Image

രാജ്യം സ്ത്രീ ജീവിതത്താട് നീതി കാണിക്കുക (ഉയരുന്ന ശബ്ദം-15-ജോളി അടിമത്ര)

Published on 07 November, 2020
രാജ്യം സ്ത്രീ  ജീവിതത്താട് നീതി കാണിക്കുക (ഉയരുന്ന ശബ്ദം-15-ജോളി അടിമത്ര)
''അസൂയ തോന്നുന്നു, ഇപ്പോഴെങ്ങാനും ജനിച്ചാല്‍ മതിയായിരുന്നു'', വയോധികയായ വല്യമ്മച്ചി പറയുന്നതു കേട്ട് പേരക്കുട്ടി കുലുങ്ങിച്ചിരിച്ചു. കേരളത്തിലെ വല്യമ്മച്ചിമാരെല്ലാം ഇപ്പോള്‍ ഇങ്ങനെ പറഞ്ഞു തുടങ്ങുമോ.. രാജ്യം ചര്‍ച്ച ചെയ്യുന്ന സമകാലിക വിഷയമാണ് പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കുന്നു എന്നത്.

കല്ലേക്കൊത്തു കളിച്ചു കൊണ്ടിരുന്ന എട്ടുവയസ്സുകാരി കുട്ടിയെ പെണ്ണുകണ്ട് ഉറപ്പിച്ച പഴയ കാലത്തില്‍ നിന്ന് നാമെന്തു മാറിപ്പോയി. കല്യാണത്തിന് കുഞ്ഞുവധുവിനെ തോളിലെടുത്തു കൊണ്ടു ചെന്ന അമ്മാവന്‍മാരുടെ ഓര്‍മകള്‍ ഉണരുന്ന നാടാണിത്. ചെക്കന്റെ വീട്ടില്‍വച്ച് ആദ്യമായി ഋതുമതിയായ എത്രയോ വധുക്കളുടെ ആകുലതകളുടെ കഥകള്‍ നമ്മളറിഞ്ഞിരിക്കുന്നു. പന്ത്രണ്ടാം വയസ്സില്‍ പ്രസവിച്ച കുട്ടികള്‍. നാല്‍പ്പതു വയസ്സിനകം 16- ഉം 18-ഉം മക്കളെ പ്രസവിച്ച് ജീവിതം കിടപ്പറയിലും അടുക്കളയിലുമായി തളച്ചിട്ട് നരകിച്ച ജന്‍മങ്ങള്‍. പെറ്റുകൂട്ടുന്ന യന്ത്രങ്ങള്‍ എന്ന വിശേഷണങ്ങളുമായി പുകയൂതി അടുക്കളയില്‍ എരിഞ്ഞുതീര്‍ന്ന സ്ത്രീ ജന്‍മങ്ങളെ ഇന്നത്തെ സ്ത്രീകള്‍ക്കു ഭാവന കാണാന്‍ പോലുമാകില്ല. സത്യത്തില്‍ അവരൊക്കെ ഇരകളായിരുന്നില്ലേ. സ്വന്തം ശരീരത്തില്‍ യാതൊരു അവകാശവുമില്ലാത്ത, ഭര്‍ത്താവിനാല്‍ ചവിട്ടിമെതിക്കപ്പെടുന്ന ഇരകള്‍. രാത്രിയില്‍ ഇരുട്ടില്‍ കയറിവന്ന് കുരുന്നു പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്യുന്ന ഭര്‍ത്താക്കന്‍മാര്‍. ലൈംഗികത എന്തെന്നു പറഞ്ഞു കൊടുക്കാന്‍ അമ്മയ്ക്കു പോലും നാണമാകുന്നത്ര കുരുന്നു പ്രായം. സെക്‌സ് എന്ന ദൈവികസമ്മാനം ഒരിക്കല്‍പ്പോലും ആസ്വദിക്കാന്‍ കഴിയാതെ, വിധേയപ്പെടാന്‍ മാത്രം  വിധിക്കപ്പെട്ട സ്ത്രീജീവിതങ്ങള്‍ കേരളത്തില്‍ ആയിരക്കണക്കിനുണ്ടായിരുന്നു.. അതൊക്കെ മാറിയത് ഇവിടെ നടപ്പാക്കിയ പുതിയ നിയമങ്ങള്‍ കാരണമാണ്. ശൈശവവിവാഹ നിരോധന നിയമം കൊണ്ടുന്നതുകൊണ്ട് രക്ഷപ്പെട്ടവരാണ് ഇന്നാട്ടിലെ ഒട്ടുമുക്കാലും സ്ത്രീകള്‍ .

'ഞാന്‍ അതിയാനെ ചൊവ്വേനേരെ ആദ്യമൊന്നു കണ്ടതു തന്നെ മൂത്തമോന് രണ്ടു വയസ്സായിട്ടാ'' എന്നൊക്കെ മുത്തശ്ശിമാര്‍ പറഞ്ഞിരുന്ന ഇരുണ്ട കാലഘട്ടത്തില്‍നിന്ന് നമ്മള്‍ എത്രയോ കാതം അകലെ സഞ്ചരിച്ചുകഴിഞ്ഞു.

കുട്ടികള്‍ രണ്ടോ മൂന്നോ മതിയെന്ന നിയമവും നാം രണ്ട് നമുക്ക്  രണ്ട് എന്ന മുദ്രാവാക്യവും നമ്മുടെ നാട്ടില്‍ ഒരു കാലത്ത് കോളിളക്കം ഉണ്ടാക്കിയിരുന്നു. വ \ന്ധ്യംകരണ നടപടികള്‍ക്കെതിരെ ഉറഞ്ഞുതുള്ളിയ കാലവും മറക്കാറായിട്ടില്ല. സഭകള്‍പോലും അതിനെതിരെ രംഗത്തു വന്നിരുന്നു. സന്താനപുഷ്ടിയുള്ളവരായി  പെരുകി വാഴാനാണ് ദൈവം കല്‍പ്പിച്ചതെന്നൊക്കെ പ്രസംഗിച്ച പുരോഹിതരുടെ വാക്കുകളെ വകവയ്ക്കാതെ വിശ്വാസികള്‍ സ്വയം ബ്രേക്കിട്ടു! . അതേ ജനം തന്നെ ഒരു കുട്ടി മതിയെന്നും കുട്ടികളെ സൃഷ്ടിക്കാനുള്ളതല്ല ദാമ്പത്യമെന്നുമൊക്കെ പിന്നീട് മാറ്റിപ്പറയുന്ന കാഴ്ചയുമുണ്ടായി.

പുതിയ നീക്കത്തില്‍ മനുഷ്യാവകാശ ധ്വംസനം ആരോപിക്കുന്നവരുണ്ട്. ഇതില്‍ എവിടയാണ് മനുഷ്യാവകാശ ധ്വംസനം? ചില തത്പര കക്ഷികള്‍ക്ക് കല്യാണം കഴിക്കാന്‍ ഇളം പെണ്‍കുട്ടികളെത്തന്നെ വേണമെന്ന വാശി ഇനി നടക്കില്ലെന്ന നഷ്ടബോധമല്ലേ ഇപ്പോഴത്തെ ഉറഞ്ഞുതുള്ളലിനു പിന്നില്‍. 18 വയസ്സായ, പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിക്ക് ഇഷ്ടപ്പെട്ട പുരുഷനൊപ്പം ജീവിക്കാന്‍ കോടതി കയറിയാല്‍ അനുമതി കിട്ടും. ഒപ്പം ജീവിക്കാനുള്ള അനുമതി . അങ്ങനെ ജീവിക്കുന്ന ബന്ധത്തില്‍ ഒരു കുഞ്ഞുണ്ടായാല്‍ ഇലെജിറ്റിമേറ്റ് ചൈല്‍ഡായി . പക്ഷേ, 21 വയസ്സു കഴിഞ്ഞാല്‍ അവര്‍ക്ക് വിവാഹം കഴിക്കാം.

ഒരു പെണ്‍കുട്ടി മാനസ്സികമായും ശാരീരികമായും പാകമായാലേ വിവാഹം കഴിപ്പിക്കാവൂ. ഭര്‍തൃഗൃഹത്തിലെ ഗാര്‍ഹിക പീഢനങ്ങള്‍ സഹിക്കാനാവാതെ വരുമ്പോള്‍ 'നോ' പറഞ്ഞ് സ്വന്തം കാലില്‍ നില്‍ക്കാനുള്ള പ്രാപ്തിയാണ് മാതാപിതാക്കള്‍ നല്‍കേണ്ടത്. അല്ലാതെ പിറന്ന വീട്ടിലും രക്ഷയില്ല, സ്വയം പോറ്റാന്‍ കഴിവുമില്ല എന്നാല്‍ പിന്നെ മണ്ണെണ്ണയൊഴിച്ച് അവസാനിപ്പിച്ചേക്കാമെന്ന് തീരുമാനിക്കുന്ന വിധത്തിലേക്ക് പെണ്ണിനെ തള്ളി വിടരുത്. അടിമയെപ്പോലെ വീടിന്റെ ഇരുണ്ടമുറികളില്‍ തളച്ചിടപ്പെടാന്‍ ഏതു പെണ്ണാണ് ആഗ്രഹിക്കുക. അങ്ങനെ കരഞ്ഞ് കഴിയുന്ന പെണ്‍കുട്ടികളുടെ ശാപം സ്വന്തം അച്ഛനമ്മമാരുടെ തലയിലാണ് ആദ്യം വന്നുവീഴുക. കുറെ സ്വര്‍ണ്ണാഭരണങ്ങളും  വിലകൂടിയ സാരിയും വീഡിയോയെടുപ്പും മാത്രമല്ല, വിവാഹജീവിതമെന്നും അതു കഴിഞ്ഞുള്ള പരുക്കന്‍കാലങ്ങളെ നേരിടാനുള്ള പ്രാപ്തികൂടി നേടിയിരിക്കണമെന്ന തിരിച്ചറിവ് പെണ്‍കുട്ടിയ്ക്കുണ്ടാകാന്‍ പ്രായത്തിന്റെ  പക്വത സഹായിക്കും. സ്വയം തീരുമാനങ്ങളെടുക്കാനുള്ള കഴിവുണ്ടാകട്ടെ.

വിവാഹപ്രായം 21 ആക്കണമെന്നു പറയുമ്പോള്‍ ചിലര്‍ എന്തിനാണ് ഇത്ര അറഞ്ഞുതുള്ളുന്നത് എന്നു മനസ്സിലാവുന്നില്ല.പെണ്‍കുട്ടികള്‍ ഭാരം ആണെന്നും എങ്ങനെയും ഇറക്കി വിടണമെന്നും ചിന്തിക്കുന്ന മാതാപിതാക്കളാണ്  ഇളംപ്രായത്തിലേ മകളെ വിവാഹം കഴിപ്പിക്കുന്നത്. വിവാഹം കഴിഞ്ഞാലും പഠിക്കാമല്ലോ എന്ന ന്യായവാദവും പൊള്ളയാണ്. മിക്കവരുടെ ജീവിതത്തിലേക്കും തിരക്കുകള്‍ വന്നു ചേരുകയായി. ചിലര്‍ മാത്രം പ്രതിസന്ധികളെ അതിജീവിച്ചും ലക്ഷ്യത്തിലെത്തുന്നു. ബിരുദസര്‍ട്ടിഫിക്കറ്റ് കൈയ്യിലെത്തുന്ന പ്രായമാണ് 21 വയസ്സ് . അത്രയുമെങ്കിലും വിദ്യാഭ്യസമെത്തിയിട്ട് പെണ്‍കുട്ടിയെ വിവാഹം കഴിപ്പിക്കട്ടെ. അതിനെന്താണ് തെറ്റ്. സ്ത്രീപരിരക്ഷാ നിയമങ്ങള്‍ നടപ്പാക്കാന്‍ ശ്രമിക്കുമ്പോള്‍ മനുഷ്യവകാശ ധ്വംസനമെന്നൊക്കെ പറഞ്ഞ് പേടിപ്പിച്ച് ബഹളം വയ്ക്കുന്നത് ന്യായീകരിക്കാനാവില്ല.

ഭാരതത്തില്‍ ജീവനോടെ സ്ത്രീയെ ഭര്‍ത്താവിന്റെ ചിതയില്‍ ദഹിപ്പിക്കുന്ന സതി നിര്‍ത്തല്‍ ചെയ്തപ്പോള്‍ എന്തെന്തു  ബഹളങ്ങളായിരുന്നു. കാലം മാറിയപ്പോഴോ.. ഞെട്ടലോടെയാണ് അവയൊക്കെ നാം ഇന്നു കാണുന്നത്. കാലത്തിനനുസരിച്ച് സ്ത്രീയുടെ ജീവിതത്തോട് നീതി കാണിക്കുക
രാജ്യം സ്ത്രീ  ജീവിതത്താട് നീതി കാണിക്കുക (ഉയരുന്ന ശബ്ദം-15-ജോളി അടിമത്ര)
ജോളി അടിമത്ര
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക