Image

ഉരുളികുന്നിന്റെ കാഥികന്‍, മലയാളത്തിന്റെ എഴുത്തച്ഛന്‍ (പി.വി.തോമസ്)

പി.വി.തോമസ് Published on 06 November, 2020
ഉരുളികുന്നിന്റെ കാഥികന്‍, മലയാളത്തിന്റെ എഴുത്തച്ഛന്‍ (പി.വി.തോമസ്)

ഇരുപത്തി എട്ടാമത് എഴുത്തച്ഛന്‍ പുരസ്‌കാരത്തിന് അര്‍ഹനായ പോള്‍ സക്കറിയ എന്ന ഉരുളികുന്നംകാരന്‍ (പാല) സക്കറിയ മലയാളികളുടെ പ്രിയപ്പെട്ട കഥാകൃത്താണ്. എഴുത്തച്ഛന്‍ പുരസ്‌ക്കാരം കേരളസര്‍ക്കാരിന്റെ ഏറ്റവും ശ്രേഷ്ഠം ആയ ഒന്നാണ്. മലയാളസാഹിത്യത്തിന് കഴിഞ്ഞ 50 വര്‍ഷം ആയി അദ്ദേഹം നല്‍കി വരുന്ന ഉദാത്തമായ സംഭാവനക്കും ചിന്തക്കും ആണ് ഈ പുരസ്‌ക്കാരം. ഹാസ്യത്തെയും ദുരന്തത്തെയും ഒത്തിണക്കി കഥ പറയുന്ന  ഒരു സൗന്ദര്യകല്പനയാണ് സക്കറിയയുടേത്. അതില്‍ അതിഭീകരമായ ആകേഷേപഹാസ്യവും കൂട്ടി ഇണക്കിയിട്ടുണ്ടാകും. വല്ലാത്ത ഒരു കഥ പറച്ചില്‍ ആണ് ഇത്. എനിക്ക് ഒന്നുകൂടെ കൂട്ടിച്ചേര്‍ക്കുവാനുള്ളത് സക്കറിയ ബൗദ്ധികമായി കഥ പറയുന്ന എഴുത്തുകാരനാണ്. അദ്ദേഹം ഹൃദയത്തിന്റെ ഭാഷയില്‍ അല്ല മനുഷ്യകഥാനുഗായി ആയി ആഖ്യാനം നടത്തുന്നത്. മറിച്ച് മസ്തിഷ്‌കത്തിന്റെ ഭാഷയില്‍ ആണ്. അങ്ങനെയാണ് സക്കറിയ കഥാപാത്രങ്ങളെ കണ്ടെത്തി വിസ്തരിക്കുന്നത്. അവിടെ മൃദുല വികാരങ്ങള്‍ പോലും ആക്ഷേപഹാസ്യം ആകുന്നു.
സക്കറിയ, എന്റെ സുഹൃത്താണ്. അദ്ദേഹം 21 വര്‍ഷം ദല്‍ഹിക്കാരന്‍ ആയിരുന്നു(1972-93). ദല്‍ഹി വാസക്കാലത്താണ് സക്കറിയ ലോകോത്തരമായ പല കഥകളും എഴുതിയത്. ലോകോത്തരം എന്ന് അദ്ദേഹത്തിന്റെ കഥകളെ വിശേഷിപ്പിച്ചത് മറ്റാരുമല്ല മലയാളത്തിന്റെ ധിഷണാശാലിയായ സാഹിത്യവാരഫലക്കാരനായ പ്രൊഫസര്‍ എം.കൃഷ്ണന്‍ നായര്‍ ആണ്.

ദല്‍ഹി ഒട്ടേറെ പ്രതിഭാശാലികളായ മലയാളി എഴുത്തുകാര്‍ക്ക് ഇരിപ്പടം ആയിരുന്നു 1950കള്‍ തൊട്ട്. കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ വി.കെ.എന്‍.ഒ.വി.വിജയന്‍, കാക്കനാടന്‍, എം.വി.നാരായണ പിള്ള(നാണപ്പന്‍), എം.മുകുന്ദന്‍, ആനന്ദ്, ഓംചേരി, എന്‍.എന്‍.പിള്ള എന്നിവര്‍ ഇവരില്‍ ചിലര്‍ ആണ്. സക്കറിയയും അതില്‍ ഒരാള്‍ ആണ്. സക്കറിയയും വിജയനും മാധ്യമപ്രവര്‍ത്തകനായ വി.കെ.മാധവന്‍കുട്ടിയും ആയിരുന്നു ത്രിമൂര്‍ത്തികള്‍. ഒപ്പം റ്റി.എന്‍.ഗോപകുമാര്‍(കണ്ണാടി- ഏഷ്യാനെറ്റ്) എന്ന ഗോപനം ഉണ്ട്. മലയാളസാഹിത്യത്തിലെ വളരെ ക്രിയാത്മകമായ ഒരു കാലഘട്ടം ആയിരുന്നു അത്. ഒട്ടേറെ നല്ല കൃതികള്‍ ഭാഷക്ക് ലഭിച്ചു.

പാലായിലെ ഉരുളികുന്നത്ത് മുണ്ടാട്ടുചുണ്ടയിലെ സക്കറിയയുടെ ദ്ല്‍ഹിവാസവും വളരെയേറെ ക്രിയാത്മകം ആയിരുന്നു. മികച്ച കഥാകൃത്ത് എന്നതിലുപരി അദ്ദേഹം പല വേഷങ്ങളും ഇവിടെ അണിഞ്ഞിട്ടുണ്ട്. പ്രിന്റര്‍, പബ്ലീഷര്‍, ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, എഡിറ്റര്‍, എഡിറ്റോറിയല്‍ കണ്‍സള്‍ട്ടന്റ്, കൃഷിക്കാര്‍ കേരളത്തിലെ ആദ്യത്തെ ടെലിവിഷന്‍ ചാനലിന്റെ (ഏഷ്യാനെറ്റ്) അണിയറ ശില്പികളില്‍ ഒരാള്‍ എന്നിങ്ങനെ ഒട്ടേറെ  റോള്‍ അദ്ദേഹം ഭംഗിയായി നിര്‍വ്വഹിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പബ്ലീഷര്‍ എന്ന സ്വപ്‌നം അവസാനിച്ചത് വിജയന്റെ കാര്‍ഷെഡില്‍ ആണ്. അതൊരുകഥ. 1975-ലെ ്അടിയന്തിരാവസ്ഥക്കും 1984-ലെ ഇന്ദിരവധത്തിനും സിക്കുവിരുദ്ധ കലാപത്തിനും സക്കറിയ സാക്ഷി ആയിരുന്നു ഒരു ദല്‍ഹിക്കാരന്‍ എന്ന നിലയില്‍. ഇവയെല്ലാം കഥകളില്‍ പ്രതിഫിച്ചിട്ടും ഉണ്ട്. ഇതിനിടെ തൊഴില്‍ അന്വേഷണം, അലച്ചില്‍, കഥയെഴുത്ത്, പുതിയൊരു രാഷ്ട്രീയാവബോധം, തൊഴില്‍ സംസ്‌ക്കാരം എല്ലാം.
1972-ല്‍ ദല്‍ഹിയിലേക്ക് ഷിഫ്ട് ചെയ്യുന്നതിന് മുമ്പും ഇടക്കിടെ സക്കറിയ ഇവിടെ വരുമായിരുന്നു. ഭാര്യ ലളിതയുടെ ജോലി ഇവിടെ ആയിരുന്നു. ഭാരത് സര്‍ക്കാരിന്റെ പബ്ലിക്കേഷന്‍സ് വിഭാഗം പ്രസിദ്ധീകരിച്ച 106 വാള്യം ഉള്ള മഹാത്മഗാന്ധിയുടെ സമാഹൃത കൃതികളുടെ  പത്രാധിപ സമതിഅംഗം ആയിരുന്നു ലളിത. പിന്നെ വിജയനെയും മുകുന്ദനെയും മാധവന്‍കുട്ടിയെയും കാണും. അപ്പോഴൊക്കെ  കാണിരപ്പള്ളി സെന്റ് ഡൊമിനിക്ക് കോളേജില്‍ അദ്ധ്യാപകന്‍ ആയിരുന്നു. വരവിന്റെ പ്രധാന ഉദ്ദേശം ലല്ലിയെ(ലളിത) കാണുകയെന്നതായിരുന്നു.

വിജയന്‍ അന്ന് ഫുള്‍ടൈം കാര്‍ട്ടൂണിസ്റ്റ് ആയി ജോലി ചെയ്യുന്നു. വിജയന്റെ സ്റ്റുഡിയോ സ്‌റ്റെയിറ്റ്‌സ്മാന്‍ ഇംഗ്ലീഷ് ദിനപ്പത്രത്തിന്റെ എതിര്‍ വശത്താണ്. വിജയന്‍ കത്തി നില്‍ക്കുന്ന കാലമാണത്. ഖസാക്കിന്റെ പ്രസിദ്ധീകരണം കഴിഞ്ഞു. വന്‍വിജയം ആയി. വലിയ പ്രശസ്തി ലഭിച്ചു. ഫാര്‍ ഈസ്റ്റേണ്‍ ഇക്കണോമിക്ക് റിവ്യൂവിനുവേണ്ടി വിജയന്‍ കവര്‍ വരയ്ക്കുന്ന കാലം ആണത്. നാണപ്പന്‍ ദല്‍ഹി വിട്ട് ബോംബെക്ക് പോയിരുന്നു. പിന്നീടുള്ളത് മാധവന്‍കുട്ടി(മാതൃഭൂമി)യും മുകുന്ദനും ആണ്. അവരെകാണും. മാധവന്‍കുട്ടിയുടെ ഓഫീസ് റഫിമാഗ്ഗിലെ ഇന്‍ഡ്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റിയുടെ കെട്ടിടത്തിലാണ് മുകുന്ദന്‍ (ഫ്രഞ്ച് എംബസി) താമസിക്കുന്നത് സൗത്ത് എക്സ്റ്റന്‍ഷനില്‍ ആയിരുന്നു. ഈ വരവുകളും കണ്ടുമുട്ടലുകള്‍ ഫലപ്രദം ആയിരുന്നു.

സക്കറിയ അഭിമുഖം തുടര്‍ന്നു. 1986-ല്‍ ദല്‍ഹിക്കു വരുമ്പോഴാണ് ആദ്യമായി വിമാനത്തില്‍ കയറുന്നത്. ഒരു വ്യാജസ്റ്റുഡന്റ് ടിക്കറ്റ് മാന്നാനം കോളെജിലെ നെസ്‌തോര്‍ അച്ചന്‍ സംഘടിപ്പിച്ചുതന്നു. ഞാന്‍ അന്ന് അദ്ധ്യാപകന്‍ ആയിരുന്നു. ഭയങ്കരമായി പേടിച്ചാണ് വിമാനത്തില്‍ ഇരുന്നത്. ഭയങ്കര പേടി എന്നു പറഞ്ഞാല്‍ ഭയങ്കര പേടി. നടി റാണിചന്ദ്രയുടെ വിമാനം കടലില്‍ വീണപകടം ഉണ്ടായത് ആയിടക്ക് ആയിരുന്നു. തൊട്ടടുത്ത സീറ്റില്‍ ഒരാള്‍ എന്തോ വായിച്ചുകൊണ്ട് ഇരിക്കുന്നു. സൂക്ഷിച്ച് നോക്കിയപ്പോള്‍ ഇ.എം.എസ്. എന്നെ അറിയില്ല. എങ്കിലും അദ്ദേഹം എന്തോ സംസാരം ഒക്കെ പറഞ്ഞു. ആ വിമാനയാത്ര വിമാനത്തില്‍ കയറുവാനുള്ള ആഗ്രഹം തീര്‍ക്കുവാന്‍ ആയിരുന്നു. 802 രൂപയുടെ ടിക്കറ്റ് വിദ്യാര്‍ത്ഥി എന്ന നിലയില്‍ 401 രൂപക്ക് ലഭിച്ചു.
അവസാനം 1972-ല്‍ ദല്‍ഹിയിലേക്കു ഷിഫ്ടു ചെയ്തു. ജോലി രാജിവച്ചു. തൊഴില്‍ രഹിതന്‍. 1971 നവംബറില്‍ ആയിരുന്നു കല്യാണം. ലല്ലി ദല്‍ഹിയിലും ഞാന്‍ കാഞ്ഞിരപ്പള്ളിയിലും ആയി ജിവിതം നടക്കുകയില്ലല്ലൊ. അങ്ങനെ ഒരു സുപ്രഭാതത്തില്‍ ഗ്രാന്റ് ട്രങ്ക് ട്രെയിനില്‍ (ജി.റ്റി.) കയറി ദല്‍ഹിയില്‍ എത്തി. താമസം തല്‍ക്കാലം ലല്ലിയുടെ അമ്മാവന്റെ കൂടെ വസന്തവിഹാറില്‍.

പിന്നീട് തൊട്ടടുത്തുള്ള ഒരു ചെറിയ വണ്‍റൂം കിച്ചനിലേക്ക് താമസം മാറ്റി(ജി.14/4). ഇനി ഒരു ജോലി വേണം. ആശങ്കയൊന്നും ഉണ്ടായിരുന്നില്ല. ശുഭാപ്തി വിശ്വാസി ആയിരുന്നു. ബംഗ്ലാദേശ് യുദ്ധം കഴിഞ്ഞ് ഇന്ദിരഗാന്ധി സര്‍വ്വപ്രതാപത്തോടെ വാഴുന്നകാലം ആയിരുന്നു. ഇതാണ് ദല്‍ഹിയെകുറിച്ചുള്ള എന്റെ ആദ്യകാല ഓര്‍മ്മ. എന്നും ജോലി അന്വേഷിച്ച് ഓരോരോ സ്ഥലങ്ങളില്‍ അലയും. വിജയനെ അറിയാം. ദല്‍ഹിയിലേക്ക് പോരുന്നതിന് മുമ്പേ എഴുത്തുകാരന്‍ എന്ന നിലയില്‍ എസ്റ്റാബ്ലിഷ് ചെയ്തു കഴിഞ്ഞിരുന്നു. ഒരിടത്ത് എഴുതിയിരുന്നു. 'ആര്‍ക്കറിയാം' പിന്നീടാണ്. പക്ഷേ, ഒരു എഴുത്തുകാരനെന്ന നിലയില്‍ മറ്റ് ജോലി ഒന്നും ഇല്ലെങ്കില്‍ പിടിച്ച് നില്‍ക്കാമെന്ന് കരുതാറായിട്ടില്ല. എന്തെങ്കിലും ജോലി വേണം. വിജയനുമായി ജോലിയെക്കുറിച്ചുള്ള ചര്‍ച്ചകളും ആലോചനകളും അന്വേഷണങ്ങളും മുറക്ക് നടന്നു. ഇടത്തട്ട നാരായണനെ കണ്ടു(പേട്രിയറ്റ് ദിനപ്പത്രം). പിന്നെ ന്യൂഡല്‍ഹി പബ്ലീഷിംങ്ങ് ഹൗസ്, നാഷ്ണല്‍ ബുക്ക് ട്രസ്റ്റ്  തുടങ്ങിയവ. നാഷ്ണല്‍ ബുക്ക് ട്രസ്റ്റില്‍ എഡിറ്ററായി വിജയന്റെ ബ്രദര്‍-ഇന്‍-ലോ ഉണ്ടായിരുന്നു. ഓംചേരി ആയിരുന്നു മലയാളത്തിന്റെ സെലക്ഷന്‍ ബോഡില്‍. ജോലി ഒരു സി.പി.ഐ.ക്കാരന് കൊടുക്കേണ്ടതായി വന്നു ഓം ചേരിക്ക്. പിന്നീട് അദ്ദേഹം പറയുകയുണ്ടായി സക്കറിയ അന്ന് ആ ജോലിയില്‍ കയറി ഇരുന്നെങ്കില്‍ ജീവിതം അവിടെ അവസാനിച്ചു പോയേനെയെന്ന്.'

അതിനുശേഷം അഫിലിയേറ്റഡ് ഈസ്റ്റ് വെസ്റ്റ് പ്രസില്‍ കോപ്പി എഡിറ്ററായി ചേര്‍ന്നു. പിന്നീട് ആ കമ്പനി മദ്രാസിലേക്ക് ഷിഫ്ട് ചെയതപ്പോള്‍ ജോലി നഷ്ടമായി. അല്ലെങ്കില്‍ മദ്രാസിന് കെട്ടുകെട്ടണം. അങ്ങനെയിരിക്കെ മാധവന്‍കുട്ടിയിലൂടെ കേന്ദ്രമന്ത്രി എ.സി. ജോര്‍ജിനെ കണ്ടു. അദ്ദേഹം പറഞ്ഞിട്ട് അപ്പോളോ ടയേഴ്‌സിന്റെ റൊണാക്ക് സിംങ്ങിനെ കണ്ടു. അദ്ദേഹം പറഞ്ഞതനുസരിച്ച് ആള്‍ ഇന്‍ഡ്യ മാനേജ്‌മെന്റ് അസോസിയേഷനില്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍. അത് മറ്റൊരു ലോകം. അങ്ങനെ അവിടെ ആള്‍ ഇന്‍ഡ്യ മാനേജ്‌മെന്റ് അസോസിയേഷനിലിരുന്ന് ജീവിതത്തിന്റെ പുതിയ ഒരു അദ്ധ്യായം ആരംഭിക്കുകയായിരുന്നു. ധീരുഭായ് അംബാനി, കൃഷ്ണമൂര്‍ത്തി, സോമയ്യ എന്നിവരെല്ലാം ഓഫീസില്‍ വരുമായിരുന്നു. ഇന്‍ഡ്യയിലെ അന്നത്തെ മുഖ്യ വ്യവസായ സ്ഥാപനങ്ങളുടെ തലവന്മാരുമായി അടുത്ത ബന്ധം സ്ഥാപിക്കുവാന്‍ കഴിഞ്ഞു. അബാനിയുടെ വളര്‍ച്ച ആരംഭിക്കുന്ന കാലമായിരുന്നു അത്. ആണ്ടില്‍ രണ്ടുതവണ അസോസിയേഷനുവേണ്ടി പരസ്യം പിടിക്കുവാനായി ടൂറില്‍ പോകും ഞാന്‍. എല്ലാ പ്രധാനപ്പെട്ട ഇന്റസ്ട്രിയല്‍ ഹൗസുകളും സന്ദര്‍ശിക്കും. അങ്ങനെയാണ് ബോംബെയില്‍ നരിമാന്‍ പോയിന്റിലിലെ ഓഫീസില്‍വച്ച് അംബാനിയെ കാണുന്നത്്. അന്ന് പുള്ളി നേരിട്ടാണ് കാര്യങ്ങള്‍ നോക്കിയിരുന്നത് എന്നുപറഞ്ഞാല്‍ 600-800 രൂപ വരുന്ന പരസ്യം വരെ. അന്നും അത് അത്ര വലിയ സംഖ്യ ഒന്നും അല്ല. ഇവരുടെ രീതികളും കാര്യങ്ങളും അറിയുവാനും പരിചയപ്പെടുവാനും എങ്ങനെയാണ് ഇന്‍ഡ്യന്‍ ക്യാപിറ്‌റലിസ്റ്റ് പെരുമാറുന്നതെന്നും പഠിക്കുവാനുള്ള ഒരു കാലം ആയിരുന്നു അത്. എനിക്ക് അന്ന് ശമ്പളം പ്രതിമാസം 1100-1200 രൂപ. കാഞ്ഞിരപ്പള്ളിയില്‍ ശമ്പളം ഏതാണ്ട് 795 രൂപം മാത്രം ആയിരുന്നു.
എഴുത്തച്ഛന്‍ പരുസ്‌ക്കാര ജേതാവ് സക്കറിയ അദ്ദേഹത്തിന്റെ ദല്‍ഹി ജീവിതം വീണ്ടും അയവിറക്കുകയാണ്. മാധ്യമപ്രവര്‍ത്തകര്‍ സുഹൃത്തുക്കളായിട്ടുണ്ടായിരുന്നെങ്കിലും ജേര്‍ണ്ണലിസം ഒരു ജോലിയായി ആകര്‍ച്ചിരുന്നില്ല ദല്‍ഹികാലത്ത്. ഇക്കാലത്ത് എഴുത്ത് ശക്തമായി പുരോഗമിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഒട്ടേറെ കഥകള്‍ ദല്‍ഹിയില്‍ വച്ച് എഴുതി. ഒരു മാധ്യമപ്രവര്‍ത്തകന്‍ ആയില്ലെങ്കിലും പത്രപ്രവര്‍ത്തനത്തിന്റെ ഉള്ളുകള്ളികള്‍ക്കത്തു നിന്നുകൊണ്ട് എല്ലാം കാണുവാന്‍ സാധിച്ചു. ഇ്ത് എഴുത്തിനെ എത്രമാത്രം സഹായിച്ചുവെന്നതിലപ്പുറം നമ്മുടെ പൊതു വിജ്ഞാനത്തെ എത്രമാത്രം വളര്‍ത്തി എന്നതാണ് പ്രധാനം. ഒരു പത്രപ്രവര്‍ത്തകന്റെ ഏകാന്തതയെയും വ്യര്‍ത്ഥതയെയും അധികരിച്ച് എഴുതിയതാണ് 'പാതിര എത്തുമ്പോള്‍' എന്ന കഥ. ഇവിടെ വന്നതിനുശേഷം ആണ് രാഷ്ട്രീയം എന്താണെന്ന് മനസിലാകുന്നത്. ഇതിന് സഹായിച്ചത് വിജയനും ഷേണായിയും(റ്റി.വി.ആര്‍.ഷേണായി) മാധവന്‍കുട്ടിയും നരേന്ദ്രനും എല്ലാം ആണ്്.  ഇന്‍ഡ്യന്‍ ന്യൂസ്‌പേപ്പര്‍ സൊസൈറ്റിയുടെ ഓഫീസുകളില്‍ പ്രധാനമായും മലയാളമനോരമ, മാതൃഭൂമി, കേരളകൗമുദി) വര്‍ത്തമാനം പറഞ്ഞ് രാഷ്ട്രീയം ഗ്രഹിക്കും. വിജയന്റെ വീട്ടില്‍ പോയിരുന്ന് രാഷ്ട്രീയം സംസാരിക്കുമായിരുന്നു. വിജയനുമായിട്ടുള്ള സുഹൃദ്ബന്ധത്തെ ആസ്പദമാക്കി ഒരു കഥ എഴുതിയിട്ടുണ്ട്-'മൂന്നാം കിട സാഹിത്യത്തിന്റെ അന്ത്യം'. ഇതിന്റെ പടം വിജയനാണ് വരച്ചു തന്നത്. വിജയന്റെ കയ്യില്‍ നിന്നും ആണ് ആദ്യമായിട്ട് നാസിസം, ഫാസിസം, സെക്കുലറിസം എന്നിവയെകുറിച്ചുള്ള പുസ്തകങ്ങള്‍ വാങ്ങി വായിച്ചത്. ഞങ്ങള്‍ മൂന്നുപേരും(വിജയന്‍, മാധവന്‍കുട്ടി, സക്കറിയ) ഒരു പാനല്‍ ആയിരുന്നു. വളരെ ശക്തമായിരുന്നു ഈ ബന്ധം. ഞാന്‍ ഇവിടം വിട്ടുപോകുന്നതുവരെ ഇതുണ്ടായിരുന്നു. വിജയന്‍ ആണ് ആദ്യം ദല്‍ഹി വിട്ടത്. എന്റെ ഓര്‍മ്മശരിയാണെങ്കില്‍ 1992-ല്‍.

സക്കറിയ പബ്ലീഷറായ കഥ. ഡയലോഗ് പബ്ലീക്കേഷന്‍സ് എന്നൊരു പബ്ലീഷിംങ്ങ് കമ്പനി തുടങ്ങിയതാണ് അടുത്ത സാഹസികത. മാധവന്‍ കുട്ടിയും കൂട്ടിനുണ്ട്. ഏതായാലും അത് പച്ചപിടിച്ചില്ല. പാപ്പരായി. അവസാനം വിറ്റഴിയാത്ത പുസ്തക കൂമ്പാരം വിജയന്റെ കാര്‍ഷെഡ്ഡില്‍ തട്ടി. പിന്നീട് ഒരു ദിവസം അത് അവിടെ നിന്നും എടുത്തു മാറ്റുവാന്‍ വിജയന്‍ പറഞ്ഞു. കാര്‍ കയറ്റാനും ഇറക്കുവാനും ബുദ്ധിമുട്ട് ആണത്രെ. അത് കബാടിയെ വിളിച്ച് മാറ്റിക്കൊടുത്തു. അവിടെ തീര്‍ന്ന് സക്കറിയ എന്ന പബ്ലീഷര്‍.

സക്കറിയ ദല്‍ഹിയാത്ര തുടരുകയാണ്. അങ്ങനെ ഇരിക്കുമ്പോഴാണ് ശശികുമാര്‍(പില്‍ക്കാലത്ത് ഏഷ്യാനെറ്റിന്റെ സ്ഥാപകന്‍) പ്രസ്ട്രസ്റ്റ് ഓഫ് ഇന്‍ഡ്യയുടെ പബ്ലീഷിങ്ങ് വിഭാഗവുമായി കൂട്ടിമുട്ടിക്കുന്നത്. ഈ സമയത്താണ് ഒരു ടെലിവിഷന്‍ ചാനലിന്റെ ആശയവുമായി മാധ്യമപ്രവര്‍ത്തകനായ സിങ്കപ്പൂര്‍ ഗോപകുമാര്‍ ശശികുമാറിനെ സമീപിക്കുന്നത്. ശശികുമാര്‍ അത് പി.റ്റി.ഐ. ടെലിവിഷനായി നടത്താമെന്ന് വിചാരിച്ചു. പക്ഷേ, പി.റ്റി.ഐ.ബോഡിന് അതിനുള്ള റിസ്‌ക്ക് എടുക്കുവാന്‍ മടി ആയിരുന്നു. ഇതാണ് പില്‍ക്കാലത്ത് ശശികുമാറും അമ്മാവന്‍ റെജി മേനോനും സക്കറിയും മാധവന്‍കുട്ടിയും ഒക്കെ ചേര്‍ന്ന് ഏഷ്യാനെറ്റ് ആയി തുടങ്ങിയത്.' ഇന്ന് ഇവര്‍ക്കാര്‍ക്കും ഈ ചാനലുമായി യാതൊരുബന്ധവും ഇല്ല. മാധവന്‍കുട്ടി മരിച്ചുപോയി. സക്കറിയയും ശശികുമാറും റ്റി.എന്‍. ഗോപകുമാറും ഡല്‍ഹി വിടുവാനുള്ള കാരണവും ഏഷ്യാനെറ്റ് ചാനലിന്റെ വരവാണ്.

അടിയന്തിരാവസ്ഥയും സിക്കുവിരുദ്ധവംശഹത്യയും സക്കറിയയയുടെ ദല്‍ഹി ജീവിതത്തിലെ രണ്ട് വേദനിക്കുന്ന ഏടുകള്‍ ആണ്. ഒരു ദിവസം ഷേണായിയുടെ ഓഫീസില്‍ ഇരിക്കുമ്പോള്‍(മലയാള മനോരമ) ഏ.കെ.ആന്റണി പെട്ടെന്ന് കയറി വന്നു. അദ്ദേഹം വിഷണ്ണന്‍ ആയിരുന്നു. തലേന്ന് ഇന്ദിരാഗാന്ധി അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. പാര്‍ട്ടിവിടണമോ എന്നുവരെയുളള ചിന്തയില്‍ ആയിരുന്നു ആന്റണി. പിന്നീടുള്ള ദിവസങ്ങളില്‍ നടന്നത് പച്ചയായ ജനാധിപത്യ ധ്വംസനം ആയിരുന്നു.
'അങ്ങനെ തന്നെയായിരുന്നു സിക്ക് വിരുദ്ധ വംശഹത്യയും. മാതൃഭൂമിയുടെ ഓഫീസില്‍ ഇരിക്കുമ്പോഴാണ്  കലാപം പൊട്ടിപ്പുറപ്പെട്ടത് അറിയുന്നത്. വീരേന്ദ്രകുമാറും(മാനേജിങ്ങ് ഡയറക്ടര്‍) മാധവന്‍കുട്ടിയും സ്ഥിതിഗതികള്‍ വീക്ഷിക്കുന്നുണ്ടായിരുന്നു. പിന്നീടുള്ള ദിവസങ്ങളില്‍ ഡല്‍ഹി സിക്കുകാരുടെ ശവം കൊണ്ടു നിറഞ്ഞു'.

സംഭവബഹുലമായ ദല്‍ഹിജീവിതാന്തിനുശേഷം കേരളത്തിലെത്തിയ സക്കറിയ അവിടെയും സര്‍ഗ്ഗപര്യ തുടര്‍ന്നു. രാഷ്ട്രീയ ഇടപെടലുകള്‍ നടത്തി. ചിലപ്പോള്‍ വിവാദങ്ങള്‍ സൃഷ്ടിച്ചു. അദ്ദേഹത്തിന്റെ സര്‍ഗ്ഗശക്തിക്കും സാമൂഹ്യ-രാഷ്ട്രീയ ചിന്തക്കും ഉള്ള അംഗീകാരം ആണ് എഴുത്തച്ഛന്‍ പുരസ്‌ക്കാരം. അദ്ദേഹം അദ്ദേഹത്തിന്റെ സര്‍ഗ്ഗയാത്ര തുടരട്ടെ. മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേക്കും അദ്ദേഹം പടരുകയാണ്. ആദ്യ ഇംഗ്ലീഷ് നോവലയായ A Secret History of Compasssion ഒരു ആക്ഷേപഹാസ്യം ആണ്.

ഉരുളികുന്നിന്റെ കാഥികന്‍, മലയാളത്തിന്റെ എഴുത്തച്ഛന്‍ (പി.വി.തോമസ്)
Join WhatsApp News
josecheripuram 2020-11-07 02:46:55
Congratulations Mr;Zacharia,(Nattukara)How is everything,have you visited orilikunnam and near buy places.When you coming to Newyork?All the best.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക