ഡിജിറ്റൽ മേഖലകളിൽ ഈ രാഷ്ട്രങ്ങളൊക്കെ പിന്നോട്ടാണ് താനും. ഇന്ത്യക്കാണെങ്കിൽ ചൈനയിലുള്ളതുപോലെ ലക്ഷങ്ങൾ പണിയെടുക്കുന്ന ഒരു ഇലക്ട്രോണിക്സ് ഫാക്ടറി ഒന്നും ഇതുവരെ 'സെറ്റ്' ചെയ്യാൻ സാധിച്ചിട്ടില്ല. അതുകൊണ്ട് ഇന്ത്യ പെട്ടെന്നൊന്നും 'ഇൻഡസ്ട്രിയൽ പ്രൊഡക്ഷനിൽ' ചൈനയെ വെല്ലുവിളിക്കുന്ന ഒരു സാധ്യതയും ഇപ്പോഴില്ല; ഭാവിയിൽ വരുമോയെന്ന് അറിഞ്ഞുകൂടാ.

വരാൻ പോകുന്ന അമേരിക്കൻ പ്രസിഡൻറ്റ് ജോ ബൈഡൻറ്റെ ഇന്ത്യയൊടുള്ള സമീപനം എന്തായിരിക്കും? കാശ്മീർ വിഷയത്തിലുള്ള ബൈഡൻറ്റെ നിലപാട് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ചർച്ച ആയിട്ടുണ്ട്. സത്യത്തിൽ ആരു ഭരിച്ചാലും അമേരിക്കൻ താല്പര്യം ആണ് അവർക്ക് വിദേശനയത്തിൽ പ്രധാനം. അത് ഡെമോക്രാറ്റ് ആയാലും റിപ്പബ്ലിക്ക് ആയാലും. ലോകത്തിലെ ഏറ്റവും വലിയ മാർക്കറ്റ് ആയ ഇന്ത്യയെ വിട്ടുള്ള കളിക്ക് ഒരിക്കലും അമേരിക്ക പോകില്ല എന്ന് നിസംശയം പറയാം. ഇൻഡ്യയുടെ ശത്രുവായ ചൈനയെ കൊറോണ വ്യാപനത്തിൻറ്റെ പേരിലും, വാണിജ്യത്തിൻറ്റെ പേരിലും ലോക രാജ്യങ്ങളിൽ ഒറ്റപ്പെടുത്തിയത് ഇന്ത്യക്കും നേട്ടമുണ്ടാക്കി എന്ന് പറയാം. ഇന്ത്യയെ ഐക്യരാഷ്ട്ര രക്ഷാസമിതിയിൽ സ്ഥിരാഗത്വത്തിന്  പിന്തുണ നൽകിയപ്പോഴും ഇന്ത്യക്കാരുടെ വിസക്കും വാണിജ്യ താൽപര്യങ്ങൾക്കും ട്രമ്പ്
എതിരായിരുന്നു എന്നുള്ള കാര്യം കൂടി ഓർമിക്കേണ്ടതുണ്ട്.

റഷ്യയിൽ നിന്നും ചൈനയിൽ നിന്നും അമേരിക്കയെ വ്യത്യസ്തമാക്കുന്നത് വ്യത്യസ്ത ജനസമൂഹത്തെ സ്വീകരിക്കാൻ ഉള്ള അവരുടെ വിശാലമനസ്കത ആണ്. അതുകൊണ്ട് ലോകം മുഴുവൻ ഉള്ള 'ടാലൻറ്റ്' അമേരിക്കയിലേക്ക് ഒഴുകുന്നു. അക്കാര്യത്തിൽ പ്രസിഡൻറ്റ് ട്രംമ്പിനുണ്ടായിരുന്ന ശത്രുതാപരമായ നിലപാടിൽ മാറ്റം വന്നേക്കാം; ആ നയവ്യതിയാനത്തിൽ മാത്രമേ എന്തെങ്കിലും പ്രതീക്ഷയുള്ളൂ. പക്ഷെ അപ്പോഴും കണ്ടമാനമൊന്നും കുടിയേറ്റം അമേരിക്കയിൽ ബൈഡൻറ്റെ കാലത്തും വർധിക്കില്ല. കാരണം അത് വളരെ 'സെൻസിറ്റീവ്' ആയ ഇഷ്യൂ ആണ്. അമേരിക്കയിലേക്ക് എങ്ങനെ എങ്കിലും കുടിയേറാൻ തയാറായിട്ടുള്ളവർ ലോകം മുഴുവനായി ലക്ഷകണക്കിന് ആളുകൾ ഉണ്ട്. ചൈനയിൽ നിന്നുപോലും പലർക്കും അമേരിക്കയിൽ പോകാനാണ് താല്പര്യം. അതുകൂടാതെ അയൽ രാജ്യങ്ങളായ മെക്സിക്കോ, പനാമ, കൊളമ്പിയ മുതലായ രാജ്യങ്ങളിൽ നിന്ന് ലക്ഷകണക്കിന് ആളുകൾ അമേരിക്കയിലേക്ക് ഒഴുകുന്നത് അവിടുത്തെ ഭരണാധികാരികൾ ഒരിക്കലും സ്വാഗതം ചെയ്യില്ല. റിപ്പബ്ലിക്കൻ പാർട്ടിയും, ട്രമ്പും കുടിയേറ്റ വിരുദ്ധതയുമായി ഇനിയുള്ള നാളുകളിലും അമേരിക്കയിൽ തന്നെ കാണും. അതുകൊണ്ട് ഒരു അമേരിക്കൻ പ്രസിഡൻറ്റിനും കുടിയേറ്റം നിർബാധം അനുവദിക്കാൻ സാധിക്കുകയില്ല. 'ഹൈലി സ്‌കിൽഡ്' ക്യാറ്റഗറിയിൽ വരുന്ന, അമേരിക്കൻ ഇൻഡസ്ട്രിക്ക് ഗുണമുള്ളവരെ മാത്രമേ അമേരിക്കൻ പോളിസി മെയ്ക്കേഴ്സ് സാധാരണ അമേരിക്കയിലേക്ക് സ്വാഗതം ചെയ്യാറുള്ളൂ. അമേരിക്കയിൽ ആര് അധികാരത്തിൽ വന്നാലും  അവർക്ക് ചില അടിസ്ഥാന നയങ്ങളുണ്ട്‌; അതൊന്നും ജോ ബൈഡൻ പ്രസിഡൻറ്റ് ആകുന്നതോടുകൂടി മാറാൻ പോകുന്നില്ല.

കോവിഡിന് മുൻപ് വരെ അമേരിക്കയിൽ സാധാരണക്കാരെ സംബന്ധിച്ചിടത്തോളം സാമ്പത്തിക സ്ഥിതി നല്ല നിലയിലായിരുന്നു. തൊഴിലില്ലായ്മ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിലയിലായിരുന്നു; ക്രൂഡ് ഓയിൽ വില അമ്പത് ഡോളറിൽ താഴെ പിടിച്ചു നിർത്തിയിരുന്നു; അമേരിക്ക മുൻ പ്രസിഡൻറ്റുമാരുടെ കാലഘട്ടത്തിൽ ചെയ്തതുപോലെ ട്രംമ്പിൻറ്റെ കാലത്ത് അനാവശ്യ യുദ്ധങ്ങൾക്ക് പോയിരുന്നുമില്ല. ഈ പോസിറ്റീവ് കാര്യങ്ങളെല്ലാം ഉണ്ടായിരുന്നിട്ടും ട്രംബ് തോറ്റത് കോവിഡ് മൂലമാണെന്നേ കരുതാൻ നിവൃത്തിയുള്ളൂ. സാമിനാഥൻ അയ്യർ ടൈമ്സ് ഓഫ് ഇന്ത്യയിൽ ഇക്കാര്യം നേരത്തേ തന്നെ ചൂണ്ടികാട്ടിയിരുന്നു. പൊതുവേ മാസ്ക്കും, ഗ്ലവ്സും, സോഷ്യൽ ഡിസ്റ്റൻസിങ്ങും, സാനിട്ടയ്‌സറും ഒന്നും ഇഷ്ടപ്പെടാത്ത പൊതുജനമാണ് അമേരിക്കയിലും യൂറോപ്പിലും ഒക്കെ ഉള്ളത്. ആ പൊതുജനമാണ് അവിടെയൊക്ക കോവിഡ് നിരക്ക് വർധിപ്പിച്ചത്. കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാത്ത പൊതുജനത്തെ കൈകാര്യം ചെയ്യാനും പറ്റില്ല. പൊലീസിന് ഇന്ത്യയിൽ നടക്കുന്നതുപോലെ വലിയ ലാത്തി വെച്ച് ആരേയും അടിച്ചുവീഴിക്കാനോ, എത്തമിടീക്കാനോ ഒക്കെ അവിടങ്ങളിൽ അധികാരമില്ല. പക്ഷെ കോവിഡ് പിടിച്ച് ജനലക്ഷങ്ങൾ മരിക്കുമ്പോൾ ഇതൊന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ല. അവസാനം അത് പ്രസിഡൻറ്റിൻറ്റെ പരാജയമായിട്ട് വിലയിരുത്തും. അതാണ്‌ അമേരിക്കയിൽ സംഭവിച്ചത്.

കൊറോണ സമയത്ത് ട്രംബ് വരുമാനം നിലച്ച ഓരോ വ്യക്തിക്കും 1200 ഡോളർ വെച്ച് അവരുടെ അക്കൗണ്ടിൽ വെറുതെ കൊടുത്തു. അത് ഒരു വലിയ തുക തന്നെ ആയിരുന്നു. അതുപോലെ ജോലി പോയവർക്ക് ഓരോ ആഴ്‌ചയും 1150 ഡോളർ വച്ച് അക്കൗണ്ടിൽ കൊടുത്തു. അത് പലരും ജോലിചെയ്‌താൽ കിട്ടുന്നതിലും കൂടുതലുള്ള തുക ആയിരുന്നു. അതൊക്കെ 'ടാക്സ് പേയേഴ്സ്' കൊടുക്കുന്ന പണമാണ്; അല്ലാതെ ഡൊണാൾഡ് ട്രംബ് സ്വന്തം പോക്കറ്റിൽ നിന്ന് കൊടുക്കുന്ന പണമല്ല എന്നുള്ള ഒരു പ്രബുദ്ധ ജനതയുടെ തിരിച്ചറിവാണ് അതൊന്നും വോട്ട് ആയി മാറാഞ്ഞത്ത്.

അമേരിക്കയിലുള്ള പലരുടേയും പോസ്റ്റുകൾ ഇതെഴുതുന്നയാൾ സോഷ്യൽ മീഡിയയിൽ വായിച്ചു. അതിൽ നിന്നൊക്കെ തൊഴിലും, വരുമാനവും, സമ്പദ് വ്യവസ്ഥയും ആണ് തിരഞ്ഞെടുപ്പിലെ നിർണായക വിഷയങ്ങൾ എന്നാണ് അറിയാൻ കഴിഞ്ഞത്. ഈ കൊറോണ വന്നില്ലായിരുന്നെങ്കിൽ ട്രംബ് ഭരണം അമേരിക്കകാരെ വലിയ സമ്പന്നർ ആക്കിയേനെ എന്നാണ് പലരും എഴുതി കണ്ടത്. അമേരിക്കയിൽ ആര് ഭരിച്ചാലും ജനം പ്രാധാന്യം കൊടുക്കുന്നത് സമ്പദ് വ്യവസ്ഥക്കാണെന്ന് പലരും എഴുതി കണ്ടു. നാടിൻറെ വികസനത്തിനും, ജനങ്ങൾക്ക്  തൊഴിൽ കൊടുക്കുന്ന ഭരണത്തിനും ആണ് അമേരിക്കയിലെ വോട്ടർമാർ  മുൻ‌തൂക്കം കൊടുക്കുന്നത്. കോവിഡ് മൂലം അമേരിക്കൻ സമ്പദ് വ്യവസ്ഥക്കുണ്ടായ നഷ്ടം ചെറുതല്ല. തൊഴിലില്ലായ്മ കുത്തനെ കൂടി. ഇതിൻറ്റെ എല്ലാം കാരണം പ്രസിഡൻറ്റ് ട്രംബ് കൊറോണ വ്യാപനത്തെ ഗൗരവമായി കാണാതിരുന്നതുകൊണ്ടാണെന്ന് വോട്ടർമാർ കരുതിയാൽ അവരെ കുറ്റപ്പെടുത്താൻ ആവില്ല. ഡെമോക്രാറ്റുകളുടെ ഏറ്റവും ശക്തമായ ആയുധമായിരുന്നു പ്രസിഡൻറ്റ് ട്രംബ് കോവിഡ് നേരിട്ട രീതി. ജോ ബൈഡൻ അത് ബോധ്യപ്പെടുത്താൻ രണ്ടാമത്തെ പ്രസിഡൻഷ്യൽ ഡിബേറ്റിൽ മാസ്ക് ധരിച്ചു വരികയും ചെയ്തു. പിന്നീടുള്ള പല മീറ്റിങ്ങുകളിലും ബൈഡൻ മാസ്ക് ധരിച്ചു മാത്രമേ പ്രത്യക്ഷപ്പെട്ടിട്ടുള്ളൂ എന്നതും കൂടി ഓർമിക്കണം.

ജനങ്ങളുടെ ഇടയിൽ ഭിന്നിപ്പ്  ഉണ്ടാക്കുന്ന  ഒരു രാഷ്ട്രത്തലവനെ മാറ്റണം എന്ന ആഗ്രഹമാണ് അമേരിക്കൻ പ്രസിഡൻറ്റ് തിരഞ്ഞെടുപ്പിൽ ഫലം കണ്ടത് എന്ന് ചിലരൊക്കെ എഴുതുന്നു. സത്യത്തിൽ ഭിന്നിപ്പൊക്കെ അമേരിക്കയിൽ പണ്ടുമുതലേ ഉണ്ടായിരുന്നു. ഒബാമയുടെ കാലത്ത് പോലും കറുത്ത വർഗക്കാരുടെ കലാപം അമേരിക്കയിൽ നടന്നിട്ടുണ്ട്. നിലനിൽക്കുന്ന വംശീയത മുതലെടുത്തു എന്ന് മാത്രമേ ട്രമ്പിൽ ആരോപിക്കാൻ സാധിക്കൂ എന്നാണ് തോന്നുന്നത്.

ട്രംബ് ഹിസ്പാനിയാക്കൾക്കും, ഇറാൻ പോലുള്ള രാഷ്ട്രങ്ങൾക്കും, അരാജക വാദികൾക്കും എതിരെ എടുത്തിരുന്ന നിലപാടുകൾക്ക് നല്ല പിന്തുണ അമേരിക്കയിലെ വോട്ടർമാരിൽ നിന്ന് കിട്ടിയിരുന്നു. ഇസ്ലാമിക തീവ്രവാദത്തിനോട് വേൾഡ് ട്രെയിഡ് സെൻറ്റർ ആക്രമണത്തിന് ശേഷം അമേരിക്കകാർക്ക് എന്തെങ്കിലും മമത ഉണ്ടെന്ന് തോന്നുന്നില്ല. അതും ട്രംബ് മുതലാക്കി. ട്രംമ്പിൻറ്റെ നികുതി വെട്ടിപ്പും, സ്ത്രീലമ്പടത്വവും, വിടുവായ പറയലും ഒന്നും അമേരിക്കകാർക്ക് വലിയ പ്രശ്നങ്ങളുള്ള കാര്യങ്ങളായിരുന്നില്ല. മുൻ പ്രസിഡൻറ്റ്മാരിൽ ക്ലിൻറ്റണും, കെന്നഡിയും ഒക്കെ ട്രംമ്പിനേക്കാൾ  വലിയ പെണ്ണ് പിടിയന്മാർ ആയിരുന്നു. പക്ഷെ കോവിഡ് ഡൊണാൾഡ് ട്രംമ്പിനെ വീഴ്ത്തി. ഇന്ത്യയിൽ കോവിഡ് മൂലമുള്ള സാമ്പത്തിക പ്രതിസന്ധി അമേരിക്കയിൽ ഉള്ളതിനേക്കാൾ കൂടുതലുണ്ട്. പക്ഷെ ഇന്ത്യക്കാർ മതവും ജാതിയും ഒക്കെ ഭക്ഷിച്ചു ജീവിക്കുന്നവരാകുമ്പോൾ കോവിഡ് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്ന തൊഴിലില്ലായ്മ ഒക്കെ പൊതുജനത്തിനോട് പറഞ്ഞിട്ട് ഒരു കാര്യവുമില്ല. 'ദവായ്', 'കമായ്' ഒക്കെ തേജസ്വി യാദവ് ബീഹാറിൽ തിരഞ്ഞെടുപ്പ് വിഷയങ്ങളായി ഉയർത്തുന്നുണ്ട്. പുള്ളിയെ കേൾക്കാൻ വലിയ ജനക്കൂട്ടം വരുന്നുമുണ്ട്. പക്ഷെ ഇന്ത്യയിൽ പൊതുജനാരോഗ്യവും, തൊഴിലും, വരുമാനവും ഒക്കെ തിരഞ്ഞെടുപ്പുകളിൽ വിജയ പ്രതീക്ഷകൾ സൃഷ്ടിക്കുമോ എന്ന് കണ്ടുതന്നെ അറിയണം.

(ലേഖകൻറ്റെ ഈ അഭിപ്രായങ്ങൾ തീർത്തും വ്യക്തിപരമാണ്. അതിന് ലേഖകൻറ്റെ ജോലിയുമായി ഒരു ബന്ധവുമില്ലാ.)

Join WhatsApp News
Rama Chandran. NJ 2020-11-09 18:02:29
You cannot compare America & India. In America; trump lost NOT due to his failure in controlling the Spread. These are some of the reasons: trump's Russian connections, failure to show the Tax records, his connection to KKK, proud boys, failure to address Police brutality X blacks, His open hatred towards people from other countries. His overall character & daily attitude. That is why conservative republicans did not vote for him. But fanatic evangelicals, Catholics & other Christian fundamentalists Voted for trump.
Evangelical 2020-11-09 21:20:10
Evangelicals are not fanatic as some one says. Every Christians suppose to be evangelicals. Evangelicals means those who spread good news. If you have good news, you should share with your fellow human beings. That's the commandment of Jesus Christ. Evangelicals never killed anybody. Fanatics are the one who kill other people in the name of religion. You are talking about police brutality. I think a first grader should know that the law and order belongs to state. All these bad things happened democrats controlled states.
Devil hunter 2020-11-09 22:47:42
Your own word says that you are not follower of Christ. If you are a true follower of Christ you would never divide people. You are a coward sounds like Jerry Fallwell Jr.
Tom Joseph, Chicago 2020-11-11 12:15:35
Trump will be indicted in 2021, lose his properties & be hired as an Official Greeter at one of his former golf clubs while he’s awaiting trial. He’ll wander up to random members slurring a/b how he really won the 2020 election, the new witch-hunt & his unfair passport revocation
George Neduvelil 2020-11-23 18:26:59
ജീവിതത്തിൻറ്റെ നല്ലൊരു ഭാഗം കോൺഗ്രസ് എന്ന നശിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രീയ കുടുംബത്തിൻറ്റെ അടുക്കളയിൽ ഹോമിച്ചു രമിക്കുന്ന മാന്യനാണ് ശ്രീ ജോസഫ്. ഇതിനിടയിൽ ആ അടുക്കളയിൽനിന്നും പുറത്തുവന്ന് ശുദ്ധവായു ശ്വസിച്ചപ്പോൾ അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലും ശ്വാസംമുട്ടിക്കഴിയുന്ന മലയാളിസഹോദരങ്ങളെ ഒന്നു സമാശ്വസിപ്പിച്ചുകളയാമെന്ന് ശ്രീ ജോസഫ് തീരുമാനിച്ചുവെന്ന് ഊഹിക്കേണ്ടിയിരിക്കുന്നു. അമേരിക്കയിൽ ആകുലതയിലും വിഷാദത്തിലും വിഷമിക്കുന്ന ലക്ഷക്കണക്കിന് മലയാളികൾക്കുവേണ്ടി ഞാൻ ശ്രീ ജോസഫിൻറ്റെ സന്മനോഭാവത്തിന് നന്ദി രേഖപ്പെടുത്തുന്നു. ശ്രീ ജോസഫിൻറ്റെ ലേഖനത്തിൽനിന്നും ഒരുകാര്യം സ്പഷ്ടമായി-അമേരിക്കയിൽ നടക്കുന്ന കാര്യങ്ങളെപ്പറ്റി അമേരിക്കൻ മലയാളികൾക്ക് കാര്യമായ ഗ്രാഹ്യം ഇല്ലെന്നുള്ള 'ദുഃഖസത്യം' ശ്രീ ജോസഫിൻറ്റെ കരളിനെ നൊമ്പരപ്പെടുത്തുന്നു. അതുകൊണ്ടാണല്ലോ ആയിരക്കണക്കിന് കാതങ്ങൾ അകലെയിരുന്നുകൊണ്ടാണെങ്കിലും സ്വാന്തനപ്പെടുത്താൻ അദ്ദേഹം മെനക്കെട്ട് ഒരു ലേഖനത്തിന് രൂപം കൊടുത്തത്. തെരഞ്ഞെടുപ്പിനുശേഷം കരഞ്ഞുംവലഞ്ഞും/ ആനന്ദിച്ചും അർമാദിച്ചും മേവുന്ന മലയാളി സഹോദരങ്ങൾക്കുള്ള അദ്ദേഹത്തിൻറ്റെ മഹത്തായ സന്ദേശം: "ഭരണം മാറിയതുകൊണ്ട് അമേരിക്കൻ ആഭ്യന്തര/ വിദേശ നയങ്ങളിൽ യാതൊരുവിധമായ മാറ്റവും സംഭവിക്കാൻ സാഹചര്യമില്ല." അങ്ങനെ ആഗ്രഹിക്കുന്നതുതന്നെ പെരിയ ചാവദോഷമാണെന്ന് താക്കീതുനൽകാനും ശ്രി ജോസഫ് മനസ്സു തുറന്നു. അങ്ങനെ എത്രയെത്ര ഉപദേശങ്ങൾ, സന്ദേശങ്ങൾ, ആശങ്കകൾ! ലേഖനം ആകമാനം മരമണ്ടന്മാരായ അമേരിക്കൻ മലയാളികൾക്കുള്ള സന്ദേശങ്ങളും ഉപദേശങ്ങളും സ്വാന്തനവാക്കുകളുംകൊണ്ട് പൂരിതമാക്കാൻ പാടുപെട്ട ശ്രി ജോസഫിന് പ്രണാമം!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക