Image

അബുദാബിയില്‍ വ്യാജ വാര്‍ത്ത ചമച്ച റിപ്പോര്‍ട്ടര്‍ അടക്കം രണ്ടു പേര്‍ക്ക് ജയില്‍ ശിക്ഷ

Published on 05 November, 2020
അബുദാബിയില്‍ വ്യാജ വാര്‍ത്ത ചമച്ച റിപ്പോര്‍ട്ടര്‍ അടക്കം രണ്ടു പേര്‍ക്ക് ജയില്‍ ശിക്ഷ


അബുദാബി : കോവിഡ് രോഗബാധയെ തുടര്‍ന്ന് യുഎഇയിലെ ഒരു കുടുംബത്തിലെ കുട്ടികളടക്കം അഞ്ചു പേര്‍ മരിച്ചതായി വ്യാജ വാര്‍ത്ത നല്‍കിയ രണ്ടുപേര്‍ക്ക് രണ്ടു വര്‍ഷത്തെ ജയില്‍ ശിക്ഷ. അബുദാബി ഫെഡറല്‍ അപ്പീല്‍ കോര്‍ട്ട് ആണ് വിധി പ്രസ്താവിച്ചത്.

അബുദാബി സ്പോര്‍ട്‌സ് ചാനലിന്റെ ലേഖകനും ചാനലിന് തെറ്റായ അഭിമുഖം നല്‍കിയ വ്യക്തിയുമാണ് ശിക്ഷക്ക് വിധേയരായിരിക്കുന്നതെന്നു യുഎഇയുടെ ഔദ്യോഗിക വാര്‍ത്ത ഏജന്‍സിയായ വാം റിപ്പോര്‍ട്ട് ചെയ്തു.

ചാനലിന് തെറ്റായ വാര്‍ത്ത നല്‍കിയ വ്യക്തിയെ രണ്ടു വര്‍ഷത്തെ ജയില്‍ വാസത്തിനു ശേഷം നാടുകടത്താനും ഉത്തരവായിട്ടുണ്ട്. യു എ ഇ സമൂഹത്തില്‍ ആശയകുഴപ്പം സൃഷ്ടിക്കാനും കോവിഡ് രോഗ ബാധയെ ആശങ്കയോടെ നോക്കികാണുന്നതിനും വ്യാജ റിപ്പോര്‍ട്ട് ഇടയാക്കിയെന്നു കോടതി നിരീക്ഷിച്ചു . ചാനലിലൂടെ പുറത്തുവന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും അങ്ങനെയൊരു കുടുബം യുഎഇയില്‍ ഇല്ലെന്നും കൂട്ടമരണം നടന്നുവെന്ന വാര്‍ത്ത പൂര്‍ണമായും കെട്ടിച്ചമച്ചതാണെന്നും ദേശീയ ദുരന്ത നിവാരണ സമിതിയുടെ ഔദ്യോഗിക വക്താവ് സൈഫ് അല്‍ ദാഹിരി അറിയിച്ചു. ലഭിച്ച വാര്‍ത്തയുടെ ആധികാരികത പരിശോധിക്കുന്നതില്‍ റിപ്പോര്‍ട്ടര്‍ വീഴ്ച വരുത്തിയത് ഗുരുതരമായ പിഴവാണെന്നു ദുരന്ത നിവാരണ സമിതിയുടെ ആക്ടിംഗ് ഹെഡ് സാലെം അല്‍ സാബിയും അഭിപ്രായപ്പെട്ടു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക