Image

അബുദാബിയിലേക്കുള്ള പ്രവേശനത്തിന് നവംബര്‍ 8 മുതല്‍ വീണ്ടും നിയമമാറ്റങ്ങള്‍

Published on 05 November, 2020
അബുദാബിയിലേക്കുള്ള പ്രവേശനത്തിന് നവംബര്‍ 8 മുതല്‍ വീണ്ടും നിയമമാറ്റങ്ങള്‍


അബുദാബി : റോഡ് മാര്‍ഗം മറ്റ് എമിറേറ്റുകളില്‍ നിന്നും അബുദാബിയിലേക്കുള്ള പ്രവേശനത്തിന് നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കികൊണ്ട് പുതിയ നിര്‍ദ്ദേശങ്ങള്‍ പ്രഖ്യാപിച്ചു. നവംബര്‍ 8 മുതലാണ് പുതിയ സുരക്ഷാ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരുന്നത്.

പുതിയ നിര്‍ദ്ദേശം അനുസരിച്ചു അബുദാബിയിലേക്ക് വരുന്നവര്‍ നാലോ അതിലധികമോ ദിവസങ്ങള്‍ അബുദാബിയില്‍ തുടര്‍ന്നാല്‍ നാലാമത്തെ ദിവസം പിസിആര്‍ ടെസ്റ്റിന് വിധേയമാകണം . അബുദാബിയിലെ താമസം എട്ടോ അതിലധികമോ ദിവസമായാല്‍ എട്ടാം ദിവസവും പി സി ആര്‍ ടെസ്റ്റിന് വിധേയമാകണം . അതായതു എട്ടോ അതിലധികമോ ദിവസം അബുദാബിയില്‍ തങ്ങുന്നതിനാണ് ഉദ്ദേശമെങ്കില്‍ നാലാം ദിവസവും എട്ടാം ദിവസവും പി സി ആര്‍ പരിശോധനക്ക് വിധേയമാകണം എന്നതാണ് പുതിയ നിര്‍ദ്ദേശത്തില്‍ പറയുന്നത്.

നിയമം ലംഘിക്കുന്നവര്‍ക്ക് 5000 ദിര്‍ഹമാണ് പിഴ. യുഎഇ പൗരന്മാര്‍ക്കും റസിഡന്റ് വീസയുള്ളവര്‍ക്കും രാജ്യത്തേക്ക് മടങ്ങിയെത്തുന്ന റസിഡന്റ് വീസക്കാര്‍ക്കും പുതിയ നിയമം ബാധകമായിരിക്കും.

അബുദാബിയിലേക്ക് പ്രവേശിക്കുന്നതിന് നിലവിലുള്ളതുപോലെ തന്നെ 48 മണിക്കൂറിനുള്ളില്‍ എടുത്ത പി സി ആര്‍ ടെസ്റ്റോ ഡിപിഐ ടെസ്റ്റോ മതിയാകും. അബുദാബിയിലേക്ക് പ്രവേശിക്കുന്ന ദിവസത്തെയാണ് ഒന്നാമത്തെ ദിവസമായി കണക്കാക്കുക എന്ന് നിര്‍ദ്ദേശത്തില്‍ വ്യക്തമായി പറയുന്നു. ഞായറാഴ്ചയാണ് അബുദാബിയിലേക്ക് പ്രവേശിക്കുന്നതെങ്കില്‍ തൊട്ടടുത്ത ബുധനാഴ്ചയും അതിനടുത്ത ഞായറാഴ്ചയുമാണ് പി സി ആര്‍ ടെസ്റ്റ് നടത്തേണ്ടത്.

അതേസമയം കോവിഡ് വാക്സിന്‍ പരീക്ഷണത്തില്‍ പങ്കാളികളായവര്‍ക്ക് ഈ നിയമം ബാധകമല്ലെന്നും പ്രവേശന കവാടത്തില്‍ എമര്ജന്‍സി വാഹനങ്ങള്‍ക്ക് കടന്നു പോകുന്നതിനു അടയാളപ്പെടുത്തിയ വരിയിലൂടെ അബുദാബിയിലേക്ക് പ്രവേശിക്കാമെന്നും അബുദാബി മീഡിയ ഓഫീസില്‍ പുറപ്പെടുവിച്ച പുതിയ മാര്‍ഗ നിര്‍ദ്ദങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക